സ്മാര്‍ട്ട്ഫോണ്‍ സ്ക്രീന്‍ പ്രൊട്ടക്ടറുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് സര്ട്ടിഫിക്കേഷന് നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ, ഇന്ത്യയില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് മുന്‍പ് കമ്പനികള്‍ നിയന്ത്രണപരമായ അനുമതി നേടേണ്ടതുണ്ട്. പുതിയ മാനദണ്ഡപ്രകാരം ഗ്ലാസിന്റെ കനം പ്രഖ്യാപിച്ചിരിക്കുന്ന കനത്തില്‍ നിന്ന് 10 ശതമാനത്തില്‍ കൂടുതല്‍ വ്യത്യാസപ്പെടാന്‍ പാടില്ല. സാധാരണ ഗ്ലാസ് സ്ക്രീന്‍ പ്രൊട്ടക്ടറുകളില്‍ പ്രകാശത്തിന്റെ പ്രവേശനം 89 ശതമാനത്തിന് മുകളിലായിരിക്കണം. പ്രൈവസി ഫിലിം ഉപയോഗിക്കുന്നവയില്‍ ഇത് കുറഞ്ഞത് 59 ശതമാനമായിരിക്കണം. 300 മൈക്രോമീറ്ററിന് മുകളിലുള്ള പിന്‍ഹോളുകള്‍, കുമിളകള്‍ എന്നിവ അനുവദിക്കില്ല. കണ്ണുകൊണ്ട് വ്യക്തമായി തിരിച്ചറിയാവുന്ന വരകള്‍, ലൈനുകള്‍ തുടങ്ങിയ തകരാറുകളും ഉണ്ടാകാന്‍ പാടില്ല. മാനദണ്ഡങ്ങള്‍ പാലിക്കാത്തതും ‘സ്റ്റാന്‍ഡേര്‍ഡ്’ മാര്‍ക്ക് ഇല്ലാത്തതുമായ സ്ക്രീന്‍ പ്രൊട്ടക്ടറുകള്‍ക്ക് 2027 ഏപ്രില്‍ 1 മുതല്‍ ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തും.
സ്ക്രീന്‍ പ്രൊട്ടക്ടറുകള്‍ക്ക് ഇനി ബിഐഎസ് നിര്‍ബന്ധം
