നീറ്റ്-യുജി പുനഃപരീക്ഷയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ ടെലിഗ്രാമിന് താല്‍ക്കാലിക വിലക്ക്. ജൂണ്‍ 21-നാണ് പരീക്ഷ നടക്കുക. പരീക്ഷയുമായി ബന്ധപ്പെട്ട വ്യാജ ചോദ്യപേപ്പറുകള്‍ പ്രചരിക്കുന്നത് തടയാനും തെറ്റായ വിവരങ്ങള്‍ പടരുന്നത് നിയന്ത്രിക്കാനുമായി ജൂണ്‍ 22 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്ലാറ്റ്ഫോമിലെ മെസേജ് എഡിറ്റിംഗ് സൗകര്യം ജൂണ്‍ 30 വരെ നിരോധിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ പ്രത്യേക ശുപാര്‍ശപ്രകാരമാണ് ഈ നടപടി. തട്ടിപ്പുകാര്‍ നേരത്തെ അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്ത് ചോദ്യപേപ്പറുകള്‍ ചേര്‍ക്കുകയും, പഴയ ടൈംസ്റ്റാമ്പ് ഉപയോഗിച്ച് പരീക്ഷയ്ക്ക് മുന്‍പേ പേപ്പര്‍ ചോര്‍ന്നുവെന്ന് വ്യാജ തെളിവുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നത് തടയാനാണിത്.
