ഇന്ത്യയില്‍ ആപ്പിള്‍ പേ സേവനം ഔദ്യോഗികമായി അവതരിപ്പിച്ചു. ഐഫോണ്‍, ഐപാഡ്, ആപ്പിള്‍ വാച്ച് ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ പേമെന്റുകള്‍ നടത്താന്‍ സഹായിക്കുന്ന പേമെന്റ് സംവിധാനമാണ് ആപ്പിള്‍ പേ. നിലവില്‍ ആക്സിസ് ബാങ്കിന്റെ വിസ, മാസ്റ്റര്‍കാര്‍ഡ് ക്രെഡിറ്റ് കാര്‍ഡുകളാണ് ആപ്പിള്‍ പേയില്‍ ഉപയോഗിക്കാനാകുക. ഇന്ത്യയിലെ മാക് ഉപകരണങ്ങളിലും വൈകാതെ ആപ്പിള്‍ പേ സൗകര്യം ലഭ്യമാക്കും. ആപ്പിള്‍ പേ ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡ് വഴി പേമെന്റ് നടത്തുമ്പോള്‍ ഓരോ ഇടപാടിനും കാര്‍ഡ് പിന് നമ്പറോ ഒടിപിയോ നല്‍കേണ്ടതില്ല. പിഒഎസ് മെഷീനുകള്‍ക്ക് സമീപത്ത് ഐഫോണ്‍ വച്ച് എന്‍എഫ്സി വഴി കോണ്ടാക്റ്റ്ലെസ് പേമെന്റും നടത്താം. ഉപയോക്താക്കളുടെ കാര്‍ഡ് നമ്പറുകള്‍ ഉപകരണത്തിലോ ആപ്പിളിന്റെ സെര്‍വറുകളിലോ സൂക്ഷിക്കില്ലെന്നാണ് കമ്പനിയുടെ വിശദീകരണം.
