വേനല്ക്കാലമായാല് വീടിനകത്തിരിക്കുന്നതാണ് സുരക്ഷിതമെന്ന് കരുതിയാല് തെറ്റി. നിര്ജ്ജലീകരണം, സൂര്യതപം, സൂര്യാഘാതം തുടങ്ങിയവ സൂര്യ പ്രകാശം നേരിട്ട് ഏല്ക്കുമ്പോള് മാത്രമല്ല ഉണ്ടാകുന്നത്. കുഞ്ഞുങ്ങള്, പ്രായമായവര്, രോഗികള് എന്നിവരെ സംബന്ധിച്ച് വീട്ടിനുള്ളില് പോലും ഇതുണ്ടാകാം. അതുകൊണ്ട് തന്നെ, ശരീരത്തില് ജലാംശം ഉറപ്പാക്കുകയാണ് പ്രധാനം. വീട്ടിലിരിക്കുമ്പോള് കഞ്ഞിവെള്ളം, മേര്, നാരങ്ങാവെള്ളം, കരിക്ക്, തണ്ണിമത്തന് പോലുള്ളത് കുടിക്കുന്നത് ജലാംശം നിലനിര്ത്താന് സഹായിക്കും. കൂടാതെ വീടിനുള്ളില് വായു സഞ്ചാരം ഉറപ്പാക്കുക. അമിതമായി മധുരം ചേര്ത്തതും കാര്ബണേറ്റഡ് പാനീയങ്ങളും വളരെ സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക. ഇവ നിര്ജലീകരണത്തിന് കാരണമാകാം. തുടര്ച്ചയായി വെയിലേറ്റാല് സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്. പൊള്ളല്, ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്ദിയും, അസാധരണമായ വിയര്പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് കുറയുക, മൂത്രം കടും നിറത്തിലാവുക, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ബോധക്ഷയം എന്നിവ ഉണ്ടായാല് ശ്രദ്ധിക്കണം. വീടിനുള്ളിലെ ചൂടു കുറയ്ക്കാന് ഫാനോ എസിയോ ഉപയോഗപ്പെടുത്താവുന്നതാണ്.
