Untitled design 20250112 193040 0000 1

 

 

സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 30ന് കൂടി പൊതു അവധി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. നിലവിൽ ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ സംസ്ഥാനത്ത് പൊതു അവധിയാണ്. അതിന് പുറമെയാണ് 30ന് കൂടി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും സംസ്ഥാനത്ത് നെഗോഷ്യബിൾ ഇൻസ്ട്രമെൻ്റ് ആക്ട് പ്രകാരം പ്രവർത്തിയ്ക്കുന്ന സ്ഥാപനങ്ങൾക്കും, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുർഗ്ഗാഷ്ടമി ദിവസമായ 2025 സെപ്റ്റംബർ 30 ചൊവ്വാഴ്ച പൊതുഅവധി ആയിരിക്കും.

 

മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്‌സ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് തിരുവനന്തപുരം ശംഖുമുഖം, എറണാകുളം കസ്തൂര്‍ബാ നഗര്‍, കോഴിക്കോട് ബീച്ച്, മലപ്പുറം കോട്ടക്കുന്ന് എന്നീ സ്ഥലങ്ങളില്‍ ഫുഡ് സ്ട്രീറ്റുകള്‍ സജ്ജമായി. എറണാകുളത്തെ ഫുഡ് സ്ട്രീറ്റിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 27 ശനിയാഴ്ച വൈകുന്നേരം 6.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

 

ഐഎൻഎലിനെതിരെ വി ഡി സതീശൻ നടത്തിയത് തരംതാണ പ്രസ്താവനയെന്ന് അഹമ്മദ്‌ ദേവർകോവിൽ. വി ഡി സതീശൻ കേരള രാഷ്ട്രീയത്തിൽ കോമാളിയായി മാറിയിരിക്കുന്നു. ചരിത്രം അറിയാത്തത് കൊണ്ടാണ് സതീശൻ ഐ എൻ എല്ലിനെ കുറ്റം പറയുന്നത്. സ്ത്രീ പീഡകരെ കൊണ്ടുനടക്കുന്ന കോൺഗ്രസ്സാണ് ഐഎൻഎല്ലിനെ കുറ്റം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലാണ് മൃ​ഗസംരക്ഷണ വകുപ്പ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ എൻ.ഐ.എച്ച്.എസ്.എ.ഡി. ‌ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ രോഗവ്യാപനം തടയുന്നതിനുള്ള ദ്രുത കർമ്മ സേന (റാപ്പിഡ് റെസ്പോൺസ് ടീം) പ്രവർത്തനം ആരംഭിച്ചു.

 

എയിംസിൽ ബിജെപിക്കുള്ളിൽ ആശയക്കുഴപ്പമില്ലെന്നും എയിംസ് കേരളത്തിൽ വരണമെന്നതാണ് പാര്‍ട്ടി നിലപാടെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു. എയിംസ് വിഷയത്തിൽ ഒറ്റക്കെട്ടായ നിലപാടാണ് പാർട്ടിക്കുള്ളതെന്നും പികെ കൃഷ്ണദാസ് പറഞ്ഞു. ബിജെപി കൗൺസിലർ അനിൽ കുമാറിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ടും പികെ കൃഷ്ണദാസ് പ്രതികരിച്ചു.

 

 

കസ്റ്റംസിന്‍റെ ഓപ്പറേഷൻ നുംഖോറിൽ കൊച്ചിയിൽ നിന്ന് കാര്‍ പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരി. ഫേസ് ബുക്ക്‌ മാർക്കറ്റ് പ്ലേയ്സിൽ പരസ്യം കണ്ടാണ് വണ്ടി വാങ്ങിയതെന്ന് കാര്‍ ഉടമ മാഹിൻ അൻസാരി പറഞ്ഞു. താൻ നൽകിയ രേഖകളിൽ വാഹനം തന്നവര്‍ ക്രമക്കേട് നടത്തിയെന്നും താൻ കബളിപ്പിക്കപ്പെട്ടുവെന്നും മാഹിൻ പറഞ്ഞു.തനിക്ക് വാഹനം തന്നവരുടെ വിവരങ്ങൾ കസ്റ്റംസിന് കൈമാറിയെന്നും മാഹിൻ അൻസാരി പറഞ്ഞു.

 

തമ്പാനൂർ റെയിൽവേ പാഴ്സൽ ഓഫീസിന് മുന്നിലുള്ള നടപ്പാതയിൽ പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സി. ഓഫീസ്, നഗരസഭയുടെ സ്ഥലം അതിക്രമിച്ച് കയറി നിർമ്മിച്ചതാണെങ്കിൽ അത് ഒഴിപ്പിക്കുന്നതിന് നിയമാനുസരണം നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ഉത്തരവ് ലഭിച്ച് ആറാഴ്ചക്കുള്ളിൽ നഗരസഭാ സെക്രട്ടറി നടപടികൾ പൂർത്തിയാക്കണമെന്നും ഉത്തരവിൽ പറഞ്ഞു. അപകടം കൂടാതെ സഞ്ചരിക്കാൻ നിർമ്മിച്ച നടപ്പാത കൈയേറി കെ.എസ്.ആർ.ടി.സി. ഓഫീസ് നിർമ്മിച്ചതിനെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി.

 

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബ‍ർ ആക്രമണക്കേസിൽ കെഎം ഷാജഹാന് ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് കെഎം ഷാജഹാന് ജാമ്യം അനുവദിച്ചത്. അറസ്റ്റിൽ പൊലീസ് നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. 25000 രൂപയുടെ ബോണ്ട് അടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിറങ്ങിയശേഷം തെളിവുകള്‍ നശിപ്പിക്കരുതെന്നും സമാനമായ കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

 

സിപിഎം നേതാവ് കെ.ജെ. ഷൈനിനുനേരേ സൈബര്‍ അധിക്ഷേപം നടത്തിയെന്ന കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി യൂട്യൂബറും അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെ.എം.ഷാജഹാന്‍. തന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ ഷാജഹാന്‍ ഒരു കുറ്റവും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പറഞ്ഞു.

 

 

ഓണ്‍ലൈൻ തട്ടിപ്പിലൂടെ യുവതിയിൽ നിന്നും 32 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ. കോഴിക്കോട് മുട്ടഞ്ചേരി സ്വദേശി അബ്ദുൾ ഫത്താഹാണ് അറസ്റ്റിലായത്. ടെലിഗ്രാമിലൂടെ പാർട്ട് ടൈം ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഡോക്ടറായ യുവതിയിൽ നിന്നും ഇയാൾ പണം തട്ടിയത്. വ്യാജ വെബ് പോർട്ടലിൽ യുവതിയെ രജിസ്റ്റർ ചെയ്യിച്ചാണ് പ്രതി 32 ലക്ഷം തട്ടിയെടുത്തത്. തട്ടിയെടുത്ത പണം ഹവാല ഇടപാടിനായി ഉപയോഗിച്ചെന്നാണ് പൊലീസിന്‍റെ നിഗമനം.

 

എന്‍എസ് എസ് പിന്തുണ എൽഡിഎഫിന്‍റെ മൂന്നാം വരവിന് ഗുണം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. എല്ലാ ജനവിഭാഗത്തിന്‍റെയും പിന്തുണയുടെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വോട്ടും ഇടതുമുന്നണിക്ക് വേണമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.

 

തെക്കൻ, മധ്യ കേരളത്തിൽ കനത്ത മഴ തുടരുന്നതിനിടെ നാളെ വടക്കൻ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

 

റഷ്യൻ എണ്ണ വാങ്ങിയതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് പിഴ ചുമത്തിയതിന് പിന്നാലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോട് യുക്രൈൻ യുദ്ധ തന്ത്രം വിശദീകരിക്കാൻ ആവശ്യപ്പെട്ടുവെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടിന്റെ പ്രസ്താവനക്കെതിരെ ഇന്ത്യ രം​ഗത്ത്. മാർക്ക് റുട്ടിന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് നാറ്റോക്കെതിരെ ഇന്ത്യ രം​ഗത്തെത്തിയത്.

 

പശ്ചിമ ബംഗാളിലെ ബിർഭൂമിൽ നിന്ന് രണ്ട് സ്ത്രീകളെയും അവരുടെ കുടുംബങ്ങളെയും ബംഗ്ലാദേശിലേക്ക് നാടുകടത്തിയ കേന്ദ്രസർക്കാർ തീരുമാനം കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി. നാടുകടത്തൽ നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ കോടതി, മൂന്ന് കുട്ടികൾ ഉൾപ്പെടെ ആറ് പേരെയും ഒരു മാസത്തിനുള്ളിൽ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ ഉത്തരവിട്ടു. ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്യണമെന്ന കേന്ദ്രത്തിന്റെ അപേക്ഷയും കോടതി തള്ളി.

 

സല്‍മാന്‍ റുഷ്ദിയുടെ ദി സാത്താനിക് വേഴ്‌സസ് എന്ന പുസ്തകം നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഹര്‍ജിക്കാര്‍ ഹൈക്കോടതി വിധിയെ വെല്ലുവിളിക്കുകയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കഴിഞ്ഞവർഷം നവംബറിലാണ് ഇന്ത്യൻ വംശജനായ ഇംഗ്ലീഷ് എഴുത്തുകാരനും ബുക്കർ പ്രൈസ് പുരസ്കാര ജേതാവുമായ സൽമാൻ റുഷ്ദിയുടെ ദി സാത്താനിക് വേഴ്സസിന്റെ നിരോധനം ദില്ലി ഹൈക്കോടതി എടുത്തുകളഞ്ഞത്.

 

സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരായ ലൈംഗികാതിക്രമ കേസിലെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി. ദില്ലി പട്യാല ഹൗസ് കോടതിയിലാണ് മുൻകൂർ ജാമ്യ അപേക്ഷ സമർപ്പിച്ചിരുന്നത്. പ്രതി നിരവധി കേസുകളിൽ പ്രതിയാണെന്നും ഒളിവിൽ കഴിയുകയാണെന്നും പൊലീസ് കോടതിയിൽ വാദിച്ചു. തുടർന്നാണ് ജാമ്യാപേക്ഷ തള്ളിയത്.

 

ഉത്തർപ്രദേശ് ബറേലിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം നടന്ന ‘ഐ ലവ് മുഹമ്മദ്’ ക്യാമ്പയിന്‍ അക്രമാസക്തമായി. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തി ചാർജ് നടത്തി. അല ഹസ്രത്ത് ദർഗ, ഐഎംസി മേധാവി മൗലാന തൗഖീർ റാസ ഖാന്റെ വീടിന് പുറത്ത് ഐ ലവ് മുഹമ്മദ് എന്ന പ്ലക്കാർഡുകളുമായി പ്രതിഷേധക്കാർ ഒത്തുകൂടി.ജനക്കൂട്ടം ഐ ലവ് മുഹമ്മദ് മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയതോടെയാണ് സംഘർഷം ഉണ്ടായത്. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ പൊലീസ് ലാത്തി ചാർജ് നടത്തി.

 

ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ അംഗീകാരമില്ലാതെ പ്രവർത്തിച്ചിരുന്ന ഒരു മദ്രസയിലെ ടോയ്‌ലറ്റിനുള്ളിൽ 9നും 14നും ഇടയിൽ പ്രായമുള്ള 40 പെൺകുട്ടികളെ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. മദ്രസയുടെ രേഖകൾ പരിശോധിക്കുകയും സ്ഥാപനം അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. കുട്ടികളെ സുരക്ഷിതമായി വീടുകളിലേക്ക് അയക്കാൻ മാനേജ്‌മെന്റിന് നിർദ്ദേശം നൽകിയെന്നും എല്ലാവരും വീട്ടിൽ തിരിച്ചെത്തിയതായും മുഹമ്മദ് ഖാലിദ് അറിയിച്ചു

 

ബെംഗളൂരുവിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിപ്രോ സ്ഥാപകനും ചെയർമാനുമായ അസിം പ്രേംജിയുടെ സഹായം തേടിയ കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. റോഡുകളിലെ കുഴികൾ അടയ്ക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഭിക്ഷ യാചിക്കുന്നതായി ബിജെപി പറഞ്ഞു. തന്റെ കമ്പനിയുടെ കാമ്പസ് പൊതുഗതാഗതത്തിനായി തുറന്നുകൊടുക്കാനുള്ള മുഖ്യമന്ത്രിയുടെ ആവശ്യം അസിം പ്രേംജി തള്ളിയതിനെ തുടർന്നാണ് ബിജെപിയുടെ വിമർശനം.

 

നാല് പേര്‍ കൊല്ലപ്പെട്ട ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ സമര നേതാവ് സോനം വാങ് ചുക്ക് അറസ്റ്റില്‍. ദേശസുരക്ഷ നിയമ പ്രകാരമുള്ള അറസ്റ്റില്‍ കലാപത്തിലേക്ക് ജനങ്ങളെ പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇതിനിടെ ലഡാക്കിലെ പ്രതിഷേധക്കാരുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം നാളെ ചര്‍ച്ച നടത്തും. കേന്ദ്രസര്‍ക്കാര്‍ അവഗണനക്കെതിരെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രതിഷേധക്കാര്‍ക്കൊപ്പം സോനം വാങ് ചുക്ക് പ്രതികരിച്ചിരുന്നു.

 

കൂട്ടക്കുരുതിയെയും നിലവിലെ ആക്രമണങ്ങളെയും ന്യായീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗം ബഹിഷ്കരിച്ച് നിരവധി രാജ്യങ്ങൾ. യുഎൻ ജനറൽ അസംബ്ലിയിൽ നെതന്യാഹു പ്രസംഗിക്കുമ്പോൾ നിരവധി നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഹാൾ വിട്ടുപോയതോടെ വേദി ഏതാണ്ട് ഒഴിഞ്ഞ നിലയിലായിരുന്നു. അതേസമയം, ഹമാസിൻ്റെ ഭീഷണിയില്ലാതാകും വരെ യുദ്ധം തുടരുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചു.

 

യുഎന്നിൽ ട്രംപിനെ പുകഴ്ത്തി പാകിസ്ഥാൻ. ഇന്ത്യ -പാക്കിസ്ഥാൻ വെടിനിർത്തൽ സാധ്യമാക്കിയത് പ്രസിഡന്റ് ഡോണൾഡ് ട്രംപാണെന്നും അദ്ദേഹത്തിന്റെ ധീരമായ ഇടപെടൽ യുദ്ധം അവസാനിപ്പിച്ചു എന്നുമാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് യുഎന്നിൽ പ്രസ്താവന നടത്തിയത്. വിജയിച്ചത് പാക് സൈന്യമെന്നും പ്രധാനമന്ത്രി അവകാശ വാദമുന്നയിച്ചു. ട്രംപിനെ നൊബേൽ സമ്മാനത്തിന് പാക്കിസ്ഥാൻ നാമനിർദേശം ചെയ്തു. ഈ പുരസ്‌കാരത്തിന് ഏറ്റവും അർഹനായ വ്യക്തിയാണെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു.

 

വൈറ്റ് ഹൗസിലെത്തിയ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും സ്വാഗതം ചെയ്ത് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ‘മഹാനായ നേതാക്കളെ’ന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഇരുവരെയും ട്രംപ് സ്വാഗതം ചെയ്തത്. പാകിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധം അടുത്തിടെ വളരെയധികം മെച്ചപ്പെട്ടതിൻ്റെ സൂചനയായാണ് ഈ കൂടിക്കാഴ്ചയെ വിലയിരുത്തുന്നത്.

 

ഇന്ത്യക്കും കാനഡ ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കവുമായി കാനഡയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് താലി ഡ്രൂയിന്‍ ഇന്ത്യയിലെത്തി. രാജ്യങ്ങൾക്കിടയിലുണ്ടായ ആശങ്കകള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും പുതിയ മാര്‍ഗം കണ്ടെത്തിയതായി നതാലി നതാലി ഡ്രൂയിന്‍ പറഞ്ഞു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *