ആഗോള അയ്യപ്പ സംഗമം സുപ്രധാന പരിപാടിയെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ. പരിപാടിയെ വിഭാഗീയമായി കാണേണ്ടതില്ലെന്നും വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വി എൻ വാസവൻ ചൂണ്ടിക്കാട്ടി. കേസുകൾ പിൻവലിക്കുന്നതിൽ പിടിവാശിയില്ല. കോടതിയിൽ വരുമ്പോൾ ആവശ്യമായ നടപടിയെടുക്കും. സമയം വരുമ്പോൾ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ഒഡിഷ തീരത്തിന് സമീപം ശക്തി കൂടിയ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അതിനാൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജുകളും നഴ്‌സിംഗ് കോളേജുകളും യാഥാര്‍ത്ഥ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയതോടെയാണ് ഇത് സാധ്യമായത്. പത്തനംതിട്ട, ഇടുക്കി മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ 4 മെഡിക്കല്‍ കോളേജുകള്‍ക്കാണ് അനുമതി ലഭിച്ചത്.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്ഥിരം ജീവനക്കാര്‍ക്ക് 2025 ലെ ഉത്സവബത്തയായി 7,000 രൂപ വീതവും താല്‍ക്കാലിക ജീവനക്കാര്‍ക്ക് പരമാവധി 3,500 രൂപയും അനുവദിക്കും. ഉത്സവബത്ത നല്‍കാന്‍ മതിയായ വരുമാനം ഇല്ലാത്ത ഗ്രേഡ് മൂന്ന്, ഗ്രേഡ് നാല് ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് കൂടി ആനുകൂല്യം ലഭ്യമാക്കും.
കശുവണ്ടി കുംഭകോണ അഴിമതി ആരോപണത്തില്‍ വിജിലന്‍സ് തുടര്‍നടപടി എടുക്കാത്തതിനെതിരായ പൊതുതാല്‍പര്യ ഹര്‍ജിയിൽ ഹൈക്കോടതി ഉത്തരവ്. ആരോപണവിധേയമായ തോട്ടണ്ടി പരിശോധിക്കാന്‍ ഏജന്‍സികള്‍ക്ക് കഴിയുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ജസ്റ്റിസ് ശ്യാംകുമാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാതി നൽകി വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ച് അഡ്വ. എം. മുനീറിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. 15 ദിവസത്തിനകം ആരോപണങ്ങൾ പിൻവലിച്ച് മാപ്പുപറയുകയും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്തില്ലെങ്കിൽ സിവിൽ-ക്രിമിനൽ നടപടികൾ നേരിടേണ്ടി വരുമെന്ന് വക്കീൽ നോട്ടീസിൽ പറയുന്നു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുദേവൻ്റെ ആശയങ്ങൾ വെള്ളാപ്പള്ളി പകർത്തി. വെള്ളാപ്പള്ളിയുടെ കാലത്ത് എസ്എൻഡിപി യോഗം സാമ്പത്തിക ഉന്നതിയിലേക്ക് ഉയർന്നുവെന്നും വെള്ളാപ്പള്ളിയുടേത് മാതൃകാപരമായ പ്രവർത്തനമാണെന്നും പിണറായി വിജയൻ പറഞ്ഞു. ശ്രീനാരായണീയം കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ശ്രീനാരായണ ഗുരു ആലുവയിൽ സർവമത സമ്മേളനം നടത്താൻ കാരണം മാപ്പിളലഹളയാണെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാപ്പിളമാർ ഹിന്ദുമതത്തിലുള്ളവരെ കൊന്നൊടുക്കുന്നത് കണ്ടതുകൊണ്ടാണ് എല്ലാ മതത്തിന്റെയും ആശയം ഒന്നാണെന്ന് പഠിപ്പിക്കാൻ വേണ്ടി സർവ്വമത സമ്മേളനം ഗുരു നടത്തിയത്. ഈ മാപ്പിള ലഹളയെ പറ്റി കുമാരനാശാൻ കവിത എഴുതിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. കുമാരനാശാന്റെ ദുരവസ്ഥ കവിത ഉദ്ധരിച്ചായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് നിയമനം വൈകുന്നതിനെതിരെ വിമർശനവുമായി സംസ്ഥാന സെകട്ടറി ജഷീർ പള്ളി വയൽ. പ്രസിഡന്റിനെ ഉടൻ പ്രഖ്യാപിക്കണമെന്ന് ജഷീർ പള്ളി വയൽ ഫേസ് ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയാണെന്നും ജഷീർ പള്ളി വയൽ പോസ്റ്റിൽ വിമർശിക്കുന്നു.
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദിച്ച സംഭവത്തിൽ ഡിജിപിക്കു റിപ്പോർട്ട് നൽകി തൃശൂർ ഡിഐജി ഹരിശങ്കർ. ക്രൂരമർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്ന സാഹചര്യത്തിലാണ് നടപടി. പരാതി ഉയർന്ന അന്ന് തന്നെ നടപടി എടുത്തെന്നു റിപ്പോർട്ടിൽ പറയുന്നു. നാലു ഉദ്യോഗസ്ഥർക്കും രണ്ട് വർഷത്തെ ഇൻക്രിമെന്റ് കട്ട് ചെയ്യുകയും സ്റ്റേഷനിൽ നിന്ന് സ്ഥലം മാറ്റുകയും ചെയ്തു എന്നാണ് റിപ്പോർട്ടിലുള്ളത്. കൈകൊണ്ട് ഇടിച്ചു എന്ന കുറ്റം മാത്രമേ ഉള്ളൂ എന്ന് റിപ്പോർട്ടിൽ പറയുന്നു.
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദിച്ച സംഭവത്തിൽ പ്രതികരണവുമായി മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ. പ്രസ്ഥാനത്തിനും ഈ നാടിനും വേണ്ടി നിരവധി യൂത്ത് കോൺഗ്രസുകാരാണ് ഇക്കാലയളവിൽ പൊലീസിന്റെ ക്രൂര മർദ്ദനങ്ങൾക്കു ഇരയായതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.വിവാദങ്ങൾക്കിടെ ഏറെ ദിവസത്തെ നിശബ്ദതയ്ക്ക് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിക്കുന്നത്.
തൃശൂർ ചൊവ്വന്നൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുജിത്തിനെ രണ്ടുവർഷം മുമ്പ് കുന്നംകുളം പോലീസ് സ്റ്റേഷനിൽ അതിക്രൂരമായി മർദ്ദിച്ച ഉദ്യോഗസ്ഥരെ, മർദ്ദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഉടനടി സർവീസിൽ നിന്നും പിരിച്ചു വിടണമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.ദൃശ്യങ്ങളിൽ കാണുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉടൻ തന്നെ അടിയന്തര ശിക്ഷാ നടപടികൾ സ്വീകരിക്കണം.അല്ലാത്ത പക്ഷം അവർക്ക് അധികം താമസിയാതെ കണക്ക് പറയേണ്ടിവരുമെന്നും – രമേശ് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടർന്ന് നെഞ്ചിൽ ഗൈഡ് വയർ കുരുങ്ങിയ സുമയ്യ മെഡിക്കൽ ബോർഡിന് മുമ്പാകെ മൊഴി നൽകി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു തെളിവെടുപ്പ്. കാർഡിയോളജി, ന്യൂറോളജി, അനസ്തീഷ്യ വിഭാഗത്തിൽ നിന്നുള്ള കൂടുതൽ വിദഗ്ധരെ ഉൾപ്പെടുത്തി വിപൂലീകരിച്ച സമിതിയാണ് സുമയ്യയുടെ മൊഴി രേഖപ്പെടുത്തിയത്.ഗൈഡ് വയർ പുറത്തെടുക്കാൻ കഴിയുമോ എന്ന കാര്യത്തിൽ വീണ്ടും പരിശോധന നടത്തുമെന്ന് മെഡിക്കൽ ബോർഡ് അറിയിച്ചതായി സുമയ്യ മാധ്യമങ്ങളോട് പറഞ്ഞു.
ധർമസ്ഥല വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയെ മൂന്നുദിവസത്തേക്ക് കൂടി എസ്ഐടി കസ്റ്റഡിയിൽ വിട്ടു. സെപ്റ്റംബർ 6 വരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന എസ്ഐടി വാദം പരിഗണിച്ചാണ് നടപടി.അതേ സമയം ധർമസ്ഥല വെളിപ്പെടുത്തലിന് പിന്നിൽ ആസൂത്രിത ഗൂഢാലോചന എന്ന സംശയത്തിലാണ് എസ്ഐടി. ചിന്നയ്യയുടെത് ഉൾപ്പെടെ എസ്ഐടി സംഘം പിടിച്ചെടുത്ത 6 ഫോണുകളിൽ നിന്നാണ് ഇതുസംബന്ധിച്ച സൂചനകൾ ലഭിച്ചത്.
ഫെഡറൽ അവകാശങ്ങളും നിയമ നിർമാണാധികാരങ്ങളുമില്ലാത്ത കേവലം നഗരസഭകളാക്കി സംസ്ഥാനങ്ങളെ മാറ്റരുതെന്ന് പ്രതിപക്ഷ സംസ്ഥാനങ്ങൾ സുപ്രീംകോടതിയിൽ. രാഷ്‌ട്രപതിയുടെ റഫറൻസിനെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന പശ്ചിമ ബംഗാൾ, കർണാടക, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങൾ എതിർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മക്കെതിരായ അസഭ്യ മുദ്രാവാക്യത്തിൽ പ്രതിഷേധം കടുപ്പിക്കാൻ ബി ജെ പി തീരുമാനം. രാഹുൽ ഗാന്ധി നയിച്ച് വോട്ടർ അധികാർ യാത്രക്കിടെ ബിഹാറിൽ ഉയർന്ന അസഭ്യ മുദ്രാവാക്യത്തിൽ രാഹുൽ ഗാന്ധിയും തേജസ്വി യാദവും മാപ്പ് പറയണമെന്നതാണ് ആവശ്യം. ഇതിന്‍റെ ഭാഗമായി നാളെ ബിഹാറിൽ എൻ ഡി എ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) പാർട്ടിയിൽ നിന്നും കെ. കവിത രാജിവെച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വവും എം.എൽ.സി സ്ഥാനവും രാജിവെച്ചതായി കവിത അറിയിച്ചു. പാർട്ടി സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് കവിതയുടെ രാജി. നിയമസഭാ കൗൺസിൽ ചെയർമാന് രാജിക്കത്ത് നൽകിയ അവർ, പാർട്ടിയിലെ പ്രാഥമിക അംഗത്വവും ഉപേക്ഷിക്കുന്നതായി അറിയിച്ചു. പാർട്ടി നടപടി വേദനാജനകമെന്ന് കെ.കവിത പ്രതികരിച്ചു.
ഭീകരതക്കെതിരെയുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് പൂർണ്ണ പിന്തുണ അറിയിച്ച് ജർമ്മനി. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ജർമ്മൻ വിദേശകാര്യമന്ത്രി ജൊഹൻ വാദഫുലും ചേർന്ന് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് തീരുമാനം. ഇന്ത്യയ്ക്കും ജർമ്മനിയ്ക്കും ഇടയിലെ വ്യാപാരം ഇരട്ടിയാക്കും. ജർമ്മൻ കമ്പനികൾക്ക് ഇന്ത്യയിൽ പ്രത്യേക പരിഗണന നൽകുമെന്നും എസ് ജയശങ്കർ അറിയിച്ചു.
ഗർഭിണികളായ സ്ത്രീകൾക്ക് മികച്ച സൗകര്യങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് അശ്ലീല മറുപടിയുമായി കോൺഗ്രസ് എംഎൽഎ. ഉത്തര കന്നടയിലെ ഹലിയാൽ മണ്ഡലത്തിലെ എംഎൽഎയായ ആർ വി ദേശ്പാണ്ഡെയാണ് മാധ്യമ പ്രവർത്തകയ്ക്കെതിരെ അശ്ലീല പരാമർശം നടത്തിയത്. സ്ത്രീകളുടെ അന്തസ് ഹനിക്കുന്ന രീതിയിലുള്ള സംസാരമായിരുന്നു മുൻ മന്ത്രി കൂടിയായ ആർ വി ദേശ്പാണ്ഡെ നടത്തിയത്.
ഉറ്റവരുടെ കുഴിമാടത്തിൽ ബന്ധുക്കൾ ആദര പൂർവ്വം വച്ച ബിയർ എടുത്ത് കുടിച്ച് വിനോദ സഞ്ചാരിയുടെ വൈറൽ വീഡിയോ. പിന്നാലെ വിനോദ സഞ്ചാരികൾക്ക് കർശന മുന്നറിയിപ്പുമായി എംബസി. ജപ്പാനിലാണ് സംഭവം. ഓസ്ട്രേലിയയിൽ നിന്നുള്ള വിനോദ സഞ്ചാരിയും യുട്യൂബറുമാണ് വൈറൽ വീഡിയോയ്ക്കായി വിവാദ നടപടി ചെയ്തത്.
ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കൂട്ടിയിടിച്ച് വിമാനങ്ങൾ. കത്തിയമർന്ന് വിമാനങ്ങൾ. ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതര പരിക്ക്. അമേരിക്കയിലെ ഫോർട്ട് മോഗൻ മുൻസിപ്പൽ വിമാനത്തിൽ രണ്ട് ചെറുവിമാനങ്ങളാണ് കൂട്ടിയിടിച്ചത്. കൊളറാഡോയ്ക്ക് വടക്ക് കിഴക്കാണ് ഫോർട്ട് മോഗൻ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഞായറാഴ്ചയാണ് അപകടമുണ്ടായത്.
ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമര്‍ശിച്ച പീറ്റര്‍ നവാരോയെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സംഘത്തില്‍നിന്ന് നീക്കണമെന്ന് അമേരിക്കയിലെ ഹിന്ദു സംഘടനയായ ഹിന്ദൂസ് എഗെയ്ന്‍സ്റ്റ് ഡിഫമേഷന്‍ (AHAD) ആവശ്യപ്പെട്ടു.
പൗരത്വഭേദഗതി നിയമത്തിൽ സുപ്രധാനമാറ്റവുമായി കേന്ദ്രം. അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് 2024 ഡിസംബർ 31-നോ അതിന് മുൻപോ ഇന്ത്യയിൽ എത്തിയ മുസ്ലിം ഇതര വിഭാഗങ്ങൾക്കും പൗരത്വത്തിന് അപേക്ഷിക്കാം. പശ്ചിമ ബംഗാളിലും ബിഹാറിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രത്തിന്റെ സുപ്രധാന നീക്കം.
ചത്തീസ്ഗഢില്‍ ഗണേശോത്സവത്തിനിടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് എസ്‌യുവി ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബഗിച്ച പോലീസ് സ്റ്റേഷന്‍ പരിധിയിലെ ജുരുദണ്ഡ് ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് ദാരുണമായ സംഭവമുണ്ടായത്.
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനൊപ്പം ചൈന സന്ദര്‍ശനത്തിനെത്തിയവരില്‍ അദ്ദേഹത്തിന്റെ മകള്‍ കിം ജു-എ(Kim Ju-ae) യും. കിം ജോങ് ഉന്നിന് ശേഷം മകള്‍ കിം ജു-എ ആയിരിക്കും ഉത്തര കൊറിയയുടെ ഭരണാധികാരിയാവുകയെന്ന ഊഹാപോഹങ്ങള്‍ ശക്തമായി തുടരുന്നതിനിടെയാണ് കൗമാരക്കാരിയായ കിം ജു-എ പിതാവിനൊപ്പം ചൈനയിലെത്തിയത്.
ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചതിന്‍റെ ക്രെഡിറ്റ് ലഭിക്കാത്തതിൽ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കടുത്ത ഇച്ഛാഭംഗമുണ്ടെന്ന് അമേരിക്കൻ അമേരിക്കൻ സ്ട്രാറ്റജിക് അഫയേഴ്‌സ് വിദഗ്ധന്‍ ആഷ്‌ലി ജെ. ടെല്ലിസ്. ഈ വിഷയത്തിൽ താന്‍ വഞ്ചിക്കപ്പെട്ടെന്ന തോന്നൽ ട്രംപിനുണ്ടെന്ന് എന്‍ഡിടിവിക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ വോട്ട് കവര്‍ച്ച ആരോപണത്തിലെ ഹൈഡ്രജന്‍ ബോംബ് ഭീഷണി വാരാണസിയെ കുറിച്ചാണെന്ന് സൂചിപ്പിച്ച് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് അജയ് റായ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമാണ് വാരാണസി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന പരോക്ഷ ആരോപണമാണ് അജയ് റായ് ഉന്നയിച്ചിരിക്കുന്നത്.