പാര്‍വതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തില്‍ എത്തുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പാര്‍വതിയും വിജയരാഘവനുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. 11 ഐക്കണ്‍സിന്റെ ബാനറില്‍ അര്ജുന് സെല്‍വ നിര്‍മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പാര്‍വതിക്കും വിജയരാഘവനും പുറമെ, മാത്യു തോമസും ചിത്രത്തിലെ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിദ്ധാര്‍ഥ് ഭരതന്, ഉണ്ണിമായ, അസീസ് നെടുമങ്ങാട് തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തിലെയും തമിഴിലെയും പ്രശസ്ത താരങ്ങള്‍ കൂടി ചിത്രത്തില്‍ അണിചേരും. ഒരു പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ത്രില്ലര്‍ സിനിമയുടെ തിരക്കഥ നിര്‍വഹിക്കുന്നത് പി. എസ്.സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേര്‍ന്നാണ്. ‘ലോക’ എന്ന സിനിമക്ക് ശേഷം ചമന്‍ ചാക്കോ എഡിറ്റിങ്ങും ‘രേഖാചിത്രം’ എന്ന സിനിമക്ക് ശേഷം അപ്പു പ്രഭാകര്‍ ക്യാമറയും മുജീബ് മജീദ് സംഗീതവും നിര്‍വഹിക്കുന്നു.