കേരളത്തോട് കേന്ദ്രം മനപ്പൂര്‍വമായ അവഗണന കാണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂലധന ചെലവിനായി കേരളം നടത്തുന്ന ഉദ്യമങ്ങളെ തുരങ്കം വയ്ക്കാനുള്ള തീവ്ര ശ്രമങ്ങളാണ് പ്രത്യേകിച്ച് കഴിഞ്ഞ 5 വര്‍ഷമായി കണ്ടുവരുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതില്‍ ഏറ്റവും പ്രധാനമാണ് കിഫ്ബി വായ്പകളെ സംസ്ഥാനവായ്പയായി പരിഗണിച്ചു കൊണ്ട് 2021-22 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ കേരളത്തിന്റെ കമ്പോള വായ്പാ പരിധി വെട്ടിക്കുറച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചത് അല്ലെന്നും തിരുത്തൽ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളി നടേശൻ കാറിൽ കയറിയത് മഹാ അപരാധമായി ചിലർ ചിത്രീകരിക്കുന്നു. പമ്പയിൽ പരിപാടി നടക്കുമ്പോൾ വെള്ളാപ്പള്ളിയെ കാറിൽ കയറ്റി. അത് അപരാധം അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, വെള്ളാപ്പള്ളിയുടെ ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങളെ തള്ളാതെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നതിന് പിന്നിൽ സംഘപരിവാർ ശക്തികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരേന്ത്യയിലും പാലക്കാട്ടും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെയുണ്ടായി അക്രമത്തിനെതിരെയായാണ് കടുത്ത പ്രതിഷേധമുയരുന്നത്.കേരളത്തിൽ ഇത്തരം ശക്തികള്‍ തല പൊക്കുന്നത് അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ചില സ്കൂളുകളിൽ ക്രിസ്മസ് ആഘോഷം റദ്ദാക്കിയതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിസി നിയമനത്തിൽ ഗവർണറുമായി ഒത്തുതീർപ്പുണ്ടായ സാഹചര്യം വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ തന്നെ ഫോണിൽ വിളിച്ച് ചർച്ച വേണമെന്ന് ആവശ്യം ഉന്നയിച്ചു. സമവായ നിർദേശം മുന്നോട്ടുവെച്ചത് ഗവർണറാണ്. സർവകലാശാലയിൽ ശാന്തമായ അന്തരീക്ഷം ആഗ്രഹിച്ചാണ് ഇത്തരമൊരു നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ പുതിയ വ്യക്തിഗത രേഖ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം അസ്തിത്വം തെളിയിക്കാന്‍ ജനങ്ങള്‍ പ്രയാസമനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥ പരിഹരിക്കാനാണ് ഈ നീക്കമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നൽകാനാണ് തീരുമാനം. ഈ നാട്ടിൽ ജനിച്ചു ജീവിക്കുന്നയാളാണെന്നോ, സ്ഥിരതാമസക്കാരനാണെന്നോ ആരുടെ മുന്നിലും അനായാസം തെളിയിക്കാന്‍ പ്രാപ്തനാക്കുന്ന തരത്തിലുള്ള കാർഡായിരിക്കും ഇത്. സംസ്ഥാന സര്‍ക്കാരുമായിട്ട് ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റ് സാമൂഹ്യ ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടത്തക്കവിധമുള്ള നിയമ പിന്‍ബലത്തോടുകൂടിയ ആധികാരിക രേഖ ആയിട്ടാകും നേറ്റിവിറ്റി കാര്‍ഡ് നല്‍കുകയെന്നും മുഖ്യമന്ത്രി വിവരിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ നേതൃത്വത്തിൽ കൊല്ലത്ത് കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷിച്ചു. രാജ്യത്ത് ക്രിസ്മസ് കരോളിനെ പോലും വർഗീയ വത്കരിച്ച് കടന്നാക്രമണങ്ങൾ നടക്കുകയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. അത് കേരളത്തിലേക്കും വ്യാപിക്കുകയാണ്. മത നിരപേക്ഷ ആഘോഷങ്ങളിൽ പങ്കുചേരുകയെന്ന കടമയാണ് സിപിഎം നിർവ്വഹിക്കുന്നതെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
ഒറ്റപ്പാലം ലക്കിടിയിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തെ ക്രൂരമായി മർദിച്ച കേസിൽ സിപിഎം പ്രാദേശിക നേതാവ് ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. ലക്കിടി ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് മുൻ അംഗവുമായ അനിൽകുമാർ, സിഐടിയു തൊഴിലാളി വിജിദാസ്, പ്രിൻസ് എന്നിവരാണു പിടിയിലായത്. ലക്കിടി തെക്കുംചെറോട് സ്വദേശിയും പാർട്ടി അംഗവുമായ സുരേന്ദ്രൻ ആക്രമിക്കപ്പെട്ട കേസിലാണ് അറസ്റ്റ്.
വിവാദമായ ‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി പാട്ടിൽ പൊലീസ് കേസെടുത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് സർക്കാരിന്റെ നയമല്ലെന്നും പരാതിയിൽ പൊലീസ് കേസെടുത്തത് സ്വാഭാവിക നടപടി മാത്രമാണെന്നും പിണറായി തിരുവനന്തപുരത്ത് പറഞ്ഞു. കേസ് കേസിന്റെ വഴിക്ക് പോകും. സർക്കാരിന് ഇത്തരം കാര്യങ്ങളിൽ കൃത്യമായ നയമുണ്ട്. ആ നയം ഇത് പോലുള്ള കാര്യങ്ങളെ കേസുകൊണ്ട് നേരിടുക എന്നതല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കൊച്ചി മേയർ തർക്കത്തിന് പിന്നാലെ തൃശൂരിലും മേയർ സ്ഥാനത്തെ ചൊല്ലി തർക്കം. ലാലി ജെയിംസിനും ഡോ നിജി ജസ്റ്റിനുമായാണ് തർക്കം ഉടലെടുത്തത്. ലാലി ജെയിംസ് മേയർ ആവണമെന്ന് ഒരു കൂട്ടം കൗൺസിലർമാർ ആവശ്യപ്പെട്ടപ്പോൾ ഡോ. നിജി ജസ്റ്റിനായി കോൺഗ്രസിൻ്റെ കേന്ദ്ര നേതൃത്വം ഇടപെട്ടു.വിഷയം പാർലമെന്ററി പാർട്ടി യോഗത്തിൽ വോട്ടിനിടാനും സമ്മർദമുണ്ട്.
കണ്ണമ്മൂല വാർഡിൽനിന്ന് സ്വതന്ത്രനായി മത്സരിച്ച് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട പാറ്റൂർ രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഫേയ്സ്ബുക്കിലൂടെ രാജീവ് ചന്ദ്രശേഖർതന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാധാകൃഷ്ണനുമൊത്തുള്ള ചിത്രവും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസിൽ തനിക്കെതിരായ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ആന്റണി ഹൈക്കോടതിയെ സമീപിച്ചു. താൻ ഡ്രൈവർ മാത്രമായിരുന്നെന്നും കുറ്റകൃത്യത്തിൽ പങ്കെടുത്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി.
പാലക്കാട് വാളയാറില്‍ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബത്തിന് സർക്കാർ സഹായം പ്രഖാപിച്ചു. 30 ലക്ഷം രൂപ സഹായം നൽകാനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനെ കള്ളൻ എന്ന് ആരോപിച്ച് ആൾക്കൂട്ടം ക്രൂരമായി മർദിച്ചത്.
പാലക്കാട് പട്ടാമ്പിയിൽ യാത്രക്കിടെ ഇതര സംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്ന് വീണു. പള്ളിപ്പുറം – പട്ടാമ്പി സ്റ്റേഷനുകൾക്ക് ഇടയിലെ ഉരുളാൻപടി എന്ന സ്ഥലത്ത് വെച്ചാണ് തൊഴിലാളി തെറിച്ചുവീണത്. ട്രോമ കെയർ പ്രവർത്തകരുടെ നേതൃത്വത്തിൽ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ ഹർജി നൽകി. നടിയെ ആക്രമിച്ച വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും ഒന്നാം പ്രതിയായ പൾസർ സുനിയുമായി ഗൂഢാലോചനയിൽ പങ്കാളിയായെന്ന് മാത്രമാണ് തനിക്കെതിരായ കുറ്റമെന്നും മാർട്ടിൻ ഹർജിയിൽ പറയുന്നു. സമാന ആരോപണം ഉണ്ടായ എട്ടാംപ്രതി ദിലീപിനെ വെറുതെ വിട്ടു. ദിലീപിനെ വെറുതെവിട്ട അതേ ആനുകൂല്യം തനിക്കും ലഭിക്കണമെന്നും മാർട്ടിൻ ഹർജിയിൽ പറയുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷവും കേരളത്തിൽ സിപിഎമ്മും കോൺഗ്രസും രാജ്യവിരുദ്ധ മനോഭാവം തുടരുകയാണെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. തിരുവനന്തപുരത്ത് വിജയിച്ച ഇടത് കൗൺസിലർ അഖില ജിഎസിന് സത്യപ്രതിജ്ഞാ ചടങ്ങിൽ ജയ് ഹിന്ദ് എന്ന് പറഞ്ഞതുകൊണ്ട് സൈബർ ആക്രമണം നേരിട്ടു. അവർക്ക് മാപ്പ് പറയേണ്ടി വന്നു. ഇത്തരം മാനസികാവസ്ഥയെ കേരളത്തിലെ ജനങ്ങൾ തള്ളിക്കളയുമെന്നും ബിജെപി വലിയ വിജയം നിയമസഭാ തെരഞ്ഞെടുപ്പലിടക്കം നേടുമെന്നും അനിൽ ആന്റണി ദില്ലിയിൽ പറഞ്ഞു.
ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്ഥാനിലെ യുവജന നേതാവ്. ബംഗ്ലാദേശിന്റെ പരമാധികാരത്തിന് ഭീഷണിയുണ്ടായാൽ സൈനികമായി പ്രതികാരം ചെയ്യുമെന്നാണ് പാക് മുസ്ലിം ലീഗിന്റെ യുവജന വിഭാഗ നേതാവായ കമ്രാൻ സയീദ് ഉസ്മാനി പറഞ്ഞത്. ‘പാക് സായുധ സേനയും മിസൈലുകളും വിദൂര’മല്ലെന്ന് ഓർമ്മിക്കണം എന്നാണ് പരാമർശം.
അയോധ്യയിൽ കർണാടക ശൈലിയിലുള്ള രാമവിഗ്രഹം സ്ഥാപിക്കാനൊരുങ്ങുന്നു. ഡിസംബർ 29-ാം തീയതി സന്ത് തുളസീദാസ് ക്ഷേത്രത്തിനടുത്തുള്ള സ്ഥലത്ത് അംഗദ് തിലയുടെ ദിശയിലാണ് വിഗ്രഹം സ്ഥാപിക്കുക.
ഉന്നാവോ അതിജീവിതയ്ക്കും പ്രായമായ മാതാവിനും നേരെ ഉണ്ടായ അതിക്രമത്തിൽ കേന്ദ്രത്തിനെതിരേ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ക്രൂരബലാത്സംഗത്തിനിരയായ പെൺകുട്ടിയോട് ഇത്തരത്തിൽ പെരുമാറുന്നത് ന്യായമാണോ എന്ന് രാഹുൽ ഗാന്ധി എക്സ് പ്ലാറ്റ് ഫോമിൽ കൂടി ചോദ്യമുന്നയിച്ചു.
രാജ്യതലസ്ഥാനത്തെ വായുമലിനീകരണ വിഷയത്തിൽ രൂക്ഷവിമർശനവുമായി ഡൽഹി ഹൈക്കോടതി. നഗരത്തിലെ വായു ഗുണനിലവാര സൂചിക ‘വളരെ മോശം’ മുതൽ ‘ഗുരുതരം’ വരെ രേഖപ്പെടുത്തുന്ന ഗുരുതരമായ പൊതുജനാരോഗ്യ പ്രതിസന്ധിക്കിടെ എയർ പ്യൂരിഫയറുകൾക്കു മേൽ 18 ശതമാനം ജിഎസ്ടി ഈടാക്കുന്നതിനെ കോടതി ചോദ്യംചെയ്തു. ഇവയുടെ നികുതി എന്തുകൊണ്ട് ഉടൻ കുറയ്ക്കാനാകില്ലെന്ന് അടിയന്തരമായി വിശദീകരിക്കാനും കേന്ദ്രസർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
