web cover 29

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനി അടക്കം ആറു പ്രതികളെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. 31 വര്‍ഷത്തിലേറെയായി നളിനി ജയിലിലാണ്. കേസിലെ മറ്റൊരു പ്രതിയായിരുന്ന പേരറിവാളന്‍ രണ്ടു മാസംമുമ്പ് മോചിതനായിരുന്നു. ജസ്റ്റീസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് നളിനിയേയും അഞ്ചുപേരേയും മോചിപ്പിക്കാന്‍ ഉത്തരവിട്ടത്.

വൈസ് ചാന്‍സലര്‍ നിയമന തര്‍ക്കവും കേസുകളും വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കരുതെന്ന് ഹൈക്കോടതി. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ കഴമ്പുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ജിയില്‍ മറുപടിക്കു ഗവര്‍ണര്‍ സാവകാശം തേടി. പുതിയ അഭിഭാഷകനാണ് ഹാജരായത്. ഡോ.സിസ തോമസിനുവേണ്ടിയും അഭിഭാഷകന്‍ ഹാജരായി. വിസി നിയമനത്തില്‍ യുജിസിയുടെ നിലപാട് അറിയണമെന്നു കോടതി വ്യക്തമാക്കി.

ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കം ചെയ്യുന്ന ഓര്‍ഡിനന്‍സ് നിയമമായി അംഗീകരിച്ചുകിട്ടാന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിയമ പോരാട്ടത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചാലും ഒപ്പിടാതെ മാറ്റിവച്ചാലും കോടതിയെ സമീപിക്കാനാണു സര്‍ക്കാരിന്റെ തീരുമാനം. ഓര്‍ഡിനന്‍സ് ഇന്നു തന്നെ രാജ്ഭവന് അയക്കും. ഡിസംബര്‍ ആദ്യവാരം നിയമസഭയില്‍ ബില്‍ പാസാക്കുകയും ചെയ്യും.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

നിയമനക്കത്ത് വിവാദം ആളിക്കത്തിച്ച് തിരുവനന്തപുരം കോര്‍പറേഷനു മുന്നില്‍ ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. കേരളത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ സ്ഥലത്തെത്തി. പൊലീസ് നടത്തിയത് അതിക്രമമാണെന്നും ഭീകരരെ നേരിടാന്‍ ഉപയോഗിക്കുന്ന ഗ്രനേഡാണ് സമരക്കാര്‍ക്കുനേരെ പ്രയോഗിച്ചതെന്നും ജാവദേക്കര്‍ പറഞ്ഞു.

തൃശൂര്‍ കോര്‍പ്പറേഷനിലും അനധികൃത നിയമനം ആരോപിച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. വൈദ്യുതി വിഭാഗത്തില്‍ 200 പേരെ നിയമിച്ചത് പാര്‍ട്ടി പട്ടികയില്‍നിന്നാണെന്ന് ആരോപിച്ചാണ് പ്രതിഷേധം. പൊലീസ് പ്രതിരോധം മറികടന്ന് കൗണ്‍സിലര്‍മാര്‍ മേയറുടെ ഓഫീസിനു മുന്നിലെത്തി. പൊലീസുമായി ഉന്തുംതള്ളുമായി. പ്രതിപക്ഷ നേതാവ് രാജന്‍ പല്ലന്‍ അടക്കമുള്ള കൗണ്‍സിലര്‍മാരെ അറസ്റ്റു ചെയ്തുനീക്കി.

തിരുവനന്തപുരം കോര്‍പറേഷനിലെ നിയമനത്തിലും മേയറുടെ വിവാദ കത്തിലും വിജിലന്‍സ് പ്രാഥമികം അന്വേഷണം തുടങ്ങി. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു നാലു പരാതികള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

വിവാദ കത്തിന്മേല്‍ രാജിയില്ലെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. അന്വേഷണത്തോടു സഹകരിച്ചു മുന്നോട്ടു പോകുമെന്നും ആര്യാ രാജേന്ദ്രന്‍ വിശദീകരിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്നതിനുള്ള ഓര്‍ഡിനന്‍സിന്റെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യും. തിരുവനന്തപുരം നഗരസഭയിലെ നിയമനകത്ത് വിവാദവും 15 നു നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിന്റെ ഒരുക്കങ്ങളും ചര്‍ച്ചയാകും.

ഗവര്‍ണര്‍ കലാമണ്ഡലത്തിലെ ചെറിയ കാര്യങ്ങള്‍ക്കുപോലും ഇടപെടാന്‍ ശ്രമിച്ചിരുന്നെന്ന് കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന്‍. പിരിച്ചുവിട്ട പിആര്‍ഒയെ തിരിച്ചെടുക്കണമെന്നു ഗവര്‍ണര്‍ ശഠിച്ചു. അതിനു വഴങ്ങാതെ വിസി കോടതിയില്‍ പോയി. സര്‍ക്കാര്‍ ഇടപെട്ട് കേസ് പിന്‍വലിപ്പിച്ചു. ഗവര്‍ണര്‍ക്കു മുന്നില്‍ നേരിട്ടു ഹാജരാകണമെന്ന് ആവശ്യപ്പെട്ടെങ്കിലും വിസി അതിനു തയാറായില്ല. ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കം ചെയ്ത നടപടിയോടു ഗവര്‍ണര്‍ പ്രതികരിച്ചിട്ടില്ല.

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ കൂടുതല്‍ പേരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. പ്രതിയെന്ന് ക്രൈംബ്രാഞ്ച് പറയുന്ന മരിച്ച പ്രകാശിന്റെ കൂട്ടാളികളെയാണു ചോദ്യം ചെയ്യുക. പ്രകാശിന്റെ ഫോണ്‍ പരിശോധിക്കുന്നുണ്ട്. സഹപ്രവര്‍ത്തകരായിരുന്ന ആര്‍എസ്എസുകാരുടെ മര്‍ദനമേറ്റ പ്രകാശ് ജനുവരി മൂന്നിനാണ് ജീവനൊടുക്കിയത്. ആത്മഹത്യാ കേസിന്റെ അന്വേഷണത്തില്‍ വിളപ്പില്‍ശാല പൊലീസ് വീഴ്ചവരുത്തിയെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിലയിരുത്തല്‍.

ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങുന്നു. നട തുറക്കുന്ന നവംബര്‍ 16 ന് വൈകീട്ട് മുതല്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കും. വൃശ്ചികം ഒന്ന് മുതല്‍ ആദ്യ നാലു ദിവസത്തേക്ക് പ്രതിദിനം വെര്‍ച്ചല്‍ ക്യൂ വഴി ബുക്ക് ചെയ്തവരുടെ എണ്ണം ഇതുവരെ അമ്പതിനായിരം കടന്നു. രണ്ടു വര്‍ഷത്തിനു ശേഷമാണ് നിയന്ത്രണങ്ങളെല്ലാം നീക്കി പൂര്‍ണതോതിലുള്ള തീര്‍ത്ഥാടനം സജീവമാകുന്നത്.

ഗ്യാസ് സിലിണ്ടര്‍ സ്റ്റൗവില്‍ ഘടിപ്പിക്കുന്നതിനിടെ പാചകവാതകം ചോര്‍ന്ന്ു തീയാളിക്കത്തി പെണ്‍കുട്ടിയുള്‍പ്പെടെ നാലു പേര്‍ക്കു പൊള്ളലേറ്റു. ആലപ്പുഴ കരുമാടി അജോഷ് ഭവനില്‍ ആന്റണി (50), ഭാര്യ സീന (45) മകള്‍ അനുഷ (9), പാചകവാതക വിതരണക്കാരന്‍ ആന്റണി എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടായിരത്തിലെ പീഡിഗ്രി സമരവുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ ഹൈക്കോടതി ശിക്ഷിച്ച 14 എബിവിപി പ്രവര്‍ത്തകരെ സുപ്രീംകോടതി വെറുതെവിട്ടു. പൊതുമുതല്‍ നശിപ്പിക്കല്‍, കലാപം സൃഷ്ടിക്കല്‍, സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയുള്ള ശിക്ഷയാണ് ഒഴിവാക്കിയത്.

സിപിഎം പ്രവര്‍ത്തകനായിരുന്ന ആനാവൂര്‍ നാരായണന്‍ നായരെ വെട്ടിക്കൊന്ന കേസില്‍ 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി. 2013 നവംബര്‍ അഞ്ചിനായിരുന്നു കൊലപാതകം.

കാസര്‍കോട് ബദിയടുക്കയിലെ ദന്തഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. മരിച്ച ഡോ. കൃഷ്ണമൂര്‍ത്തിയെ ഭീഷണിപ്പെടുത്തിയ മുഹമ്മദ് അഷറഫ്, മുഹമ്മദ് ഫാറൂക്ക്, മുഹമ്മദ് ഷിഹാബുദീന്‍, അലി, മുഹമ്മദ് ഹനീഫ് എന്നിവരാണ് പിടിയിലായത്.

ഗിനിയയില്‍ തടവിലാക്കിയ ഇന്ത്യക്കാരടക്കമുള്ള 15 കപ്പല്‍ ജീവനക്കാരെ നൈജീരിയന്‍ കപ്പലിലേക്കു മാറ്റി. മലയാളിയായ വിജിത്ത്, മില്‍ട്ടന്‍ എന്നിവര്‍ ഉള്‍പ്പെടെ ഒമ്പത് ഇന്ത്യക്കാരാണുള്ളത്. നൈജീരിയന്‍ നേവി ഹീറോയിന്‍ ഇന്‍ഡുക് കപ്പലിലേക്ക് കയറുന്നത് ഇക്വിറ്റോറിയല്‍ ഗിനി തടഞ്ഞു.

പെരിന്തല്‍മണ്ണയിലെ നജീബ് കാന്തപുരം എംഎല്‍എക്കെതിരായ തെരഞ്ഞെടുപ്പു കേസ് തുടരണമെന്ന് ഹൈക്കോടതി. എതിര്‍ സ്ഥാനാര്‍ഥി ഇടതു സ്വതന്ത്രന്‍ കെ.പി.എം മുസ്തഫയുടെ ഹര്‍ജി നിലനില്‍ക്കും. കേസ് തള്ളണമെന്ന നജീബ് കാന്തപുരത്തിന്റെ തടസ്സ ഹര്‍ജി കോടതി തള്ളി. തപാല്‍ വോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ച നടപടി ചോദ്യം ചെയ്താണ് ഹര്‍ജി.

ഞായറാഴ്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് മഴജാഗ്രത. നാളെ ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഒരു സമുദായ സംഘടനയുടെയും പിന്തുണയില്‍ അല്ല വിജയിച്ചതെന്ന സതീശന്റെ വാദം പച്ചക്കള്ളമാണ്. തെരഞ്ഞെടുപ്പു സമയത്ത് ഒന്നര മണിക്കൂറോളം തന്റെ അടുത്ത് വന്നിരുന്ന് പിന്തുന്ന അഭ്യര്‍ഥിച്ച ആളാണ് സതീശന്‍. അദ്ദേഹം പറഞ്ഞു.

മുതുകുളത്ത് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് മുതുകുളം പഞ്ചായത്തില്‍ ഹര്‍ത്താല്‍. വൈകീട്ട് ആറ് വരെയാണു യുഡിഎഫ് ഹര്‍ത്താല്‍.

പാലക്കാട് അലനല്ലൂര്‍ ജിവിഎച്ച്എസ്എസില്‍ അധ്യാപകര്‍ക്കെതിരേ നാട്ടുകാരുടെ പ്രതിഷേധം. സ്‌കൂള്‍ വിട്ട് വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്കു പോയെന്ന് ഉറപ്പാക്കുന്നതിനു മുമ്പ് അധ്യാപകര്‍ സ്ഥലംവിടുന്നതിനെതിരേയാണ് പ്രതിഷേധം. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി കൈകള്‍ ബന്ധിച്ച് സ്‌കൂളിന്റെ മൂന്നാം നിലയില്‍ രാത്രി കഴിച്ചുകൂട്ടിയ സാഹചര്യത്തിലാണു പ്രതിഷേധം.

ഇടപ്പള്ളി ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് കത്തിനശിച്ചു. ബോണറ്റില്‍ നിന്ന് പുക ഉയര്‍ന്നതോടെ യാത്രക്കാര്‍ കാറില്‍ നിന്ന് പുറത്തിറങ്ങിയതിനാല്‍ ദുരന്തം ഒഴിവായി. ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്.

ഒറ്റപ്പാലം പാലപ്പുറത്ത് വൃദ്ധദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച് കവര്‍ച്ചാ ശ്രമം. പാലപ്പുറം സ്വദേശികളായ സുന്ദരേശന്‍, അംബികാദേവി എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രതിയായ തമിഴ്നാട് സ്വദേശി ബാലനെ പോലീസ് പിടികൂടി.

ബസ് കാത്തുനിന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കൂളിലാക്കാമെന്നു പറഞ്ഞ് കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവ്. പിണ്ടിമന ഭൂതത്താന്‍കെട്ട് സ്വദേശി ബിനുവിനെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ശിക്ഷിച്ചത്. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം.

അടിമാലിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന്‍ അറസ്റ്റിലായി. കടുത്ത വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്.

തമിഴ്‌നാട്ടിലെ ചൂതാട്ട നിരോധന നിയമത്തിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ഓണ്‍ലൈന്‍ ഗെയിം കമ്പനികളുടെ സംഘടനയായ ഓള്‍ ഇന്ത്യ ഗെയിമിംഗ് ഫെഡറേഷനാണ് ഹര്‍ജി നല്‍കിയത്. നിരോധിച്ച റമ്മിയും പോക്കറും അടക്കമുള്ള ഗെയിമുകള്‍ കഴിവും ബുദ്ധിയും ഉപയോഗിച്ച് കളിക്കേണ്ടവയാണെന്നാണ് ഹര്‍ജിക്കാരുടെ വാദം.

അതിവേഗ ട്രെയിന്‍ സര്‍വീസായ വന്ദേഭാരത് ദക്ഷിണേന്ത്യയിലും തുടങ്ങി. അഞ്ചാമത്തെ വന്ദേഭാരത് എക്സ്പ്രസ് മൈസൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. മൈസൂരു – ബെംഗളൂരു – ചെന്നൈ പാതയിലാണ് ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചത്.

ഇന്തൊനേഷ്യയിലെ ബാലിയില്‍ 14 മുതല്‍ 16 വരെ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, യുകെ പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കും.

ടെലികമ്മ്യൂണിക്കേഷന്‍ ബില്ലില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 20 വരെ നീട്ടി. ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങള്‍, മെഷീന്‍-ടു-മെഷീന്‍ ആശയവിനിമയം, കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണു ബില്ലിലുള്ളത്.

ജമ്മു കാഷ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഷോപിയാന്‍ മേഖലയിലെ ഏറ്റുമുട്ടലില്‍ ജെയ്ഷെ മുഹമ്മദ് ഭീകരനാണ് കൊല്ലപ്പെട്ടത്.

ട്വിറ്ററില്‍ നിന്ന് ശേഷിച്ച ഉയര്‍ന്ന ഉദ്യോഗസ്ഥരും രാജിവച്ചു. ഇതോടെ ട്വിറ്ററില്‍ അസാധാരണ പ്രതിസന്ധി. കൂട്ടപിരിച്ചുവിടലിനും രാജിയ്ക്കുമെല്ലാം ശേഷമുണ്ടായിരുന്ന ചുരുക്കം മുതിര്‍ന്ന ഉദ്യോഗസ്ഥരാണു രാജിവച്ചത്.

ബഹറിനിലെ ഹൂറയില്‍ നിര്‍മ്മാണത്തിലിരുന്ന ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. കെട്ടിടത്തിലുണ്ടായിരുന്ന 28 പേരെ രക്ഷപ്പെടുത്തി. സമീപത്തുള്ള ഹോട്ടലുകളിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചിരുന്നു.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 360 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,240 രൂപയായി. 45 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4780 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്നനിലയിലാണ് സ്വര്‍ണവില. കഴിഞ്ഞ രണ്ടുദിവസം സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,280 രൂപയായിരുന്നു സ്വര്‍ണവില. നാലിന് 36,880 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. ഒരാഴ്ചക്കിടെ 1360 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും 45 രൂപ ഉയര്‍ന്നു. 50 രൂപയാണ് വ്യാഴാഴ്ച ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിയിലെ വില 38240 രൂപയാണ്.

വിപണിമൂല്യത്തില്‍ ഒരുലക്ഷം കോടി ഡോളറിന്റെ (82 ലക്ഷം കോടി രൂപ) ഇടിവ് രേഖപ്പെടുത്തുന്ന ആദ്യ കമ്പനിയായി ആമസോണ്‍. അടിസ്ഥാന പലിശനിരക്ക് വര്‍ദ്ധന, മോശം പ്രവര്‍ത്തനഫലം എന്നിവയെത്തുടര്‍ന്ന് നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിച്ചതാണ് ആമസോണിന് തിരിച്ചടിയായത്. കഴിഞ്ഞ ബുധനാഴ്ച ഓഹരിവില 4.3 ശതമാനം ഇടിഞ്ഞ് 87,900 കോടി ഡോളറിലാണ് (72.07 ലക്ഷം കോടി രൂപ) ആമസോണിന്റെ വിപണിമൂല്യമുള്ളത്. 2021 ജൂലായില്‍ വിപണിമൂല്യം 1.88 ലക്ഷം കോടി ഡോളറായിരുന്നു (154.16 ലക്ഷം കോടി രൂപ). ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ആസ്തി ഈവര്‍ഷം ഇതിനകം 8,300 കോടി ഡോളര്‍ (6.80 ലക്ഷം കോടി രൂപ) ഇടിഞ്ഞ് 10,900 കോടി ഡോളറുമായിട്ടുണ്ട് (8.93 ലക്ഷം കോടി രൂപ).

വിജയ് സേതുപതി നായകനാകുന്ന ‘ഡിഎസ്പി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. എന്‍ഫീല്‍ഡില്‍ ഇരിക്കുന്ന വിജയ് സേതുപതിയാണ് പോസ്റ്ററിലുള്ളത്. പൊലീസ് കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ് സേതുപതി അഭിനയിക്കുന്നത്. പൊന്റാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുകീര്‍ത്തി വാസ് ആണ് ചിത്രത്തിലെ നായിക. ദിനേഷ് കൃഷ്ണനും വെങ്കടേഷും ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിവേക് ഹര്‍ഷന്‍ ചിത്രസംയോജനം നിര്‍വഹിക്കുമ്പോള്‍ സംഗീത സംവിധാനം ഡി ഇമ്മനാണ്. ‘ഡിഎസ്പി’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്. സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.

ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ ‘എല്‍എല്‍ബി’യുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. നടന്‍ മമ്മൂട്ടിയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്സ് എന്നതിന്റെ ചുരുക്കെഴുത്താണ് ചിത്രത്തിന്റെ ടൈറ്റില്‍. നവാഗതനായ എ എം സിദ്ദിഖ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ശ്രീനാഥ് ഭാസി, ലാലു അലക്സ്, സുധീഷ്, വിശാഖ് നായര്‍, അശ്വത് ലാല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രമേഷ് കോട്ടയം, അബു സലിം, നവാസ് വള്ളിക്കുന്ന്, സിബി കെ തോമസ്, ഇര്‍ഷാദ്, പ്രദീപ് ബാലന്‍, സീമ ജി നായര്‍, കാര്‍ത്തിക സുരേഷ്, നാദിര മെഹ്‌റിന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

രാജ്യത്ത് സി.എന്‍.ജി വാഹനങ്ങളില്‍ താരം മാരുതിയുടെ മോഡലുകളാണ്. ഇപ്പോഴിതാ മാരുതി നെക്‌സ ഷോറൂമുകളിലെ ഉപഭോക്തൃപ്രിയ മോഡലായ ബലേനോയ്ക്കും സി.എന്‍.ജി ഹൃദയം ലഭിച്ചിരിക്കുന്നു. ബലേനോയുടെ സി.എന്‍.ജി അവതാരത്തിന് 8.28 ലക്ഷം രൂപ മുതല്‍ 9.21 ലക്ഷം രൂപവരെയാണ് ന്യൂഡല്‍ഹി എക്‌സ്‌ഷോറൂം വില. പ്രീമിയം ഹാച്ച്ബാക്കില്‍ സി.എന്‍.ജി ഇന്ധനവുമായി എത്തുന്ന ആദ്യവാഹനമാണ് ബലേനോ എസ്-സി.എന്‍.ജി. അതുകൊണ്ടുതന്നെ ഈ വിഭാഗത്തില്‍ എതിരാളികളുമില്ല. സി.എന്‍.ജി പതിപ്പിന് രണ്ട് വേരിയന്റുകളാണുള്ളത് – ഡെല്‍റ്റ, സീറ്റ. പ്രാരംഭവില പെട്രോള്‍ പതിപ്പിനേക്കാള്‍ 95,000 രൂപ അധികമാണ്. ബലേനോ എസ്-സി.എന്‍.ജിയില്‍ 76 ബി.എച്ച്.പി കരുത്തും 98.5 എന്‍.എം ടോര്‍ക്കുമുള്ളതാണ് എന്‍ജിന്‍. സി.എന്‍.ജി ടാങ്ക് ശേഷി 55 ലിറ്റര്‍. കിലോഗ്രാമിന് 30.61 കിലോമീറ്ററാണ് മൈലേജ് വാഗ്ദാനം.

പ്രവചനാതീതമാണ് മനുഷ്യജീവിതം. നാം മനസ്സിലൊന്ന് ഉന്നം വയ്ക്കുമ്പോള്‍ കാലം മറ്റൊരു സാധ്യതയിലേക്ക് നമ്മെ കൊണ്ടുപോകുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ രചിച്ച സാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ കഷ്ടപ്പാടിന്റെയും പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും ഗന്ധം പേറുന്ന നോവല്‍.

കാലി വളര്‍ത്തലിലേക്കു അവിചാരിതമായാണു തിരിയുന്നതെങ്കിലും നായകനും കൂട്ടുകാരും വായനക്കാര്‍ക്കു പകര്‍ന്നു നല്‍കുന്നതു നമ്മുടെ പഴയകാലത്തെ കാര്‍ഷിക ജീവിത സംസ്‌കാരമാണ്. കൃഷിയുടെയും മൃഗപരിപാലനത്തിന്റെയും കണ്ണീരും സന്തോഷവും നോവലിലുണ്ട്. ഏതു പ്രതിസന്ധികള്‍ക്കിടയിലും നെഞ്ച് വിരിച്ചു നില്‍ക്കാന്‍ കൃഷിക്കാരനെ പ്രേരിപ്പിക്കുന്ന, അവന്റെ കാലടിച്ചുവട്ടിലുള്ള പശിമയുള്ള മണ്ണിന്റെ കരുത്തുതന്നെ നോവലിന്റെയും കരുത്ത്. ഇനിയുള്ളകാലത്തു നമ്മുടെ അവസരവും ജീവിതവും നമ്മുടെ ചുറ്റും തന്നെയുണ്ട്. അതു കണ്ടെത്തുക. നോവല്‍ തരുന്ന സന്ദേശമിതാണ്. ‘ഇനിയുള്ള കാലം’. ജോസ് മംഗലശ്ശേരി.

45-55 വയസ്സിനിടയിലുള്ള സ്ത്രീകളെ ബാധിക്കുന്ന സെര്‍വിക്കല്‍ ക്യാന്‍സറില്‍ 95 ശതമാനം കേസുകളും ഹ്യൂമന്‍ പാപ്പിലോമ വൈറസ് അണുബാധ മൂലമാണ്. സെര്‍വിക്സിന്റെ കോശങ്ങളില്‍ തുടങ്ങുന്ന ക്യാന്‍സറാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍. ഇന്ത്യയിലും ഇന്നിത് വളരെ വ്യാപകമാണ്. പുകവലി, ക്ലമീഡിയ, ഗൊണേറിയ, സിഫിലിസ്, എച്ച്ഐവി എയ്ഡ്സ് തുടങ്ങിയ രോഗങ്ങള്‍, ദുര്‍ബലമായ പ്രതിരോധ ശേഷി, ഒന്നിലധികം പങ്കാളികളുമായുള്ള ലൈംഗിക ബന്ധം, ഗര്‍ഭനിയന്ത്രണ മരുന്നുകളുടെ അമിതമായ ഉപയോഗം എന്നിവയെല്ലാം സെര്‍വിക്കല്‍ കാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. പ്രായം, ലൈംഗിക പ്രവര്‍ത്തനം, ജനനേന്ദ്രിയ ശുചിത്വം, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ഉപയോഗം, പോഷകാഹാരം, പുകയില ഉപയോഗം, അല്ലെങ്കില്‍ ദുര്‍ബലമായ രോഗപ്രതിരോധ ശേഷി തുടങ്ങിയ ഘടകങ്ങളും സെര്‍വിക്കല്‍ ക്യാന്‍സര്‍ വ്യാപനത്തിന് കാരണമാകുന്നു. എച്ച്പിവി വാക്സിനുകള്‍ ഇന്ന് ലഭ്യമാണെങ്കിലും, ഗര്‍ഭാശയ ക്യാന്‍സര്‍ കുറയ്ക്കുന്നതിന് നേരത്തെയുള്ള സ്‌ക്രീനിംഗും കണ്ടെത്തലും പ്രധാനമാണ്. അര്‍ബുദത്തിന് മുമ്പുള്ള ഏതെങ്കിലും ലക്ഷണങ്ങള്‍ കണ്ടെത്തുന്നതിന് നേരത്തെയുള്ള സ്‌ക്രീനിംഗ് സഹായിക്കുന്നു. അതുവഴി സെര്‍വിക്കല്‍ ക്യാന്‍സര്‍ കേസുകളും മരണങ്ങളും ഗണ്യമായി കുറയ്ക്കുന്നു. സെര്‍വിക്കല്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗ് ഒരു പാപ്സ്മിയര്‍ ടെസ്റ്റ് അല്ലെങ്കില്‍ അസറ്റിക് ആസിഡ് രീതിയിലുള്ള വിഷ്വല്‍ ഇന്‍സ്പെക്ഷന്‍ സഹായത്തോടെയാണ് ചെയ്യുന്നത്. സെര്‍വിക്കല്‍ ക്യാന്‍സര്‍ കണ്ടെത്തുന്നതിനുള്ള ഏറ്റവും സാധാരണമായ മാര്‍ഗ്ഗമാണിത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 80.89, പൗണ്ട് – 94.75, യൂറോ – 82.74, സ്വിസ് ഫ്രാങ്ക് – 83.86, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.70, ബഹറിന്‍ ദിനാര്‍ – 214.54, കുവൈത്ത് ദിനാര്‍ -262.78, ഒമാനി റിയാല്‍ – 210.06, സൗദി റിയാല്‍ – 21.51, യു.എ.ഇ ദിര്‍ഹം – 22.02, ഖത്തര്‍ റിയാല്‍ – 22.21, കനേഡിയന്‍ ഡോളര്‍ – 60.75.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Join the Conversation

1 Comment

Leave a comment

Your email address will not be published. Required fields are marked *