yt cover 34

കേരളത്തെ തുറമുഖ നഗരമാക്കുന്ന ‘മിഷന്‍ സമുദ്രയ്ക്ക് തുടക്കമായെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. കേരളത്തിലെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളും ഒരു കണ്ടെയ്നര്‍ സ്റ്റേഷനും 18 മിനി തുറമുഖങ്ങളും സംയോജിപ്പിച്ച് സംസ്ഥാനത്തെ തുറമുഖ നഗരമാക്കുന്ന പദ്ധതിയാണ് ‘മിഷന്‍ സമുദ്ര’. സംസ്ഥാനത്തെ ചരക്കുനീക്കത്തിന്റെ 50 മുതല്‍ 60 ശതമാനം വരെ കടല്‍മാര്‍ഗമാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ  റോഡുകളിലെ ഗതാഗതത്തിരക്ക് കുറയ്ക്കാനാകും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകത്തിലേക്കുള്ള കേരളത്തിന്റെ വികസന കവാടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി ഷിപ്പ്യാര്‍ഡിന് ഷിപ്പ് ബ്ലോക്ക് നിര്‍മ്മാണത്തിനായി 18.16 ഏക്കര്‍ ഭൂമി വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശന്‍. ഇതിലൂടെ പ്രതിവര്‍ഷം 1.70 കോടി രൂപ ലീസ് ഇനത്തില്‍ സര്‍ക്കാരിന് ലഭിക്കും. 50,000 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ഷേമ പെന്‍ഷനുകള്‍ ഇന്നു മുതല്‍ വിതരണം ചെയ്യും. 6.59 ലക്ഷം പേര്‍ക്ക് ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനായി 130.31 കോടി രൂപയും  51.59 ലക്ഷം പേര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന് 951.39 കോടി രൂപയും അനുവദിച്ചു. ഈ മാസവും സഹകരണ സംഘം വഴി വീട്ടില്‍ പെന്‍ഷന്‍ എത്തിക്കും.

മലയാളി താരങ്ങളായ സ്പ്രിന്റര്‍ മുഹമ്മദ് അജ്മല്‍, ബാഡ്മിന്റണ്‍ താരം ട്രീസ ജോളി എന്നിവരുള്‍പ്പെടെ 17 കായികതാരങ്ങള്‍ക്ക് രാജ്യത്തെ പ്രമുഖ കായിക ബഹുമതിയായ അര്‍ജുന പുരസ്‌കാരം. ഫുട്ബോള്‍ താരം ഐ. അരുമനായകത്തിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്. പരമോന്നത കായിക ബഹുമതിയായ ധ്യാന്‍ ചന്ദ് ഖേല്‍രത്ന പുരസ്‌കാരം ആര്‍ക്കുമില്ല. അഞ്ചു പരിശീലകര്‍ക്ക് ദ്രോണാചാര്യ അവാര്‍ഡു പ്രഖ്യാപിച്ചു. സുപ്രീം കോടതി റിട്ടയേര്‍ഡ് ജസ്റ്റിസ് അരുണ്‍ കുമാര്‍ മിശ്ര അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

സംസ്ഥാനത്തെ റേഷന്‍ കടകളിലൂടെ 6,02,000 ഓണക്കിറ്റുകള്‍ വിതരണം ചെയ്യും. 75,000 ത്തിലേറെ കാര്‍ഡുടമകള്‍ കിറ്റുകള്‍ കൈപ്പറ്റി. മൂന്നു ലക്ഷത്തിലേറെ ഓണക്കിറ്റുകള്‍ റേഷന്‍ കടകളില്‍ എത്തിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ അറിയിച്ചു. സപ്ലൈകോയില്‍ 13 ഇനങ്ങള്‍ കഴിഞ്ഞ ഓണക്കാലത്തെ നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് വില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മെസിയുടെ പേരു പറഞ്ഞു തട്ടിപ്പു നടത്തിയ കേസില്‍ ജിഎസ്ടി ഇനത്തില്‍ സര്‍ക്കാരിന് 22 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. സ്പോര്‍ട്സ് വകുപ്പിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചു. ഉടനേ അന്വേഷണം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലംമാറ്റ പീഡനംമൂലം ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്യുന്നെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി. മേയ് പന്ത്രണ്ടാം തിയതി നടത്തിയ സ്ഥലംമാറ്റത്തിന് മേയ് 18 ന് അധികാരമേറ്റ യുഡിഎഫ് സര്‍ക്കാരിന് എന്ത് ഉത്തരവാദിത്വമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റും. എല്‍ഡിഎഫ് ഭരണകാലത്ത് നടത്തിയതുപോലുള്ള ദ്രോഹകരമായ സ്ഥലംമാറ്റം യുഡിഎഫ് സര്‍ക്കാര്‍ നടത്തില്ലെന്നും മുഖ്യമന്ത്രി.

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഡിജിപി ഉള്‍പ്പെടെയുള്ള ഒരു ഉദ്യോഗസ്ഥനെയും മുഖ്യമന്ത്രിയുടെയോ സര്‍ക്കാരിന്റെയോ അറിവില്ലാതെ ലോക്ഭവനിലേക്ക് ഗവര്‍ണര്‍ വിളിച്ചുവരുത്തരുത്. ലോക്ഭവനെ അതൃപ്തി അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍ലസര്‍ സിസ തോമസിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിനു പിറകേയാണ് ഗവര്‍ണര്‍ ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയത്.

കര്‍ഷകരുടെ നെല്ല് സംഭരണ കുടിശ്ശിക കൊടുത്തു തീര്‍ക്കാന്‍ സപ്ലൈകോയ്ക്ക് 150 കോടി രൂപയും കണ്‍സ്യൂമര്‍ഫെഡിന് 25 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു.

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലകള്‍ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകളുടെ ഭൗതിക, മാനവവിഭവ, ഐ.ടി. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, പരിപാലനം, അക്കാദമിക മികവ് വര്‍ധിപ്പിക്കല്‍, പഠന നിലവാരം മെച്ചപ്പെടുത്തല്‍ എന്നിവയ്ക്കായി 45.68 കോടി രൂപ അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ അറിയിച്ചു.

വിഴിഞ്ഞം പോസ്റ്ററിലും വാര്‍ത്താകുറിപ്പിലും മുഖ്യമന്ത്രി വി.ഡി. സതീശന്‍ എന്നതിനു പകരം പിണറായി വിജയന്‍ എന്നു തെറ്റായി നല്‍കിയതിന് പബ്ലിക് റിലേഷന്‍സ് വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. സെക്രട്ടേറിയേറ്റിലെ പിആര്‍ഡി ഡയറക്ടറേറ്റിലെ റിലീസ് വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.ആര്‍. സാബു , വെബ് ആന്റ് ന്യൂ മീഡിയ വിഭാഗം ഓഫീസറായ പ്രതീഷ് ഡി മണി എന്നിവരെയാണ് മാറ്റിയത്.

ഓണത്തിന് എയ്ഡഡ് സ്‌കൂളുകളിലെ പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നാല് കിലോ അരി നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ അറിയിച്ചു. അരി വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഗവണമെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടക്കും.

ഡിജിപി എസ്.ശ്രീജിത്തിനെതിരായ വിജിലന്‍സ് അന്വേഷണ വിഷയത്തില്‍ തീരുമാനമെടുക്കാത്തതിന് ആഭ്യന്തര വകുപ്പ് സെക്രട്ടറി മിന്‍ഹാജ് ആലം നേരിട്ടു ഹാജരാകണമെന്ന് ഹൈക്കോടതി. വെള്ളിയാഴ്ച വരെ സാവകാശം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. പരാതികള്‍ വ്യാജമാണെന്ന് ആരോപിച്ച് ചീഫ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടും ജസ്റ്റിസ് എ.ബദറുദ്ദീന്‍ തള്ളിയിരുന്നു.

സ്‌കോട്ട്‌ലന്‍ഡ് പാര്‍ലമെന്റംഗം മാര്‍ട്ടിന്‍ ഡേ (55) ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി പിറവം പാമ്പാക്കുട സ്വദേശിനി നിതിന്‍ചന്ദിനെ(49) താലിചാര്‍ത്തി. പത്തുവര്‍ഷം മുമ്പ് യു.കെ.യില്‍ വിവാഹം കഴിഞ്ഞെങ്കിലും ഗുരുവായൂരപ്പന് മുന്നില്‍ വിവാഹിതയാകണമെന്നായിരുന്നു നിതിന്‍ചന്ദിന്റെ മോഹം.

ആലപ്പുഴ ഹരിപ്പാടിനടുത്ത് കരുവാറ്റയില്‍ 65 വയസുകാരന്‍ ശിവന്‍കുട്ടിയെ കൊലപ്പെടുത്തിയതിന് മകളുടെ മകളായ പതിമൂന്നുകാരിയും സുഹൃത്തുക്കളായ മൂന്ന് ആണ്‍കുട്ടികളും അറസ്റ്റിലായി. കൊലപാതകം വീഡിയോ കോളിലൂടെ തത്സമയം കണ്ട് പെണ്‍കുട്ടി മരണം ഉറപ്പിച്ചെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട വയോധികന്‍ മോശമായി പെണ്‍കുട്ടിയെ സ്പര്‍ശിച്ചതിന്റെ പ്രതികാരമായാണു കൊലപാതകമെന്ന് പ്രതികളുടെ മൊഴിയിലുണ്ട്.  എന്നാല്‍ പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണും മൂന്നു കൗമാരക്കാര്‍ക്കും ബൈക്കും വാങ്ങാനുള്ള പണത്തിനായാണ് മോഷണവും കൊലപാതകവും ആസൂത്രണം ചെയ്തതെന്നു പൊലീസ് പറയുന്നു.

കോഴിക്കോട് നഗരത്തില്‍ പ്രധാന പാതകളിലും ജങ്ഷനുകളിലും ഓഗസ്റ്റ് 20 മുതല്‍ 31 വരെ കര്‍ശന ഗതാഗത നിയന്ത്രണങ്ങളും പാര്‍ക്കിങ് നിരോധനവും ഏര്‍പ്പെടുത്തി. ഓണത്തോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്താണ് പോലീസിന്റെ നടപടി.

നെയ്യാറ്റിന്‍കര സ്വദേശിനി ആന്‍സിജി കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പള്‍ ഷീജ അറസ്റ്റില്‍. ഹുസൂരില്‍ നിന്നുള്ള തമിഴ്നാട് സ്പെഷ്യല്‍ ടീമാണ് ഇവരെ പിടികൂടിയത്.ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണു കേസെടുത്തത്.

കള്ളനോട്ടു കേസില്‍ രണ്ട് പ്രതികള്‍ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി. ഒന്നാം പ്രതി എളമക്കര വിപിന്‍ ടോമി (29)ക്ക് അഞ്ചു വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും, രണ്ടാം പ്രതി കലൂര്‍ സുഹൈലിന് (30) മൂന്നു വര്‍ഷം കഠിന തടവും 5,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.

ഇരുപത് ലക്ഷം രൂപയുടെ 65 ഗ്രാം ഹെറോയിനുമായി യുവതി ഉള്‍പ്പെടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസ് പിടിയില്‍. അസം നൗഗാവ് സ്വദേശികളായ ബഹാറുല്‍ ഇസ്ലാം (26) മുക്സിദുല്‍ ഇസ്ലാം (33) രശ്മി കാത്തൂന്‍ (21) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്.

ഐഐടി മദ്രാസ് പോലെയുള്ള പ്രമുഖ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിക്കുന്നതു പാറ്റയാകാനല്ല, കരുത്തുള്ള സിംഹങ്ങളാകാനാണെന്ന് കേരള സര്‍വകലാശാല വി.സി. മോഹനന്‍ കുന്നുമ്മല്‍. വിസിയുടെ വാക്കുകള്‍ക്കു പ്രതികരിക്കാതെ വിദ്യാര്‍ത്ഥികള്‍. മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ‘വിജയതാരകം’ അനുമോദന സമ്മേളനത്തിലാണ് ഈ പരാമര്‍ശം. ചടങ്ങ് ഉദ്ഘാടനം ചെയ്ത ഗവര്‍ണര്‍, മുതിര്‍ന്നവരില്‍നിന്ന് അറിവുനേടാനും അവരെ മാനിക്കാനുമാണ് വിദ്യാഭ്യാസം നമ്മെ പഠിപ്പിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ചു.

ഈ മാസം 24 മുതല്‍ 30 വരെ സംസ്ഥാനത്ത് ഓണം വാരാഘോഷം സംഘടിപ്പിക്കുമെന്ന് മന്ത്രി പിസി വിഷ്ണുനാഥ് അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ 35 വേദികളില്‍ 340 ഇനങ്ങള്‍ അവതരിപ്പിക്കും. ട്രെഡ് ഫയര്‍ 21 ന് മന്ത്രി മുരളീധരന്റെ നേതൃത്വത്തില്‍ ഉദ്ഘാടനം ചെയ്യും. സമാപന ദിനത്തില്‍ ഉപരാഷ്ട്രപതി മുഖ്യാതിഥിയാകും. ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 ന് വൈകിട്ട് ആറരയ്ക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് നിര്‍ത്തി വയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. അഡ്വ സന്തോഷിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും നിയമന ഉത്തരവ് നല്‍കാത്തതാണു കാരണം.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഓഗസ്റ്റ് 23, ഞായറാഴ്ച, 422 വിവാഹങ്ങള്‍. ഓഗസ്റ്റ് 30 ന് 338 കല്യാണവും സെപ്റ്റംബര്‍ 13 ന് 320 കല്യാണവും ബുക്കു ചെയ്തിട്ടുണ്ട്. ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം അറിയിച്ചു.

സ്വന്തക്കാര്‍ അറസ്റ്റിലായതോടെ തൂഫാന്‍ ഒതുങ്ങിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സിപിഎം നേതാക്കളെ മോശക്കാരായി ചിത്രീകരിക്കാനാണ് എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തുന്നതെന്നും ഗോവിന്ദന്‍.

കൊല്ലത്ത് ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ ഭാര്യയെ കോടതി കുറ്റവിമുക്തയാക്കി. കുന്നിക്കോട് തലവൂര്‍ രണ്ടാലുംമൂട് സ്വദേശിയായ സുന്ദരനാചാരി (62) കൊല്ലപ്പെട്ട കേസിലാണ് ഭാര്യ വസന്തമ്മാളിനെ (60) പുനലൂര്‍ അഡിഷണല്‍ സെഷന്‍സ് ജഡ്ജ് എ.വി ടെല്ലസ് വെറുതെ വിട്ടത്. 2017 ഏപ്രില്‍ 29-നാണ് സുന്ദരനാചാരി  മരിച്ചത്.

നീറ്റ് പ്രതിഷേധത്തിലെ പൊലീസ് അതിക്രമവും ലൈംഗികാതിക്രമ പരാതികളും പരിശോധിക്കാന്‍ സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായ ഉന്നതതല സമിതിയുമായി സുപ്രീംകോടതി. പൊലീസിലെയും സിബിഐയിലേയും വിരമിച്ച ഉദ്യോഗസ്ഥര്‍  സമിതിയിലുണ്ടാകുമെന്ന് കോടതി അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നു പുറത്തിറക്കും.

എന്‍ടിഎ പരീക്ഷാ സംഘത്തിലെ 600 വിദഗ്ധരെ ഒഴിവാക്കി പുതിയ വിദഗ്ധരെ നിയമിച്ചു. ചോദ്യപേപ്പര്‍ പരിശോധനയ്ക്ക് നാലുഘട്ട സംവിധാനം നടപ്പാക്കും. 25 ഉദ്യോഗസ്ഥരെ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ നിയമിക്കും. എന്‍ടിഎ ഓഫീസുകള്‍ പുതിയ കെട്ടിടത്തിലേക്ക് അടിയന്തരമായി മാറ്റും. കെട്ടിടത്തിന് സിഐഎസ്എഫ് സുരക്ഷ ശക്തമാക്കും. കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശമനുസരിച്ചാണു മാറ്റങ്ങള്‍.

തമിഴ്നാട്ടില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി മുഖ്യമന്ത്രിയുടെ പ്രത്യേക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. 70 വയസ്സിന് മുകളിലുള്ള 38 ലക്ഷം പേര്‍ക്ക് പദ്ധതിയുടെ അനുകൂല്യം ലഭിക്കും.

കോവിഡ് മഹാമാരി പോലെയുള്ള അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ രൂപീകരിച്ച പി.എം കെയര്‍സ് ഫണ്ടില്‍ നീക്കിയിരിപ്പ് 8,452.95 കോടി രൂപയാണെന്നു കേന്ദ്ര സര്‍ക്കാര്‍. ഇതില്‍ 7,846.65 കോടി രൂപ സ്ഥിര നിക്ഷേപമാക്കിയിരിക്കുകയാണ്. മുന്‍ വര്‍ഷം 15.60 കോടി രൂപയാണു ചെലവാക്കിയതെങ്കില്‍ ഇക്കഴിഞ്ഞ വര്‍ഷം 87.85 ലക്ഷം മാത്രമാണ് ചെലവഴിച്ചത്. 2023-24 ല്‍ 7,188.63 കോടി രൂപയാണു സംഭാവനയായി ലഭിച്ചത്.

പഞ്ചസാര വില സര്‍വകാല റെക്കോര്‍ഡിലേക്ക്. പഞ്ചസാരയുടെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചസാര ഉത്പാദകരാണ് ഇന്ത്യ. കിലോയ്ക്ക് 45 മുതല്‍ 50 വരെ രൂപയാണു കേരളത്തിലെ പഞ്ചസാര വില.

വിദേശികള്‍ ഉള്‍പ്പെട്ട അന്തര്‍ദേശീയ ലഹരിക്കടത്തു സംഘത്തെ എന്‍സിബി പിടികൂടി. ഡല്‍ഹി, ഗുരുഗ്രാം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 15 കോടി രൂപ വിലവരുന്ന 14.787 കിലോ ആംഫെറ്റമിന്‍, 67.84 കിലോ സ്യൂഡോഎഫെഡ്രിന്‍, 318 ഗ്രാം കൊക്കെയ്ന്‍, 6 ഗ്രാം ഹെറോയിന്‍ എന്നിവയുമായി നാല് നൈജീരിയക്കാരെ അറസ്റ്റ് ചെയ്തു. വിസ കാലാവധി കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും ഇവര്‍ ഇന്ത്യയില്‍ അനധികൃതമായി തുടരുകയായിരുന്നു.

ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. ഡല്‍ഹി ജലബോര്‍ഡുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് നടപടി.

പ്രമുഖ യുക്തിവാദിയും സാമൂഹ്യപ്രവര്‍ത്തകനുമായ ഡോ. നരേന്ദ്ര ധബോല്‍ക്കര്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സച്ചിന്‍ അന്ദൂരെയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കമ്മ്യൂണിസ്റ്റ് നേതാവും യുക്തിവാദിയുമായ ഗോവിന്ദ് പന്‍സാരെ വധക്കേസിലും പ്രതിയായ സച്ചിന്‍ അന്ദൂരെ ആ കേസിലും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റൊരു പ്രതിയായ ശരദ് കലാസ്‌കര്‍ക്ക് ഏപ്രിലില്‍ ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു.

ഗോവയിലെ കോണ്‍ഗ്രസ് കണ്‍വെന്‍ഷനില്‍ വന്ദേമാതരം രണ്ടു ചരണങ്ങള്‍ മാത്രം ആലപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യത്തിലായിരുന്നു ആലാപനം. വന്ദേമാതരത്തെ അപമാനിച്ചെന്ന് ഗോവ ബിജെപി നേതൃത്വം വിമര്‍ശിച്ചു.

ഹോര്‍മുസ് കടലിടുക്കിനെ അമേരിക്കയുടെ പുതിയ ഭൂപ്രദേശമായി പ്രഖ്യാപിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസിനെഅമേരിക്കയുടെ ഭാഗമായി ചിത്രീകരിക്കുന്ന മാപ്പ് പങ്കുവെച്ചുകൊണ്ടാണ് ട്രംപിന്റെ പ്രഖ്യാപനം.

അമേരിക്കയുമായുള്ള താത്കാലിക വെടിനിറുത്തല്‍ കരാറിന്റെ കാലാവധി അവസാനിച്ചതോടെ അടിച്ചാല്‍ കനത്ത തിരിച്ചടി നല്‍കാനുള്ള നീക്കവുമായി ഇറേനിയന്‍ സൈന്യം. രാജ്യത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാന്‍ സേന സജ്ജമാണെന്ന് സൈന്യത്തിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ബ്രിഗേഡിയര്‍ ജനറല്‍ യദുള്ള ജവാനി.

ഇറാന്റെ മിസൈല്‍ ആക്രമണം പ്രതിരോധിച്ചെന്ന് യു.എ.ഇ. രണ്ട് ബാലിസ്റ്റിക് മുസൈലുകള്‍ ഉപയോഗിച്ചാണ് ഇറാന്‍ ആക്രമിച്ചത്.

ജയിലില്‍ ആരോഗ്യനില വഷളായ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്. ആദിയാല ജയിലില്‍നിന്ന് ഷിഫ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്ക് മാറ്റാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. വലതുകണ്ണിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടെന്നും ഹൃദയസംബന്ധമായ അസുഖങ്ങളും ഉയര്‍ന്ന രക്തസമ്മര്‍ദവുമുണ്ടെന്നും കുടുംബം പറഞ്ഞിരുന്നു.

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 372 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ശ്രീലങ്കയ്ക്ക് നാല് വിക്കറ്റ് നഷ്ടം. ഗാലെയില്‍ നാലാം ദിനം അവസാനിക്കുമ്പോള്‍ നാലിന് 84 എന്ന നിലയിലാണ് ആതിഥേയര്‍. ഒരു ദിവസവും ആറ് വിക്കറ്റും ശേഷിക്കെ 288 റണ്‍സാണ് ഇനി അവര്‍ക്ക് ജയിക്കാന്‍ വേണ്ടത്.

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ നാലാം ദിനത്തില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം റിഷഭ് പന്ത്. ടെസ്റ്റ് ക്രിക്കറ്റില്‍ 100 സിക്‌സറുകള്‍ തികയ്ക്കുന്ന നാലാമത്തെ പുരുഷ താരമെന്ന നേട്ടവും, ഈ നാഴികക്കല്ല് ഏറ്റവും വേഗത്തില്‍ പിന്നിടുന്ന ബാറ്ററെന്ന റെക്കോര്‍ഡുമാണ് പന്ത് സ്വന്തമാക്കിയത്. ലാഹിരു കുമാരയുടെ പന്തില്‍ സിക്‌സര്‍ പറത്തിയാണ് 89-ാം ഇന്നിംഗ്‌സില്‍ പന്ത് ഈ ചരിത്രനേട്ടത്തിലെത്തിയത്.

അര്‍ജുന പുരസ്‌കാര തിളക്കത്തിന് പിന്നാലെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്ന് ട്രീസാ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം. വനിതാ ഡബിള്‍സിന്റെ രണ്ടാം റൗണ്ടില്‍ 16-ാം സീഡായ അമേരിക്കയുടെ ലൗറെന്‍ ലാം-അലിസണ്‍ ക്യുന്‍ഹ് സഖ്യത്തെയാണ് ഇന്ത്യന്‍ ജോഡി അട്ടിമറിച്ചത്.

ഹോക്കി ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ ഒന്നിനെതിരെ ആറ് ഗോളിന് തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍. പൂള്‍ ഡിയില്‍ ഒന്നാമതെത്തിയ ഇന്ത്യക്ക് ഇനി ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ സമനില നേടിയാല്‍ രണ്ടാം റൗണ്ടിലെത്താം.

ആഗോള സ്‌പോര്‍ട്‌സ്വെയര്‍ ഭീമനായ നൈക്കിയുടെ ഓഹരി വില 12 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി. ട്രേഡിംഗിനിടെ ഓഹരി വില 4.1 ശതമാനം ഇടിഞ്ഞ് 39.06 ഡോളറിലെത്തി. ഒരുവേള ഓഹരി വില 38.86 ഡോളര്‍ വരെ താഴേക്ക് പോയിരുന്നു. 2021-ലെ റെക്കോഡ് ഉയര്‍ച്ചയില്‍ നിന്ന് ഏകദേശം 78 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഓഹരി വില, 2014 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. കമ്പനിയുടെ വിപണി മൂല്യത്തില്‍ നിന്ന് ഒലിച്ചുപോയതാകട്ടെ 200 ബില്യണ്‍ ഡോളറിലധികവും (ഏകദേശം 16.8 ലക്ഷം കോടി രൂപ). കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം നൈക്കി ഓഹരികളില്‍ 48 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചൈനീസ് വിപണിയില്‍ തദ്ദേശീയ ബ്രാന്‍ഡുകളായ ആന്റ സ്‌പോര്‍ട്‌സ്, ലി-നിംഗ് എന്നിവയില്‍ നിന്ന് കടുത്ത മത്സരമാണ് നൈക്കി നേരിടുന്നത്. ഓണ്‍ലൈന്‍ വില്‍പ്പനയിലെ ഇടിവും വര്‍ധിച്ച സ്റ്റോക്കും വരുമാനത്തെ സാരമായി ബാധിച്ചു.

രാജ്യത്തെ നിയമം ലംഘിച്ചാല്‍ പരിരക്ഷ ലഭിക്കില്ലെന്ന് ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് തുടങ്ങിയവയുടെ ഉടമകളായ മെറ്റയോട് കേന്ദ്ര സര്‍ക്കാര്‍. കണ്ടന്റ് മോഡറേഷന്‍, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെട്ട ഉള്ളടക്കം എന്നിവ സംബന്ധിച്ച് മെറ്റയുടെ ആഗോള ടീമുമായ തുടരുന്ന ചര്‍ച്ചയ്ക്കിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിയമം ലംഘിച്ചാല്‍ സേഫ്-ഹാര്‍ബര്‍ പരിരക്ഷ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളെ സെന്‍സര്‍ ചെയ്യുകയോ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുകയോ അല്ല ലക്ഷ്യം. ഇന്ത്യയുടെ ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങളോട് കൂടുതല്‍ സംവേദനക്ഷമത പുലര്‍ത്തണം. ആഗോള തലത്തിലുള്ള മാനദണ്ഡങ്ങള്‍ മാത്രം മോഡറേഷന്‍ ടീമുകള്‍ ആശ്രയിക്കരുത്. കണ്ടന്റ് മോഡറേഷനില്‍ തീരുമാനം എടുക്കുമ്പോള്‍ ഇന്ത്യന്‍ ഭാഷകളെയും സാംസ്‌കാരിക പശ്ചാത്തലങ്ങളെയും കുറിച്ച് മികച്ച ധാരണ ഉണ്ടാകണമെന്നും സര്‍ക്കാര്‍  നിര്‍ദേശിച്ചു.

ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജയസൂര്യയെ നായകനാക്കി രതീഷ് വേഗ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പാന്‍ ഇന്ത്യന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ‘ഓപ്പറേഷന്‍ ത്രാള്‍’ലെ ആദ്യ ഗാനമാണ് ‘ജയ് ഹോ’. ‘ധുരന്ധര്‍’ സിനിമയിലെ ഗാനങ്ങള്‍ പാടി ശ്രദ്ധേയനായ സുധീര്‍ യദുവന്‍ഷിയാണ് ഗാനാലാപനം. ലോകമെമ്പാടും തരംഗം സൃഷ്ടിച്ച എ.ആര്‍. റഹ്‌മാന്റെ ‘ജയ് ഹോ’യ്ക്ക് ശേഷം, അതേ പേരില്‍ ‘ഓപ്പറേഷന്‍ ത്രാള്‍’ലൂടെ ഒരു പുതിയ ഗാനം പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഇര്‍ഷാദ് ദലാല്‍ ആണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്ന രതീഷ് വേഗ തന്നെയാണ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ മുരളി ശര്‍മ്മ, വിനയ് റായ്, സിദ്ദിഖ്, സായ് കുമാര്‍, നന്ദലാല്‍ കൃഷ്ണമൂര്‍ത്തി, റിതിക സിംഗ്, കാവ്യ ഷെട്ടി, ആന്‍സണ്‍ പോള്‍, സിറാജുദ്ദീന്‍ തുടങ്ങിയവരും ബോളിവുഡ് താരങ്ങളായ വിക്രം കൊച്ചാര്‍, യഷ്പാല്‍ ഗേര, മിര്‍ സര്‍വര്‍, ചന്ദന്‍ ബിഷ്ത്, ഹന്‍സിക ജംഗിദ്, വാണി ദോഗ്ര, ജയ് താക്കൂര്‍, വിജയ് ത്രിവേദി, മന്‍ഹര്‍ സിംഗ് ട്രിവിയ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

വിസ്മയ മോഹന്‍ലാലിനെ നായകനാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘തുടക്കം’ എന്ന ചിത്രത്തിന്റെ മറ്റൊരു വീഡിയോ ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. നന്‍ഹീ കലീ എന്ന ഹിന്ദി ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. എം പ്രസാദ് ബാബു എഴുതിയ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. സിന്ധുജ ശ്രീനിവാസനാണ് ആലാപനം. വിസ്മയയുടെ അരങ്ങേറ്റ ചിത്രമെന്ന ഹൈപ്പില്‍ എത്തിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ അതിഥിവേഷവും പ്രേക്ഷകരില്‍ ആകാംക്ഷ വര്‍ധിപ്പിച്ച ഘടകമാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്.

ഫെരാരിയുടെ ചരിത്രത്തിലെ ആദ്യ ഇലക്ട്രിക് കാറായ ‘ഫെരാരി ലൂചെ’ കാലിഫോര്‍ണിയയിലെ ആര്‍.എം. സോത്ത്ബീസ് ലേലത്തില്‍ 40 മില്യണ്‍ ഡോളറിന് (ഏകദേശം 382.66 കോടി രൂപ) വിറ്റു. ഒരു പുതിയ വാഹനം ലേലത്തില്‍ വില്‍ക്കുന്ന റെക്കോഡ് തുകയാണിത്. ചാരിറ്റി ലേലത്തില്‍ വില്‍ക്കപ്പെട്ട ഈ വാഹനം, സാധാരണ വിലയേക്കാള്‍ 35 മടങ്ങ് അധികം തുകയാണ് സമാഹരിച്ചത്. മുന്‍ ബ്രിട്ടീഷ് ഐഫോണ്‍ ഡിസൈനര്‍ സര്‍ ജോണി ഐവ് ആണ് ഈ വാഹനത്തിന്റെ പിന്നിലെ ബുദ്ധികേന്ദ്രം. ഇലക്ട്രിക് വാഹന വിപണിയിലേക്കുള്ള ഫെരാരിയുടെ ആദ്യ പ്രവേശനം കൂടിയാണിത്. വെള്ള നിറത്തിലുള്ള ഫിനിഷും, കസ്റ്റമൈസ്ഡ് ബ്രേക്കുകളും, പ്രത്യേക തരം ചക്രങ്ങളും അടങ്ങിയ സവിശേഷമായ രീതിയിലാണ് ലേലത്തില്‍ പോയ ഈ കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ലേലത്തില്‍ ലഭിച്ച തുക മുഴുവന്‍ ഫെരാരി ഫൗണ്ടേഷന്റെ വിദ്യാഭ്യാസ പരിപാടികള്‍ക്കായി സംഭാവന ചെയ്യുമെന്ന് സോത്ത്ബീസ് അറിയിച്ചു.

ഫിക്ഷനെ നോണ്‍-ഫിക്ഷന്‍ മട്ടില്‍ സമീപിക്കുന്ന, ചിന്തയുടെയും കാഴ്ചയുടെയും ദര്‍ശനങ്ങളുടെയും നോവല്‍. ഇതിവൃത്തത്തെക്കാള്‍ പ്രധാനമായി കഥാപാത്രങ്ങളുടെ ആന്തരികമായ കാലാവസ്ഥയാണ് എഴുത്തുകാരി പകര്‍ത്താന്‍ ശ്രമിച്ചിട്ടുള്ളത്. കഥ പുരോഗമിക്കുന്നത് നിരവധി സിനിമകളിലൂടെയാണ്; അവയുടെ ബൗദ്ധികവും സാംസ്‌കാരികവുമായ വിശകലനത്തില്‍ പരമ്പരാഗതമായ കഥപറച്ചില്‍രീതികള്‍ അഴിഞ്ഞുപോകുന്നു. ആഴത്തിലുള്ള ദാര്‍ശനിക വ്യതിചലനങ്ങളുമായി കഥാഖ്യാനം ഇഴചേര്‍ന്ന് ആശയങ്ങളുടെ വിശാലമായൊരു ആഖ്യാനമായിത്തീരുന്നു ഈ നോവല്‍. ‘ചിത്രശാല ഞാന്‍’. സംഗീത ശ്രീനിവാസന്‍. മാതൃഭൂമി. വില 331 രൂപ.

ഫിറ്റ്നസ് കാത്തുസൂക്ഷിക്കാന്‍ പ്രോട്ടീന്‍ മാത്രം പോരാ, ഡയറ്റില്‍ ആവശ്യത്തിന് ഫൈബര്‍ ഉള്‍പ്പെടുത്തേണ്ടത് ആരോഗ്യകരമായ ജീവിതശൈലിക്ക് പ്രധാനമാണ്. മലബന്ധം ഒഴിവാക്കാനും ദഹനവ്യവസ്ഥയുടെ ആരോഗ്യം നിലനിര്‍ത്താനും രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളുമൊക്കെ നിയന്ത്രിക്കാനും ഭക്ഷണത്തില്‍ നാരുകള്‍ കൂടിയേ തീരൂ. പച്ചക്കറികള്‍, പഴങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, മുഴുധാന്യങ്ങള്‍, വിത്തുകള്‍ തുടങ്ങിയവയാണ് നാരുകള്‍ അടങ്ങിയ ഭക്ഷണവിഭവങ്ങള്‍. പ്രഭാതഭക്ഷണത്തില്‍ എളുപ്പത്തില്‍ ഉള്‍പ്പെടുത്താവുന്ന മികച്ച ഫൈബര്‍ സ്രോതസ്സാണ് ഓട്സ്. ചെറുപയര്‍, കടല, രാജ്മ, പരിപ്പ് തുടങ്ങിയ പയര്‍വര്‍ഗങ്ങള്‍ ഫൈബറിനൊപ്പം സസ്യജന്യ പ്രോട്ടീനും നല്‍കുന്നു. അതുകൊണ്ടു തന്നെ ഭക്ഷണത്തില്‍ പതിവായി ഉള്‍പ്പെടുത്താവുന്ന മികച്ചൊരു വിഭാഗമാണ് ഇവ. ഫൈബര്‍ ലഭിക്കാന്‍ എളുപ്പത്തില്‍ ലഭിക്കുന്ന പഴങ്ങളില്‍ ഒന്നാണ് പേരയ്ക്ക. ഇതില്‍ ഫൈബറിനൊപ്പം വിറ്റാമിന്‍ സി ഉള്‍പ്പെടെയുള്ള പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. കാരറ്റ്, ബീന്‍സ്, ബ്രോക്കോളി, വെണ്ടയ്ക്ക, കാബേജ്, ചീര തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ചിയ വിത്തുകളും ഫ്ലാക്സ് സീഡും ചെറിയ അളവില്‍ പോലും ഭക്ഷണത്തില്‍ ഫൈബര്‍ കൂട്ടാന്‍ സഹായിക്കുന്നവയാണ്. ഭക്ഷണത്തില്‍ പെട്ടെന്ന് വലിയ അളവില്‍ ഫൈബര്‍ ഉള്‍പ്പെടുത്തുന്നത് ചിലരില്‍ വയറുവീക്കം, ഗ്യാസ്, വയറിലെ അസ്വസ്ഥത തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകാം. അതിനാല്‍ ഫൈബറിന്റെ അളവ് ക്രമേണ വര്‍ധിപ്പിക്കുന്നതാണ് നല്ലത്.

ശുഭദിനം
കവിത കണ്ണന്‍
ആടുകള്‍ക്ക് തന്റെ ഇടയനെ വലിയ ഇഷ്ടമായിരുന്നു. എന്നും അവയ്ക്ക് വയറുനിറയെ ഭക്ഷണം നല്‍കും. പുതിയ പുതിയ മേച്ചില്‍ പുറങ്ങളിലേക്ക് കൊണ്ടുപോകും. ഒരു ചെന്നായപോലും അടുത്തുവരാന്‍ ധൈര്യപ്പെടാത്തവിധം അവര്‍ക്ക് സംരക്ഷണം നല്‍കും. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ദിവസം ഇടയന്‍ ആടുകളെയെല്ലാം അറവുകാരന് വിറ്റു. ഇത് കണ്ട് ആടുകളുടെ ഹൃദയം തകര്‍ന്നു. അമ്പ് കൊള്ളുമ്പോഴല്ല മുറിവേല്‍ക്കുന്നത്, അമ്പെയ്തവനെ കാണുമ്പോഴാണ്. ആളിനനുസരിച്ച് മുറിവിന്റെ ആഴവും കൂടും. അപരിചിതന്റെ അപവാദപ്രചരണങ്ങള്‍ക്കോ ആരുമല്ലാത്തവരുടെ അസഭ്യവര്‍ഷങ്ങള്‍ക്കോ ആര്‍ക്കും ആരെയും അധികം തകര്‍ക്കാന്‍ സാധിക്കില്ല. പക്ഷേ, കൂടപ്പിറപ്പുകളുടേയും കൂടെ നിന്നവരുടേയും ചെറിയ അകലംപോലും ഹൃദയഭേദകമാണ്. ഒരിക്കല്‍ എല്ലാമായിരുന്നവര്‍ ഒരു നിമിഷം കൊണ്ട് ആരുമല്ലാതായി തീരുന്നത് ഹൃദയഭേദകമാണ്. ആര് ഒപ്പമുണ്ടായിരുന്നപ്പോഴാണോ ഏറ്റവും ആത്മവിശ്വാസം തോന്നിയിരുന്നത്, ആരാണോ സ്നേഹത്തിന്റെ ഊഷ്മളത പകര്‍ന്നത്. ആര് കൂടെയുണ്ടായിരുന്നപ്പോഴാണ് ജീവിതം പ്രതീക്ഷാനിര്‍ഭരമായിരുന്നത്, ആരാണോ തട്ടിവീണപ്പോഴെല്ലാം പിടിച്ചെഴുന്നേല്‍പ്പിച്ചത്. അവരാണ് നമ്മുടെ അത്യാഹിതങ്ങളുടെ കാരണക്കാര്‍ എന്നറിഞ്ഞാല്‍ നാം സ്വയം തോറ്റുപോകും.. നാമെല്ലാവരും സ്വയം ഒരു മുന്നറിയിപ്പു നല്‍കണം.  എല്ലാവരും അവനവന് വേണ്ടിയാണ് ജീവിക്കുന്നത്.  കണ്ടുമുട്ടുന്നതും കരുത്താകുന്നതും സാന്ദര്‍ഭികവശാല്‍ മാത്രം, ആരുടെ കൂടെ വളരുമ്പോഴും തനിച്ചുനില്‍ക്കാനുളള ശേഷി സ്വയം രൂപപ്പെടുത്താന്‍ നാം ശ്രദ്ധിക്കേണ്ടതാണ്.. – ശുഭദിനം

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *