പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം പാദസംരക്ഷണം വളരെ പ്രധാനമാണ്. ചെറിയ മുറിവു പോലും ആരോഗ്യ അവസ്ഥ വഷളാക്കാം. പ്രമേഹം ബാധിക്കുന്നതോടെ പാദത്തിലേക്കുള്ള രക്തയോട്ടം കുറയുന്നു. അങ്ങനെ പാദങ്ങളില്‍ മരവിപ്പ് ഉണ്ടാകുന്നു. പ്രാരംഭ ഘട്ടത്തില്‍ വേദന ഉണ്ടാകില്ല, പക്ഷേ അത് ക്രമേണ വര്‍ദ്ധിക്കുകയും നിങ്ങളുടെ കാലുകളിലേക്ക് വ്യാപിക്കുകയും ചെയ്യും. ചികിത്സിച്ചില്ലെങ്കില്‍ അത് കാല് മുറിച്ചുമാറ്റുന്നതിലേക്ക് വരെ നയിച്ചേക്കാം. നല്ല പാദ സംരക്ഷണം നിങ്ങളുടെ വേദനയും കാലിലെ ഗുരുതരമായ പ്രശ്നങ്ങളും തടയും. പ്രമേഹ രോഗികള്‍ പാദങ്ങളുടെ സ്വയം പരിചരണം ദിവസേന ഉറപ്പുവരുത്തണം. ദിവസവും പാദങ്ങള്‍ പൂര്‍ണ്ണമായി, വിരലുകള്‍ക്കിടയില്‍ ഉള്‍പ്പെടെ ഏതെങ്കിലും തരത്തിലുള്ള മുറിവുകള്‍, കുമിളകള്‍, ചുവപ്പ് നിറം അല്ലെങ്കില്‍ നീര്‍വീക്കം എന്നിവയുണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടുക. ഇളം ചൂടുവെള്ളവും വീര്യം കുറഞ്ഞ സോപ്പും ഉപയോഗിച്ച് പാദങ്ങള്‍ പൂര്‍ണമായും വൃത്തിയായും കഴുകുക. കോട്ടണ്‍ തുണി ഉപയോഗിച്ച് കാല്‍പാദങ്ങളിലെ ഈര്‍പ്പം, നനവ് എന്നിവ ഒപ്പിയെടുക്കാം. ഇത് ഫംഗസ് വളര്‍ച്ച തടയാന്‍ സഹായിക്കും. പ്രത്യേകിച്ച് കാല്‍വിരലുകള്‍ക്കിടയില്‍. ഈര്‍പ്പം നിലനിര്‍ത്തുന്നതിന് പാദങ്ങളുടെ മുകളിലും അടിയിലും ലോഷന്‍ പുരട്ടാം. എന്നാല്‍ വിരലുകള്‍ക്കിടയില്‍ പുരട്ടുന്നത് ഒഴിവാക്കുക. പാദങ്ങള്‍ക്ക് കൃത്യമായി പാകമാകുന്നതും, സപ്പോര്‍ട്ട് നല്‍കുന്നതും, മുന്‍ഭാഗം അടഞ്ഞതുമായ ഷൂസുകള്‍ തിരഞ്ഞെടുക്കുക. വീടിനകത്ത് പോലും നഗ്‌നപാദരായി നടക്കരുത്. പ്രമേഹം മൂലമുള്ള പാദത്തിലെ വ്രണങ്ങള്‍ക്ക് വിദഗ്ദ്ധ ചികിത്സ ആവശ്യമാണ്.
പാദസംരക്ഷണം പ്രമേഹരോഗികളില്‍
