കമ്പ്യൂട്ടറിലെ ഫോട്ടോകളും വിഡിയോകളും ഗൂഗ്ള്‍ ഫോട്ടോസിലേക്ക് ഓട്ടോമാറ്റിക്കായി ബാക്കപ്പ് ചെയ്യുന്ന രീതി നിര്‍ത്തലാക്കി. ഇതിനോടകം ഈ രീതിയില്‍ ബാക്കപ്പ് ചെയ്ത ചിത്രങ്ങളും വിഡിയോകളും സുരക്ഷിതമായി തുടരും. തുടര്‍ന്നും ഓട്ടോമാറ്റിക്കായി ഫോട്ടോ ബാക്കപ്പ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരോട് ഗൂഗ്ള്‍ ഡ്രൈവിന് പകരം നേരിട്ട് ഗൂഗ്ള്‍ ഫോട്ടോസ് വഴി തന്നെ ബാക്കപ്പ് സജ്ജീകരിക്കാനാണ് കമ്പനി ആവശ്യപ്പെടുന്നത്. ഒന്നാമതായി, ഗൂഗ്ള്‍ ഫോട്ടോസ് വെബ്സൈറ്റിലെ ‘+’ ബട്ടണ്‍ ഉപയോഗിച്ച് ബാക്കപ്പ് ഫോള്‍ഡേഴ്സ് തിരഞ്ഞെടുത്ത് കമ്പ്യൂട്ടറിലെ ആവശ്യമായ ഫോള്‍ഡറുകള്‍ സെറ്റ് ചെയ്യാം. രണ്ടാമതായി, ഗൂഗ്ള്‍ ഡ്രൈവില്‍ ഇതിനകം സൂക്ഷിച്ചിട്ടുള്ള ഫോട്ടോകള്‍ നേരിട്ട് ഗൂഗ്ള്‍ ഫോട്ടോസിലേക്ക് മാറ്റാനും സാധിക്കും. എന്നാല്‍ പഴയതുപോലെ തനിയെ പ്രവര്‍ത്തിക്കുന്നതിന് പകരം, ഗൂഗ്ള്‍ ഫോട്ടോസ് വെബ്സൈറ്റ് ബ്രൗസറില്‍ തുറന്നിരിക്കുമ്പോള്‍ മാത്രമേ പുതിയ ബാക്കപ്പുകള്‍ നടക്കൂ എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
