Untitled design 20250112 193040 0000 1

 

 

സർക്കാർ ആശുപത്രികൾ രോഗീസൗഹൃദമാക്കാൻ ജീവനക്കാർക്ക് നിർബന്ധിത പരിശീലനം നൽകാൻ തീരുമാനിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ അറിയിച്ചു. താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജ് വരെ ഡോക്ടർമാർ ഒഴികെയുള്ള ജീവനക്കാർക്കാണ് പരിശീലനം നൽകുക. ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് ആരോഗ്യമന്ത്രി നിർദ്ദേശം നൽകി.

 

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈദ്യുതി ഉപയോഗം 500 മെഗാവാട്ട് വരെ കൂടാ‌മെന്നും വൈകിട്ട് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.

 

കേരളത്തിൽ ജൂലൈ 21 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

 

പ്രതിപക്ഷ ഉപനേതൃപദവി സിപിഐ ഗൗരമായി മുന്നോട്ട് വച്ച വിഷയമാണെന്നും ഒരു വ്യക്തിക്ക് പറഞ്ഞു നിർത്താൻ പറ്റുന്ന വിഷയം അല്ല ഇതെന്നും ‌പി സന്തോഷ്‌ കുമാർ എംപി. പദവി സിപിഐക്ക് അർഹതയുള്ളതാണ്. രാഷ്ട്രീയ ആവശ്യമാണ് ഉപനേതൃപദവി. 2 മാസമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും പ്രതിപക്ഷം കൂടുതൽ ശക്തമാകാൻ ആവശ്യമുണ്ടെന്നും ‌പി സന്തോഷ്‌ കുമാർ എംപി പറഞ്ഞു.

 

കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് നിയമപരമായ വീഴ്ചയുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. അപകടസാധ്യത ഒഴിവാക്കാൻ മണ്ണ് നീക്കം ചെയ്യണമെന്ന ജില്ലാ അതോറിറ്റിയുടെ ആവശ്യം സംസ്ഥാന അതോറിറ്റി അവഗണിച്ചു. കരാർ കമ്പനിക്കും പൊതുമരാമത്ത് വകുപ്പിനും വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.

 

കോൺഗ്രസ് നേതാവ് ബി ആർ എം ഷഫീറിന്‍റെ വിമർശനങ്ങൾക്ക് മറുപടിയുമായി അനൂപ് വി ആർ. ഫേസ്ബുക്ക് കുറിപ്പിലൂടെ, ഷഫീറിന്‍റെ ഡിഐസി, സിപിഎം ബന്ധങ്ങൾ ഓർമ്മിപ്പിച്ച അനൂപ്, തനിക്കെതിരായ ഭീഷണി വിലപ്പോവില്ലെന്നും മുന്നറിയിപ്പ് നൽകി. കോൺഗ്രസ് വക്താവായിരിക്കെ ഷഫീർ സിപിഎമ്മിലേക്ക് പാലമിടാൻ ശ്രമിച്ചെന്നും അനൂപ് ആരോപിച്ചു.

 

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇതേ കേസിൽ മറ്റൊരു പ്രതിയായ ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ഹർജിയും കോടതി തള്ളിയതോടെ, ഒരേദിവസം അന്വേഷണ സംഘത്തിന് ഇരട്ട തിരിച്ചടിയായി.

 

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ഉന്നത പദവിയിൽ മലയാളി ഐആർഎസ് ഉദ്യോഗസ്ഥൻ നിയമിതനായി. 2013 ബാച്ച് ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥനായ ഡോ. സി. അനീസാണ് എൻസിബിയുടെ അഡീഷണൽ ഡയറക്ടറായി ചുമതലയേറ്റത്.

 

മിഷൻ സമുദ്രയുടെ ഭാ​ഗമായുള്ള ടാറ്റ നിക്ഷേപ വിവാദത്തിൽ വിശദീകരണക്കുറിപ്പുമായി സംസ്ഥാന സർക്കാർ. മിഷൻ സമുദ്രയുടെ ഭാഗമായ ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയെയാണ് 10,000 കോടിയോളം രൂപയുടെ നിക്ഷേപ സാധ്യതയെന്ന പരാമര്‍ശത്തിലൂടെ സൂചിപ്പിച്ചതെന്നും ടാറ്റയുമായി ഏക നിക്ഷേപ കരാര്‍ അന്തിമമായി ഉറപ്പിച്ചിട്ടില്ലെന്നും സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

 

സംസ്ഥാനത്ത് തുടരുന്ന പവർകട്ടിൽ ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ പ്രവർത്തനം നിലച്ച് ശ്വാസം കിട്ടാതെ രോഗി മരിച്ചതായി പരാതി. ഇന്നലെ അർദ്ധരാത്രിയോടെ ഉണ്ടായ വൈദ്യുതി തടസ്സത്തെ തുടർന്ന് ഓക്സിജൻ ലഭിക്കാതെയാണ് ഗുരുതരാവസ്ഥയിലായിരുന്ന വയോധികൻ മരണപ്പെട്ടത്.

 

സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തിയ കെ.ജി.സി.ഇ എൻജിനിയറിങ് ഒന്നാം വർഷ പരീക്ഷകളിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് മൂന്ന് പരീക്ഷകൾ റദ്ദാക്കി. ജൂൺ 23, 29, ജൂലൈ 1 തീയതികളിൽ നടന്ന പരീക്ഷകളാണ് റദ്ദാക്കിയത്.

 

ഒരേ ചടങ്ങിലുണ്ടായിരുന്നിട്ടും മുഖ്യമന്ത്രി വി ഡി സതീശൻ ​ഗൗനിക്കാതെ പോയതിൽ പ്രതികരിച്ച് കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. കെ എസ് യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്നും തെറ്റ് ചൂണ്ടിക്കാട്ടിയത് മാത്രമാണ് താൻ ചെയ്തതെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

 

ഹൃദയമിടിപ്പ് അപകടകരമായി കുറഞ്ഞ 27-കാരന് തിരുവനന്തപുരം കിംസ്ഹെൽത്തിൽ അത്യാധുനിക ‘കാർഡിയോ-ന്യൂറോ അബ്ലേഷൻ’ ചികിത്സ നൽകി. പേസ്മേക്കർ ഘടിപ്പിക്കുന്നതിന് പകരം ഈ കീഹോൾ ചികിത്സാരീതിയിലൂടെ യുവാവിന്‍റെ ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കി.

 

ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്ത ബാധിത‍ർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ നിർമ്മാണം തുടങ്ങി. തറക്കല്ലിടൽ ചടങ്ങ് നടത്തി 142 ദിവസത്തിന് ശേഷമാണ് മേപ്പാടി കുന്നംപറ്റയിൽ നിർമ്മാണ പ്രവ‍ർത്തനങ്ങൾ തുടങ്ങുന്നത്.

 

തീരദേശ മേഖലകളിൽ ഉത്തരവാദിത്ത ഇക്കോടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി സിഎംഎഫ്ആർഐ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി സൗഹൃദ ടൂറിസത്തിന് കരുത്ത് പകരുന്നതിനൊപ്പം സമുദ്രസംരക്ഷണ ബോധവൽക്കരണം കൂടി ലക്ഷ്യമിട്ടാണ് ഈ നീക്കം.

 

തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി ആരോപണം വ്യാജമെന്നും സൈബർ ആക്രമണത്തിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന സെക്രട്ടി എംഎസ് അഞ്ജന സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. പാർട്ടി നടപടിയെ കുറിച്ചും ഫണ്ട് തിരിമറിയെ കുറിച്ചും മാധ്യമങ്ങളോട് പ്രതികരിക്കാൻ അഞ്ജന തയ്യാറായില്ല.

 

ഫിഫ ലോകകപ്പ് ഫൈനൽ മത്സരം പ്രമാണിച്ച് തിങ്കളാഴ്ച സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം ആവശ്യപ്പെട്ടു. വിദ്യാർഥികളിൽ കായിക താൽപ്പര്യം വളർത്താനും ലഹരി ഉപയോഗത്തിനെതിരെ കായികരംഗത്തെ പ്രോത്സാഹിപ്പിക്കാനും ഈ തീരുമാനം സഹായിക്കുമെന്ന് അവർ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

 

മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുതെന്ന് സിപിഎം നേതാവ് പി രാജീവ്. ടാറ്റ സബ്സിറ്ററി, ആർട്ട്സൺസ് നിക്ഷേപം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ചതാണ്. 2025ലെ ഇൻവെസ്റ്റ് കേരളയിൽ പദ്ധതി അവതരിപ്പിച്ചിരുന്നുവെന്നും രാജീവ് പറഞ്ഞു.

 

വയനാട് മുത്തങ്ങയിൽ അപകടത്തിൽപ്പെട്ട 11 വയസുകാരൻ പൊലീസ് അനാസ്ഥയെ തുടർന്ന് മരിച്ചു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പൊലീസ് വിസമ്മതിച്ചെന്നും ഇത് മരണത്തിന് കാരണമായെന്നും ആരോപണമുണ്ട്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

 

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാത്തത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പിണറായി പറഞ്ഞു. കഴിഞ്ഞ ദിവസം വീട്ടില്‍ ഒന്നേകാല്‍ മണിക്കൂര്‍ വൈദ്യുതി മുടങ്ങിയെന്നും അദ്ദേഹം പരിഹസിച്ചു.

 

ഗാസിയാബാദിൽ ബലാത്സം​ഗത്തിനിരയായ നാലുവയസ്സുകാരിക്ക് കൃത്യസമയത്ത് ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയ ആശുപത്രികളെയും ഡോക്ടർമാരെയും രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. പാവപ്പെട്ട കുട്ടിയായതിനാലാണ് ചികിത്സ നൽകാതെ ഒഴിവാക്കിയതെന്നും ഇവിടങ്ങളിലെ ഡോക്ടർമാർക്ക് പേരിനൊപ്പം ഡോക്ടർ എന്നെഴുതാൻ യാതൊരു അവകാശവുമില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

 

സൗദി അറേബ്യയിൽ കൊലക്കേസിൽ വധശിക്ഷയിൽ നിന്ന് ദയാധനം നൽകി മോചിതനായ കണ്ണൂർ സ്വദേശി ഫസലുദ്ദീൻ നാട്ടിൽ രാസലഹരി കേസിൽ അറസ്റ്റിലായി. തട്ടുകടയുടെ മറവിൽ മെത്താംഫെറ്റമിൻ വിൽപന നടത്തിയ ഇയാളെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് ഇരിട്ടി പൊലീസ് പിടികൂടിയത്.

 

കുറഞ്ഞ പലിശയ്ക്ക് വായ്പ വാഗ്‌ദാനം ചെയ്ത് യുവതികളെ കബളിപ്പിച്ച കേസിൽ ആലപ്പുഴ സ്വദേശി ബിബിനും പങ്കാളി സൗമ്യയും അറസ്റ്റിലായി. പ്രോസസിങ് ഫീസ് നൽകാനാവാത്തവരുടെ നഗ്നചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും ഇവർ പണം തട്ടിയിരുന്നതായി പാലക്കാട് സൈബർ ക്രൈം പൊലീസ് കണ്ടെത്തി.

 

തിരുവനന്തപുരത്ത് മദ്യ ലഹരിയിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ്റെ അതിക്രമം. നെടുമങ്ങാട് സ്റ്റേഷനിൽ ആണ് സംഭവം. സി ഐ യഹിയയാണ് സ്റ്റേഷനിൽ എത്തി അതിക്രമം കാട്ടിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളെ ലോക്കപ്പിൽ നിന്ന് മോചിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു അതിക്രമം.

 

ജോർദാനിലെ അമേരിക്കൻ സൈനിക താവളം മിസൈൽ-ഡ്രോൺ ആക്രമണത്തിൽ തകർത്തതായി ഇറാൻ അവകാശപ്പെട്ടു. നിരവധി യുദ്ധവിമാനങ്ങൾക്ക് നാശനഷ്ടമുണ്ടായെന്നും ഇത് അമേരിക്കൻ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണെന്നും ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് അറിയിച്ചു. എന്നാൽ, അമേരിക്ക ഇത് സ്ഥിരീകരിച്ചിട്ടില്ല,

 

അമൃത് ഭാരത് പദ്ധതിക്ക് കീഴിൽ നവീകരിച്ച 75 റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. പഞ്ചാബിലെ ജലന്ധർ കാന്റ് റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിലാണ് അമൃത് ഭാരത് സ്റ്റേഷനുകളുടെ ഉദ്ഘാടനവും നിർവഹിച്ചത്. മറ്റുസ്റ്റേഷനുകളിൽ വീഡിയോ കോൺഫറൻസിങ് വഴി പ്രധാനമന്ത്രിയുടെ ഉദ്ഘാടനപ്രസം​ഗം പ്രദർശിപ്പിച്ചു.

 

ഡൽഹി-അമൃത്സ‍ർ-കത്ര ​ഗ്രീൻഫീൽഡ് എക്സ്പ്രസ് വേയുടെ 157.92 കിലോമീറ്റർ ദൂരത്തിലുള്ള ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. വെള്ളിയാഴ്ച ഹരിയാണയിലെ ജിന്ദിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഡൽഹി-അമൃത്സർ-കത്ര ഹൈവേയുടെ ഉദ്ഘാടനം നിർവഹിച്ചത്.

 

ദുരൂഹസാഹചര്യത്തിൽ കാണാതായ 15 വയസ്സുകാരിയായ ദേശീയ ഷൂട്ടിങ് താരത്തിനായി തിരച്ചിൽ ഊർജിതമാക്കി ബം​ഗാൾ പൊലീസ്. സെൻട്രൽ ഹൗറ സ്വദേശിനിയായ ദമയന്തി സെന്നിനായാണ് പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തുന്നത്.

 

ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ പോലീസ് നടപടിക്കിടെ ആരിഫ് ഹുസൈൻ എന്ന യുവാവ് മരിച്ചതിനെ തുടർന്ന് സംഘർഷം. പോലീസ് വെടിവെച്ചുകൊന്നതാണെന്ന് നാട്ടുകാരും, തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ വെടിപൊട്ടിയതാണെന്ന് പോലീസും പറയുന്നു. സംഭവത്തെ തുടർന്ന് ഭദേർവയിൽ വൻ പ്രതിഷേധം നടക്കുകയും ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയും ചെയ്തു.

 

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകാൻ കാരണം ഇന്ത്യയുടെ ഗുരുതര വീഴ്ചകളാണെന്ന് മുൻ ജപ്പാൻ മന്ത്രി ഹിഡെകി മകിഹാര ആരോപിച്ചു. ഇന്ത്യൻ ഉദ്യോഗസ്ഥർ ഉത്തരവാദിത്തമില്ലാതെ പെരുമാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച കേന്ദ്ര സർക്കാർ, പദ്ധതി അതിവേഗം പുരോഗമിക്കുകയാണെന്നും 2027-ൽ ആദ്യഘട്ടം ആരംഭിക്കുമെന്നും വ്യക്തമാക്കി.

 

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കുന്നവർക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച് ഇറാഖിലെ സായുധസംഘമായ ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ്(ഐആ‍ർഐ). ട്രംപിനെ വധിക്കുന്നത് ആരാണെങ്കിലും അവർക്ക് 10 മില്യൺ യുഎസ് ഡോളറാണ് ഇറാന്റെ പിന്തുണയുള്ള ഐആർഐ പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

 

ഇറാന്‍റെ ആക്രമണത്തിൽ കുവൈത്തിലെ വൈദ്യുതി ഉൽപാദന – കടൽജല ശുദ്ധീകരണ നിലയത്തിന് കേടുപാടുകൾ സംഭവിച്ചതായി വൈദ്യുതി – ജലം – പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെ തുടർന്ന് നിലയത്തിൽ തീപിടിത്തമുണ്ടാകുകയും നിരവധി വൈദ്യുതി ഉൽപാദന യൂണിറ്റുകൾ പ്രവർത്തനരഹിതമാകുകയും ചെയ്തതായി മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *