ഇന്ധന ഇറക്കുമതി കുറച്ച് ഊര്‍ജമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ ലക്ഷ്യമിട്ട് ആന്ധ്രപ്രദേശില്‍ 2.73 ലക്ഷം കോടി രൂപയുടെ വന്‍ വാതക പദ്ധതിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കല്‍ക്കരി ശേഖരം ഉപരിതലത്തിലേക്ക് ഖനനം ചെയ്‌തെടുക്കാതെ തന്നെ ഹൈഡ്രജന്‍, മെഥനോള്‍, അമോണിയ, പ്രകൃതിവാതകം എന്നിവ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. സാങ്കേതികമായി ഒട്ടേറെ വെല്ലുവിളികളുള്ള പദ്ധതിയുടെ ആദ്യഘട്ട വിജയം വിലയിരുത്തിയാകും തുടര്‍നടപടികള്‍. എല്‍.എന്‍.ജി., യൂറിയ, അമോണിയം നൈട്രേറ്റ്, മെഥനോള്‍ എന്നിവയുടെ ഇറക്കുമതിക്കായി കഴിഞ്ഞ സാമ്പത്തികവര്‍ഷം 2.77 ലക്ഷം കോടി രൂപയാണ് രാജ്യം ചെലവഴിച്ചത്. ആവശ്യമായ എല്‍.എന്‍.ജി.യുടെ 50 ശതമാനവും യൂറിയയുടെ 20 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. 2030-ഓടെ 10 കോടി ടണ്‍ വാതക ഉത്പാദനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി 8,500 കോടി രൂപയുടെ സാമ്പത്തിക ആനുകൂല്യവും പ്രഖ്യാപിച്ചിട്ടുണ്ട്.
