പ്രമേഹ നിയന്ത്രണത്തിന്റെ ഭാഗമായി ഇപ്പോള്‍ മലയാളികളുടെ ഇടയില്‍ വിത്തൗട്ട് ചായയുടെ എണ്ണം വല്ലാതെ കൂടിയിരിക്കുന്നു. എന്നാല്‍ കാപ്പിയും ചായയും മാത്രം വിത്തൗട്ട് ആക്കിയിട്ടു കാര്യമില്ല, ചായയ്ക്കൊപ്പം ചെറുകടികള്‍ കൂടിയാല്‍ ഈ നിയന്ത്രണം വെറുതെയാകും. മധുരമില്ലാത്ത ചായയും അതിനൊപ്പം ചെറുകടികള്‍ കഴിക്കുകയും കൂടി ചെയ്താല്‍ അതിനൊപ്പം എത്തുന്ന ഗ്ലൂക്കോസ്, ഒഴിവാക്കിയ മധുരത്തെക്കാള്‍ കൂടുതലായിരിക്കും. അതുകൊണ്ട് ചെറുകടികള്‍ കഴിക്കുമ്പോള്‍ കരുതല്‍ വേണം. ഒരു കപ്പ് പാല് ചായ നിങ്ങള്‍ കുടിക്കുന്നുവെന്ന് കരുതുക. 50 മില്ലി പാലും രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ന്നതാണ് ശരാരശരി ചായ. ഇങ്ങനെയുള്ള ഒരു ചായയില്‍ നിന്ന് ഏതാണ്ട് 75 കലോറി ഊര്‍ജം ലഭിക്കും. മധുരം ഒഴിവാക്കിയാല്‍ ഏതാണ്ട് 40-45 കലോറി. ഇതിനൊപ്പം സമൂസ, ബോണ്ട, പഫ്സ്, പഴംപൊരി പോലുള്ള ചെറുകടികളും കഴിക്കാറുണ്ടെങ്കില്‍, ഒരു പഴംപൊരിയില്‍ നിന്ന് ഏതാണ്ട് 180 കലോറിയും പരിപ്പുവടയില്‍ നിന്ന് ഏതാണ്ട് 150 കലോറിയും വരെ ഊര്‍ജമാണ് ലഭിക്കുന്നത്. കൊഴുപ്പ് അമിതമായി അടങ്ങിയ ഭക്ഷണം പ്രമേഹരോഗിയുടെ രക്തത്തിലെ ഗ്ലൂക്കോസ് നില താറുമാറാക്കും. അതോടൊപ്പം ഇന്‍സുലിന്‍ പ്രതിരോധശേഷി കുറയ്ക്കുകയും രക്തത്തിലെ കൊളസ്ട്രോള്‍ നില കൂടാന്‍ കാരണമാവുകയും ചെയ്യും. അതിനാല്‍ പ്രമേഹം തടയുകയാണ് ലക്ഷ്യമെങ്കില്‍ വിത്തൗട്ട് ചായയ്ക്കൊപ്പം ചെറുകടികള്‍ കഴിക്കുന്നത് ഒഴിവാക്കണം. ശരീരഭാരം നിയന്ത്രിച്ച്, കൃത്യമായ വ്യായാമം ചെയ്ത് രക്തത്തിലെ പഞ്ചസാരയുടെ നില നിയന്ത്രണത്തിലാക്കി ജീവിതം ഹെല്‍ത്തിയാക്കാം.