ജയിലിലായാല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബില്ല് ലോക്സഭയിൽ അവതരിപ്പിച്ച് അമിത് ഷാ. പ്രതിപക്ഷത്തിൻ്റെ കടുത്ത പ്രതിഷേധത്തിനിടയിലാണ് അമിത് ഷാ ബിൽ പൂർണമായും അവതരിപ്പിച്ചത്. നേരത്തെ കയ്യാങ്കളി നടന്ന സാഹചര്യത്തിൽ ലോക്സഭയിൽ അമ്പതോളം മാർഷൽമാരെ നിരത്തിയാണ് അമിത് ഷാ ബിൽ അവതരണം പൂർത്തിയാക്കിയത്.ബിൽ അവതരണത്തിന് ശേഷം ലോക്സഭ 5 മണിവരെ നിർത്തിവച്ചു.
ലോക്‌സഭയില്‍ വിവാദ ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിനിടെ കൊമ്പുകോര്‍ത്ത് കെ.സി. വേണുഗോപാലും ആഭ്യന്തരമന്ത്രി അമിത് ഷായും. അഞ്ചുകൊല്ലമോ അതില്‍ക്കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന്, അറസ്റ്റിലായി മുപ്പതുദിവസം ജയിലില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെ ഏത് മന്ത്രിയെയും നീക്കംചെയ്യാന്‍ വ്യവസ്ഥചെയ്യുന്ന 130-ാം ഭരണഘടന ഭേദഗതി ബില്ലിന്റെ ‘ധാര്‍മികത’യെ ചൊല്ലിയാണ് വാക്‌പോരുണ്ടായത്.
ഏതെങ്കിലും കേസിൽപ്പെട്ട് ഒരുമാസത്തിലധികം അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലാകുന്ന മന്ത്രിമാരെ പുറത്താക്കാൻ ഗവർണർമാർക്ക് അധികാരം നൽകുന്ന ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘപരിവാർ പ്രയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.കേന്ദ്ര അന്വേഷണ ഏജൻസികളെയുപയോഗിച്ചു നടത്തുന്ന പകപോക്കൽ-വേട്ടയാടൽ രാഷ്ട്രീയത്തിന്റെ തുടർച്ചയാണിത് എന്നും അദ്ദേഹം പറഞ്ഞു .
അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലിൽ നിലപാട് തിരുത്തി ശശി തരൂർ എംപി. ബില്ലിലെ വ്യവസ്ഥകളോട് എതിർപ്പെന്ന് ശശി തരൂർ പറയുന്നു. അയോഗ്യരാക്കാൻ കുറ്റം തെളിയണം. പറഞ്ഞത് മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുവെന്നും തരൂർ ചൂണ്ടിക്കാട്ടി. ബില്ലിൽ തനിക്ക് തെറ്റൊന്നും കാണാൻ കഴിയുന്നില്ലെന്നാണ് ശശി തരൂർ വിഷയത്തിൽ ആദ്യം പ്രതികരിച്ചത്.
ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.അരി സ്കൂളുകളിൽ നേരിട്ട് എത്തിച്ചുനൽകുന്നതിനുള്ള ചുമതല സപ്ലൈക്കോയ്ക്ക് നൽകിയിട്ടുണ്ട്.
സംസ്ഥാന സ്കൂള്‍ കായികമേളയിലും ഇനി സ്വര്‍ണക്കപ്പ്. സംസ്ഥാന സ്കൂള്‍ കലോത്സവം മാതൃകയിലാണ് സംസ്ഥാന സ്കൂള്‍ കായികമേളയിലും ഏറ്റവും കൂടുതൽ പോയിന്‍റ് കിട്ടുന്ന ജില്ലയ്ക്ക് സ്വർണക്കപ്പ് സമ്മാനിക്കുക. സ്കൂൾ ഒളിമ്പിക്സ് സംഘാടക സമിതി യോഗത്തിലാണ് വിദ്യാഭ്യാസമന്ത്രിയുടെ പ്രഖ്യാപനം. സ്വർണക്കപ്പിന്‍റെ രൂപകൽപ്പനയിൽ ഉടൻ തീരുമാനമുണ്ടാകും.
ബലാത്സംഗക്കേസിൽ റാപ്പര്‍ വേടന്‍റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെങ്കില്‍ തിങ്കളാഴ്ച വരെ സമയം നല്‍കാമെന്ന് കോടതി വ്യക്തമാക്കി. നേരത്തെ ഇന്ന് കേസ് പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അടുത്തതവണ കേസ് പരിഗണിക്കുന്നതുവരെ വേടന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്.
യുവ നേതാവിനെതിരെ വെളിപ്പെടുത്തലുമായി യുവ നടി റിനി ആന്‍ ജോര്‍ജ്.അശ്ലീല സന്ദേശമയക്കുന്നത് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ പോയി പറയ്, എന്നായിരുന്നു യുവനേതാവിന്റെ പ്രതികരണമെന്ന് യുവടി പറഞ്ഞു. യുവനേതാവിന് സംരക്ഷണ വലയമുണ്ടെന്നും ഇത്തരക്കാരെ വലിയ സ്ഥാനങ്ങളിലെത്തിക്കുന്നത് കാണുമ്പോൾ സങ്കടമുണ്ടെന്നും അവർ വ്യക്തമാക്കി. ഇത്തരത്തിലുള്ള ആളുകളെ ഇനിയും സ്ഥാനങ്ങളിൽ എത്തിക്കരുതെന്ന് മാത്രം പറയുകയാണെന്നും റിനി പറഞ്ഞു.
വിദ്യാർഥി സംഘടനയായ എംഎസ്എഫിനെതിരെ രൂക്ഷ വിമർശനവുമായി കെഎസ്‍യു നേതാവ്. എംഎസ്എഫ് മതസംഘടന തന്നെയാണെന്നും മുഖം മറച്ച് ക്യാമ്പസ്സിൽ മതം പറഞ്ഞ്വിദ്യാർത്ഥി സമൂഹത്തെ വേർ തിരിക്കുന്നവരാണെന്നും കെ എസ് യു കണ്ണൂർ ജില്ലാ സെക്രട്ടറി മുബാസ് സിഎച്ച് ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നേരം വെളുക്കാത്ത എംഎസ്എഫ് സ്വയം തിരുത്താൻ തയ്യാറായില്ലെങ്കിൽ കാലഘട്ടത്തിന്റെ ചവറ്റുകുട്ടയിലേക്ക് നിങ്ങൾ എറിയപ്പെടുന്ന കാലം അതി വിദൂരമല്ലെന്നും മുബാസ് വ്യക്തമാക്കി.
കേരളത്തിലും തമിഴ്നാട്ടിലുമായി നടക്കുന്ന അനധികൃത ഏലം ഇ ലേലത്തിനെതിരെ മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്. അംഗീകൃത ലൈസന്‍സ് ഇല്ലാത്ത ആളുകളും സ്ഥാപനങ്ങളും നടത്തുന്ന ഇത്തരം ലേലങ്ങള്‍ അനധികൃതമാണെന്നും ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും സ്‌പൈസസ് ബോര്‍ഡ് വ്യക്തമാക്കി.
പറവൂർ കോട്ടുവള്ളിയിൽ പലിശക്ക് പണം കടം കൊടുത്തവരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്ത് പൊലീസ്. പുഴയില്‍ ചാടി മരിച്ച ആശയുടെ ആത്മഹത്യ കുറിപ്പിന്‍റെ പശ്ചാത്തലത്തിലാണ് റിട്ടയര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീക് കുമാര്‍, ഭാര്യ ബിന്ദു എന്നിവര്‍ക്കെതിരെ നടപടി. ആശയും ബിന്ദുവും തമ്മില്‍ നടത്തിയ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടും അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് വീഴ്ച ആരോപിച്ച് ആശയുടെ കുടുംബം രംഗത്തുവന്നു.
പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ സിസ്റ്റര്‍ അഭയയുടെ മാതാപിതാക്കളുടെ അഭിഭാഷകനായിരുന്ന എ.എക്സ്. വര്‍ഗീസ് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ ആറു മാസത്തെ തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കലാകൗമുദി പത്രാധിപകര്‍ എം. സുകുമാരന്‍, മാധ്യമ പ്രവര്‍ത്തകന്‍ പിഎം ബിനുകുമാര്‍ എന്നിവരാണ് കേസിലെ മറ്റ് രണ്ട് പ്രതികള്‍. തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. 2010ല്‍ കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച എം.എക്സ്. വര്‍ഗീസിന്‍റെ അഭിമുഖത്തിലാണ് കേസിനാസ്പദമായ പരാമര്‍ശങ്ങള്‍.
പട്ടികവർഗക്കാർക്ക് 1000 രൂപ വീതം ഓണസമ്മാനം നൽകും. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സംസ്ഥാനത്തെ കേന്ദ്ര-സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ പെൻഷൻകാർ ഒഴികെ 60 വയസ്സിന് മുകളിൽ പ്രായമുള്ള അർഹരായ 52,864 പട്ടികവർഗക്കാർക്ക് ആയിരിക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുക.
പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയായിരുന്ന സിപിഎം നേതാവിന്‍റെ മകന്‍റെ വിവാഹത്തിൽ പങ്കെടുത്തതിന്‍റെ പേരിൽ കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കിയ നേതാക്കളെ തിരിച്ചെടുത്തു. മുൻ കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാൻ രാജൻ പെരിയ, മുന്‍ മണ്ഡലം പ്രസിഡന്‍റ് പി പ്രമോദ് കുമാര്‍, പെരിയ സഹകരണ ബാങ്ക് പ്രസിഡന്‍റ് ടി രാമകൃഷ്ണൻ എന്നിവര്‍ക്കെതിരായ നടപടിയാണ് പിൻവലിച്ചത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ ഇ-മാലിന്യ പ്രശ്‌നത്തിന് ശാസ്ത്രീയമായ പരിഹാരം ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കുന്ന ജനകീയ പദ്ധതി വൻവിജയം. ഹരിതകർമസേനയുടെ നേതൃത്വത്തിൽ ഒരു മാസം മുൻപ് ആരംഭിച്ച ഇ-മാലിന്യ ശേഖരണ പദ്ധതിയിലൂടെ ഇതുവരെ ഖേരിച്ചത് 33,945 കിലോ മാലിന്യം.തദ്ദേശ സ്വയംഭരണ വകുപ്പ്, ക്ലീൻ കേരള കമ്പനി, ശുചിത്വ മിഷൻ, കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കോഴിക്കോട് കോർപ്പറേഷന് എതിരായ യൂത്ത് കോൺഗ്രസ് സമര പരിപാടിയിൽ നിന്നും വിട്ടുനിന്ന സംഭവത്തിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. ആവശ്യമില്ലാത്ത വിവാദമെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. പാർട്ടിക്കുള്ളിൽ ഒരു പ്രശ്നവുമില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഈ പരിപാടിക്ക് ഡിസിസി ക്ഷണിക്കേണ്ട കാര്യമില്ല. ഒരു മണ്ഡലം പ്രസിഡന്റും വിളിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മൻ വിശദീകരിച്ചു.
കണ്ണൂരിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം. യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കൊല്ലാൻ ശ്രമിച്ച യുവാവിനും പൊള്ളലേറ്റു. യുവാവിനെയും ഗുരുതരമായി പൊള്ളലേറ്റ യുവതിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ പരിക്ക് ഗുരുതരമാണ്. കണ്ണൂര്‍ കുറ്റ്യാട്ടൂര്‍ ഉരുവച്ചാലിൽ ആണ് സംഭവം.
16 വയസ്സുള്ള ഒരു മുസ്ലീം പെൺകുട്ടിക്കും 30 വയസ്സുള്ള ഭർത്താവിനും സംരക്ഷണം നൽകിയ 2022 ലെ പഞ്ചാബ്, ഹരിയാന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (NCPCR)ഹർജി സുപ്രീം കോടതി തള്ളി. മുസ്ലീം വ്യക്തിനിയമപ്രകാരം, പ്രായപൂർത്തിയായ അല്ലെങ്കിൽ 15 വയസ്സിനു മുകളിലുള്ള ഒരു പെൺകുട്ടിക്ക്, പോക്‌സോ നിയമത്തിലെ വ്യവസ്ഥകൾ പരിഗണിക്കാതെ ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാൻ അവകാമുണ്ടെന്ന് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു.
ഇന്ത്യയ്ക്ക് 5 ശതമാനം കിഴിവിൽ എണ്ണ വിതരണം ചെയ്യുന്നത് തുടരുമെന്ന് റഷ്യ. ഇന്ത്യയിലേക്കുള്ള റഷ്യയുടെ അസംസ്കൃത എണ്ണ കയറ്റുമതി ചർച്ചകൾക്ക് വിധേയമായി 5 ശതമാനം കിഴിവ് ഉണ്ടായിരിക്കുമെന്ന് ഇന്ത്യയിലെ റഷ്യയുടെ ഡെപ്യൂട്ടി വ്യാപാര പ്രതിനിധി എവ്ജെനി ഗ്രിവ പറഞ്ഞു. ഇന്ത്യ ഏകദേശം ഒരേ അളവിലുള്ള എണ്ണ ഇറക്കുമതി ചെയ്യുമെന്നും എന്ന് ഗ്രിവ കൂട്ടിച്ചേർത്തു.
റഷ്യയെ സമ്മർദത്തിലാക്കാനാണ് അമേരിക്ക ഇന്ത്യയ്ക്ക് അധിക തീരുവ ചുമത്തിയതെന്ന് വൈറ്റ് ഹൗസ്. റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിന് റഷ്യയ്ക്ക് മേൽ സമ്മർദം ചെലുത്താനാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ശ്രമിച്ചതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു. ഇന്ത്യയുടെ മേൽ 50 ശതമാനം തീരുവയാണ് അമേരിക്ക ഏർപ്പെടുത്തിയത്.
പൊതുപരിപാടിക്കിടെ തനിക്കുനേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് പ്രതികരിച്ച് ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. ആക്രമണം തനിക്കുനേര്‍ക്ക് മാത്രമായിരുന്നില്ലെന്നും ഡല്‍ഹിയെ സേവിക്കാനും പൊതുനന്മയ്ക്കും വേണ്ടിയുള്ള തന്‍റെ ദൃഢനിശ്ചയത്തിനു നേര്‍ക്കുകൂടിയുള്ള ഭീരുത്വം നിറഞ്ഞ ശ്രമമായിരുന്നു അതെന്ന് അവര്‍ പറഞ്ഞു. സാമൂഹികമാധ്യമായ എക്‌സിലൂടെ ആയിരുന്നു അവരുടെ പ്രതികരണം.
കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവിനും രവ്‌നീത് സിങ് ബിട്ടുവിനുമെതിരേ തൃണമൂല്‍ കോണ്‍ഗ്രസ്. ലോക്‌സഭയില്‍ ബുധനാഴ്ച നടന്ന പ്രതിഷേധത്തിനിടെ പാര്‍ട്ടിയുടെ വനിതാ എംപിമാരായ മിതാലി ബാഗിനെയും ശതാബ്ദി റോയിയെയും മന്ത്രിമാര്‍ ഇരുവരും ആക്രമിച്ചെന്നാണ് ടിഎംസിയുടെ ആരോപണം.