Screenshot 20260718 134017 2

‎കോക്രോച്ച് ജനത പാര്‍ട്ടിയുടെ സമര വിജയത്തിന് പിന്നാലെ പുതിയ സോഷ്യൽ മീഡിയ മൂവ്മെന്‍റ്. ഇ 20 ജനതാ പാര്‍ട്ടി എന്ന പേരിലാണ് പുതിയ അക്കൗണ്ട്. ‘ഇ 20 ജനതാ പാർട്ടി 100 ശതമാനം ശുദ്ധമായ പെട്രോൾ വാങ്ങാനുള്ള ഓരോ പൗരന്‍റെയും അവകാശത്തിനായി പോരാടുന്നു. ഉപഭോക്താക്കൾ അവരുടെ ഇന്ധന ടാങ്കുകളിലേക്ക് എന്ത് പോകണമെന്ന് തീരുമാനിക്കട്ടെ’ എന്നാണ് എക്സ് അക്കൗണ്ടിന്‍റെ ബയോയിൽ പറയുന്നത്. ശുദ്ധമായ പെട്രോളും ലഭ്യമാക്കണമെന്ന് ഇവര്‍ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു.

‎കായിക താരങ്ങൾക്ക് കൊടുക്കാതെ സാധനങ്ങളും ഉപകരണങ്ങളും പൂഴ്ത്തിവെച്ചതിന് പിന്നാലെ സ്പോർട്സ് കൗൺസിൽ കഴിഞ്ഞ അഞ്ച് വർഷം നടത്തിയ മുഴുവൻ പർച്ചേസും പരിശോധിക്കാൻ നടപടി. സ്പോർട്സ് കൗൺസിൽ അടിസ്ഥാന വിവരങ്ങളോ രേഖകളോ പോലും സൂക്ഷിക്കുന്നിലെന്നാണ് കണ്ടെത്തൽ.

 

‎കായിക താരങ്ങളായ കുട്ടികൾക്ക് കൊടുക്കാതെ ഗോഡൗണിൽ ഇരിക്കുന്ന നൂറുകണക്കിന് സാധനങ്ങളുടെ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ കായിക ഉപകരണങ്ങളും വസ്ത്രങ്ങളും ധൃതിപ്പെട്ട് വിതരണം ചെയ്ത് സ്പോർട്ട്സ് കൗൺസിൽ. മൂന്ന് വർഷം വരെയായി ഉപകരണങ്ങളും വസ്ത്രങ്ങളുമെല്ലാം കിട്ടിയിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികൾ പറയുന്നത്.

‎നെഹ്റു ട്രോഫി ജലമേളയുടെ പവലിയനായി ഓസ്കാർ ഇവന്റ്സിന് നൽകിയ നിർമാണ കരാർ, വിവാദത്തെ തുടർന്ന് ഇറിഗേഷൻ വകുപ്പ് റദ്ദാക്കി. ഇതോടെ സ്റ്റേജ് നിർമ്മാണം ഉൾപ്പെടെയുള്ള ജോലികൾക്ക് പുതിയ ടെൻഡർ ക്ഷണിച്ചു. കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസ് എംഎൽഎക്ക് അപകടമുണ്ടായ പരിപാടി സംഘടിപ്പിച്ച ഓസ്കാർ ഇവന്റ്സിന് ടെൻഡർ നൽകിയത് വിവാദമായിരുന്നു.

‎മിൽമ തിരുവനന്തപുരം യൂണിയനെതിരെ അഴിമതി ആരോപണം. യൂണിയന് 85 ലക്ഷത്തിലധികം രൂപ സാമ്പത്തിക നഷ്ടം വന്നതായും, യൂണിയൻ ഭരണസമിതിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും റിപ്പോർട്ടുണ്ട്. ഭരണസമിതിയെ ക്ഷീരവകുപ്പ് ഇന്നലെ പിരിച്ചുവിട്ടിരുന്നു.

‎എക്സാലോജിക്-സിഎംആർഎൽ മാസപ്പടി കേസിൽ വീണക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൂടുതൽ തെളിവുകൾ. ഇൻവോയ്സ് നൽകുന്നതിന് മുന്നേ വീണയ്ക്ക് പണം കിട്ടിയെന്നും 45 ലക്ഷം രൂപ വീണയ്ക്ക് കിട്ടിയത് മുൻകൂറായാണെന്നും 2017 ജനുവരി മുതൽ ഒക്ടോവർ വരെയുള്ള കാലയളവിലാണ് പണം ലഭിച്ചതെന്നും ഇഡി പറയുന്നു.

‎പാലക്കാട് 24 കാരനെ യുവാവ് കുത്തിക്കൊന്നു. കൊഴിഞ്ഞാമ്പാറ ഒഴലപ്പതിയിലാണ് സംഭവം. കെരാംപാറ സ്വദേശിയായ ഷെഫീഖ് ആണ് കൊല്ലപ്പെട്ടത്. കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നൽകാത്തതിനെച്ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

‎കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം. സംഭവത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിന് സമീപമുള്ള ദേശീയപാതയില്‍ നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു.

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) പുനഃസംഘടിപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ. മുതിർന്ന മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് എസ്ഐടി പുനഃസംഘടിപ്പിച്ചത്.

 

‎സമരപോരാട്ടങ്ങൾ വിജയിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥി സംഘടനകൾക്ക് നന്ദി പറഞ്ഞ് കോക്രോച്ച് ജനത പാര്‍ട്ടി. പിന്തുണയ്ക്കും മാർഗ്ഗനിർദ്ദേശത്തിനും ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളായ എസ്എഫ്ഐക്കും എഐഎസ്എഫിനും പേരെടുത്ത് പരാമർശിച്ച് സിജെപി നന്ദി പറഞ്ഞു.

‎സിജെപി പ്രതിഷേധം അവസാനിച്ചതോടെ ഡൽഹി സാധാരണ നിലയിലായി. ജന്തർ മന്തറിൽ നിന്ന് സമര വേദി പൂർണമായും പൊളിച്ചു നീക്കി. വിദ്യാർഥികൾക്കെതിരെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഉടൻ പിൻവലിക്കും.ചൊവ്വാഴ്ചയ്ക്കകം കേന്ദ്രം രേഖാമൂലം ഉറപ്പു നൽകും.

‎സി ജെ പി സമര വിജയത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ടെന്ന് കെ.സി. വേണുഗോപാൽ. യുവജനങ്ങളുടെ വിജയം എന്ന നിലയിലാണ് കോൺഗ്രസ് സമര വിജയത്തെ കാണുന്നതെന്നും, സമരത്തിൽ പരസ്യമായി രംഗത്തു വരണ്ടതില്ല എന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രമായിരുന്നു, വിദ്യാർത്ഥികൾക്ക് പിന്നിൽ നിയമസഹായം ഉൾപ്പെടെ എല്ലാ പിന്തുണയും കോൺഗ്രസ് നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‎കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ച ധർമ്മേന്ദ്ര പ്രധാന് പിന്തുണ പ്രഖ്യാപിക്കാനായി അദ്ദേഹത്തെ സന്ദർശിച്ച് മുതിർന്ന ബിജെപി നേതാക്കൾ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ എന്നിവർക്ക് പുറമെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ തുടങ്ങിയ മറ്റ് പ്രമുഖ നേതാക്കളും അദ്ദേഹത്തെ സന്ദർശിച്ചു.

‎പരീക്ഷ ക്രമക്കേടിന് പിന്നാലെ അയോധ്യ, ഇ-20 പെട്രോൾ വിഷയങ്ങൾ ഉയർത്താൻ പ്രതിപക്ഷം. അതേസമയം, ചോദ്യ പേപ്പർ ചോർച്ച കേസുകളിൽ ശിക്ഷ കൂട്ടാനുള്ള ബില്ലിനോട് സഹകരിക്കാനും തീരുമാനം.ബിൽ നാളെ പരിഗണിക്കുമ്പോൾ, ചർച്ചയിൽ പങ്കെടുക്കാൻ പ്രതിപക്ഷത്ത് ആലോചന.

‎അസമിൽ മഴക്കെടുതിയിൽ മരണം 62 ആയി. സംസ്ഥാനത്തെ ഒൻപത് ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം പേരെ കനത്ത മഴയും പ്രളയവും ബാധിച്ചു. 24 മണിക്കൂറിനിടെ 14 പേർക്ക് ജീവൻ നഷ്ടമായതായി അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

‎നീണ്ട എട്ട് മാസത്തെ ദൗത്യത്തിനൊടുവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് എക്സ്പെഡീഷൻ 74 സംഘം ഇന്ന് ഭൂമിയിൽ തിരിച്ചെത്തും. സോയൂസ് MS 28 പേടകത്തിലാണ് സംഘം ഭൂമിയിലേക്ക് തിരിക്കുക.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *