ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തൽ. പെൺകുട്ടിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളിൽ നിന്ന് വ്യക്തമാണെന്നാണ് ഡിജിറ്റൽ തെളിവുകളടക്കം പരിശോധിച്ച തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി, ജാമ്യാപേക്ഷ തള്ളികൊണ്ട് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
കാസർകോട് ഹൊസ്ദുർഗ് കോടതിയിൽ വൻ പൊലീസ് സന്നാഹം. രാഹുൽ മാങ്കൂട്ടത്തിലിനെ ഇവിടേക്ക് എത്തിക്കുമെന്ന സൂചന നിലനിൽക്കെയാണ് ഇത്തരത്തിൽ ഒരു പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരിക്കുന്നത്. ഡിവൈഎസ്പി സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലാണ് പൊലീസ് സന്നാഹം ഒരുക്കിയിരിക്കുന്നത്.രാഹുൽ എത്തുകയാണെങ്കിൽ ശക്തമായ രീതിയിലുള്ള പ്രതിഷേധ പ്രകടനം നടത്തുമെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്. കോടതിയിലേക്കുള്ള ഗേറ്റ് പൊലീസ് അടച്ചിട്ടിരിക്കുകയാണ്.
രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ പാർട്ടിയുടെ നടപടിയെ അഭിനന്ദിക്കുന്നതായി കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. രാഹുൽ പാർട്ടിയോട് യുദ്ധപ്രഖ്യാപനം നടത്തിയിരുന്നു. അതിനാണ് ഇപ്പോൾ അന്ത്യം കണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ മുഖം വികൃതമാക്കിയ പ്രവൃത്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയത്. രാഹുലിനെതിരെ പറഞ്ഞവർക്കെതിരെ സൈബർ ആക്രമണം ഉണ്ടായി. എന്തൊക്കെ ആക്രമണം വന്നാലും നിലപാട് മാറ്റില്ല എന്നും രാജ്മോഹൻ ഉണ്ണിത്താൻ മാധ്യമങ്ങളോട് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രമാണെന്ന് ഷാഫി പറമ്പിൽ എം പി. രാഹുൽ വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലുമായി വ്യക്തിപരമായി ഉണ്ടായിരുന്ന സൗഹൃദത്തെ പാർട്ടിയിലേക്ക് കൊണ്ട് വന്നിട്ടില്ല. രാഹുലിന്റെ സംഘടന പ്രവർത്തനത്തിലെ മികവ് പരിഗണിച്ചു. വ്യക്തിപരമായി ആരിലേക്കും ചൂഴ്ന്നിറങ്ങിയിട്ടില്ല. ആ സമയത്ത് ക്രിമിനൽ പരാതികൾ ഉണ്ടായിട്ടില്ലെന്നും രാഹുലിനെ രാഷ്ട്രീയമായി മാത്രമാണ് പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പേഴ്സണൽ സ്റ്റാഫും ഡ്രൈവറും കസ്റ്റഡിയിൽ. രാഹുലിന്‍റെ പാലക്കാട്ടെ എംഎൽഎ ഓഫീസിലെ രണ്ടുപേരാണ് കസ്റ്റഡിയിലായിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. രണ്ടുപേരെയും തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതായാണ് സൂചന.
ബലാത്സംഗ കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട് എം എൽ എയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ എം എൽ എ സ്ഥാനം കൂടി രാജിവെക്കണമെന്ന ആവശ്യവുമായി മന്ത്രി വി ശിവൻകുട്ടി. കോൺഗ്രസ് പുറത്താക്കിയ ബലാത്സംഗ കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ യെ ഇനിയും പാലക്കാട് മണ്ഡലം ചുമക്കണോ എന്നാണ് ശിവൻകുട്ടിയുടെ ചോദ്യം. രാഹുലിന്റെ എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജി കോൺഗ്രസ് ചോദിച്ച് വാങ്ങിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.
ലൈംഗിക ആരോപണം വന്നതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനെ കാവ്യനീതിയെന്ന് വിശേഷിപ്പിച്ച് ഡോ. സൗമ്യ സരിൻ. എത്ര മൂടിയാലും സത്യം പുറത്തു വരിക തന്നെ ചെയ്യും, ഇവിടെ അത് വളരെ വേഗത്തിൽ ആയിപ്പോയി എന്നത് അതിന്റെ നൈതികഭംഗി കൂട്ടുന്നതേ ഉള്ളുവെന്നാണ് പാലക്കാട് രാഹുലിനോട് പരാജയപ്പെട്ട പി സരിന്റെ ഭാര്യ കൂടിയായ ഡോ സൗമ്യ ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്.
