രാത്രി വാർത്തകൾ
ലോക്സഭയിൽ എഫ്സിആർഎ ഭേദഗതി ബിൽ സംയുക്ത പാർലമെൻ്ററി സമിതിക്ക് വിടാനുള്ള പ്രമേയം അവതരിപ്പിച്ചു. ഇത് ക്രിസ്ത്യൻ സംഘടനകളെ ലക്ഷ്യമിട്ടുള്ളതാണെന്ന് കെസി വേണുഗോപാൽ ആരോപിച്ചപ്പോൾ, ഒരു സ്ഥാപനത്തെയും ഉന്നംവയ്ക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു മറുപടി നൽകി.
വിഴിഞ്ഞം സമരത്തിന് ഫണ്ട് നൽകിയെന്ന ആരോപിച്ച് എഫ്സിആർഎ ലൈസൻസ് പുതുക്കൽ നിഷേധിച്ച കേന്ദ്ര നടപടി റദ്ദാക്കി ഹൈക്കോടതി. കേരള സോഷ്യൽ സർവീസ് ഫോറത്തിൻ്റെ ഹർജിയിലാണ് വിധി. മൂന്ന് മാസത്തിനകം പുതിയ തീരുമാനം എടുക്കാൻ കേന്ദ്രത്തിന് കോടതി നിർദേശം നൽകി
സ്റ്റേഡിയം നവീകരണത്തിലെ ക്രമക്കേടും മെസ്സി വരുമെന്ന വ്യാജ പ്രചാരണവും സർക്കാർ അന്വേഷിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ. ലഹരി കേസിൽ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുമെന്നും വന്ദേമാതരം വിഷയത്തിൽ കേന്ദ്രത്തിന് വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തിയ ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ 10 ലക്ഷത്തോളം രൂപയുടെ വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ പിടികൂടി. പാകിസ്ഥാൻ നിർമ്മിത ക്രീമുകളിൽ ഉൾപ്പെടെ അനുവദനീയമായതിലും കൂടുതൽ മെർക്കുറിയുടെ അംശം കണ്ടെത്തിയതായും, ഇവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കാണാതായ മലപ്പുറം താനൂർ സ്വദേശി ഇംതിയാസിനെ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്ന് കണ്ടെത്തി. നാഗ്പൂരിൽ നിന്ന് 16 കിലോ മീറ്റർ അകലെയുള്ള അപ്പാർട്ട്മെൻ്റിൽ നിന്നാണ് ഇംതിയാസിനെ കണ്ടെത്തിയത്. ഇന്ന് രാത്രി 11 മണിക്കുള്ള വിമാനത്തിൽ ഇംതിയാസുമായി താനൂർ പൊലീസ് നാട്ടിലെത്തും.
എഫ്സിആർഎ ബിൽ പൂർണമായി പിൻവലിക്കണമെന്നാണ് ആവശ്യമെന്നും ബിൽ ജെപിസിക്ക് വിട്ടതിൽ ചാരിതാർഥ്യം ഉണ്ടെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ഡയറക്ടർ ഫാ.മാത്യു കോയിക്കൽ. ബിൽ ജെപിസിക്ക് വിട്ടതിൽ ഭാഗീക സന്തോഷമുണ്ട്. എന്നാല്‍, ബിൽ പൂർണമായി പിൻവലിക്കണം എന്നതാണ് ഇപ്പോഴത്തെയും ആവശ്യമെന്ന് ഫാ.മാത്യു കോയിക്കൽ പ്രതികരിച്ചു.
വൈശാഖ് എസ് ദർശനെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും സസ്‌പെൻഡ് ചെയ്‌ത് കോൺഗ്രസ്. ബിജെപി പ്രാദേശിക നേതാവ് ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് പാർട്ടിയുടെ നടപടി. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ദർശനെ അറസ്റ്റ് ചെയ്തിരുന്നത്.
കരയിലും കടലിലും ന്യൂന മർദ്ദങ്ങൾ രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബംഗാൾ ഉൾകടലിനു മുകളിൽ പശ്ചിമ ബംഗാൾ ബംഗ്ലാദേശ് തീരത്തിനു സമീപം ന്യൂന മർദ്ദം രൂപപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഇടുക്കി ഇടമലക്കുടിയിൽ നിന്ന് രോഗിയെ കിലോ മീറ്ററുകൾ ചുമന്ന് ആശുപത്രിയിലെത്തിച്ചു. പനി ബാധിച്ച് ആവശനിലയിലായ 75കാരൻ മാലയപ്പനെ ആണ് കൂടലാർകുടിയിൽ നിന്ന് നാല് കിലോ മീറ്ററിലേറെ ദൂരം കാട്ടിലൂടെ ചുമന്ന് ആശുപത്രിയിലേക്കെത്തിച്ചത്. കൂടലാർക്കുടി മുതൽ ആനക്കുളം വരെ സഞ്ചാരയോഗ്യമായ വഴിക്കായി ഏറെക്കാലമായുള്ള ആവശ്യത്തിന് വനംവകുപ്പ് തടസ്സം നിൽക്കുന്നെന്നാണ് നാട്ടുകാരുടെ പരാതി.
ജന്തർമന്തറിലെ പ്രക്ഷോഭങ്ങളുടെ രണ്ടാംഘട്ടം ഉടനുണ്ടാകുമെന്ന് കോക്രോച്ച് ജനതാ പാർട്ടി(സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. ജന്തർമന്തർ സീസൺ-2 എപ്പോൾ തുടങ്ങുമെന്ന് നിരവധിപേർ ഇൻസ്റ്റഗ്രാം കമന്റുകളിലൂടെ ചോദിക്കുന്നുണ്ടെന്നും ജന്തർമന്തർ സീസൺ-2 ഉടൻ തന്നെ ആരംഭിക്കാൻ പോവുകയാണെന്നും അഭിജീത് ദിപ്കെ പറഞ്ഞു.
കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതിയിലെ മുൻ ജഡ്ജി യശ്വന്ത് വർമയ്ക്കെതിരേ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി അന്വേഷണ സമിതി. ലോക്സഭ സ്പീക്കർ ഓം ബിർള നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതിയാണ് മുൻ ജഡ്ജിക്കെതിരായ കുറ്റങ്ങൾ തെളിയിക്കപ്പെട്ടതായി കണ്ടെത്തിയത്.
കർണാടകത്തിലെ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം. വകുപ്പിനെച്ചൊല്ലി ഇടഞ്ഞ മുതിർന്ന നേതാവായ മന്ത്രി രാമലിംഗ റെഡ്ഡിക്ക് വകുപ്പ് മാറ്റിനൽകി. നേരത്തേ നടന്ന മന്ത്രിസഭാ പുനഃസംഘടനയിൽ ജലവിഭവ വകുപ്പാണ് രാമലിംഗ റെഡ്ഡിക്ക് നൽകിയിരുന്നത്. നിലവിൽ ഇതുമാറ്റി പകരം വനം, പരിസ്ഥിതി വകുപ്പുകളാണ് നൽകിയത്.
ദക്ഷിണേന്ത്യയിൽനിന്ന് പ്രധാനമന്ത്രി വരണമെന്ന് തമിഴ്നാട് കായികവകുപ്പ് മന്ത്രി ആഥവ് അർജുന. ദക്ഷിണേന്ത്യയിൽനിന്ന്, പ്രത്യേകിച്ച് തമിഴ്നാട്ടുകാരൻ പ്രധാനമന്ത്രിയാകണമെന്നാണ് അദ്ദേഹം നിയമസഭയിൽ പറഞ്ഞത്. അഞ്ചോ ആറോ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ചേർന്ന് പ്രധാനമന്ത്രിയെ തീരുമാനിക്കുന്ന സാഹചര്യം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ബെംഗളൂരുവിലെ സൊമാറ്റോ ഗോഡൗണിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. സൊമാറ്റോയുടെ സബ്സിഡറി കമ്പനിയായ സൊമാറ്റോ ഹൈപ്പർ പ്യൂവർ യൂണിറ്റിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി.
മുംബൈയിലെ ലോക്കൽ ട്രെയിനിൽ ജെൻസികൾക്ക് റിസർവ്ഡ് കോച്ച് അനുവദിക്കണമെന്ന് കോർപ്പറേഷൻ ബിജെപി കൗൺസിലർ തേജസ്വി ഘോൽസാൽക്കർ. സെൻട്രൽ, വെസ്റ്റേൺ റൂട്ടുകളിലെ ട്രെയിനുകളിൽ 3 കോച്ചുകൾ ജെൻസി ജെൻ ആൽഫ കുട്ടികൾക്കു നൽകണമെന്നാണ് ആവശ്യം.
ആഫ്രിക്കൻ രാജ്യമായ സിംബാബ്‍വെയിൽ ബോട്ട് മുങ്ങി 44 പേർ മരിച്ചു. ബോട്ടിലുണ്ടായിരുന്ന 77-ഓളം പേരെ രക്ഷിച്ചു. സാംബിയൻ അതിർത്തിയോട് ചേർന്നുള്ള കരിബ തടാകത്തിലാണ് അപകടം.
മധ്യപൂർവേഷ്യയിൽ യുദ്ധഭീതി ശക്തമായി തുടരുന്നതിനിടെ, ഇറാൻ സൈനിക-സുരക്ഷാ സംവിധാനത്തിൽ വലിയ അഴിച്ചുപണി നടത്തിയതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC), ബസിജ് സുരക്ഷാ സേന, ആംഡ് ഫോഴ്സസ് ജനറൽ സ്റ്റാഫ് എന്നിവയിൽ ആറ് മുതിർന്ന കമാൻഡർമാരെയാണ് പരമോന്നത നേതാവ് മുജ്തബ ഖമേനി നിയമിച്ചത്.
വിരമിക്കൽ സൂചന നൽകി അര്‍ജന്റീന നായകന്‍ ലിയോണൽ മെസ്സി. ഫുട്ബോളിൽ കൂടുതൽകാലം തുടരുമോയെന്ന് സംശയമാണെന്നും അച്ഛനില്ലാതെ മുന്നോട്ട് പോവുക പ്രയാസമാണെന്നും മെസ്സി സാമൂഹിക മാധ്യമത്തിൽ കുറിച്ചു. അച്ഛന്റെ മരണശേഷം മെസ്സിയുടെ ആദ്യ പ്രതികരണമാണിത്.
