കായിക താരങ്ങള്‍ക്ക് വേണ്ടി മാത്രമല്ല സാംസങ് ഗാലക്സി വാച്ച് 5 പ്രോ ഇറക്കിയിരിക്കുന്നതെന്നു പറയുന്നുണ്ടെങ്കിലും കരുത്തുറ്റ നിര്‍മിതി ഇഷ്ടപ്പെടുന്നവര്‍ക്കെല്ലാം ഇത് ഇഷ്ടപ്പെട്ടേക്കും. സ്പോര്‍ട്സ് സ്മാര്‍ട് വാച്ച് നിര്‍മാണ കേമന്‍ ഗാര്‍മിന്റെ എപിക്സ് 2 വാച്ചിന്റേതിനു സമാനമായ നിര്‍മാണ രീതിയാണ് വാച്ച് 5 പ്രോ മോഡലിന് ഉള്ളത്. ഗാര്‍മിന്റെ ഈ മോഡലിന് വില 900 ഡോളറാണ്. അതിന്റെ പകുതി വില മാത്രമാണ് സാംസങ്ങിന്റെ മോഡലിനു നല്‍കേണ്ടത്. ഗാലക്സി വാച്ച് 4ല്‍ കണ്ട അതേ പ്രോസസര്‍ തന്നെയാണ് പുതിയ വാച്ച് 5, 5 പ്രോ മോഡലുകളിലും ഉപയോഗിച്ചിരിക്കുന്നത് – എക്സിനോസ് ഡബ്ല്യു 920. ആവശ്യപ്പെടുന്ന കാര്യങ്ങള്‍ അതേപടി നിര്‍വഹിക്കാന്‍ വാച്ച് 5 പ്രോയ്ക്ക് സാധിക്കുന്നു എന്നു പറയാം. ആപ്പുകള്‍ ഉപയോഗിക്കുന്നതിനും മറ്റു ക്രമീകരണങ്ങള്‍ നടത്തുന്നതിനും ഒരു പ്രശ്നവും കാണാനാവുന്നില്ല. ക്വേര്‍ട്ടി കീബോഡ് ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഒരു സന്ദേശം ടൈപ്പു ചെയ്യാനൊക്കെ സാധിക്കും. ഏകദേശം 70 ശതമാനം കൃത്യതയോടെ ടൈപ്പു ചെയ്യാമെന്നു വേണമെങ്കില്‍ പറയാം. ഫോണിന് എല്‍ടിഇ വേര്‍ഷനും ഉള്ളതിനാല്‍ അതാണ് ഉപയോഗിക്കുന്നതെങ്കില്‍ ടൈപ്പിങും കോളും നടത്താം. വാച്ച് 5ന് 40 മണിക്കൂര്‍ ബാറ്ററി ലൈഫും, പ്രോ മോഡലിന് 80 മണിക്കൂറും ലഭിക്കുമെന്നാണ് സാംസങ് പറയുന്നത്.
40 മണിക്കൂര്‍ ബാറ്ററി ലൈഫുമായി സാംസങ് ഗാലക്സി വാച്ച് 5 പ്രോ
