പാന്‍ക്രിയാറ്റിക് കാന്‍സറിനുള്ള പുതിയ ടാര്‍ഗറ്റഡ് ചികിത്സയ്ക്ക് അനുമതി നല്കി യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്. ‘റാസോണ്‍ക്യൂ’ എന്ന പേരില്‍ വിപണിയിലെത്തിക്കുന്ന ‘ഡാറാക്സോണ്റാസിബ്’ എന്ന മരുന്നാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍ പ്രതിരോധത്തിനു ഫലപ്രദമെന്നു കണ്ടെത്തിയത്. പാന്‍ക്രിയാറ്റിക് കാന്‍സര്‍ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ആര്.എ.എസ് പ്രോട്ടീനുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന മരുന്നാണിത്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ ഇതേക്കുറിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുമ്പ് ചികിത്സ തേടിയ മെറ്റാസ്റ്റാറ്റിക് പാന്‍ക്രിയാറ്റിക് ഡക്റ്റല്‍ അഡിനോകാര്‍സിനോമ ബാധിച്ച 500 മുതിര്‍ന്നവരെ ഉള്‍പ്പെടുത്തിയാണ് പരീക്ഷണം നടത്തിയത്. ഡാറാക്സോണ്റാസിബ് നല്കിയവരില് 13.2 മാസവും കീമോതെറാപ്പി നല്കിയവരില് 6.7 മാസവുമാണ് അതിജീവനനിരക്ക് എന്നു കണ്ടെത്തിയത്. മരണസാധ്യത ഏകദേശം 60% കുറഞ്ഞു. ചില രോഗികളില്‍ ഈ മരുന്ന് ട്യൂമര്‍ ചുരുക്കുക മാത്രമല്ല മറിച്ച് ചികിത്സിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു വിഭാഗം രോഗികളില്‍ അതിജീവന കാലയളവ് മെച്ചപ്പെടുത്താനായെന്നും ഗവേഷകര്‍ പറയുന്നു. അതേസമയം ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങളില്‍ 96% പേരിലും ചികിത്സയുമായി ബന്ധപ്പെട്ട പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചുവന്ന പാടുകള്‍, വയറിളക്കം, ഓക്കാനം, വായ്പ്പുണ്ണ് ഛര്‍ദ്ദി, ക്ഷീണം എന്നിവയാണ് ചികിത്സയുമായി ബന്ധപ്പെട്ട് സാധാരണയായി കണ്ടുവരുന്ന പ്രശ്നങ്ങള്‍. പാന്‍ക്രിയാസിലെ കോശങ്ങളുടെ അമിതവളര്‍ച്ച മൂലമുണ്ടാകുന്ന അര്‍ബുദമാണിത്. പ്രാരംഭഘട്ടങ്ങളില്‍ തിരിച്ചറിയപ്പെടാതെ പോകാനുള്ള സാധ്യതയും ഈ അര്‍ബുദത്തില്‍ കൂടുതലാണ്.
