yt cover 25

മെസിയെ കേരളത്തില്‍ എത്തിക്കാനെന്ന പേരില്‍ മുന്‍ സര്‍ക്കാര്‍ നടത്തിയ തട്ടിപ്പില്‍ കായിക വകുപ്പ് റിപ്പോര്‍ട്ട് ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഉചിതമായ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കും. ചട്ട വിരുദ്ധമായിട്ടാണ് സ്പോണ്‍സറെ തീരുമാനിച്ചത്. ഒരു മാനണ്ഡവും പാലിച്ചില്ല. സ്പോണ്‍സര്‍ ജിഎസ്ടി വെട്ടിപ്പും നടത്തിയെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്ക് രണ്ട് ലക്ഷം രൂപ അധികസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ് നല്‍കും: എല്‍ഡിഎഫ് ഭരണകാലത്ത് ഇല്ലാത്ത ഒഴിവുകളിലേക്കു പിഎസ് സി പരീക്ഷ നടത്തി ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ചു. ഡിവിഷന്‍ ഫാള്‍ മൂലം, 1,200 അധ്യാപകര്‍ക്കു ജോലി നഷ്ടമാകുന്ന അവസരത്തിലാണ് 500 ഒഴിവുണ്ടെന്നു പറഞ്ഞ് പതിനയ്യായിരം പേരുടെ റാങ്ക് ലിസ്റ്റ് തയാറാക്കിയത്.

സാമൂഹ്യ മാധ്യമങ്ങളില്‍ മുഖ്യമന്ത്രിക്കെതിരായ പോസ്റ്റുകളും വാര്‍ത്തകളും അപ്രത്യക്ഷമാക്കിയതു താനോ പോലീസോ അല്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. തന്നെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ നീക്കംചെയ്യരുതെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്ക് കത്തെഴുതാന്‍ താന്‍ തയ്യാറാണെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇന്‍സ്റ്റാഗ്രാം പേജ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്കു രണ്ടു മാസം മുമ്പ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരേയും അതു ചെയ്തുതന്നിട്ടില്ലെന്നും മുഖ്യമന്ത്രി.

വന്ദേമാതരം മുഴുവനായി പാടണമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. കേരളത്തില്‍ മുഴുവന്‍ പാടേണ്ടതുണ്ടോയെന്നു കേരള സര്‍ക്കാര്‍ തീരുമാനിക്കും. സ്വാതന്ത്ര്യദിനത്തില്‍ അതു കാണാമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയിലെ സ്വര്‍ണവും കട്ടിളയും അടിച്ചുമാറ്റിയവര്‍ നെയ്യുവരെ അപഹരിച്ചതിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. സിപിഎമ്മിന്റെ എത്രാമത്തെ ദേവസ്വം പ്രസിഡന്റാണ് ജയിലില്‍ കിടക്കുന്നത്. എന്നിട്ടും അവര്‍ക്കെല്ലാം സിപിഎം സംരക്ഷണം നല്‍കുകയാണെന്നും മുഖ്യമന്ത്രി.

തനിക്ക് ഇപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാന്‍ ആരേയും നിയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. കാസര്‍കോട് എം.ഡി.എം.എ. കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഹുസൈന്‍, അബ്ദുല്‍ സലാം എന്നിവരെ നേരിട്ടറിയാമെന്നു പറഞ്ഞ മുഖ്യമന്ത്രി ഇവര്‍ തന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവരാണെന്നു വ്യാജപ്രചാരണമുണ്ടെന്നും പറഞ്ഞു. സ്വര്‍ണക്കടത്തു കേസില്‍ മുന്‍മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞപ്പോള്‍ പ്രതികരിക്കാത്ത, മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഹരിക്കച്ചവടമാണെന്ന് ഇപ്പോള്‍ ആക്ഷേപിക്കുന്ന ഗോവിന്ദന്‍ മാഷ് ഞങ്ങളുടെ ഐശ്വര്യമാണ്. ഇപ്പോള്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് ഹുസൈനെ നവകേരള സദസിനെതിരായ പ്രതിഷേധത്തിനിടെ പോലീസ് മര്‍ദനമേറ്റ് ചികില്‍സയിലായപ്പോഴാണ് താന്‍ പരിചയപ്പെട്ടത്. അവരുടെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് ഇപ്പോഴാണ് അറിഞ്ഞത്. സതീശന്‍ പറഞ്ഞു.

മെസ്സിയുടെ കേരളത്തിലേക്കുള്ള വരവിനായി കലൂര്‍ സ്റ്റേഡിയം കൈമാറ്റത്തിലും ക്രമക്കേട്. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ട് 5 കോടി സെക്യൂരിറ്റി ഡെപ്പോസിറ്റും, വിനോദ നികുതിയും ഒഴിവാക്കി. ക്യാബിനറ്റിന്റെയും ധനകാര്യവകുപ്പിന്റെയും അനുമതി ഇല്ലാതെയുള്ള നടപടി നിയമവിരുദ്ധം. മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ചിട്ടും ലാഭം മുഴുവന്‍ സ്പോണ്‍സര്‍ക്ക് ലഭിക്കുന്ന രീതിയിലാണ് കരട് കരാറെന്നും റിപ്പോര്‍ട്ട്.

മെസിയുടെ പേരില്‍ നടത്തിയ തട്ടിപ്പില്‍ സ്പോണ്‍സര്‍ക്കു വേണ്ടി അന്നത്തെ സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനവും. സ്പോണ്‍സര്‍ക്ക് എഎഫ്എ ഈടാക്കിയ നഷ്ടപരിഹാരം ഒഴിവാക്കാന്‍ പിണറായി സര്‍ക്കാര്‍ നയതന്ത്ര ഇടപെടല്‍ തേടിയതിന് തെളിവുകള്‍ പുറത്തുവന്നു. അര്‍ജന്റീനയുടെ പിന്മാറ്റം സര്‍ക്കാരിനും സാമ്പത്തിക പ്രയാസം ഉണ്ടാക്കുമെന്ന് കായിക വകുപ്പ് സെക്രട്ടറി കത്തില്‍ പറയുന്നു.

അഭിമന്യു കൊലക്കേസില്‍ പ്രതികളായ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 16 പ്രതികളും കോടതിയില്‍ കുറ്റം നിഷേധിച്ചു. കോടതിയില്‍ ഹാജരാകണമെന്ന് രണ്ട് തവണ നിര്‍ദേശിച്ചിട്ടും ഹജരാകാതിരുന്ന പ്രതികള്‍ക്കു കോടതി താക്കീതു നല്‍കിയിരുന്നു. കേസ് തിങ്കളാഴ്ച പരിഗണിക്കും.

മുട്ടില്‍ മരം മുറിയിലെ വഞ്ചനക്കേസില്‍ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ 18 നു ഹാജരാകണമെന്ന് കോടതി. അന്ന് കുറ്റങ്ങള്‍ വായിച്ചു കേള്‍പ്പിക്കും. ഒന്നാം പ്രതി റോജി അഗസ്റ്റിന്‍ ഇന്നു കോടതിയില്‍ എത്തിയതോടെ ജാമ്യമില്ലാ വാറണ്ട് പിന്‍വലിച്ചിരുന്നു. കേസില്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്ന പ്രതികള്‍ക്കെതിരെ കോടതി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതിനൊപ്പം, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി വിവിധ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്റെ സ്റ്റാഫില്‍ ജമാഅത്തെ ഇസ്ലാമി നേതാവിനെ നിയമിച്ചതില്‍ മുസ്ലിം ലീഗ് നേതൃത്വത്തെ അതൃപ്തി അറിയിച്ച് യൂത്ത് ലീഗ്. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. അഷ്റഫിനെ ഓഫീസ് അറ്റന്‍ഡന്റ് ആയി നിയമിച്ചതിന് പിന്നാലെയാണ് യൂത്ത് ലീഗിലും എംഎസ്എഫിലും അതൃപ്തി ശക്തമായത്.

ഓണത്തോടനുബന്ധിപ്പിച്ച് കേരളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കണമെന്നും അമിത ടിക്കറ്റ് നിരക്ക് നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി രാം മോഹന്‍ നായിഡുവിന് കൊടിക്കുന്നില്‍ സുരേഷ് എംപി നിവേദനം നല്‍കി.

വാഗമണ്ണിലെ കയ്യേറ്റ ഭൂമിയുടെ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങി. ലാന്‍ഡ് അസൈന്‍മെന്റ് കമ്മറ്റി നിലവിലില്ലാത്ത സമയത്ത് കളക്ടറുടെ അനുമതി പോലും ഇല്ലാതെ നല്‍കിയ പട്ടയം ആണ് റദ്ദാക്കുന്നത്. അമേരിക്കയിലുള്ളവര്‍ ബിനാമി പേരിലാണ് പട്ടയം നേടിയത്.

ഫ്രീഡം ക്വിസിലെ സവര്‍ക്കര്‍ വിവാദത്തില്‍ സസ്പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന്‍ ഹൈക്കോടതിയില്‍. കാസര്‍കോട് പള്ളത്തടുക്ക എയുപി സ്‌കൂളിലെ അധ്യാപകന്‍ ഗുരുപ്രസാദ് ആണ് ഹര്‍ജി നല്‍കിയത്. സസ്പെന്‍ഷന്‍ ഉത്തരവ് റദ്ദാക്കണമെന്നും അച്ചടക്ക നടപടികള്‍ സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം.

മരണശേഷം അവയവങ്ങള്‍ ദാനംചെയ്യാനുള്ള സമ്മതപത്രം നല്‍കി എഴുത്തുകാരിയും കെഎം മാണി സെന്റര്‍ ഫോര്‍ ബജറ്റ് റിസര്‍ച്ച് ചെയര്‍പേഴ്സണുമായ നിഷ ജോസ് കെ. മാണി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലെ നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനിലാണ് നിഷ ജോസ് കെ.മാണി അവയവദാനത്തിനായി രജിസ്റ്റര്‍ ചെയ്തത്.

മുന്‍ സന്തോഷ് ട്രോഫി താരം അസീം കൊറളിയാടന്‍ (40) കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം അരീക്കോട് പുത്തലം സ്വദേശിയായ അസീം കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥനാണ്. ജോലിക്കു പോകവേയാണ് അപകടമുണ്ടായത്.

പുത്തൂര്‍ മൂഴിക്കോട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മൂഴിക്കോട് സ്വദേശി ആദര്‍ശാണ് (30)കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ പ്രതി സുനില്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിന് ഇടയിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

വിഴിഞ്ഞം തുറമുഖത്തെ റെയില്‍വെ ലൈനുമായി ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ അലൈന്‍മെന്റ് മാറ്റണമെന്ന് മത്സ്യത്തൊഴിലാളികള്‍. തുരങ്കത്തില്‍ നിന്ന് റെയില്‍ പാളം തുറമുഖത്തേക്ക് കയറുന്ന വഴിയില്‍ മാത്രം 21 വീടുണ്ടെന്നു മല്‍സ്യത്തൊഴിലാളികള്‍.

നോര്‍ത്ത് പറവൂര്‍ തുരുത്തിപ്പുറത്ത് യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു. ആലുവ ചൂണ്ടി സ്വദേശിനി സുരമ്യയാണ് (24) കുത്തേറ്റ് മരിച്ചത്. സുഹൃത്ത് ഷിബിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതിശ്രുത വധൂവരന്മാരായ എസ്ബിഐ ജീവനക്കാര്‍ മണിക്കൂറുകളുടെ ഇടവേളയില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. കാസര്‍കോട് കാട്ടാമ്പള്ളി സ്വദേശി അനുശ്രീ(26) കണ്ണൂര്‍ ഇരിട്ടി സ്വദേശി അമല്‍(26) എന്നിവരുടെ ആത്മഹത്യകളിലാണ് ദുരൂഹത തുടരുന്നത്.

കൊല്ലം ചിതറയില്‍ വാടക തര്‍ക്കത്തെ തുടര്‍ന്ന് ഉടമകള്‍ പോലീസുമായി ഒത്തുകളിച്ച് വീട് ഇടിച്ചുനിരത്തി. വ്യാജ പരാതി നല്‍കി ദമ്പതികളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച സമയത്താണ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് വീടും കടയും തകര്‍ത്തത്. ഇതോടെ കിടപ്പാടം നഷ്ടമായ ദമ്പതികള്‍ തകര്‍ന്ന കെട്ടിടത്തിന് സമീപം അന്തിയുറങ്ങേണ്ടി വന്നു.

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനിലെ അവസാന ദിനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്സഭയില്‍ എത്തി. പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും സഭയിലെത്തി. അമിത് ഷാ പാര്‍ലമെന്റിലെത്തി പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ അവസാന ദിനം മാത്രമാണ് അമിത് ഷാ എത്തിയത്. വന്ദേമാതരം പൂര്‍ണമായി ആലപിച്ചാണു സഭ പിരിഞ്ഞത്.

മഴക്കാല സമ്മേളനത്തിന്റെ അവസാന ദിനം ലോക്സഭാ സ്പീക്കര്‍ നടത്തിയ ചായ സത്ക്കാരത്തില്‍ പങ്കെടുത്ത് ഡിഎംകെ എംപി കനിമൊഴി. ഇന്ത്യാ സഖ്യം ചായ സത്ക്കാരം ബഹിഷ്‌കരിച്ചിരുന്നു. അമിത് ഷായുടെ കൂടെ ഇരിക്കാന്‍ തയ്യാറല്ലാത്തതു കൊണ്ടാണ് ചായസത്ക്കാരം ബഹിഷ്‌ക്കരിച്ചതെന്ന് കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു.

ഡല്‍ഹി ചെങ്കോട്ട സ്ഫോടനത്തിനു പിന്നില്‍ അല്‍ഖ്വയ്ദ ഉപസംഘടനയെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ആക്രമണവുമായി ബന്ധപ്പെട്ട 10 പേര്‍ക്ക് അല്‍-ഖ്വയ്ദ ഇന്ത്യന്‍ ഉപഭൂഖണ്ഡം ഉപസംഘടനയായ അന്‍സാര്‍ ഖസ്വാത്ത് ഉല്‍ ഹിന്ദുമായി ബന്ധമുണ്ടെന്ന് യുഎന്‍ സുരക്ഷാസമിതി നിരീക്ഷണ സംഘം അറിയിച്ചു.

കാവേരി ബന്ദ് തള്ളി കര്‍ണാടക. വാഹനഗതാഗതത്തെ ബാധിച്ചില്ല. അതിര്‍ത്തിയിലും വാഹനങ്ങള്‍ തടഞ്ഞില്ല. അത്തിബലെ അതിര്‍ത്തിയില്‍ പ്രതിഷേധം മാത്രം. ഓഗസ്റ്റ് 12 മുതല്‍ 15 ദിവസത്തേക്ക് തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കാനുള്ള കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെ ഉത്തരവിനെതിരെയാണ് വിവിധ കന്നഡ സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തത്.

ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത റാലിക്ക് പിന്നാലെ വേദിയുടെ ‘ശുദ്ധികലശം’ നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരേ കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ്. രാജ്യത്ത് ദളിതര്‍ക്ക് ഇടമില്ലെന്നതിന്റെ തെളിവാണ് ഇതെന്നും മതത്തിന്റെയും ജാതിയുടെയും പേരില്‍ രാജ്യത്തെ വിഭജിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഖര്‍ഗെ.

