രാഷ്ട്രനിര്‍മാണത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും വികസിത ഭാരത നിര്‍മാണത്തില്‍ നാം മുന്നേറുന്നുവെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജ്യത്തെ അഭിസംബോധന ചെയ്ത് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു രാഷ്ട്രപതി. ഇത് ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്ന സര്‍ക്കാരാണെന്നും രാഷ്ട്രപതി പരാമര്‍ശിച്ചു. രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു.
റേഷൻ കടകൾ വഴി സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ആരംഭിച്ചെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. മഞ്ഞക്കാർഡ് ഉടമകൾക്കുള്ള കിറ്റ് വിതരണം എവിടെയെങ്കിലും ലഭ്യമല്ലെങ്കിൽ പരിശോധിക്കുമെന്നും പാക്കിങ് കാലതാമസം ഉണ്ടായെങ്കിൽ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ സംസ്ഥാനത്തെ സ്കൂളുകളിലും നാളെ വന്ദേമാതരം പാടില്ല. സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം ഇറക്കിയ സർക്കുലർ അനുസരിച്ച് ദേശീയഗാനം പാടാനുള്ള നിർദ്ദേശമാണ് പൊതുവിദ്യാഭ്യാസവകുപ്പ് സ്കൂളുകൾക്ക് കൈമാറിയത്.
ഡോ. ഡി സജിത് ബാബു സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറാകും. കേരളം നൽകിയ മൂന്ന് പേരുടെ പട്ടികയിൽ നിന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് സജിത് ബാബുവിന്റെ പേര് തെരഞ്ഞെടുത്തത്. സംസ്ഥാന സർക്കാറിന്റെ ഉത്തരവ് ഉടൻ ഇറങ്ങും.
ജനസൗഹൃദ പൊലീസ് സംവിധാനം ലക്ഷ്യമിട്ട് കേരളത്തിൽ ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി വി.ഡി. സതീശൻ പേരൂർക്കടയിൽ ഉദ്ഘാടനം നിർവഹിച്ച പദ്ധതി, പൊലീസ് സ്റ്റേഷനുകളുടെ രൂപത്തിലും പ്രവർത്തനത്തിലും മാറ്റം വരുത്തി ജനസേവന കേന്ദ്രങ്ങളാക്കി മാറ്റാൻ ലക്ഷ്യമിടുന്നു.
പൊലീസ് സ്റ്റേഷൻ ജനങ്ങൾക്ക് ഭയത്തിന്റെ ഇടമല്ല, സഹായവും സംരക്ഷണവും ലഭിക്കുന്ന ഇടമായി മാറണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ.പോലീസ് സ്റ്റേഷനുകൾ ജനങ്ങൾക്ക് ഭയത്തിന്റെ ഇടമല്ലാതെ, സഹായവും സംരക്ഷണവും നൽകുന്ന ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.തിരുവനന്തപുരം പേരൂർക്കട പോലീസ് സ്റ്റേഷനിൽ കേരള പോലീസിന്റെ ‘മൈ പോലീസ് സ്റ്റേഷൻ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസം രംഗത്തെ വെല്ലുവിളികൾ നേരിടാൻ കേരളം സജ്ജമാകണമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്. എറണാകുളത്ത് ഫിലിം സിറ്റി, മാരിടൈം മ്യൂസിയം തുടങ്ങിയ പദ്ധതികൾ വരുമെന്നും, ഒരുകാലത്ത് ഓഫ് സീസണായിരുന്ന മൺസൂൺ കാലം ഇന്ന് പ്രധാന ടൂറിസം സീസണായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ തള്ളി. മന്ത്രി ആർഎസ്എസ്സിന്റെ നാവായി മാറിയെന്ന് എസ്എഫ്ഐ. സമരത്തിൽ, തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് വിസി സിസ തോമസും ആരോപിച്ചു.
കൊല്ലം കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി. രണ്ട് ജീവനക്കാരെ സസ്പെന്റ് ചെയ്തു. സുധിൻ രാജ്, അമൽദേവ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ റിപ്പോർട്ടിൽ ബെവ്കോ എംഡിയുടേതാണ് നടപടി.
കോഴിക്കോട് നടക്കാവിലെ ഹോട്ടലിൽ അറബ് വനിതയെ മരിച്ച നിലയിൽ കണ്ടെത്തി. റാസൽഖൈമ സ്വദേശിയായ സൈനബ് അലി ജുമാ മുഹമ്മദ് അൽ മർസൂക്കി ആണ് മരിച്ചത്. കുടുംബസമേതം വിനോദസഞ്ചാരത്തിന് കേരളത്തിൽ എത്തിയതായിരുന്നു ഇവര്‍. ഹോട്ടലിൽ നടക്കാവ് പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ നടന്നത് ജാതീയ അധിക്ഷേപമാണെന്നും പ്രധാനമന്ത്രി മാപ്പ് പറയണമെന്നും കെസി വേണുഗോപാൽ. രാഹുൽ ഗാന്ധിയുടെ ആലിംഗന വിവാദം, പ്രധാനമന്ത്രിയുടെ നയതന്ത്ര ശൈലിയെ പരിഹസിച്ചതാണെന്നും ആരെയും അപമാനിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു
കണ്ണൂര്‍ സര്‍വകലാശാലാ വിദ്യാർത്ഥി യൂണിയന് എസ്എഫ്ഐ നിലനിര്‍ത്തി. മത്സരിച്ച മുഴുവന്‍ സീറ്റുകളിലും എസ്എഫ്ഐക്കാണ് വിജയം. കാസര്‍ക്കോട് ജില്ലാ എക്സിക്യൂട്ടീവ് സീറ്റ് യുഡിഎസ്എഫില്‍ നിന്നും എസ്എഫ്ഐ പിടിച്ചെടുത്തു.
ശബരിമലയിൽ നടക്കുന്ന ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ യാത്ര സുഗമവും സുരക്ഷിതവുമാക്കുന്നതിനായി കെഎസ്ആർടിസി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഓഗസ്റ്റ് 16 മുതൽ 28 വരെ വിവിധ കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്ന് പമ്പയിലേക്കും തിരിച്ചും പ്രത്യേക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.
ഓണക്കാലത്ത് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് കെ സി വേണുഗോപാൽ എം പി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനോട് ആവശ്യപ്പെട്ടു. ദില്ലി, മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിൽ നിന്ന് ഓഗസ്റ്റ് 23, 24 തീയതികളിൽ അധിക സർവീസുകൾ വേണമെന്നാണ് ആവശ്യം
എൺപതാം സ്വാതന്ത്ര്യദിനത്തിൽ, ആഘോഷങ്ങൾക്കപ്പുറം ഇന്ത്യയുടെ സമകാലികാവസ്ഥയെക്കുറിച്ച് ആത്മപരിശോധന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. ഭരണഘടനാ മൂല്യങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും വർഗീയത, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം ഓർമ്മിപ്പിച്ചു.
ശബരിമല ടെണ്ടര്‍ വ്യവസ്ഥ പരിഷ്കരിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്. കരാറുകാര്‍ സാധനങ്ങള്‍ സന്നിധാനത്ത് എത്തിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ച് ദേവസ്വം ബോര്‍ഡിന് കൈമാറണം എന്നാണ് പുതിയ വ്യവസ്ഥ.
മല്ലികാർജുൻ ഖർഗെ താൻ ദളിതനായതുകൊണ്ട് വേദി ശുദ്ധീകരിച്ചെന്ന പരാതി ഉന്നയിച്ചപ്പോൾ, അതിനെ തള്ളി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി രംഗത്തെത്തി. പ്രതിഷേധിച്ച സംഘടനക്ക് ബിജെപിയുമായി ബന്ധമില്ലെന്നും ഖർഗെ ഇരവാദം ഉന്നയിക്കുകയാണെന്നും ധാമി ആരോപിച്ചു
ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ എസ് എഫ്ഐ കേരള സർവകലാശാല ആസ്ഥാനത്ത് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. സമാധാനപരമായി പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയതിനെതിരെ എസ്എഫ്ഐ കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി.
കേരളത്തിലെ മഴക്കെടുതികളും പ്രളയവും ശാസ്ത്രീയമായി പ്രതിരോധിക്കുന്നതിനായി പുതിയ പദ്ധതി. ഐ ഐ ടിയാണ് പുതിയ പദ്ധതി അവതരിപ്പിച്ചത്. ‘കേരള ഫ്ലഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്’ എന്ന പേരിലെ പദ്ധതിയുടെ സമഗ്ര രൂപരേഖ ഐ ഐ ടി വിദഗ്ധ സംഘം മുഖ്യമന്ത്രി വി ഡി സതീശന് കൈമാറി. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഐ ഐ ടി സംഘം പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്തു.
ഓച്ചിറ പരബ്രഹ്മ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥി അഹമ്മദ് നജാദിൻ്റെ ആത്മഹത്യയിൽ എസ്എഫ്ഐ പ്രതിഷേധം അവസാനിപ്പിച്ചു. ആരോപണ വിധേയരായ നാല് അധ്വാപകരെ സസ്പെൻ്റ് ചെയ്യാമെന്ന കോളേജ് അധികൃതരുടെ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചതെന്ന് എസ്എഫ്ഐ അറിയിച്ചു.
തൃശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകന് ടി.എ. അരുണിനും എതിരെ വ്യാജ പീഡന പരാതി നല്കിയ കേസില്‍ പ്രതികള്‍ക്കെതിരെ ബാനസവാടി പോലീസ് അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ 13 പ്രതികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എസ് എഫ് ഐ കേരള സർവകലാശാല ആസ്ഥാനത്ത് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പെൺകുട്ടികൾ അടക്കമുള്ള പ്രവർത്തകരെ മുടിക്ക് കുത്തിപ്പിടിച്ച് ബലമായി നീക്കിയെന്നാണ് എസ്എഫ്ഐയുടെ ആരോപണം. പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രവർത്തകരെ വിട്ടയക്കുമെന്ന് പിന്നീട് അറിയിച്ചു.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
കോതമംഗലം, ഊന്നുകല്‍ എസ് എച്ച് ഓ മാരെ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്ജുന് ആയങ്കിയെ എറണാകുളം കുട്ടമ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി സബ് ജയിലില്‍ നിന്നും പ്രൊഡക്ഷന്‍ വാറന്റ് ഹാജരാക്കിയ ശേഷമാണ് കസ്റ്റഡിയിലെടുത്തത്.
പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ സിന്ധു നദീജല കരാർ മരവിപ്പിച്ച തീരുമാനത്തിൽ ഒരു മാറ്റമില്ലെന്ന് ഇന്ത്യ. നദീജലം തടഞ്ഞാൽ ഇന്ത്യയ്ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
ഗ്ലാസ്ഗോയിൽ സമാപിച്ച കോമൺവെൽത്ത് ഗെയിംസ് 2026ൽ ഇന്ത്യക്കായി ചരിത്രനേട്ടം കുറിച്ച് ഇന്ത്യൻ കരസേനയുടെ കായിക താരങ്ങൾ. രാജ്യത്തിനായി നേടിയ ആകെ 39 മെഡലുകളിൽ 16 എണ്ണവും സ്വന്തമാക്കിയത് വെറും 15 പേരടങ്ങുന്ന ആർമി കായിക സംഘമാണ്.
