ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡറിന് പിന്നാലെ ഗ്രാന്‍ഡ് വിറ്റാരയ്ക്കും സിഎന്‍ജി പതിപ്പുമായി മാരുതി സുസുക്കി. പെട്രോള്‍, സ്ട്രോങ് ഹൈബ്രിഡ്, സിഎന്‍ജി എന്നീ വകഭേദങ്ങളില്‍ വിപണിയിലെത്തുന്ന ആദ്യ മാരുതി വാഹനവും വിറ്റാര തന്നെയായിരിക്കും. വിറ്റാര സിഎന്‍ജിയെ കൂടാതെ ചെറു എസ്യുവി ബ്രെസയുടെ സിഎന്‍ജി പതിപ്പു മാരുതി സമീപ ഭാവിയില്‍ വിപണിയിലെത്തിക്കും. അടുത്തിടെ വിപണിയിലെത്തിയ മാരുതി സുസുക്കി എക്സ്എല്‍ 6 സിഎന്‍ജിയുടേതിന് സമാനമായ 1.5 ലീറ്റര്‍ എന്‍ജിനാണ് വാഹനത്തില്‍ ഉപയോഗിക്കുന്നത്. 88 ബിഎച്ച്പി കരുത്തുള്ള ഈ വാഹനത്തിന് 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സായിരിക്കും.ഹൈറൈഡറുടെ എസ്, ജി വകഭേദങ്ങളിലായി സിഎന്‍ജി ചുരുങ്ങുമെങ്കില്‍ ഗ്രാന്‍ഡ് വിറ്റാരയുടെ അടിസ്ഥാന വകഭേദങ്ങള്‍ മുതല്‍ സിഎന്‍ജി പതിപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോള്‍ മോഡലിനെക്കാള്‍ 75000 രൂപ മുതല്‍ 95000 രൂപ വരെ ഉയര്‍ന്ന വിലയായിരിക്കും സിഎന്‍ജി പതിപ്പിന്.