ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കാനുള്ള ഒരു കാരണമാണ് ഹൃദയാഘാതം. ധമനികളില്‍ കൊഴുപ്പും കൊളസ്ട്രോളും അമിതമായി അടിഞ്ഞുകൂടുന്നതോടെ ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടയപ്പെടുകയോ കുറയുകയോ ചെയ്യുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഹൃദയാഘാതത്തെ തടയാന്‍ മുന്‍കരുതല്‍ പ്രധാനമാണ്. ഹൃദയാരോഗ്യം മെച്ചപ്പെടാന്‍ ഒഴിവാക്കേണ്ട നാല് ശീലങ്ങള്‍ – സിഗരറ്റ് വലിക്കുന്നത് ഒഴിവാക്കുക, മദ്യപാനം ഒഴിവാക്കുക, ശീതളപാനീയങ്ങള്‍ ഒഴിവാക്കുക, ശുദ്ധീകരിച്ച മാവ് കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. അമിതമായ മദ്യപാനവും പുകവലിയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവ ഹൈപ്പര്ടെന്ഷന് കാരണമാകും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒരു വ്യക്തിയുടെ ഹൃദയപേശികളില്‍ സമ്മര്‍ദ്ദം ചെലുത്തും, അതിന്റെ ഫലമായി ഹൃദയാഘാതം സംഭവിക്കാം. ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയ ശീതളപാനീയങ്ങളെ നിശബ്ദ കൊലയാളി എന്നാണ് അറിയപ്പെടുന്നത്. ഇവയില്‍ അടങ്ങിയ പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് വര്‍ധിപ്പിക്കാന്‍ കാരണമാകും. ഇത് പ്രമേഹ രോഗികളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത ഇരട്ടിയാണ്. കൂടാതെ പാസ്ത, ബ്രെഡ്സ്, സ്നാക്ക്സ്, കപ്പ്കേക്കുകള്‍ തുടങ്ങിയ ശുദ്ധീകരിച്ച മാവ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷ്യ ഉല്പന്നങ്ങള് കഴിക്കുമ്പോള്‍ ഇത് ശരീരം പഞ്ചസാരയാക്കി മാറ്റുകയും കൊഴുപ്പിന്റെ രൂപത്തില്‍ സംഭരിക്കുകയും ചെയ്യുന്നു. ഇത് വയറിനും ആന്തരികാവയങ്ങള്‍ക്ക് ചുറ്റം കൊഴിപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകുന്നു. ഇത് ഹൃദയാരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. നെഞ്ചുവേദന, ക്ഷീണം, തലകറക്കം, വിയര്‍പ്പ്, ഓക്കാനം, ശ്വസിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ അവഗണിക്കരുതെന്നും വിദഗ്ധര്‍ പറയുന്നു.