മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് ധനസമാഹരണം ലക്ഷ്യമിട്ട് നടത്തിയ മസാല ബോണ്ട് ഇടപാടിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങൾ ലംഘിച്ചു എന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകൻ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നൽകാൻ അവസരമുണ്ട്. കേസിൽ തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചതിൽ വിശദീകരണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഈ വർഷം ജൂൺ 27നാണ് പരാതി ഫയൽ ചെയ്തതെന്നും ഭൂമി വാങ്ങാൻ 466.19 കോടി രൂപ മസാല ബോണ്ടിൽ നിന്ന് വിനിയോഗിച്ചത് ആർബിഐ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് ഇഡിയുടെ വിശദീകരണം.
തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കലാപരിപാടിയാണ് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടിയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി നടത്തുന്ന രാഷ്ട്രീയ കളിയാണിതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, മസാല ബോണ്ട് വഴി സമാഹരിച്ച തുക ഉപയോഗിച്ച് ഭൂമി വാങ്ങിയെന്നാണ് പുതിയ ആരോപണമെന്നും ഈ ആരോപണം തെറ്റാണെന്നും ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
മസാല ബോണ്ടിന് പിന്നില്‍ ധാരാളം ദുരൂഹതകളുണ്ടെന്നും യഥാർത്ഥത്തില്‍ 9.732 ശതമാനം പലിശയ്ക്ക് അന്താരാഷ്ട്ര ഫിനാൻസ് മാർക്കറ്റില്‍ നിന്നും പണം കടമെടുക്കുകയാണുണ്ടായതെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇഡി നോട്ടീസ് അയച്ചത് എന്താണെന്ന കാര്യത്തില്‍ തനിക്ക് ഒരു പിടിയുമില്ലെന്നും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇതുപോലെ ഒരു നോട്ടീസ് വന്നത്. അത് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ഭയപ്പെടുത്തലായിരുന്നു. ഇപ്പോൾ വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത് സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും ഒന്ന് പേടിപ്പിക്കാൻ വേണ്ടിയാണെന്നും വിഡി സതീശൻ പറഞ്ഞു.
മസാല ബോണ്ടുമായി ബന്ധപ്പെട്ട് നോട്ടീസ് വന്നതില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം നീക്കം ഉണ്ടാവാറുണ്ടെന്നും ഇത് ഇഡിയുടെ രാഷ്ട്രീയ കളിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് കിഫ്ബി നേതൃത്വം കൊടുത്തിട്ടുള്ളത്, ഈ കേരളത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ സഞ്ചരിക്കുമ്പോൾ കിഫ്ബിയുടെ നേട്ടങ്ങൾ കാണാം, അതുകൊണ്ട് നോട്ടീസ് വരട്ടെ, ഇതിന് മുമ്പ് വന്ന നോട്ടീസിനുമേല്‍ ഐസക്ക് ചോദിച്ച ചോദ്യത്തിന് ഇതുവരെ ഉത്തരം നല്‍കിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നോട്ടീസ് അയച്ചത് തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് മന്ത്രി വി ശിവൻകുട്ടി. കേരളത്തിലെ വികസനം തടസപ്പെടുത്താനുള്ള നീക്കം നിയമപരമായി നേരിടുമെന്നും സിപിഎമ്മിന് ബിജെപിയുമായോ യുഡിഎഫുമായോ യാതൊരുവിധ ബന്ധവുമില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. കേരളത്തിലെ സിപിഎം നേതാക്കളെ കുടുക്കാൻ ഇഡി കുറെ നാളായി പരിശ്രമം നടത്തുകയാണെന്നും ഈ തെരഞ്ഞെടുപ്പ് സ്റ്റണ്ട് ജനങ്ങള്‍ പുച്ഛിച്ചു തള്ളുമെന്നും തെരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങള്‍ മനപ്പൂര്‍വം കൊണ്ടുവരുകയാണെന്നും ശിവൻകുട്ടി പറഞ്ഞു.
ഇന്ത്യ സഖ്യത്തിലെ മറ്റ് മുഖ്യമന്ത്രിമാർക്കുള്ള ഭീഷണി ഏതായാലും പിണറായിക്ക് ഇല്ലെന്നും, മുഖ്യമന്ത്രിയ്ക്ക് ഇടയ്ക്കിടെ നോട്ടീസ് കിട്ടാറുണ്ട്, ഇലക്ഷൻ അടുക്കുമ്പോൾ ബിജെപി അനുകൂല നിലപാട് എടുപ്പിക്കാനാണെന്നും കെ മുരളീധരൻ. ആര് പൊക്കിയാലും ബി ജെ പി പൊങ്ങില്ലെന്നും ഇടയ്ക്കിടെ പേടിപ്പിക്കും, പിന്നീട് കെട്ടടങ്ങുമെന്നും അദ്ദേഹം പരിഹസിച്ചു.
തന്നെപ്പോലുള്ളവരെ പാർലമെൻറ് അംഗങ്ങളാക്കിയ സാധാരണ പ്രവർത്തകർക്ക് ലഭിക്കുന്ന ഒരു അവസരമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് അവരുടെ കഞ്ഞിയിൽ മണ്ണ് വാരിയിടാൻ ഒരു നേതാവും തയ്യാറാകാൻ പാടില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ. കോൺഗ്രസ് പാർട്ടിക്ക് ഒരു നിലപാടും മൂല്യാധിഷ്ഠിത രാഷ്ട്രീയവും വേണമെന്നും അതിൽനിന്ന് വ്യതിചലിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മുകാരാണ് തന്നെ മഞ്ചേരിയിൽ വളഞ്ഞിട്ട് ആക്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളെ ബിജെപി നിരന്തരമായി കബളിപ്പിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഒരിക്കലും വാഗ്ദാനങ്ങൾ പാലിക്കാത്ത പാർട്ടിയാണ് ബിജെപിയെന്നും പ്രകടന പത്രിക ജനങ്ങളെ കബളിപ്പിക്കാനുള്ള നടപടികൾ മാത്രമാണെന്നും മന്ത്രി പറഞ്ഞു. 2036ലെ ഒളിമ്പിക്സ് വേദികളിലൊന്നായി തിരുവനന്തപുരത്തെ മാറ്റുമെന്ന ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനം കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലെന്ന് വിവരം. കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് ഡിവിആറിൽ നിന്നും ഡിലീറ്റ് ചെയ്തിരിക്കുന്നത്. ഡിവിആർ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അപ്പാർട്ട്മെന്‍റ് കെയർ ടേക്കറെ സ്വാധിനിച്ച് ദൃശ്യങ്ങൾ ഡിലിറ്റ് ചെയ്തെന്നാണ് സംശയം. കെയർ ടേക്കറെ എസ്ഐടി ഇന്ന് ചോദ്യം ചെയ്യും.
ലൈംഗിക പീഡന കേസിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് നിന്ന് മുങ്ങിയത് സിനിമ താരത്തിന്‍റെ കാറിലെന്ന് സംശയം. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിലാണെന്ന വിവരം പൊലീസിന് ലഭിച്ചു. ഇത് സിനിമ താരത്തിന്‍റേതാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ കാര്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിർത്തില്ലെന്ന് രാഹുൽ ഈശ്വർ. പൗഡിക്കോണത്തെ വീട്ടിൽ നിന്നും ലാപ്ടോപ് എടുക്കുന്നതിനായി രാഹുൽ ഈശ്വറിനെ എത്തിച്ചിരിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബർ അധിക്ഷേപം നടത്തിയ കുറ്റത്തിനാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇരക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ന്യായീകരിക്കാൻ സാധിക്കില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. അങ്ങനെ സൈബർ ആക്രമണം നടത്തുന്നവരിൽ കോൺഗ്രസുകാർ ഇല്ലെന്നും ആരെങ്കിലും നടത്തിയിട്ടുണ്ടെങ്കിൽ അവർ കോൺഗ്രസുകാരല്ലെന്നും അദ്ദേഹം പറഞ്ഞു. സന്ദീപ് വാര്യർക്കെതിരായ കേസ് അദ്ദേഹം നേരിടുമെന്നും ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബർ അധിക്ഷേപം നടത്തിയ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്കെതിരെ ഡിജിപിക്ക് പരാതി നൽകി പാലക്കാട് ഡിവൈഎഫ്ഐ. അതിജീവിത നൽകി പരാതിയിൽ ഇന്നലെ സന്ദീപ് വാര്യരുൾപ്പെടെ നാലുപേരെ കേസിൽ പ്രതിയാക്കിയിരുന്നു.
പീഡനക്കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് ഒളിപ്പിച്ചിരിക്കുന്നു എന്ന ആരോപണം ബാലിശമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഒളിപ്പിച്ചു വച്ച സ്ഥലം സിപിഎമ്മിന് അറിയില്ലെങ്കിൽ കൂടെ പോകാൻ താനും തയ്യാറാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. രാഹുൽ, പാർട്ടിയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്നും കോഴിക്കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ സണ്ണി ജോസഫ് പറഞ്ഞു.
രാഹുല്‍ പാലക്കാട്ടുകാരുടെ തലയിൽ കെട്ടിവെച്ച എംഎൽഎയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. മോശം വ്യക്തിയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞിട്ടും രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് കൊണ്ടുവന്നിറക്കി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇപ്പോള്‍ കേസെടുത്തുകൊണ്ടുള്ളത് സര്‍ക്കാരിന്‍റെ നാടകമാണ്. നാലു മാസം മുമ്പ് തന്നെ സര്‍ക്കാരിന് സ്വമേധയാ കേസെടുക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രലയത്തിന്റ നിർദേശ പ്രകാരം ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ് ഭവൻ ഇന്നുമുതൽ ലോക്ഭവ എന്നായിരിക്കും. പിഡബ്ല്യുഡി ഉദ്യോഗസ്ഥരെത്തി രാജ്ഭവനിന്റെ പ്രധാന ഗേറ്റിന് ഇരുവശവുമുള്ള ബോർഡുകൾ അഴിച്ചുമാറ്റി. പേരുമാറ്റം വന്നതോടെ ഇനി മുതൽ ലോക് ഭവൻ എന്നായിരിക്കും ഗവർണറുടെ വസതി അറിയപ്പെടുക. പുതിയ ബോർഡ് നാളെ ഉച്ചയോടെ ആയിരിക്കും സ്ഥാപിക്കുക.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് വീണ്ടും ബോംബ് ഭീഷണി സന്ദേശം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. പാളയം സ്പെന്‍സര്‍ ജങ്ഷനിലുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലും ബോംബ് ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്. ക്ലിഫ് ഹൗസിലേക്ക് രണ്ടാമത്തെ തവണയാണ് ബോംബ് ഭീഷണി സന്ദേശമെത്തുന്നത്.
ശബരിമല സ്വര്‍ണകൊള്ള കേസുമായി ബന്ധപ്പെട്ട് കടകംപ്പള്ളി സുരേന്ദ്രൻ എംഎൽഎ നൽകിയ മാനഷ്ടക്കേസിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ തര്‍ക്ക ഹര്‍ജി സമര്‍പ്പിച്ചു. എന്നാൽ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ തർക്ക ഹര്‍ജിയിൽ പറയുന്നു. പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം, പ്രതിപക്ഷ നേതാവ് ഇനി ഇത്തരത്തിൽ വാർത്താസമ്മേളനം നടത്താൻ പാടില്ല എന്നീ ആവശ്യങ്ങളാണ് കടകംപ്പള്ളി സുരേന്ദ്രന്‍റെ മാനനഷ്ട ഹർജിയിൽ പറയുന്നത്.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ബോർഡിന് വീഴ്ച പറ്റിയതിൽ താൻ മാത്രം എങ്ങനെ പ്രതിയാകുമെന്ന് തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. ബോർഡിലെ മറ്റ് അംഗങ്ങൾ അറിയാതെ താൻ ഒറ്റയ്ക്ക് എങ്ങനെ തീരുമാനമെടുക്കുമെന്നും എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാമ്യ ഹർജിയിലാണ് പത്മകുമാറിന്റെ വാദം. ഹർജി നാളെ കൊല്ലം കോടതി പരിഗണിച്ചേക്കും.
സൂരജ് ലാമയുടെ തിരോധാനത്തിൽ കളമശ്ശേരി മെഡിക്കൽ കോളജിനെതിരെ മകൻ സാന്‍റൻ ലാമ. മാനസിക വെല്ലുവിളി നേരിടുന്ന പിതാവിനെ പോകാൻ അനുവദിച്ചെന്നും ആദ്യം അജ്ഞാതൻ എന്നാണ് രേഖപ്പെടുത്തിയതെന്നും മകൻ ആരോപിച്ചു. പരിശോധന നടത്തിയതിന്‍റെ സമീപത്ത് നിന്നാണ് ഇപ്പൊൾ മൃതദേഹം കിട്ടിയത്. മൃതദേഹം പിതാവിന്‍റെ തന്നെയാണോ എന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന ആവശ്യമാണെന്നും സാന്‍റൻ ലാമ പറഞ്ഞു.
പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ അതിവേഗ വളർച്ചയ്ക്ക് ഊർജമാകുന്നതായിരിക്കണം സമ്മേളനമെന്ന് വ്യക്തമാക്കി.വികസനമാണ് സർക്കാരിന്റെ അജണ്ടയെന്നും വളർച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് എത്തുന്നതിന് സർക്കാരിനൊപ്പം പ്രതിപക്ഷവും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയുടെ അസ്വസ്ഥതയിൽ നിന്ന് പുറത്തു വരണമെന്നും അനാവശ്യ ബഹളമില്ലാതെ നടപടികളോട് സഹകരിക്കണമെന്നും മോദി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.
ശീതകാല സമ്മേളനത്തിൻ്റെ ആദ്യ ദിനത്തിൽ, സഭയിലെ പുതുമുഖങ്ങളും യുവാക്കളുമായ അംഗങ്ങൾക്ക് സംസാരിക്കാൻ അവസരം കിട്ടുന്നത് കുറവാണെന്നും, അവർക്ക് കൂടുതൽ അവസരം നൽകേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഏറെക്കാലമായി തനിക്കുള്ള ആശങ്കയാണിതെന്ന് പറഞ്ഞ പ്രധാനമന്ത്രി, എല്ലാ പാർട്ടികളിൽ നിന്നും യുവ അംഗങ്ങൾക്ക് കൂടുതൽ അവസരം നൽകേണ്ടതുണ്ടെന്നും പറഞ്ഞു.
അമേരിക്കയിലെ കാലിഫോർണിയയിൽ സ്റ്റോക്ക്‌ടണിൽ പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ കുട്ടികൾ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റേ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.ആകെ 14 പേർക്ക് വെടിയേറ്റതായി അധികൃതർ അറിയിച്ചു. കുടുംബങ്ങൾ ഒരുമിച്ച് കൂടിയ ആഘോഷത്തിനിടെ അക്രമി ഹാളിലേക്ക് പ്രവേശിച്ച് വെടിയുതിർക്കുകയായിരുന്നു.
ബിഎൽഒമാരുടെ ആത്മഹത്യയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ്. 30 ബിഎൽഒമാർ ഇതുവരെ രാജ്യത്ത് ജോലിഭാരം താങ്ങാനാകാതെ ആത്മഹത്യ ചെയ്തെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഇന്നലെ യുപിയിൽ ആത്മഹത്യ ചെയ്ത സർവേഷ് സിംഗ് ആത്മഹത്യ ചെയ്യുന്നതിന് മുൻപ് പൊട്ടിക്കരയുന്ന വീഡിയോയും പുറത്ത് വിട്ടു. സംഭവത്തില്‍ അനുശോചിച്ച് ഒരു വാക്ക് പോലും തെരഞ്ഞെടുപ്പ് കമ്മീഷനോ ഗ്യാനേഷ് കുമാറോ പറഞ്ഞില്ലെന്ന് ഷമ മുഹമ്മദ് പ്രതികരിച്ചു.
ആഗോള ക്രൈസ്തവ ഐക്യത്തിന് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപ്പാപ്പ. സഭകൾക്കിടയിലെ തെറ്റുകുറ്റങ്ങളും വീഴ്ചകളും മറക്കാനും സമാധാനത്തിനായി ഒന്നിച്ച് നിൽക്കാനുമാണ് ആഹ്വാനം. ഇസ്രയേൽ – പലസ്തീൻ പ്രശ്നപരിഹാരത്തിന് ദ്വിരാഷ്ട്രം മാത്രമാണ് പോംവഴിയെന്നും മാർപ്പാപ്പ അടിവരയിട്ടു. തുർക്കി, ലെബനൻ സന്ദർശനത്തിനിടെയാണ് മാർപ്പാപ്പയുടെ പ്രഖ്യാപനം.
യു എസ് – യുക്രൈൻ ചർച്ച ഫ്ലോറിഡയിൽ സമവായത്തിലെത്താതെ പിരിഞ്ഞു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ച ഫലപ്രദമായ പാതയിലാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോ പ്രതികരിച്ചു. റഷ്യ-യുക്രൈൻ സമാധാനം പുനഃസ്ഥാപിക്കുക എളുപ്പമല്ലെന്നും, സമാധാന കരാറിനായി ഇനിയും ചർച്ചകൾ തുടരുമെന്നും മാർക്കോ റുബിയോ വ്യക്തമാക്കി.