യാത്രക്ക് മുന്‍പ് ടിപ്പ് ചോദിക്കരുതെന്ന് ട്രാവല്‍ ആപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ടിപ്പ് നല്‍കിയാല്‍ വേഗം വാഹനം ലഭിക്കുമെന്ന വാഗ്ദാനം പാടില്ലെന്നും നിര്‍ദേശിച്ചു.

ഡല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ഹാന്‍ഡ് ബാഗില്‍ കുരങ്ങന്റെ തലയോട്ടി കണ്ടെത്തി. സിഐഎസ്എഫ് നടത്തിയ സുരക്ഷാ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്.

ബെംഗളൂരുവില്‍ പാര്‍ക്കിങ് യാര്‍ഡില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ മുന്നൂറോളം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കത്തി നശിച്ചു. രാമമൂര്‍ത്തി നഗറിലെ എന്‍ആര്‍ഐ ലേഔട്ടിലാണ് സംഭവം. കമ്പനികള്‍ക്ക് വാടകയ്ക്ക് നല്‍കിയ സ്‌കൂട്ടറുകളാണ് കത്തി നശിച്ചത്.

മറാഠി അറിയില്ലെങ്കില്‍ ഇനി മഹാരാഷ്ട്രയില്‍ ടാക്സി ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സും പെര്‍മിറ്റും ലഭിക്കില്ല. മഹാരാഷ്ട്ര സര്‍ക്കാരാണ് ടാക്സി ഡ്രൈവര്‍മാര്‍ക്കും ഉടമകള്‍ക്കും മറാഠി ഭാഷ പരിജ്ഞാനം നിര്‍ബന്ധമാക്കി മോട്ടോര്‍വാഹന ചട്ടം 2026 ഭേദഗതി ചെയ്തു.

മെറ്റക്കെതിരായ നിയമയുദ്ധത്തിലെ കോടതി നടപടികള്‍ക്ക് തുടക്കം. 29 യുഎസ് സംസ്ഥാനങ്ങളാണ് ഫെഡറല്‍ കോടതിയെ സമീപിച്ചിരുന്നത്. കുട്ടികളെ മനപ്പൂര്‍വം ഫേസ്ബുക്കിലും ഇന്‍സ്റ്റയിലും അടിമപ്പെടുത്താന്‍ ഫീച്ചറുകള്‍ ദുരുപയോഗം ചെയ്‌തെന്ന് ആരോപണം.

അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ 17 കാരന്‍ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി. മസാച്യുസെറ്റ്സിലെ ആക്ടണിലാണ് സംഭവം. 45 കാരിയായ സുധ വെങ്കട്ടേശന്‍, 14 വയസ്സുള്ള സിദ്ധാര്‍ത്ഥ് അരവിന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്. അമ്മയുടെ കാറില്‍ രക്ഷപ്പെട്ട അര്‍ജുന്‍ അരവിന്ദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

23 വര്‍ഷത്തിനു ശേഷം ഓസ്ട്രേലിയയില്‍ ഒന്നാം ടെസ്റ്റിന് എത്തിയ ബംഗ്ലാദേശ് ആതിഥേയരെ 198 റണ്‍സിന് പുറത്താക്കി ഞെട്ടിച്ചു. ഡാര്‍വിനില്‍ നടക്കുന്ന ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയെ ബംഗ്ലാദേശ് പേസര്‍മാര്‍ തകര്‍ത്തു. 71 റണ്‍സെടുത്ത മുന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറര്‍.

പിതാവ് ഹോര്‍ഹെ മെസിയുടെ വേര്‍പാടിന്റെ തീരാവേദനയ്ക്കിടയിലും മൈതാനത്തേക്ക് തിരിച്ചെത്തിയ അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസിയെ ആശ്വസിപ്പിച്ച് എതിര്‍ ടീം താരം. ലീഗ്സ് കപ്പില്‍ മെക്സിക്കന്‍ ക്ലബ്ബായ ലിയോണിനെതിരായ മത്സരത്തിനിടെയാണ് ലിയോണിന്റെ കൊളംബിയന്‍ പ്രതിരോധ താരം ജോഹാന്‍ റൊമാന മെസിയെ മൈതാനത്ത് ആലിംഗനം ചെയ്തത്.

ജപ്പാനിലെ ഐച്ചി-നാഗോയയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിലെ ക്രിക്കറ്റ് മത്സരക്രമം പുറത്തുവിട്ടു. സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 4 വരെ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പുരുഷ-വനിതാ വിഭാഗങ്ങളില്‍ ശക്തമായ നിരയുമായാണ് കളത്തിലിറങ്ങുന്നത്. വനിതകളുടെ മത്സരങ്ങള്‍ സെപ്റ്റംബര്‍ 17-നും പുരുഷന്മാരുടേത് സെപ്റ്റംബര്‍ 24-നും ആരംഭിക്കും.

സംസ്ഥാനത്ത് സ്വര്‍ണവില അതിവേഗം ഉയരുന്നു. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇന്നത്തെ ഗ്രാം വില 14,220 രൂപയും പവന് 1,13,760 രൂപയുമാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റിന്റെ വില ഗ്രാമിന് 11,680 രൂപയും പവന് 93,440 രൂപയുമാണ്. വെള്ളിവില ഗ്രാമിന് 255 രൂപയില്‍ തുടരുന്നു. ഓഗസ്റ്റ് ആരംഭിച്ച് വെറും 13 ദിവസം പിന്നിടുമ്പോഴേക്കും സംസ്ഥാനത്തെ സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക് കുതിച്ചിരിക്കുകയാണ്. ഈ കാലയളവില്‍ പവന് 8,000യുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള്‍ മൊബൈല്‍ താരിഫുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. നിരക്ക് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എയര്‍ടെല്‍ അവരുടെ ജനകീയ പ്ലാനുകള്‍ നിര്‍ത്തലാക്കി. 299 രൂപയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാന്‍ നിര്‍ത്തിയതോടെ തൊട്ടടുത്ത പ്ലാന്‍ 349 രൂപയുടേതാണ്. നിലവില്‍ 299 രൂപയ്ക്ക് റീചാര്‍ജ് ചെയ്തിരുന്നവര്‍ക്ക് നിരക്കില്‍ 16 ശതമാനത്തിന്റെ അധിക ബാധ്യത വരും. എയര്‍ടെല്‍ 579, 619, 649 രൂപ പ്ലാനുകളും നിര്‍ത്തലാക്കിയിട്ടുണ്ട്. വിലകുറഞ്ഞ ജനപ്രിയ പ്ലാനുകള്‍ പിന്‍വലിച്ചതിലൂടെ നിരക്ക് വര്‍ധന തന്നെയാണ് എയര്‍ടെല്‍ നടപ്പിലാക്കിയിരിക്കുന്നത്. ഓരോ ഉപയോക്താക്കളില്‍ നിന്നുമുള്ള ശരാശരി വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് എയര്‍ടെല്‍ നീക്കം. കടക്കെണിയിലുള്ള വോഡാഫോണ്‍ ഐഡിയയും റിലയന്‍സ് ജിയോയും റീച്ചാര്‍ജ് നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന. നിരക്കുകളില്‍ 12 ശതമാനം മുതല്‍ 15 ശതമാനം വരെ വര്‍ധനയുണ്ടായേക്കാം.

പൃഥ്വിരാജ് ചിത്രം ‘ഖലീഫ’യിലെ ക്യാരക്ടര്‍ ലുക്ക് പുറത്ത്. ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന ഹംസ എന്ന കഥാപാത്രത്തിന്ററെ പോസ്റ്ററാണിത്. വൈശാഖിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഓഗസ്റ്റ് 20ന് ആഗോള റിലീസായ് ഓണത്തിന് തിയേറ്ററുകളിലെത്തും. ‘പോക്കിരി രാജ’ക്ക്’ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമ എന്ന വന്‍ പ്രത്യേകത ചിത്രത്തിനുണ്ട്. തെന്നിന്ത്യന്‍ താരം മാളവിക ശര്‍മ്മയാണ് നായിക. ജിനു എബ്രഹാം തിരക്കഥ രചിച്ച ചിത്രത്തില്‍ ‘മാമ്പറയ്ക്കല്‍ ആമിര്‍ അലി’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ‘മാമ്പറയ്ക്കല്‍ അഹമ്മദ് അലി’യായ് അതിഥി വേഷത്തില്‍ മലയാളത്തിന്റെ ഇതിഹാസം മോഹന്‍ലാലും എത്തുന്നു. ജിനു ഇന്നോവേഷന്‍സിന്റെ ബാനറില്‍ ജിനു വി എബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ദുല്‍ഖറിന്റെ’ഐ ആം ഗെയി’മിന്റെ പുതിയ റിലീസ് തീയതി പുറത്ത്. ചിത്രം 2026 സെപ്റ്റംബര്‍ 3 ന് ആഗോള തലത്തില്‍ വമ്പന്‍ റിലീസായി എത്തും. നേരത്തെ ഓണം റിലീസായി ഓഗസ്റ്റ് 20 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം, കൂടുതല്‍ വലിയ റിലീസ് ഒരുക്കുന്നതിനായി രണ്ടാഴ്ച കൂടി മുന്നോട്ടുനീങ്ങുകയായിരുന്നു. ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത്. ചിത്രത്തിന് തിരക്കഥ രചിച്ചത് സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്ദു എന്നിവര്‍ ചേര്‍ന്നാണ്. സജീര്‍ ബാബയും ആദര്‍ശ് സുകുമാരനും ഷബാസ് റഷീദും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങള്‍ ഒരുക്കിയത്. ദുല്‍ഖര്‍ സല്‍മാനെ കൂടാതെ ആന്റണി വര്‍ഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്‌കിന്‍, കായദു ലോഹര്‍, കതിര്‍, പാര്‍ത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ, യമഹ ആര്‍2 എന്ന പേരില്‍ പുതിയ സ്‌പോര്‍ട്‌സ് ബൈക്ക് വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഓഗസ്റ്റ് 27ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ബൈക്കിന്റെ ബുക്കിങ് ആരംഭിച്ചു. 10,000 രൂപയുടെ ഡൗണ്‍ പേയ്‌മെന്റോടെ ബൈക്ക് ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. വാങ്ങുന്ന സമയത്ത് മൊത്തം വിലയില്‍ നിന്ന് ഈ തുക കുറയ്ക്കും. ഇപ്പോള്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ ഡെലിവറി ലഭിക്കുന്നതാണ്. ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കെടിഎം ആര്‍സി200 ബൈക്കിനോട് മത്സരിക്കുന്ന ഫുള്ളി ഫെയേര്‍ഡ് സ്‌പോര്‍ട്‌സ് ബൈക്കാണ് ആര്‍2. ഇത് ആര്‍15നൊപ്പമാണ് വിപണിയില്‍ വില്‍ക്കുക. സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഇതിന് കരുത്തുപകരുക.

ഓര്‍മ്മകളെയും അനുഭവങ്ങളെയും ചേര്‍ത്തുവെച്ച് വാക്കുകളുടെ മാന്ത്രികത സമ്മാനിക്കുന്ന കഥകളുടെ സമാഹാരമാണിത്. അനുഭവത്തില്‍ നിന്നും യാഥാര്‍ത്ഥ്യത്തില്‍ നിന്നും മുളച്ചുപൊന്തുന്ന ഈ കഥകള്‍ ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്നു. ഓരോ കഥയിലൂടെയും അനുഭവങ്ങളുടെ ആകാശം കാണിച്ചുതരാന്‍ കഥാകാരന്‍ സന്നദ്ധനാകുന്നു. സമകാലിക അനുഭവങ്ങളെയും സാര്‍വ്വകാലിക ആശയാദര്‍ശങ്ങളെയും സാക്ഷിയാക്കി മനുഷ്യയാഥാര്‍ത്ഥ്യങ്ങള്‍ക്ക് കഥാത്മകമായ വ്യാഖ്യാനം നല്‍കുന്ന രചനകളുടെ സമാഹാരം എന്ന് ഒറ്റ വാക്യത്തില്‍ പറയാവുന്ന കൃതി. വൈയക്തികം എന്നതു പോലെത്തന്നെ പോയകാല കേരളീയ ഗ്രാമജീവിതവും ഈ പുസ്തകത്തെ ധന്യമാക്കുന്നു. ‘കോത്തായി മുക്ക്’. ഡോ. രവീന്ദ്രന്‍ ചേടമ്പത്ത്. ഇന്‍സൈറ്റ് പബ്ളിക്ക്. വില 220 രൂപ.

ഒമേഗ-3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, ഫൈബര്‍, കാത്സ്യം, ഇരുമ്പ്, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് വാല്‍നട്ട്. വാല്‍നട്ട് ദിവസവും വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുന്നവരുണ്ട്. ദിവസവും രണ്ട് മുതല്‍ നാലെണ്ണം വരെ വാല്‍നട്ട് കഴിക്കാം. എന്നാല്‍ അവയുടെ ഗുണങ്ങള്‍ പരമാവധി ലഭിക്കുന്നതിന് അവ കഴിക്കുന്ന സമയം വളരെ പ്രധാനമാണ്. 30 ഗ്രാം വാല്‍നട്ടില്‍ 4.4 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. വ്യായാമത്തിന് മുമ്പോ ശേഷമോ പ്രോട്ടീന്‍ കഴിക്കുന്നത് പേശികളുടെ വളര്‍ച്ചയെ മെച്ചപ്പെടുത്താന്‍ സഹായിക്കും. 30 ഗ്രാം വാല്‍നട്ടില്‍ ഏകദേശം 200 കലോറി അടങ്ങിയിട്ടുണ്ട്. ആ ഊര്‍ജ്ജത്തിന്റെ ഭൂരിഭാഗവും അതിലെ പ്രോട്ടീനില്‍ നിന്നും കൊഴുപ്പില്‍ നിന്നുമാണ്. ഇവ രണ്ടും ശരീരത്തിന് ഇന്ധനം നല്‍കാന്‍ സഹായിക്കുന്നതാണ്. അത്താഴത്തില്‍ വാല്‍നട്ട് ഉള്‍പ്പെടുത്തുന്നത് മെച്ചപ്പെട്ട ഉറക്കത്തിന് സഹായിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വാല്‍നട്ട് കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി, മെറ്റബോളിസം, തലച്ചോറ് എന്നിവയുള്‍പ്പെടെയുള്ള നിര്‍ണായക ശാരീരിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നു.വാല്‍നട്ടില്‍ ധാരാളം ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാല്‍ ഹൃദയാരോഗ്യത്തിന് നല്ലതാണ്. പതിവായി വാല്‍നട്ട് കഴിക്കുന്ന ചെറുപ്പക്കാരില്‍ വിഷാദം കുറയ്ക്കുകയും, സമ്മര്‍ദം കുറയ്ക്കുകയും, മൊത്തത്തിലുള്ള മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്തതായി പഠനങ്ങള്‍ പറയുന്നു.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 95.43, പൗണ്ട് – 128.62, യൂറോ – 109.98, സ്വിസ് ഫ്രാങ്ക് – 117.39, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 67.25, ബഹറിന്‍ ദിനാര്‍ – 252.93, കുവൈത്ത് ദിനാര്‍ -309.05, ഒമാനി റിയാല്‍ – 248.18, സൗദി റിയാല്‍ – 25.32, യു.എ.ഇ ദിര്‍ഹം – 25.98, ഖത്തര്‍ റിയാല്‍ – 26.16, കനേഡിയന്‍ ഡോളര്‍ – 68.41.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *