മദ്ധ്യാഹ്ന വാർത്തകൾ 20260930 203140 0000

 

 

ആറുമാസമായി റേഷൻ വാങ്ങാത്തവരുടെ കാർഡുകൾ മരവിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കും. ആരുടെയും റേഷൻ കാർഡ് നഷ്ടപ്പെടില്ലെന്നും ഇ-കെവൈസി വഴി ഇവ സജീവമാക്കാമെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. അർഹരായവരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താനുള്ള അവകാശം നിലനിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

ശബരിമലയിലെ കുത്തക ലേലത്തിന്റെ ടെൻഡർ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ ഹെഡ് ക്ലാർക്ക് റെജിമോനെ സസ്പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു. ഇയാളുടെ മൊബൈൽഫോണിൽനിന്നാണ് വിവരങ്ങൾ ചോർന്നത്.സംഭവത്തിൽ കൂടുതൽപേർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ തുടർനടപടികളുണ്ടാകുമെന്നും കെ ജയകുമാർ പറഞ്ഞു.

 

സി പി എം നേതൃത്വത്തിനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമെതിരെ രൂക്ഷവിമർശനവുമായി ജി സുധാകരൻ എം എൽ എ രംഗത്ത്. കമ്മ്യൂണിസത്തിന്റെ സുഗന്ധം ഹൃദയത്തിലുള്ള ഒരാൾക്കും നിലവിലെ സി പി എമ്മിൽ നിൽക്കാൻ പറ്റാത്ത സാഹചര്യമാണെന്നും പാർട്ടിയിപ്പോൾ ബൂർഷ്വാ ദുർഗന്ധമാണ് വമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

സാങ്കേതികവിദ്യയുടെ സഹായത്തോടെ സർക്കാർ സേവനങ്ങൾ കൂടുതൽ സുതാര്യമാക്കാൻ ലക്ഷ്യമിട്ട് കേരള ഐടി മിഷൻ പുതിയ ഡിജിറ്റൽ സംരംഭങ്ങൾ ആരംഭിച്ചു. നമ്മുടെ കേരളം 2.0, വാട്‌സ്ആപ്പ് സർവീസസ്, എഐ ചാറ്റ്ബോട്ട് തുടങ്ങിയ പൗരകേന്ദ്രീകൃത പദ്ധതികളുടെ ഉദ്ഘാടനം ഐടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു.

 

കെഎസ്ആർടിസിക്ക് പുതിയ ബസ് വാങ്ങുന്നതിനായി തൃശ്ശൂർ സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി 40 ലക്ഷം രൂപ നൽകി. സൊസൈറ്റി ചെയർമാൻ പോൾസൺ ചിറയത്ത് മുഖ്യമന്ത്രി വി.ഡി സതീശന് ചെക്ക് കൈമാറി. തൃശൂർ ഡിപ്പോയിലേക്ക് ബസ് അനുവദിക്കണമെന്ന വ്യവസ്ഥയോടെ സിഎസ്ആർ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്.

 

സി സി ഓഫീസിന് നേരെ നടന്ന ആക്രമണ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. അഭിഭാഷകനായ അഡ്വ. പ്രദീപ് , ശ്രീലാൽ എന്നിവരാണ് ഓഫീസ് ആക്രമിച്ചത്. ബിജെപി തിരുവനന്തപുരം സൌത്ത് ജില്ല പ്രസിഡൻ്റിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ഡിസിസി ഓഫീസാക്രമണം.

 

തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ നടന്ന ആക്രമണങ്ങളെ മുഖ്യമന്ത്രി വി ഡി സതീശൻ അപലപിച്ചു. ആനാവൂർ മണ്ഡലം ഓഫീസ് തീയിട്ട കേസിൽ ഒരു ബിജെപി പ്രവർത്തകൻ പിടിയിലായിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി

 

പാലാ നഗരസഭാ കൗൺസിൽ യോഗത്തിൽ ശുചീകരണ പദ്ധതികളെച്ചൊല്ലിയുള്ള തർക്കത്തിനിടെ കൗൺസിലർ ബിനു പുളിക്കകണ്ടം ചെയർപേഴ്സൺ മായ രാഹുലിന്റെ മൈക്ക് തട്ടിമാറ്റി. പൊതുമുതൽ നശിപ്പിച്ചെന്നും ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും ബിനു പുളിക്കകണ്ടത്തിനെതിരെ പരാതി.

 

മുൻ മന്ത്രി ഡോ. എം.കെ. മുനീറിനെ സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി കാബിനറ്റ് പദവിയോടെ നിയമിച്ചു. കോൺഗ്രസിന്റെ അവകാശവാദങ്ങൾ മറികടന്നാണ് ലീഗിന്റെ ആവശ്യത്തിന് അംഗീകാരം ലഭിച്ചത്.

 

ദേശീയ പോഷകാഹാര ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് വിവിധ ബോധവല്‍ക്കരണ പരിപാടികൾ ഊർജിതമാക്കി. ഗർഭിണികൾ, കുട്ടികൾ, അമ്മമാർ എന്നിവർക്ക് പോഷകാഹാരത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്

 

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് പ്രതിനിധികൾ സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇതോടെ സമരം തുടരാനാണ് തീരുമാനമെന്ന് ഉദ്യോഗാർത്ഥികള്‍ അറിയിച്ചു. പ്രധാന ആവശ്യമായ 1:25 എന്ന അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കാൻ സർക്കാർ തയ്യാറല്ലെന്ന് വ്യക്തമാക്കിയെന്നും സമരക്കാര്‍പറഞ്ഞു.

 

വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിങ് റോഡ് യാഥാർഥ്യത്തിലേക്ക്. റിംഗ് റോഡിനുള്ള പാരിസ്ഥിതിക അനുമതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അംഗീകാരം നൽകി.

 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച സംസ്ഥാന സർക്കാരിന്റെ ക്രിമിനൽ ഗൂഢാലോചനയാണെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. വികസനത്തിന് പകരം വിവാദങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി

 

ബെം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമാണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിട്ടുള്ളത്.

 

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമർശനവുമായി പി ജയരാജൻ. അച്ഛൻ നവോത്ഥാന സമിതി അധ്യക്ഷനാകുമ്പോൾ മകൻ ബിജെപി സഖ്യ നേതാവാകുന്നതിലെ വൈരുധ്യം അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലീങ്ങളെ വെള്ളാപ്പള്ളി ബോധപൂർവം മാറ്റിനിർത്തുകയാണെന്നും ജയരാജൻ വിമർശിച്ചു

 

 

സംസ്ഥാനത്ത് ഇന്ന് പവർ കട്ടുണ്ടായേക്കും. 565 മെഗാവാട്ടിന്റെ കുറവ് വന്നതോടെ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു. തത്സമയ വിപണിയിൽ നിന്ന് കിട്ടിയില്ലെങ്കിൽ നിയന്ത്രണമുണ്ടായേക്കുമെന്നാണ് പറയുന്നത്.

 

സംസ്ഥാനത്ത് ലഹരിവ്യാപനം തടയാൻ കേരള പോലീസ് നടപ്പിലാക്കിയ ‘ഓപ്പറേഷൻ തൂഫാൻ’ വഴി ഇതുവരെ 12,716 പേർ അറസ്റ്റിലായി. വൻതോതിൽ എം.ഡി.എം.എയും കഞ്ചാവും പിടിച്ചെടുത്തതിനൊപ്പം ബോധവൽക്കരണ ക്ലാസുകളും പോലീസ് സജീവമാക്കിയിട്ടുണ്ട്.

 

വാഹനാപകടത്തിൽ മരിച്ച സിനിമ-ടിവി താരം കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം. കോട്ടയം എംഎസിടി(മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണൽ) കോടതിയാണ് സുധിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.

 

പകർച്ചപ്പനി പ്രതിരോധ പ്രവർത്തനങ്ങളിലെ പോരായ്മകളിൽ അതൃപ്തിയറിയിച്ച് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിൽ ഫീൽതല പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് മന്ത്രി വിമർശിച്ചു. ഓരോ ജില്ലകളിലെയും പ്രവർത്തനങ്ങൾ വിശദീകരിക്കാൻ മന്ത്രി ആവശ്യപ്പെട്ടു.

 

കൊല്ലത്ത് രണ്ടര മാസം പ്രായമായ കുഞ്ഞിന് ഇന്ന് കാലാവധി കഴിയുന്ന മരുന്ന് മാറി നല്‍കി. തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് വാക്സിന്‍ എടുത്ത ശേഷം കുഞ്ഞിന് പനിയ്ക്കുള്ള സിറപ്പ് നല്‍കിയത്. രക്ഷിതാക്കള്‍ പരാതിപ്പെട്ടതോടെ മരുന്ന് മാറ്റി നല്‍കി. മരുന്ന് നല്‍കിയതില്‍ വീഴ്ച സംഭിച്ചെന്നും വിശദമായ പരിശോധന നടത്തുമെന്നും സിഎച്ച്സി ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ പറഞ്ഞു.

 

തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ ബിജെപി നേതൃത്വമാണെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് ആരോപിച്ചു. ജനശ്രദ്ധ തിരിച്ചുവിടാനുള്ള ഈ അക്രമ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും

 

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ടെലിഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാര ബന്ധം അടക്കം ചർച്ചയായതായി പ്രധാനമന്ത്രി വ്യക്തമാക്കി. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു. ഇന്ത്യ-അമേരിക്ക ബന്ധം മുന്നോട്ട് കൊണ്ടുപോകുമെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

 

 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം പ്രഖ്യാപിച്ച മാർച്ചിനെ ബിജെപി രൂക്ഷമായി പരിഹസിച്ചു. സ്റ്റാലിനും കെജ്രിവാളും പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടി, സഖ്യത്തിന് രാഹുൽ ഗാന്ധിയോട് വിശ്വാസമില്ലെന്ന് ശിവരാജ് സിംഗ് ചൗഹാൻ ആരോപിച്ചു

 

മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസിലെ ഹൈഡ്രോ സൾഫർ ട്രീറ്റ്മെന്റ് യൂണിറ്റിൽ വൻ സ്ഫോടനവും തീപിടിത്തവുമുണ്ടായി. അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് പൊള്ളലേൽക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്

 

ദുബൈയിൽ നിന്ന് പറന്ന വിമാനത്തിൽ സഹപൈലറ്റ് പൈലറ്റിനെ കുത്തിയ സംഭവത്തിൽ ഭീകരാക്രമണ സാധ്യത തള്ളിക്കളയാതെ അധികൃതർ. വിമാനം തകർക്കാൻ ലക്ഷ്യമിട്ടുവെന്ന് ഇസ്രായേൽ മന്ത്രി സ്‌മോട്റിച്ച് ആരോപിച്ചു. പിന്നിൽ ആരാണെന്നും ഉദ്ദേശവും കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

 

യുദ്ധമവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങൾക്ക് അമേരിക്ക മറുപടി നൽകിയെന്ന് റിപ്പോർട്ടുകൾ. അമേരിക്കയുടെ മറുപടി ഇറാൻ വിശദമായി ചർച്ച ചെയ്ത ശേഷമാകും മുന്നോട്ട് പോവുക. ഇറാനിൽ സ്ത്രീകളുൾപ്പടെ സാധാരണക്കാർക്ക് നൽകുന്ന സൈനിക പരിശീലനം ഇറാൻ സജീവമാക്കി.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *