ഒക്ടോബര്‍ 17ന് നടക്കാനിരിക്കുന്ന ലോഞ്ചിന് മുന്നോടിയായി റെനോ ഡസ്റ്റര്‍ ഹൈബ്രിഡ് ബുക്കിങ് ആരംഭിച്ചു. ഈ വര്‍ഷം ആദ്യം രണ്ടു ടര്‍ബോ പെട്രോള്‍ വേരിയന്റുകള്‍ അവതരിപ്പിച്ച് വീണ്ടും വിപണിയില്‍ എത്തിയ ഡസ്റ്ററിന്റെ മൂന്നാമത്തെ പവര്‍ട്രെയിന്‍ ഓപ്ഷനാണിത്. ഹൈബ്രിഡ് ഇ-ടെക് 160 എന്ന് പേരിട്ടിരിക്കുന്ന ഈ മോഡലിന് കരുത്തേകുന്ത് 1.8 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ്. ഈ എന്‍ജിനെ രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. മുന്നിലെ വീലുകളിലേക്ക് 158 ബിഎച്ച്പി കരുത്തും 172 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. 1.4 കിലോവാട്ട്അവര്‍ ബാറ്ററിയും ഫിക്സഡ് ഗിയര്‍ റേഷ്യോകളുള്ള 8 സ്പീഡ് ഡെഡിക്കേറ്റഡ് ഹൈബ്രിഡ് ഗിയര്‍ബോക്സുമാണ് ഈ സംവിധാനത്തിലുള്ളത്. ഡ്രൈവിങ് സാഹചര്യങ്ങള്‍ക്കനുസരിച്ച് പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറുകളും തമ്മില്‍ സ്വയം മാറാന്‍ കഴിയുന്ന തരത്തിലാണ് സംവിധാനം.