ബലാത്സംഗ കേസില്‍ പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ പ്രതികരണവുമായി എംവി ഗോവിന്ദൻ. രാഹുലിന്റെ രാജി കേരളം മുഴുവൻ ആവശ്യപ്പെടുന്നെന്നെന്നും കോൺഗ്രസ് നേതൃത്വം ഒന്നടങ്കം ആവശ്യപ്പെടുന്നു, കേട്ടുകേൾവിയില്ലാത്ത പരാതികളാണ് വരുന്നത്.മുകേഷ് അന്നും ഇന്നും പാർട്ടി മെമ്പറല്ലെന്നും മുകേഷിനെതിരെ സംഘടനാ നടപടി എടുക്കാൻ മുകേഷ് സംഘടനയിലില്ല. മുകേഷിനെതിരെ പാർട്ടി കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. കേസിൽ തുടർനടപടി വരുമ്പോൾ നോക്കാം എന്നും എംവി ഗോവിന്ദൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിയെയും പുറത്താക്കിയ കെപിസിസിയുടെ നടപടിയേയും സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. രണ്ടു തീരുമാനങ്ങളും പൊതുസമൂഹത്തിന് സന്തോഷം നൽകുന്നതാണെന്നും രാഹുലിനായി പാർട്ടിയിൽ ഇനി ആരും വാദിക്കരുതെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ധാർമികതയുണ്ടെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്നും പറഞ്ഞു.
ബലാത്സംഗ കേസിൽ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കിയതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുലിനെതിരെ രണ്ടാമത്തെ പരാതി വന്നപ്പോള്‍ തന്നെ അക്കാര്യം പരിശോധിച്ച് നടപടിയെടുക്കാൻ തീരുമാനിച്ചിരുന്നുവെന്നും അത് ഇന്ന് പ്രഖ്യാപിച്ചുവെന്നു മാത്രമേയുള്ളുവെന്നും വിഡി സതീശൻ പറഞ്ഞു. സമാനമായ കേസുകളിൽ ആരോപണ വിധേയരായവര്‍ക്കെതിരെ നടപടിയെടുക്കാൻ സിപിഎമ്മിനെയും വിഡി സതീശൻ വെല്ലുവിളിച്ചു.
ബലാത്സംഗ കേസില്‍ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതോടെ ഹൈക്കോടതിയെ സമീപിക്കാൻ നീക്കവുമായി രാഹുൽ മാങ്കൂട്ടത്തില്‍. ഉത്തരവിന്‍റെ പകർപ്പ് കിട്ടിയാല്‍ തൊട്ടു പിന്നാലെ ഓൺലൈനായി മുൻകൂർ ജാമ്യാപേക്ഷ നൽകാനാണ് ആലോചന. ഹര്‍ജി നാളെ ഉച്ചയോടെ ബെഞ്ചിൽ കൊണ്ടുവരാൻ കഴിയുമോ എന്നും പരിശോധിക്കുന്നുണ്ട്. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ എസ് രാജീവാകും രാഹുൽ മാങ്കൂട്ടത്തിലിനായി ഹാജരാവുക. അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങാനുള്ള നീക്കം രാഹുലിന് ഇല്ല എന്നാണ് വിവരം.
ബലാത്സംഗ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഇത്തരം വിഷയങ്ങളില്‍ പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യമെന്നും കൂടാതെ പൊതുജനങ്ങളുടെ ഇടയിലുള്ള പാർട്ടിയുടെ ഇമേജ് നിലനിർത്തേണ്ടതുണ്ട്. അത്തരം കാര്യങ്ങൾ ആലോചിച്ചാണ് കെപിസിസി ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിരിക്കുന്നത്. അത് എഐസിസി അഗീകരിക്കുകയും ചെയ്തു. എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം രാഹുല്‍ ആണ് തീരുമാനിക്കേണ്ടത് എന്നും പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച് കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം എ ഷഹനാസ്. സ്ത്രീകൾക്ക് ഒപ്പം കോൺഗ്രസ് നിൽക്കുന്ന ഈ ശക്തമായ നിലപാട് അഭിമാനം ഉണ്ടാക്കുന്നു. തന്നെ സാംസ്കാരിക സാഹിതി വാട്സാപ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയ വ്യക്തി തന്നെ തിരിച്ചെടുത്തെന്നും ഷഹനാസ് കുറിച്ചു.
ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നിര്‍ണ്ണായക നീക്കവുമായി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍. വിസി നിയമനത്തിനായി മുഖ്യമന്ത്രിയുടെ ശുപാര്‍ശ തള്ളിയ ഗവര്‍ണര്‍ ഡോ സിസ തോമസിനെയും ഡോ പ്രിയ ചന്ദ്രനെയും വൈസ് ചാന്‍സലര്‍മാരായി ശുപാർശ ചെയ്തു.
കൃത്യമായി ശമ്പളം നൽകുക മാത്രമല്ല, മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജീവനക്കാരെ മന്ത്രിയുടെ ഓഫീസിൽ വിളിച്ച് വരുത്തി അഭിനന്ദിക്കും’ -ഇത് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ വാക്കായിരുന്നു. തിരുവനന്തപുരത്ത് നടന്ന ട്രാൻസ്പോ എക്പോ യുടെ സമയത്തായിരുന്നു തീരുമാനം. മന്ത്രി വാക്കുപാലിച്ചു. കെ എസ് ആർ ടി സി കൊട്ടാരക്കര ഡിപ്പോയിലെ കണ്ടക്ടർ രേഖ കെ മന്ത്രിയുടെ അഭിനന്ദനത്തിനർഹയായി. മൊമെന്റോ നൽകി അനുമോദിച്ച മന്ത്രി ഫെയ്സ്ബുക്കിൽ അഭിനന്ദനക്കുറിപ്പുമിട്ടു.
കെടിയു ഡിജിറ്റൽ സർവകലാശാല വിസി നിയമനം പുതിയ നീക്കവുമായി ചാൻസിലറായ ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍. സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ പ്രിയ ചന്ദ്രനെ നിയമിക്കണമെന്നും കാട്ടി ഗവർണർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. വി സി നിയമനത്തിനായി കോടതി നിയോഗിച്ച ജ. ധൂലിയ സമിതി നൽകിയ രണ്ട് പട്ടികയിലും ഇടം നേടിയവരാണിവരെന്നും ഇതിന് അനുവാദം നൽകണമെന്നാണ് പുതിയ സത്യവാങ്മൂലത്തിലെ ആവശ്യം.
തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ടിന് കീഴിലുള്ള എല്ലാ സർക്കാർ, അർദ്ധ-സർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഉത്തരവായി. ഡിസംബർ 9 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ സ്ഥാപനങ്ങൾക്കും ഡിസംബർ 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർകോട് ജില്ലകളിലെ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
തൃക്കാർത്തികയോടനുബന്ധിച്ച് ശബരിമല സന്നിധാനത്ത് വിളക്കുകൾ തെളിയിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിടപ്പള്ളിയിൽ ആദ്യ കാർത്തിക ദീപം തെളിയിച്ചതോടെ ഈ വർഷത്തെ തൃക്കാർത്തിക വിളക്കിന് തുടക്കമായി. മാളികപ്പുറം, നടപ്പന്തൽ, പാണ്ടിത്താവളം തുടങ്ങിയ ഇടങ്ങളിലും മൺചിരാതുകളിൽ ദീപാലങ്കാരവും പുഷ്‌പാലങ്കാരവും ഉണ്ട്. സന്നിധാനത്തെ സേന വിഭാഗങ്ങളുടെയും ജീവനക്കാരുടെയും നേതൃത്വത്തിലാണ് ദീപങ്ങൾ തെളിയിച്ചത്.
പതിനായിരകണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി ഇൻഡിഗോ വിമാന സർവീസുകൾ രാജ്യവ്യാപകമായി അവതാളത്തിൽ. ഇതുവരെ 321 സർവീസുകൾ റദ്ദാക്കി. സംഭവത്തിൽ ഡിജിസിഎ അന്വേഷണം തുടങ്ങി. ജീവനക്കാർക്ക് അനുകൂലമായ നിയമങ്ങളിൽ ഇളവ് നേടാനുള്ള വിമാന കമ്പനികളുടെ സമ്മർദ തന്ത്രമാണോ ഇതെന്ന് പരിശോധിക്കണമെന്ന് പൈലറ്റുമാരുടെ സംഘടന ആവശ്യപ്പെട്ടു.
അമേരിക്കയിൽ നിന്ന് ഈ വർഷം നാടുകടത്തിയ ഇന്ത്യൻ പൗരന്മാരുടെ എണ്ണം കഴിഞ്ഞ 16 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഈ വർഷം ഇതുവരെ 3,258 ഇന്ത്യക്കാരെ യുഎസ് നാടുകടത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ രാജ്യസഭയെ അറിയിച്ചു. 2009 മുതൽ നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ ആകെ എണ്ണം 18,822 ആണ്.
റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഇന്ത്യയില്‍. വിമാനത്താവളത്തില്‍ എത്തിയ പുടിനെ പ്രധാന മന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു. വളരെ ഊഷ്മളമായ സ്വീകരണമാണ് പുടിന് ലഭിച്ചത്. പുടിന്‍റെ ഇന്ത്യാ സന്ദർശനത്തിന് അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. നിർണായക ചർച്ചകളും തന്ത്രപ്രധാനമായ നിരവധി യോഗങ്ങളും പ്രധാന പ്രഖ്യാപനങ്ങളുമാണ് കൂടിക്കാഴ്ചയില്‍ പ്രതീക്ഷിക്കുന്നത്. 26-27 മണിക്കൂർ പുടിൻ ഇന്ത്യയിൽ ചെലവഴിക്കുന്നുണ്ട്.
കടബാധ്യതയെ തുടർന്ന് പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ് ലേലം ചെയ്യാൻ ഒരുങ്ങി പാകിസ്താൻ. ഡിസംബർ 23ന് ലേലനടപടികൾ നടക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
