ജപ്തിയുടെ ഭാഗമായി പിടിച്ചെടുത്ത സ്വത്തുക്കള് വായ്പയെടുത്തയാള്ക്കോ അതുമായി ബന്ധപ്പെട്ട കക്ഷികള്ക്കോ തിരികെ വില്ക്കാന് കഴിയില്ലെന്ന് റിസര്വ് ബാങ്ക്. വായ്പയെടുത്തവര്ക്ക് മുന്ഗണന നല്കുന്നത് ധനകാര്യ അച്ചടക്കം ലംഘിക്കുമെന്നും, ബാങ്കുകള് പരസ്യ ലേലത്തില് കൂടി മാത്രമേ അവ വില്ക്കാവൂ എന്നുമാണ് ആര്.ബി.ഐ വ്യക്തമാക്കിയിരിക്കുന്നത്. സാധാരണ ഗതിയില്, ബാങ്കുകള് അവരുടെ വായ്പാ ഇടപാടുകള്ക്ക് പകരമായി ധനേതര ആസ്തികള് കൈവശം വെക്കാന് പാടുള്ളതല്ല. എന്നാല്, വായ്പകള് നിഷ്ക്രിയ ആസ്തികളായി മാറുകയും നിയമപരമോ കരാര്പരമോ ആയ നടപടികള് സ്വീകരിക്കുകയും ചെയ്യുന്ന അസാധാരണ സാഹചര്യങ്ങളില്, കടം തിരിച്ചുപിടിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായി ബാങ്കുകള്ക്ക് ഈടായി നല്കിയിട്ടുള്ള സ്വത്തുക്കളുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കാം. പരമാവധി ഏഴ് വര്ഷത്തിനുള്ളില്, ജപ്തി ചെയ്ത ആസ്തി പൊതു ലേലത്തിലൂടെ എത്രയും വേഗം വിറ്റഴിക്കാന് ബാങ്ക് പരമാവധി ശ്രമിക്കണമെന്നുമാണ് ആര്.ബി.ഐ നിര്ദേശം. നിര്ദേശങ്ങള് 2026 ഒക്ടോബര് 1 മുതല് പ്രാബല്യത്തില് വരും.
