മാസപ്പടി കേസുമായി ബന്ധപ്പെട്ടുള്ള ഇഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ ടി, മുൻ മന്ത്രി അഡ്വ പിഎ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. എഫ് ഐ ആർ ഇടാതെ ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ എസ്ഐടി രൂപീകരിച്ചാണ് അന്വേഷണം നടക്കുകയെന്നാണ് വിവരം. മൂവർക്കുമെതിരെ പ്രാഥമിക അന്വേഷണം രജിസ്‌റ്റർ ചെയ്തു. അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എഡിജിപിക്ക് ആഭ്യന്തര മന്ത്രി നിർദേശം നൽകി.
ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് ഐ.ജി. സി.എച്ച്. നാഗരാജുവിനെ മാറ്റി തിരുവനന്തപുരം ഐ.ജി. ജി. സ്പര്‍ജന്‍ കുമാർ പുതിയ ഗതാഗത കമ്മീഷണറാകും. ഭരണസൗകര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാരിന്റെ ഈ അടിയന്തര നടപടി. ഇൻറലിജൻസ് ഐ.ജിയായിട്ടാണ് നാഗരാജുവിന്റെ പുതിയ നിയമനം. ആർ.നിശാന്തിനിയെ ദക്ഷിണമേഖലാ ഐ.ജിയായും
നിയമിച്ചു.
മെസ്സി ഉൾപ്പെടുന്ന അർജന്റീന ടീമിനെ എത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പിൽ മുൻകായികമന്ത്രി അബ്ദുറഹ്മാനെ എസ്ഐടിക്ക് മുന്നിൽ തള്ളിപ്പറഞ്ഞ് കൂടുതൽ സ്റ്റാഫംഗങ്ങൾ. ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും അബ്ദുറഹിമാൻ തിരുത്തിയില്ലെന്ന് അഡീഷണൽ പിഎസ് ആയിരുന്ന ജിആർ രമേശ് മൊഴി നൽകി. പ്രൈവറ്റ് സെക്രട്ടറി സത്യപാലും മന്ത്രിക്കെതിരെ എസ്ഐടിക്ക് മൊഴി നൽകിയിരുന്നു.
റിപ്പോർട്ടർ കമ്പനിക്ക് നികുതിക്കൊപ്പം പിഴയും ചുമത്തി ജിഎസ്ടി വകുപ്പ്. മെസിയുടെ വരവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ റിപ്പോർട്ടർ കമ്പനി അടയ്ക്കേണ്ടത് 56.32 കോടിയെന്ന് ജിഎസ്ടി വകുപ്പ് വ്യക്തമാക്കി. സെപ്റ്റംബർ 21 വരെയുള്ള തിയതി കണക്കാക്കിയാണ് പലിശയും പിഴയും തീരുമാനിച്ചിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച കേസിൽ കുറ്റപത്രം തയ്യാറായി. കേസിൽ ഉൾപ്പെട്ട 28 പ്രതികളിൽ 27 പ്രതികൾക്കെതിരെയാണ് കുറ്റപത്രം.
അനധികൃതമായി വീട്ടിൽ മദ്യം സൂക്ഷിച്ച കേസിൽ ജയിലിൽ കഴിയുന്ന ആന്‍റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന് നിർദേശം നൽകിക്കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.
യുഡിഎഫ് സര്‍ക്കാരിന്റെ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര നൂറു ദിനം പൂര്‍ത്തിയാക്കി. സെപ്റ്റംബര്‍ 19 വരെ 12.54 കോടിയുടെ സൗജന്യ യാത്ര നടന്നുവെന്നാണ് ഗതാഗതവകുപ്പിന്റെ കണക്ക്. പണം നല്‍കിയാണ് യാത്ര ചെയ്തിരുന്നെങ്കില്‍ 266.53 കോടി രൂപയുടെ വരുമാനം.
പ്രിയദർശിനി സൗജന്യയാത്ര പദ്ധതി വൻ വിജയമായെങ്കിലും, പദ്ധതി സ്വകാര്യബസുടമകൾക്ക് നഷ്ടം ഉണ്ടാക്കി എന്നാണ് ഉടമകൾ പറയുന്നത്. 700 ബസുകൾ ഓട്ടം നിർത്തി. ഇപ്പോൾ ഓടുന്നത് 11000 ബസുകൾ മാത്രമാണ്.
സ്വാകാര്യ ബസുടമകളുടെ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗതാഗതി മന്ത്രിയെ നാളെ കാണാനാണ് ബസുടമകളുടെ തീരുമാനം. നിരക്ക് വർദ്ധിപ്പിക്കണം, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കണം എന്നീ ആവശ്യങ്ങളാണ് പ്രധാനം.
എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രഹസ്യ വിചാരണ ഇല്ല. കേസിലെ വിചാരണ അടച്ചിട്ട കോടതി മുറിയിൽ നടത്തണമെന്ന പ്രതിഭാഗത്തിന്റെ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. വിചാരണ ഒക്ടോബർ 15 ന് ആരംഭിക്കും.
മുട്ടിൽ മരംമുറി വഞ്ചന കേസിൽ അഗസ്റ്റിൻ സഹോദരങ്ങളുടെ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് ജെ ബി പർദ്ദി വാലാ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്നതായിരുന്നു അഗസ്‌റ്റിൻ സഹോദരങ്ങളുടെ ആവശ്യം.
ശബരിമലയിൽ അരവണ പ്രതിസന്ധി മണ്ഡലകാലത്തെയും ബാധിക്കുമെന്ന് ആശങ്ക. ഒക്ടോബർ 13 ന് മുൻപ് പ്ലാന്‍റ് പുനർനിർമാണ ജോലികൾ പൂർത്തിയാകും എന്നായിരുന്നു വിവരം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ജോലികൾ പൂർത്തിയാകാൻ സാധ്യതയില്ല. തുലാമാസ പൂജയ്ക്കും തുടർന്നുള്ള മണ്ഡലകാലത്തും അരവണ പ്രതിസന്ധി തുടർന്നേക്കും.
ചിറയിൻകീഴിൽ വീടിനു നേരെ വീണ്ടും സ്ഫോടക വസ്തു എറിഞ്ഞു. പുതുക്കരി വയലിൽ വീട് വിജയന്‍റെ വീടിനുനേരെയാണ് ബോംബേറുണ്ടായത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഒമ്പത് മാസംമുമ്പ് ഇതേവീടിന് അക്രമികൾ തീയിട്ടിരുന്നു.
പറവൂർ-ചെറായി റോഡിൽ പാടത്ത് പ്രവർത്തിക്കുന്ന കള്ള് ഷാപ്പിൽ നിന്നും പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾക്കും ഒരു ആൺകുട്ടിക്കും കള്ള് നൽകിയ സംഭവത്തിൽ ഷാപ്പ് ലൈസൻസിക്കും തൊഴിലാളിക്കുമെതിരെ പറവൂർ പോലീസ് കേസെടുത്തു.
പേർഷ്യൻ ഗൾഫ് ടെർമിനലുകൾ വഴിയുള്ള ക്രൂഡ് ഓയിൽ കയറ്റുമതി ക്രമാതീതമായി ഉയർത്തി സൗദി അറേബ്യ. ഹൂതികളുടെ ഡ്രോൺ ആക്രമണത്തെ തുടർന്ന് ചെങ്കടലിലേക്കുള്ള പ്രധാന ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈൻ പ്രവർത്തനം നിലച്ച പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
ഏകധ്രുവ ലോകക്രമത്തിനെതിരെ ശക്തമായ താക്കീതുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിൽ പി4എം സമ്മേളനത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറിന്റെ മുന്നറിയിപ്പ്. ഊർജ്ജ രാസവള പ്രതിസന്ധി കണ്ടില്ലെന്ന് നടിക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. തീരുമാനങ്ങൾ എടുക്കുന്നതിലെ സുതാര്യത ബഹുധ്രുവ ലോകക്രമത്തിന് അനിവാര്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
81-ാമത് യു.എൻ ജനറൽ അസംബ്ലിയുടെ ഉന്നതതല പൊതുചർച്ചയ്ക്ക് ഇന്ന് തുടക്കമാകും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ സമയം വൈകിട്ട് 7 മണിയോടെ യു.എൻ വേദിയിൽ സംസാരിക്കും. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഇന്ന് ന്യൂയോർക്കിലെത്തും.
ഏഷ്യൻ ഗെയിംസ് വനിതാ ബാഡ്മിന്‍റൺ ടീം ഇനത്തിൽ ക്വാർട്ടർ ഫൈനലിൽ ജപ്പാനോട് 1-3 എന്ന സ്കോറിന് പരാജയപ്പെട്ട് ഇന്ത്യൻ സംഘം ടൂർണമെന്‍റിൽ നിന്ന് പുറത്തായി. ആദ്യ സിംഗിൾസ് പോരാട്ടത്തിൽ രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ പി. വി. സിന്ധുവും ജപ്പാന്‍റെ അക്കാനെ യമാഗുച്ചിയും തമ്മിലുള്ള പോരാട്ടത്തിൽ ആദ്യ സെറ്റ് സിന്ധു നേടിയെങ്കിലും അടുത്ത രണ്ട് സെറ്റുകൾ യമാഗുച്ചി സ്വന്തമാക്കിയതോടെ സിന്ധുവിന് തോൽവി സമ്മതിക്കേണ്ടി വന്നു.
മദ്ധ്യാഹ്ന വാർത്തകൾ
