yt cover 19

മെസ്സിയുടെ പേരില്‍ സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പെന്ന് റിപ്പോര്‍ട്ടുകള്‍. അന്വേഷണ റിപ്പോര്‍ട്ട് കായിക മന്ത്രി ഒ.ജെ.ജനീഷ് മുഖ്യമന്ത്രിക്കു കൈമാറി. മെസ്സിയെയും അര്‍ജന്റീന ഫുട്ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കുമെന്നു പറഞ്ഞ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടത്തിയതു കോടികളുടെ തട്ടിപ്പും ചട്ടലംഘനവുമെന്നാണ് കായികവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് പണം അയച്ചതിന്റെയോ ടീം പണം കൈപ്പറ്റിയതിന്റെയോ ഒരു രേഖയുമില്ലെന്നും എഎഫ്എയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ കരാര്‍ ഒപ്പുവച്ചതിന്റെയോ സ്പോണ്‍സറും സര്‍ക്കാരും തമ്മില്‍ കരാറുള്ളതിന്റെയോ പോലും രേഖകള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശനാണ്യ വിനിമയചട്ട ലംഘനം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയില്‍ വിജിലന്‍സ്, കേന്ദ്ര ഏജന്‍സി അന്വേഷണങ്ങള്‍ കൂടി ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടാണ് കായികവകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്ത് മന്ത്രി ഒ.ജെ.ജനീഷിന് നല്‍കിയത്.

ആകാശത്തു നിന്ന് വാര്‍ത്ത സൃഷ്ടിക്കുന്ന പ്രവണതയെപ്പറ്റി മാധ്യമ പ്രവര്‍ത്തകര്‍ ആത്മ വിമര്‍ശനം നടത്തണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. വ്യാജ വാര്‍ത്ത പൊടിപ്പും തൊങ്ങലും വച്ച് പ്രചരിപ്പിക്കുന്ന അവസ്ഥയാണുള്ളത്. കേരളത്തിലെ മാധ്യമപ്രവര്‍ത്തനം എങ്ങോട്ടാണ് പോകുന്നതെന്ന് ചിന്തിക്കണമെന്നും വാര്‍ത്ത തെറ്റാണെന്നറിഞ്ഞിട്ടും അസത്യം പ്രചരിപ്പിക്കുന്നുവെന്നും തെറ്റായ വാര്‍ത്ത നല്‍കിയാലും തിരുത്താന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ലെന്നും ഇപ്പോഴുള്ളത് പരിധിവിട്ട മാധ്യമപ്രവര്‍ത്തനമാണെന്നും ഇത്തരം സംസ്‌കാരം ഉണ്ടാകുന്നത് പുതിയ ചില ചാനലുകളുടെ വരവോടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് നടന്ന സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാന്‍ പെന്‍ഷന്‍ കമ്മിറ്റി ഉടന്‍ പുനസ്സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്‍ഷുറന്‍സ് കമ്പനിക്കു പണം കിട്ടാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതി പോലെയാണ് മെഡിസെപ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും മെഡിസെപ് പദ്ധതി പൊളിച്ചെഴുതുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍. ഉദ്യോഗസ്ഥരില്‍ നിന്നു പണം വാങ്ങിയിട്ടും പ്രധാനപ്പെട്ട ആശുപത്രികളിലൊന്നും ചികിത്സ ലഭ്യമാക്കാതെയാണ് പദ്ധതി മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 രൂപയില്‍ നിന്ന് 26 രൂപ ആയി വര്‍ധിപ്പിച്ചുവെന്ന പ്രചാരണം തികച്ചും അവാസ്തവമെന്ന് ഭക്ഷ്യവകുപ്പ്. ഒരോ കാര്‍ഡിനുമുള്ള സാധാരണ റേഷന്‍ അരിവിഹിതം കുറച്ചിട്ടുമില്ല, വില കൂട്ടിയിട്ടുമില്ലെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.

യു.പി.ഐ. ഇടപാടുകള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി തുടരുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. അതേസമയം ഭാവിയിലെ വ്യാപാരി നിരക്കുകള്‍ ചില വിഭാഗങ്ങള്‍ക്കുമാത്രമേ ബാധകമാവൂ എന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി വി ഡി സതീശനും യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറും കൊച്ചിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കേരളവും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തമാക്കാന്‍ തീരുമാനമായി. ഉന്നതവിദ്യാഭ്യാസം, ടൂറിസം, നിക്ഷേപം, തുറമുഖ വികസനം തുടങ്ങിയ മേഖലകളിലെ പങ്കാളിത്ത സാധ്യതകള്‍ ചര്‍ച്ച ചെയ്തു.

പ്രതിപക്ഷ ഉപനേതാവിന്റെ മുറിയുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ തികച്ചും അനുചിതമാണെന്ന് കെ.എന്‍.ബാലഗോപാല്‍ എംഎല്‍എ. പ്രതിപക്ഷ ഉപനേതാവിന്റെ മുറി ആവശ്യപ്പെട്ട് ഒരു കത്തോ അനൗദ്യോഗികമായ ഒരു അഭ്യര്‍ത്ഥനയോ നല്‍കിയിട്ടില്ലെന്നും എല്‍.ഡി.എഫിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുകയോ തീരുമാനമെടുക്കുകയോ ചെയ്യുക എന്നതല്ല സ്പീക്കറുടെ ചുമതലയെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

ആസൂത്രണ ബോര്‍ഡ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട്, പരീക്ഷാ രേഖകള്‍ പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ പിഎസ്സി ഹൈക്കോടതിയെ സമീപിച്ചു. സാങ്കേതിക പിഴവുകള്‍ തിരുത്തിയ ഹര്‍ജി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് നാളെ പരിഗണിക്കും.

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ അപകട മരണക്കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ രക്തം പുരണ്ട വസ്ത്രം മാറ്റിയെന്ന് സാക്ഷി മൊഴി. അപകടസമയത്ത് ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങള്‍ അദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്സിലേക്ക് മാറ്റിയതായി സുഹൃത്തും ഡോക്ടറുമായ അനീഷ് രാജ് തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കി.

സപ്ലൈകോയെ സ്വയംപര്യാപ്തമായ സ്ഥാപനമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കലൂരില്‍ സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം തടയുന്നതിനായി 13 ഇന സബ്സിഡി ഉത്പന്നങ്ങള്‍ മേളയില്‍ ലഭ്യമാക്കിയതായും സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചതായും സര്‍ക്കാര്‍ അറിയിച്ചു.

പ്രിയദര്‍ശിനി സൗജന്യ യാത്രയില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാരെ ഒഴിവാക്കണമെന്ന പ്രമേയവുമായി മുസ്ലിം ലീഗ് ഭരിക്കുന്ന മലപ്പുറം ഒതുക്കുങ്ങല്‍ പഞ്ചായത്ത്. ഇരുപത്തിമൂന്നാം വാര്‍ഡിലെ മുസ്ലിം ലീഗ് മെമ്പര്‍ എം കെ കമറുദ്ദീനാണ് പ്രമേയം അവതരിപ്പിച്ചത്.

ആഭ്യന്തര വകുപ്പ് മന്ത്രി മന്ത്രി രമേശ് ചെന്നിലയെയും, കേരളാ പൊലീസിനെയും അഭിനന്ദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണ്‍. നാടിന്റെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചവര്‍ക്കും പ്രകോപനപരമായ നിലപാടുകള്‍ക്കുമെതിരെ കേരള പൊലീസ് എടുത്ത ശക്തമായ നിയമനടപടികള്‍ സ്വാഗതാര്‍ഹമാണെന്ന് റോജി.എം.ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പില്‍ ശക്തമായ അച്ചടക്കനടപടി വേണമെന്ന് ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ വി മുരളീധരന്‍. സംഘടനാ നേതാക്കള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്ന യോഗത്തില്‍, ശക്തമായ നടപടി ഉണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉറപ്പ് നല്‍കി.

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈനായി ക്ലാസുകള്‍ നടത്താം.

സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ യുപിഐ ഇടപാടുകള്‍ക്ക് മേല്‍ പരോക്ഷ നികുതി ചുമത്താന്‍ ശ്രമിക്കുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പാര്‍ലമെന്റില്‍ ആരോപിച്ചു. ഇന്‍കം ടാക്സ് ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍ സാധാരണക്കാരെ കൊള്ളയടിക്കാനാണെന്നും കച്ചവടക്കാര്‍ക്ക് മേലുള്ള ഭാരം ഉപഭോക്താക്കളിലേക്ക് എത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പത്തനംതിട്ടയില്‍ പ്രളയദുരിതാശ്വാസത്തില്‍ പങ്കെടുത്ത വാഹനത്തിന് പെറ്റി അടിച്ച ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് മോട്ടോര്‍ വാഹനവകുപ്പ്. ഉദ്യോഗസ്ഥ സംഘടനകള്‍ സംസ്ഥാനവ്യാപക പ്രതിഷേധം തുടങ്ങിയതോടെയാണ് നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കിയത്.

പ്രളയ ദുരന്തത്തില്‍ ചെറുപുഴയിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ വീട്ടിലെത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കുടുംബത്തിന്റെ സംരക്ഷണം ഉറപ്പാക്കണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു. രാജേഷിന്റെ കുടുംബം അനാഥമാകാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് മുന്‍കാലത്തേക്കാള്‍ കൂടുതല്‍ സഹായം നല്‍കണമെന്നും കൂട്ടിച്ചേര്‍ത്തു.

ദില്ലിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശത്തില്‍ അറസ്റ്റിലായ ടി ജി മോഹന്‍ദാസിന് ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് തിരുവനന്തപുരം എസിജെഎം കോടതി ജാമ്യം അനുവദിച്ചത്. ടി ജി മോഹന്‍ദാസിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് കോടതി നടപടി.

ഇടുക്കി ജില്ലയില്‍ കനത്ത മഴയ്ക്ക് ശമനമായതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ ജില്ലാ ഭരണകൂടം പിന്‍വലിച്ചു. കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് തീരുമാനം

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ എച്ഛ് ഐ ദീപ ലേഖയാണ്(51) മരിച്ചത്. പഞ്ചായത്ത് യോഗത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ നിന്ന് പൊലീസ് ലാപ്ടോപ്പ് പിടിച്ചെടുത്തു. അമ്മയുടെയും സഹോദരന്‍ അജയ് ആയങ്കിയുടെയും മൊഴിയെടുത്തു. കണ്ണൂര്‍ സൈബര്‍ എസ്എച്ച്ഒ എ അനൂപിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കും. എറണാകുളത്തെ മൂന്ന് കേസുകളില്‍ ഒന്നില്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചിരുന്നു. ജാമ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കുമെന്ന് റൂറല്‍ എസ് പി പറഞ്ഞു. അര്‍ജുനെ അറസ്റ്റ് ചെയ്ത ശേഷം കസ്റ്റഡിയില്‍ വാങ്ങുമെന്നും എസ് പി വ്യക്തമാക്കി.

മുഖ്യമന്ത്രി വിഡി സശീതന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു. ഏതാണ്ട് ഒരു മണിക്കുറിലേറെ സമയം ആശ്രമത്തില്‍ തങ്ങിയ സതീശന്‍ ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.

കൊല്ലം പരവൂരില്‍ വീടിന് തീപിടിച്ച് അമ്മയും മകനും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. പുത്തന്‍കുളം സ്വദേശിനി തങ്കമ്മ (96), മകന്‍ ശിവദാസന്‍ (70) എന്നിവരാണ് മരിച്ചത്.

ഏഴുവയസ്സുകാരിയെ സ്‌കൂളില്‍ പോകാന്‍ അനുവദിക്കാതെ മുറിക്കുളളില്‍ പൂട്ടിയിടുകയും അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ അച്ഛനെയും രണ്ടാനമ്മയെയും അറസ്റ്റുചെയ്തു. ബാലരാമപുരം സ്വദേശിയും ഓട്ടോഡ്രൈവറുമായ സുധീര്‍(46) ഇയാളൂടെ രണ്ടാമത്തെ ഭാര്യയും വെളളറട സ്വദേശിയുമായ ലിന്‍ഡമോള്‍(34) എന്നിവരെയാണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്

ചപ്പാത്തിക്ക് മാവു കുഴയ്ക്കുന്ന മെഷീനില്‍ കൈ കുടുങ്ങി ചികിത്സയിലായിരുന്ന വാഴക്കുളം പള്ളിക്കുന്നേല്‍ റെജിമോള്‍(52) ചികിത്സയിലിരിക്കേ മരിച്ചു. മെഷീനില്‍ കൈ കുടുങ്ങി അബോധാവസ്ഥയിലായിരുന്ന റെജിമോളുടെ കൈകള്‍ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നതിനാല്‍ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരവും യുവശക്തിയും മുഖ്യപ്രമേയമാകും. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നതിന് മുന്‍പ് വന്ദേമാതരം ആലപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

മഹാരാഷ്ട്രയില്‍ ഹോസ്റ്റലില്‍വെച്ച് പാമ്പുകടിയേറ്റ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ പാമ്പുകടിയേറ്റ ആറുപേരില്‍ മൂന്നുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മൂന്നുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരം.

ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷനിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജിവെച്ച മുന്‍ ചെയര്‍മാന്‍ എല്‍ ഖിയാങ്‌ടെയെ സിഐഡി അറസ്റ്റ് ചെയ്തു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാവുകയും, നിയമസഭാ മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടാവുകയും ചെയ്തു

ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. വിദ്യാര്‍ഥികള്‍ക്കെതിരായ ബലപ്രയോഗം തെറ്റാണെന്നും, സര്‍ക്കാര്‍ അവരുമായി ചര്‍ച്ച നടത്തി പ്രശ്നപരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിക്ക് വിദേശത്തേക്ക് പോകാന്‍ അനുമതി നല്‍കി സുപ്രീംകോടതി. നേത്രചികിത്സയ്ക്ക് വിദേശത്തേക്ക് പോകാന്‍ അനുമതി തേടി അഭിഷേക് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയാണ് കോടതിയുടെ ഉത്തരവ്.

ബിഹാറില്‍ ഐഎഎസ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആളെ പിടികൂടി പൊലീസ്. ജമാല്‍പൂര്‍ സ്വദേശിയായ മനീഷ് ഗുപ്ത ആണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍നിന്ന് ആഡംബര കാറുകളടക്കം പിടിച്ചെടുത്തു.

ഐഐടി ഡല്‍ഹിയിലെ ബിരുദദാന ചടങ്ങില്‍ സംസ്‌കൃത ശ്ലോകം ചൊല്ലിയത് വിവാദമായി. ഇത് ഗായത്രി മന്ത്രമാണെന്ന് കരുതി കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് വിമര്‍ശിച്ചെങ്കിലും, ചടങ്ങില്‍ ചൊല്ലിയത് തൈത്തിരീയ ഉപനിഷത്തിലെ ഗുരു-ശിഷ്യ ബന്ധത്തെക്കുറിച്ചുള്ള ‘ശിക്ഷാവല്ലി’ ആണെന്ന് മുന്‍ വിദ്യാര്‍ഥി പ്രതികരിച്ചു

തെക്കേ അമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തില്‍ ചോക്കോ പ്രവിശ്യയില്‍ നാശമുണ്ടായി. ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ ബോഗോട്ടയിലും പ്രകമ്പനം അനുഭവപ്പെട്ടു.

അമേരിക്കന്‍ നിലപാട് തള്ളി ഇറാനെ ആക്രമിക്കാന്‍ ഇസ്രയേല്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ആണവായുധം ഉണ്ടാക്കാന്‍ ഇറാനെ അനുവദിക്കില്ലെന്ന് നെതന്യാഹു പ്രഖ്യാപിച്ചപ്പോള്‍, ഹോര്‍മുസ് കടലിടുക്ക് കൈകാര്യം ചെയ്യാനുള്ള ബില്ലിന് ഇറാന്‍ അംഗീകാരം നല്‍കി.

ഈജിപ്തിലെ ഏറ്റവും വലിയ സ്വര്‍ണഖനിയായ സുഖാരിയില്‍ പാറയിടിഞ്ഞുണ്ടായ അപകടത്തില്‍ ഒരു തൊഴിലാളി കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച അധികൃതര്‍, കാരണം കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 111 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധികെട്ടിടങ്ങള്‍ തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുകയാണ്. രാജ്യത്തെ ആറു വിമാനത്താവളങ്ങള്‍ താത്കാലികമായി അടച്ചു.

ഊബര്‍, ഓല, സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ്, സെപ്റ്റോ തുടങ്ങിയ പ്രമുഖ വമ്പന്‍ കമ്പനികളെ പിന്നിലാക്കി റാപ്പിഡോ. മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള മാസങ്ങളില്‍ റാപ്പിഡോയ്ക്ക് പ്രതിമാസം ശരാശരി 8.2 കോടി സജീവ ഉപഭോക്താക്കള്‍ ഉണ്ടായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 67 ശതമാനം വളര്‍ച്ച. ബ്ലിങ്കിറ്റ്: 7.9 കോടി, സ്വിഗ്ഗി: 6.7 കോടി, സൊമാറ്റോ: 6.3 കോടി, സെപ്റ്റോ: 5.8 കോടി, ഉബര്‍: 3.9 കോടി, ഓല: 2.7 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ ആക്ടീവ് യൂസര്‍മാരുടെ എണ്ണം. മാര്‍ച്ച് മാസത്തില്‍ മാത്രം പ്രതിദിനം ശരാശരി 65 ലക്ഷം റൈഡുകളാണ് റാപ്പിഡോ വഴി ബുക്ക് ചെയ്തത്. ഊബറില്‍ 37 ലക്ഷവും ഓലയില്‍ 15 ലക്ഷവും റൈഡുകളും. മേയ് മാസത്തില്‍ നടന്ന 240 മില്യണ്‍ ഡോളറിന്റെ ഫണ്ടിങ് റൗണ്ടോടെ റാപ്പിഡോയുടെ ആകെ സമാഹരണം 798 മില്യണ്‍ ഡോളറിലെത്തി. ഇതോടെ കമ്പനിയുടെ മൂല്യം 300 കോടി ഡോളറായി (ഏകദേശം 25,000 കോടി രൂപ) ഉയര്‍ന്നു.

പുതിയ ഡാറ്റാ സെന്ററുകള്‍ക്ക് അനുമതി നല്‍കുന്നത് താത്കാലികമായി നിര്‍ത്തിവെച്ച് യു.എസിലെ ടെക്‌സാസ് സംസ്ഥാനം. സംസ്ഥാനത്തിന്റെ പവര്‍ ഗ്രിഡിലേക്ക് കണക്റ്റ് ചെയ്യാന്‍ അപേക്ഷിക്കുന്ന പുതിയ ഡാറ്റാ സെന്ററുകളുടെ അനുമതി താത്കാലികമായി തടഞ്ഞുവെയ്ക്കാന്‍ ഗവര്‍ണര്‍ ഗ്രെഗ് അബട്ടാണ് ഉത്തരവിട്ടിരിക്കുന്നത്. പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് മുന്‍പ് ഡേറ്റാ സെന്ററുകളുടെ വൈദ്യുതി-ജലം ഉപയോഗം അടക്കമുള്ളവയെക്കുറിച്ച് സമഗ്ര ഓഡിറ്റ് തടത്താന്‍ അദ്ദേഹം ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ സമ്പന്നനും ടെക് ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കിന് കനത്ത തിരിച്ചടിയാണ് ഗവര്‍ണറുടെ നീക്കം. ടെസ്ലയുടെ ആസ്ഥാനം മസ്‌ക് കാലിഫോര്‍ണിയയില്‍നിന്ന് ടെക്‌സാസിലേക്ക് മാറ്റുകയും മറ്റ് വ്യവസായികളോട് അവിടേക്ക് മാറാന്‍ ആവശ്യപ്പെടുകയു ചെയ്തിരുന്നു. തുടര്‍ന്ന് ടെക്‌സാസ് സംസ്ഥാനത്ത് ഡാറ്റാ സെന്ററുകളുടെ അതിവേഗ വിപുലീകരണത്തിന് നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് അപ്രതീക്ഷിത തിരിച്ചടി.

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘ഐ ആം ഗെയിം’ലെ ആദ്യ ഗാനം പുറത്ത്. ജേക്സ് ബിജോയ് ഈണം നല്‍കിയ ‘മഴവില്ലായേ’ എന്ന ഗാനം ആലപിച്ചത് അര്‍മാന്‍ മാലിക് ആണ്. ഷര്‍ഫു ആണ് ഗാനത്തിന്റെ വരികള്‍ രചിച്ചത്. ചിത്രം ഓഗസ്റ്റ് 20 ന് ഓണം റിലീസായി ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തും. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്ദു എന്നിവര്‍ ചേര്‍ന്നാണ്. സജീര്‍ ബാബയും ആദര്‍ശ് സുകുമാരനും ഷബാസ് റഷീദും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങള്‍ ഒരുക്കിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ആന്റണി വര്‍ഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്‌കിന്‍, കായദു ലോഹര്‍, കതിര്‍, പാര്‍ത്ഥ് തിവാരി, തമിഴ് താരം സംയുക്ത വിശ്വനാഥന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. സീ മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

വിജയ് സേതുപതിയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകന്‍ പുരി ജഗനാഥ് ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘സ്ലം ഡോഗ്’ ല്‍ നടി തബു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്. ഗൗരി ഹെഗ്ഡെ എന്ന കഥാപാത്രമായാണ് തബു ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ’33 ടെംപിള്‍ റോഡ്’ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ്ലൈന്‍. സംയുക്ത ആണ് ചിത്രത്തിലെ നായിക. ഇന്‍കം ടാക്സ് ഡെപ്യൂട്ടി കമ്മീഷണര്‍ ആയാണ് തബു ഈ ചിത്രത്തിലെത്തുന്നത്. വിജയ് സേതുപതിയുടെ ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന. ചേരികളില്‍ ജീവിക്കുന്ന ആളുകളുടെ ജീവിതവുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത് എന്നാണ് റിപ്പോര്‍ട്ട്. കന്നഡ താരം വിജയ് കുമാറും നിര്‍ണ്ണായക വേഷം ചെയ്തിരിക്കുന്നു. സറീന വഹാബ്, ബ്രഹ്‌മാജി, വി ടി വി ഗണേഷ് എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

ഓണത്തിന് കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹക്കുന്നവര്‍ക്ക് വമ്പന്‍ ഓഫറുമായി ടാറ്റ മോട്ടോഴ്‌സ്. വിവിധ കാറുകളുടെ പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് വേരിയന്റുകള്‍ക്ക് 2.25 ലക്ഷം രൂപ വരെയാണ് ഓഗസ്റ്റില്‍ ടാറ്റ ആനുകൂല്യം നല്‍കുന്നത്. നേരിട്ടുള്ള വിലക്കിഴിവിന് പുറമെ എക്സ്ചേഞ്ച് ബോണസ്, സ്‌ക്രാപ്പേജ് ബോണസ്, ലോയല്‍റ്റി അലവന്‍സ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടുകള്‍ എന്നിവയും വേഗത്തിലുള്ള ഡെലിവറിയും ആകര്‍ഷകമായ വായ്പാ പദ്ധതികളും കമ്പനി നല്‍കുന്നുണ്ട്. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് പരമാവധി 77,500 രൂപ വരെയാണ് ഇളവ്. ടാറ്റ കര്‍വ്വ്: 77,500 രൂപ വരെ, ടാറ്റ നെക്സണ്‍: 72,500 രൂപ വരെ, ടാറ്റ ആള്‍ട്രോസ്: 54,500 രൂപ വരെ, ഹാരിയര്‍, സഫാരി: 47,000 രൂപ വരെ, ഇലക്ട്രിക് മോഡലുകള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന ഓഫറുകള്‍ നല്‍കിയിരിക്കുന്നത്. ഹാരിയര്‍ ഇവി: 1 ലക്ഷം വരെയുള്ള ലോയല്‍റ്റി ആനുകൂല്യങ്ങളും സൗജന്യ ഇന്‍ഷുറന്‍സും ഉള്‍പ്പെടെ 2.25 ലക്ഷം രൂപയുടെ ആനുകൂല്യമാണ് ഹാരിയര്‍ ഇവിക്ക് ലഭിക്കുന്നത്. നെക്സണ്‍ ഇവി: 60,000 രൂപ വരെ, കര്‍വ്വ് ഇവി: 55,000 രൂപ വരെ.

എഴുത്തിനെ രാഷ്ട്രീയ വായനയാക്കുന്ന പ്രതിബദ്ധതയുടെ രസതന്ത്രമാണ് അശോകന്‍ ചരുവിലിന്റെ കഥകള്‍. പിന്നിട്ട ഓര്‍മ്മച്ചിത്രങ്ങളുടെ ഹൃദ്യതകള്‍ സമകാലിക യാഥാര്‍ത്ഥ്യങ്ങളുമായി ഇടകലര്‍ത്തിക്കൊണ്ടുള്ള രചന. ശുദ്ധീകരണവും ആവിഷ്‌കരണവും ആക്ടിവിസവുമായി രൂപാന്തരപ്പെടുന്ന എഴുത്ത്. ദുരുഹത ഇല്ലാത്ത ആഖ്യാനചാരുത. ജീവിതത്തെ സംബന്ധിക്കുന്ന വെളിപാടുകള്‍. ആസ്വാദകന്‍ വൈകാരികതലത്തിലേക്ക് കടന്നുചെല്ലുന്ന കുറേ കഥകള്‍. കണ്ണുകള്‍ അടയുന്നില്ല, പലതരം വീടുകള്‍, രണ്ടു നൂല്‍പുകാര്‍, ഒരു പത്രവാര്‍ത്തയും പരേതാത്മാവിന്റെ നിവേദനവും, മരിച്ചവരുടെ കടല്‍, രണ്ടു പുസ്തകങ്ങള്‍, പ്ലാശ്ശേരിയിലെ കടവ്, സവാരിവണ്ടി, ആത്മകഥയ്ക്ക് ഒരാമുഖം. ‘പ്ലാശ്ശേരിയിലെ കടവ് – മറ്റു കഥകളും’. അശോകന്‍ ചരുവില്‍. ഗ്രീന്‍ ബുക്സ്. വില 119 രൂപ.

സ്ഥിരമായി ആറുമണിക്കൂറില്‍ കുറവ് ഉറങ്ങുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുള്‍പ്പെടെ ഹൃദയ സംബന്ധമായ നിരവധി അസുഖങ്ങളുമായി ഉറക്കക്കുറവ് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഉറക്കമില്ലായ്മ മൂലം സമ്മര്‍ദ്ദം, ശാരീരിക പ്രവര്‍ത്തനങ്ങളോടുള്ള താത്പര്യക്കുറവ്, മോശം ഭക്ഷണശീലം എന്നിങ്ങനെ ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന അനാരോഗ്യകരമായ ശീലങ്ങളിലേക്ക് നയിച്ചേക്കാം. മാത്രമല്ല ഏഴ് മണിക്കൂറില്‍ കുറവ് ഉറങ്ങുന്നവര്‍ക്ക് ഹൃദയാഘാതവും വിഷാദവും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള സാധ്യതയും കൂടുതലാണ്. ഇത് ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. മുതിര്‍ന്നവര്‍ക്ക് രാത്രിയില്‍ 7-9 മണിക്കൂര്‍ ഉറക്കം ലഭിക്കണമെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ശുപാര്‍ശ ചെയ്യുന്നത്. ഉറക്കത്തിന്റെ സമയം മാത്രമല്ല ഗുണനിലവാരവും പ്രധാനമാണ്. പകല്‍സമയത്തെ നിങ്ങളുടെ ഊര്‍ജ്ജത്തില്‍ ഇത് വലിയ പങ്ക് വഹിക്കും. വേണ്ടത്ര ഉറക്കം ലഭിക്കാതിരുന്നാല്‍ വിട്ടുമാറാത്ത വീക്കം, ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എന്നിവയിലേക്ക് നയിച്ചേക്കാം. ഇത് ഇന്‍സുലിന്‍ പ്രതിരോധത്തിലേക്കും നയിച്ചേക്കാം, അതായത് നിങ്ങളുടെ കോശങ്ങള്‍ ഇന്‍സുലിനോട് പ്രതികരിക്കാതെയാകും. ഇതുമൂലം ഗ്ലൂക്കോസ് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയില്ല. ഇന്‍സുലിന്‍ പ്രതിരോധം ടൈപ്പ് 2 പ്രമേഹത്തിനും അതുവഴി ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത വര്‍ദ്ധിപ്പിക്കും.

ശുഭദിനം
കവിത കണ്ണന്‍
ആദ്യം സൃഷ്ടിക്കപ്പെട്ടപ്പോള്‍ പക്ഷികള്‍ക്ക് ചിറകുകള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ പറക്കാനും കഴിഞ്ഞിരുന്നില്ല. ഒരു ദിവസം ഈശ്വരന്‍ വ്യത്യസ്തങ്ങളായ ചിറകുകള്‍ ഉണ്ടാക്കി അവര്‍ക്ക് മുന്നിലേക്ക് ഇട്ടുകൊടുത്തിട്ട് അവയെടുക്കാന്‍ പറഞ്ഞു. ആദ്യമൊന്ന് മടിച്ചെങ്കിലും കനമുളള ആ ചിറകുകള്‍ അവ ചുമലിലേറ്റി. ആദ്യം ഭാരമായി തോന്നിയെങ്കിലും അവ ശരീരത്തില്‍ ചേര്‍ത്ത് പിടിച്ച് അവര്‍ ചുവടുവെച്ചു. പിന്നീട് അത് ശരീരത്തിന്റെ ഭാഗമാവുകയും അവര്‍ക്ക് ആകാശത്തേക്ക് പറക്കാനും സാധിച്ചു. ചുമടുകളാണ് ചിറകുകളാകുന്നത്. എല്ലാഭാരവും ആദ്യം അസഹനീയമാണ്. നോക്കി നിന്നാല്‍ ഒന്നിന്റേയും ഭാരം കൂടുകയോ കുറയുകയോ ഇല്ല. പതിയെ ചുവടുവെക്കുകയും ചുമലിലേറ്റാന്‍ പരിശ്രമിക്കുയും ചെയ്യുക എന്നതാണ് അതിന്റെ പരിഹാരം. അപരിചിതമായ എന്തിനേയും സ്വീകരിക്കുമ്പോള്‍ അതിന്റേതായ അസ്വസ്ഥതകളുണ്ടാകും. അവ പ്രധാനമാണെന്നും ജീവിതത്തില്‍ വഴിത്തിരിവുണ്ടാകാന്‍ സഹായിക്കുമെന്നുമുളള തിരിച്ചറിവാണ് പ്രധാനം. ചെറിയ ചുവടുകളാണ് എത്ര കഠിനമായതിനേയും മൃദുലമാക്കുന്നത്. – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *