എസ്. ജാനകിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മൈസൂരു മഹാരാജാസ് ഗ്രൗണ്ടിലേക്ക് എത്തുന്നത് ആയിരങ്ങൾ. രാവിലെ എട്ടരയോടെയാണ് പൊതുദർശനം ആരംഭിച്ചത്. നാലരവരെ മഹാരാജാസ് ഗ്രൗണ്ടിൽ ജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യം ഒരുക്കും. തുടർന്ന് ഹാനിയഹുണ്ഡി ഫാംഹൗസിലേക്ക് മൃതദേഹം കൊണ്ടുപോകും. കൊച്ചുമകൾ അപ്സര മരണാനന്തര ചടങ്ങുകൾ നിർവഹിക്കും. അഞ്ചു മണിയോടെയാണ് സംസ്കാരച്ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. ജാനകിയമ്മയുടെ ആഗ്രഹപ്രകാരമാണ് മൈസൂരുവിൽ അന്ത്യവിശ്രമത്തിനുള്ള സൗകര്യം ഒരുക്കുന്നത്.
കോടതിക്കെതിരെ വിമർശനവുമായി മന്ത്രി കെ മുരളീധരൻ. എല്ലാ കാര്യത്തിലും കോടതി ഇടപെട്ടാൽ പിന്നെ ഭക്തജങ്ങൾക്ക് എന്തെങ്കിലും റോളുകൾ ഉണ്ടോയെന്നും ശബരിമലയിൽ ദേവസ്വത്തിന് റോളില്ല, സർക്കാരിനും റോളില്ല ഹൈക്കോടതിയാണ് അവിടെ ഏതു പൂവ് ഉപയോഗിക്കണമെന്ന് പറയുന്നതെന്നും കെ മുരളീധരൻ പറഞ്ഞു.
കേരളത്തിൽ പാർട്ടിയുടെ പ്രവർത്തന ശൈലിയിൽ വലിയ മാറ്റം വേണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി. പാർട്ടി ജനങ്ങളിലേക്കും അനുഭാവികളിലേക്കും ഇറങ്ങണം എന്നും പാർട്ടിയോടൊപ്പം നില്ക്കാവുന്ന ഗ്രൂപ്പുകളെയെല്ലാം ഒരുമിപ്പിക്കണം എന്നും യോഗം വിലയിരുത്തി. പ്രവർത്തന ശൈലി മാറ്റുന്നതിനുള്ള ചർച്ചകൾ കേരളത്തിൽ ഗൗരവത്തിൽ നടത്താൻ നിർദ്ദേശം നല്കിയിട്ടുണ്ട്.
ഒറ്റയ്ക്കല്ല, പാസുകൾ നൽകി മുന്നോട്ടു പോകണമെന്ന സന്ദേശം ഫുട്ബോൾ എല്ലാവർക്കും നൽകുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പാർട്ടിക്ക് പോറലേല്പിക്കുന്ന അഭിപ്രായപ്രകടനം നേതാക്കൾ ഒഴിവാക്കണം. പാർട്ടിക്ക് ദോഷമുണ്ടാക്കുന്ന സമീപനം പാടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഴിഞ്ഞം വിഷയത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്നും, ഓരോ നേതാക്കൾ അവരുടെ ശൈലിയിൽ കാര്യങ്ങൾ വിശദീകരിക്കുന്നുവെന്നേ ഉള്ളൂവെന്നും സിപിഎം നേതാവ് എം സ്വരാജ്. പാർട്ടി ഇക്കാര്യത്തിലുള്ള നിലപാട് വിശദീകരിച്ചിട്ടുണ്ടെന്നും സ്വരാജ് പറഞ്ഞു.
അമ്പലപ്പുഴ എംഎൽഎ ജി സുധാകരന് പൊതുവേദികളിലെ അധിക്ഷേപം അവസാനിപ്പിക്കണമെന്ന താക്കീതു നല്കി സിപിഎം. രാഷ്ട്രീയ വിരോധം തീർക്കേണ്ടത് ഇങ്ങനെയല്ലെന്നും, സുധാകരൻ സമീപനം മാറ്റിയില്ലെങ്കിൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ മുന്നറിയിപ്പ്.
അധ്യാപകന്റെ അടിയേറ്റ് വിദ്യാർത്ഥിയുടെ കൈ പൊട്ടിയ സംഭവത്തില് കല്ലിങ്ങൽ എം എസ് എം എച്ച് എസ് എസ് സ്കൂളിലെ അധ്യാപകൻ ബൽരാജിനെ സസ്പെൻഡ് ചെയ്തു. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്കൂളിന്റെ നടപടി.
കൊച്ചി കേന്ദ്രീകരിച്ച് കോടികളുടെ ബാങ്ക് വായ്പ തട്ടിപ്പ്. സിബിൽ സ്കോർ കുറവുള്ളവരുടെ ആധാരം കൈക്കലാക്കി ഉടമയറിയാതെ കോടികളുടെ വായ്പ നൽകുന്നതാണ് തട്ടിപ്പ് രീതി. വിവിധ ബാങ്കുകളിലായി 700 കോടിയുടെ ക്രമക്കേട് ആണ് കണ്ടെത്തിയിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില് യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ. അടൂർ പൊലീസ് എറണാകുളത്ത് നിന്നാണ് രാജൻ ജോസഫിനെ പിടികൂടിയത്.
മന്ത്രി കെ എ തുളസിയുടെ ഡ്രൈവർ നിയമനത്തില് പരാതി നൽകി യൂത്ത് കോൺഗ്രസ്. പാലക്കാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകന് നിയമനം നൽകിയതിനെതിരെ കെപിസിസിക്കും എഐസിസിക്കുമാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്.
വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ഹിമാചൽ സ്വദേശി വിക്രം റാണയുടെ മൃതദേഹം ആണ് കിട്ടിയത്. പാലത്തിൽ നിന്നും 150 മീറ്റർ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
തിരിമറിയിലൂടെ പൊലീസ് ജോലി തട്ടിയെടുത്ത കേസിൽ വ്യാജരേഖ ചമച്ച പ്രതിക്ക് 27 വർഷങ്ങൾക്ക് ശേഷം തടവുശിക്ഷ വിധിച്ച് ഉത്തർപ്രദേശിലെ കോടതി. ഹാഥ്റാസ് ജില്ലയിലെ സിത്രാപൂർ സ്വദേശിയായ ഭോജ്രാജിനാണ് ആഗ്രയിലെ കോടതി 3 വർഷം തടവും 3,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
ഉത്തർപ്രദേശിലെ ഹാപ്പൂരിൽ ജ്വല്ലറിയിൽ എത്തിയ യുവതി കുടിവെള്ളമെന്ന് കരുതി കുപ്പിവെള്ളത്തിൽ നിന്നും ആസിഡ് കുടിച്ചു. ആസിഡ് വായിലേക്ക് ഒഴിച്ചതിനെത്തുടർന്ന് നില ഗുരുതരമായ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുവൈത്തിൽ പ്രവർത്തിക്കുന്ന ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ, പ്രൊഡക്ട് ഡിസ്പ്ലേ പ്ലാറ്റ്ഫോമുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി പുതിയ ഉത്തരവ് പുറപ്പെടുവിച്ച് വാണിജ്യ വ്യവസായ മന്ത്രി ഒസാമ ബൊവിധി.
സ്ത്രീകളുടെ വസ്ത്രധാരണത്തിൽ താലിബാൻ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ അഫ്ഗാനിസ്ഥാനിലെ വ്യാപാരസ്ഥാപനങ്ങൾക്ക് വൻനഷ്ടം. കടുത്ത നിയന്ത്രണങ്ങൾ കാരണം സ്ത്രീകൾ വീടിന് പുറത്ത് ഇറങ്ങാതായതാണ് വ്യാപാരികൾക്ക് തിരിച്ചടിയായത്.
ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. 18കാരനായ മണിദീപ് റെഡ്ഡിയുടെ മൃതദേഹം കടലിൽ നിന്നാണ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ മെയ് മാസം മുതൽ വിദ്യാർത്ഥിയെ കാണാതായിരുന്നു.
നാഷണൽ കോൺഫറൻസ് എംഎൽഎമാരെ ബിജെപി വിലയ്ക്കെടുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ജമ്മു കശ്മീരിൽ പിൻവാതിലിലൂടെ ഭരണം പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഒമർ അബ്ദുള്ള പറഞ്ഞു.
അമേരിക്കയിൽ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നതിനൊപ്പം വിദേശ പ്രൊഫഷണലുകളെ എച്ച്-1ബി വിസ വഴി നിയമിക്കുന്നതുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റിനെതിരെ വിമർശനം ശക്തമാകുന്നു.
സൗദി അറേബ്യയിൽ ഭരണതലത്തിൽ നിർണായക അഴിച്ചുപണികൾ നടത്തി സൽമാൻ രാജാവിൻ്റെ പുതിയ ഉത്തരവുകൾ പുറത്തിറങ്ങി. ശനിയാഴ്ച വൈകീട്ടാണ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരെ സ്ഥാനങ്ങളിൽ നിന്ന് മാറ്റിക്കൊണ്ടും പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ചുകൊണ്ടുമുള്ള നിരവധി രാജകീയ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചത്.
ദക്ഷിണ ചൈനയിൽ വീശിയടിച്ച മൈസാക്ക് ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കടുത്ത പ്രളയത്തിൽ, വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഫാമുകളിൽ നിന്ന് രാജവെമ്പാലയും മൂര്ഖനും ഉൾപ്പെടെ നൂറുകണക്കിന് വിഷപ്പാമ്പുകൾ കൂട്ടത്തോടെ പുറത്തുചാടിയത് ജനങ്ങളെ ഭീതിയിലാഴ്ത്തി.
ഫിഫ പുരുഷ റാങ്കിങ്ങിലെ ആദ്യ നാല് സ്ഥാനക്കാരായ ഫ്രാൻസ്, അർജന്റീന, സ്പെയിൻ, ഇംഗ്ലണ്ട് തമ്മിൽ സെമി ഫൈനൽ. ഇന്ന് നടന്ന അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സ്വിറ്റ്സർലാൻഡിനെ തോൽപിച്ച് അർജന്റീന സെമി പ്രവേശനം നേടിയതോടെയാണ് ലോകകപ്പിലെ അപൂർവമായ സെമിഫൈനലുകൾക്ക് ഫുട്ബോൾ ലോകം സാക്ഷിയാവാൻ പോവുന്നത്. ഫ്രാൻസ് സ്പെയിനിനെയും, ഇംഗ്ലണ്ട് അർജന്റീനയെയുമാണ് സെമിയിൽ നേരിടുന്നത്.
