പങ്കാളിക്കൊപ്പം അല്ലെങ്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം തിയറ്ററില്‍ പോയി സിനിമ കാണുന്നതും മ്യൂസിയം സന്ദര്ശിക്കുന്നതൊക്കെ നമ്മുടെ പ്രായത്തിന് റിവേഴ്സ് ഗിയറിടുമെന്ന് ‘ജേണല്‍ ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് കമ്മ്യൂണിറ്റി ഹെല്‍ത്തില്‍’ പ്രസിദ്ധീകരിച്ച പുതിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സുഹൃത്തുകള്‍ക്കൊപ്പം സിനിമകള്‍ ആസ്വദിക്കുക, സംഗീതകച്ചേരികളില്‍ പോയി പാട്ട് കേള്‍ക്കുക, മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കുക ഒക്കെ പ്രായമാകുന്നത് പതുക്കെയാക്കാന്‍ സഹായിക്കുമെന്ന് പഠനത്തില്‍ പറയുന്നു. ഇത്തരക്കാരില്‍ ജീവശാസ്ത്രപരമായ പ്രായം കുറവായിരിക്കുമെന്ന് പുതിയ പഠനം. സാംസ്കാരികമായി ഇടപെടുന്നത് തലച്ചോറിനെ ഉത്തേജിപ്പിക്കുകയും സമ്മര്‍ദം കുറയ്ക്കുകയും ആരോഗ്യകരമായ ജീവിതശൈലിക്ക് പ്രചോദനം നല്‍കുകയും ചെയ്യുന്നു. ഇതൊക്കെ ചെയ്യുമ്പോള്‍ പെട്ടെന്ന് വയസ് കുറയുമെന്നല്ല, മറിച്ച് വാര്‍ദ്ധക്യത്തിലും യുവത്വത്തിന്റെ ഉന്മേഷവും മാനസികാരോഗ്യവും നിലനിര്‍ത്താന്‍ ആളുകളെ പ്രാപ്തരാക്കും. ഇത്തരത്തിലുള്ള വിനോദങ്ങളില്‍ സ്ഥിരമായി പങ്കാളികളാകുന്നവരുടെ ശരീരത്തിന്റെ ആന്തരിക പ്രായം ശരാശരി 66.9 വയസാണ്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ ഒട്ടും താല്പര്യം കാണിക്കാത്തവരില്‍ ഇത് 69.9 വയസായി ഉയര്‍ന്നു കാണപ്പെടുന്നു. അതായത്, കലയും സംസ്കാരവുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങളില്‍ സജീവമായി ഇടപെടുന്നത് മനുഷ്യന്റെ വാര്‍ധക്യ സഹജമായ ശാരീരിക മാറ്റങ്ങളെ പതുക്കെയാക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
