20250602 140138 0000

ജാനകി സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെയും ഈ വിഷയത്തില്‍ മൗനം തുടരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. സിനിമ ചോറാണെന്ന് ആവര്‍ത്തിച്ച് പറയുന്ന നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി തന്റെ സര്‍ക്കാരിന്റെ ചെയ്തികളില്‍ മൗനം തുടരുകയാണ്. സിനിമയ്ക്ക് വേണ്ടിയും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ശബ്ദിക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തിയ വേണുഗോപാല്‍, സുരേഷ് ഗോപി മൗനം വെടിയണമെന്നും ആവശ്യപ്പെട്ടു.

 

ഡോ. ഹാരിസിന്റെ ആരോപണങ്ങൾ തള്ളാതെ വിദ്ഗ്ധ സമിതി അന്വേഷണ റിപ്പോർട്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ വാങ്ങുന്നതിലെ സാങ്കേതിക നൂലാമാലകൾ ഒഴിവാക്കണമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ടിൽ പറയുന്നു. പർച്ചേസ് നടപടി അടിയന്തരമായി ലളിതമാക്കണമെന്നും ഹാരിസിന്റെ തുറന്നുപറച്ചിൽ അന്വേഷിച്ച സമിതിയുടെ റിപ്പോർട്ടിലുണ്ട്.

 

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വകുപ്പിന്റെ ചുമതലയും രേഖകളും ജൂനിയർ ഡോക്ടർക്ക് കൈമാറിയതായി ഡോ. ഹാരിസ് ചിറക്കൽ. പെട്ടെന്ന് നടപടി വന്നാൽ വകുപ്പിന്റെ പ്രവർത്തനം തടസപ്പെടാതിരിക്കാനാണ് രേഖകളടക്കം കൈമാറിയതെന്ന് ഡോ. ഹാരിസ് ചിറക്കൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. നടപടിയെ ഭയക്കുന്നില്ല എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണ് തന്റെ മാർഗം തെറ്റായിരുന്നുവെന്ന് ബോധ്യമുണ്ട് പക്ഷേ അതിന് ഫലം ഉണ്ടായി എന്നും ശസ്ത്രക്രിയ കഴിഞ്ഞ് രോഗികൾ മടങ്ങുന്നു അവരുടെ പുഞ്ചിരിയിൽ എല്ലാമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

 

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡിലെ കെട്ടിടം ഇന്ന് രാവിലെ 11 മണിയോടെ 14-ാം വാർഡിൻ്റെ അടച്ചിട്ട ബാത്ത്റൂം ഭാഗമാണ് ഇടിഞ്ഞു വീണത്. ഉപയോഗിക്കാതിരിക്കുന്ന ഭാഗമാണിത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു എന്നാണ് വിവരം. അപകട സമയത്ത് കെട്ടിടത്തോട് ചേര്‍ന്ന് നിന്നവര്‍ക്കാണ് പരിക്കേറ്റത്. മന്ത്രിമാരായ വീണാ ജോര്‍ജും വി എന്‍ വാസവനും സ്ഥലത്തെത്തി.

 

ആരോഗ്യ മന്ത്രി അട്ടർ ഫെയ്ലിയർ ആണെന്നും ആരോഗ്യ വകുപ്പ് അനാരോഗ്യ വകുപ്പായി എന്നും കെ മുരളീധരന്‍ . വിവാദത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നില്ല തെറ്റ് തിരുത്താൻ തയ്യാറായില്ല സംസ്ഥാനം കണ്ട ഏറ്റവും മോശം ആരോഗ്യ മന്ത്രിയാണ് വീണ ജോര്‍ജെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഉന്നതവിദ്യാഭ്യാസം മേഖലയെ സംഘവരിവാറിൻ്റെ ഇങ്കിതത്തിന് അനുസരിച്ച് തകർക്കാൻ ശ്രമിക്കുന്നുവെന്നും ഗവർണറുടെ ചട്ടുകമായി വി.സിയെ ഉപയോഗിക്കുന്നുവെന്നും എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് ആദർശ്.എം.സജി. സംഘപരിവാറിനെ പ്രതിരോധിച്ചു എന്നതാണ് രജിസ്ട്രാർക്ക് എതിരെ കണ്ട കുറ്റമെന്നും സംഘപരിവാറിനെ പാഠപുസ്തകത്തിലും സർവകലാശാലയിലും കുത്തി നിറയ്ക്കാനുള്ള ശ്രമം എസ്എഫ്ഐ പ്രതിരോധിക്കുമെന്നും എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് പ്രതികരിച്ചു.

 

ഭാരതാംബ ചിത്ര വിവാദത്തില്‍ ഗവർണർ പങ്കെടുത്ത പരിപാടി റദ്ദാക്കിയതിൽ സസ്പെൻഷൻ ലഭിച്ച കേരള സര്‍വകലാശാല രജിസ്ട്രാറെ വെട്ടിലാക്കി എ ബി വി പി. സർവകലാശാല രജിസ്ട്രാർ അനിൽ കുമാർ ഭാരതാംബ ചിത്രമുള്ള പരിപാടിയിൽ പങ്കെടുത്തതിന്‍റെ ചിത്രമടക്കം എ ബി വി പി പുറത്തുവിട്ടു. അനിൽ കുമാർ പ്രിൻസിപ്പളായിരുന്നപ്പോൾ ശ്രീ അയ്യപ്പ കോളേജിൽ ഭരതാംബ ചിത്രത്തിന് മുന്നിലെ പരിപാടിയിൽ പങ്കെടുത്ത ചിത്രമാണ് എ ബി വി പി പുറത്ത് വിട്ടത്. അന്നില്ലാത്ത എന്ത് വർഗീയതയാണ് ഇന്നെന്നും എ ബി വി പി ചോദിച്ചു.

 

രജിസ്ട്രാർക്ക് തുടരാമെന്നും അതിന് തടസങ്ങളൊന്നുമില്ലെന്നും മന്ത്രി ആർ ബിന്ദു. വിസിയുടേത് അധികാര ദുർവിനിയോഗമാണെന്നും മന്ത്രി വിമർശിച്ചു. നിയമോപദേശം തേടിയ ശേഷം സർക്കാരും കോടതിയെ സമീപിക്കും. യൂണിവേഴ്സിറ്റിയിലെ സംഘർഷാത്മകമായ പരിപാടിയിൽ നിന്ന് ഗവർണർക്ക് മാറിനിൽക്കാമായിരുന്നു. ചിത്രമെങ്കിലും മാറ്റമായിരുന്നുവെന്നും മന്ത്രി വിശദമാക്കി.

 

രാജ്ഭവനിലേക്കുള്ള ഡിവൈഎഫ്ഐ മാർച്ചില്‍ പൊലീസിന് സുരക്ഷാവീഴ്ചയുണ്ടായതായി ഗവർണർ. സംഭവത്തില്‍ ഡിജിപിയെ രാജ്ഭവൻ അതൃപ്തി അറിയിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകർ ബാരിക്കേഡ് ചാടികടന്ന് പ്രധാന ഗേറ്റുവരെ എത്തിയത് സുരക്ഷവീഴ്ചയെന്ന് ഗവർണർ ആരോപിക്കുന്നു. ഡിവൈഎഫ്ഐക്കാർക്കെതിരെ ശക്തമായ വകുപ്പ് ചുമത്തി കേസെടുക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

 

വിദ്യാലയങ്ങളിൽ കുട്ടികൾക്ക് സൂംബ പരിശീലനം നൽകാനുള്ള തീരുമാനത്തെ വിമർശിച്ച മുജാഹിദ് വിസ്ഡം വിഭാഗം നേതാവായ അധ്യാപകനെതിരെ നടപടി. സർക്കാരിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട ടികെ അഷ്‌റഫിനെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഭാരവാഹിയാണ് എടത്തനാട്ടുകര ടി എ എം യു പി സ്കൂളിലെ അധ്യാപകനായ ടികെ അഷ്റഫ്.

 

കൂത്തുപറമ്പ് വെടിവയ്പ്പിൽ റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ടെന്ന്

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. കൂത്തുപറമ്പിൽ ആദ്യം നടന്ന ലാത്തിച്ചാർജ് ആണ് വെടിവെയ്പ്പിൽ കലാശിച്ചത്. ലാത്തിച്ചാർജിന് തുടക്കം കുറിച്ചത് റവാഡ ചന്ദ്രശേഖർ അല്ല മന്ത്രിയുടെ എസ്കോർട്ടിൽ ഉണ്ടായിരുന്ന ഡിവൈഎസ്പി ഹക്കീം ബത്തേരിയാണെന്നും എം വി ജയരാജൻ വ്യക്തമാക്കി.

 

ഖദറാണ് ശരിയെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഖദർ വസ്ത്രം കോൺഗ്രസ് സംസ്കാരത്തിന്‍റെ ഭാഗമാണെന്നും ഖദർ കോൺഗ്രസുകാരുടെ നിത്യജീവിതത്തിന്‍റെ ഭാഗമാകണം എന്നുമാണ് വിഷയത്തില്‍ തിരുവഞ്ചൂര്‍ പ്രതികരിച്ചത്. എല്ലാ പാർട്ടിയിലെയും ചെറുപ്പക്കാർ കളർഫുൾ വസ്ത്രം തെരഞ്ഞെടുക്കുന്നുവെന്നും കളറായി നടക്കുകയെന്നതാണ് അവരുടെ മോഹമെന്നും അദ്ദേഹം പറഞ്ഞു.

 

ഖദറിന്‍റെ വെൺമ നിലനിർത്താൻ ഉജാല മുക്കിയാൽ മതി പക്ഷേ അതിന്‍റെ നന്മ നിലനിർത്താൻ ജീവിത വിശുദ്ധിയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. താൻ പരമ്പരാഗത നേതാക്കളുടെ ശൈലിയിൽ പോകുന്ന ആളല്ല വിദ്യാർത്ഥി രാഷ്ട്രീയ കാലത്തും ഖദർ ഉപയോഗിച്ചിട്ടില്ല എന്നാൽ ഖദറിനെ ബഹുമാനത്തോടെ കാണുന്നു ഖദര്‍ കോൺഗ്രസ് സംസ്കാരത്തിന്‍റെ ഭാഗമാണ് നാളെ താനും ഖദർ ഉപയോഗിച്ചേക്കാം എന്നും അദ്ദേഹം പറഞ്ഞു.

 

വസ്ത്രധാരണം ഓരോരുത്തരുടെയും വ്യക്തിപരമായ താൽപര്യമാണെന്ന് ഹൈബി ഈഡൻ. വസ്ത്രത്തിലും ഭക്ഷണത്തിലും നിയന്ത്രണം ഏർപ്പെടുത്തുന്നത് ഫാസിസ്റ്റ് ശക്തികളാണ് .കോൺഗ്രസ് നേതൃത്വം അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല .ഖാദി ധരിച്ചല്ല ആദ്യം നിയമസഭയിൽ പോയതെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു.

 

ജനങ്ങളുമായി ഇടപഴകേണ്ട രാഷ്ട്രീയ പ്രവർത്തകർക്ക് പോലീസിനെയും പട്ടാളത്തെയും പോലെ യൂണിഫോം ആവശ്യമില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്. സമ്പന്നന്മാർക്കു മാത്രം ധരിക്കാൻ കഴിയുന്ന ഖദർ ലാളിത്യത്തിൻ്റെ പ്രതീകമല്ലെന്നും

സ്വാതന്ത്ര്യ സമര കാലത്ത് വിദേശ വസ്ത്ര ബഹിഷ്ക്കരണത്തിൻ്റെ ഭാഗമായി സ്വാശ്രയത്വത്തിൻ്റെ ചിഹ്നമായും സമരായുധവുമായാണ് ഗാന്ധിജി ഖദറിൻ്റെ കണ്ടത്. കാളവണ്ടി യുഗത്തിൽ നിന്നും ഹൈടെക് യുഗത്തിൽ എത്തി നിൽക്കുന്ന ഈ കാലത്ത് ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ ചർക്കയ്ക്കു പകരം കമ്പ്യൂട്ടർ ചിഹ്നമാക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഖദർ വിവാദത്തിൽ കോൺഗ്രസ്‌ ഭരണ ഘടനാ ഓർമിപ്പിച്ച് കൊണ്ട് അജയ് തറയിലിന്റെ പ്രതികരണം. ഖാദി ഉപയോഗം എന്നതാണ് മെമ്പർ ആകാനുള്ള യോഗ്യത. ഡ്രൈ ക്ലീനിങ് നൽകിയാണോ യുവനേതാക്കൾ എന്നും ഷർട്ട്‌ ഇടുന്നതെന്നും അജയ് തറയിൽ ചോദിച്ചു. 15 രൂപ നൽകിയാൽ ഷർട്ട് തെച്ച് കിട്ടും. വെള്ള മാത്രം ഇടണം എന്നല്ല താൻ പറഞ്ഞത്. പ്രയോഗികത തിരക്ക് എന്ത് ന്യായീകരണമാണെന്നും അദ്ദേഹം ചോദിച്ചിക്കുന്നു. ഇതിലും തിരക്കുള്ള സമയത്ത് ഖദർ ഇട്ടവരാണ് കോൺഗ്രസ്‌ നേതാക്കളെന്നും അജയ് തറയിൽ കൂട്ടിച്ചേര്‍ത്തു.

 

പോക്സോ കേസിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ സ്വകാര്യ അനാഥാലയത്തില്‍ നിന്നും സിഡബ്ല്യൂസി കുട്ടികളെ മാറ്റി. 24 കുട്ടികളെയാണ് മാറ്റിപ്പാര്‍‌പ്പിച്ചത്. അന്തേവാസിയായിരുന്ന പെൺകുട്ടി പ്രായപൂർത്തിയാകും മുൻപ് ഗർഭിണിയായെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടികളെ മാറ്റിയത്.

 

തിരുവനന്തപുരം പോത്തൻകോട് തെരുവ് നായയുടെ ആക്രമണത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവമുണ്ടായത്. മൂന്ന് സ്ത്രീകളും ഒൻപത് ഇതര സംസ്ഥാന തൊഴിലാളികളുമടക്കം ഇരുപതോളം പേർക്ക് നായയുടെ കടിയേറ്റു. പോത്തൻകോട് ജംഗ്ഷൻ മുതൽ ഒന്നര കിലോമീറ്റർ അകലെ പൂലന്തറ വരെയുള്ളവർക്ക് നായയുടെ കടിയേറ്റിട്ടുണ്ട്. നായയെ കണ്ടെത്താനായില്ല.

 

ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകത്തിൽ മുഖ്യപ്രതി നൗഷാദിന് സഹായം നൽകിയ ഒരാൾ കൂടി പിടിയിലായതായി പൊലീസ്. വയനാട് സ്വദേശിയെ ചോദ്യം ചെയ്യുന്നതായി പൊലീസ് അറിയിച്ചു. അതേ സമയം, ഹേമചന്ദ്രന്‍റേത് കൊലപാതകമല്ല ആത്മഹത്യയാണെന്ന വാദവുമായി മുഖ്യപ്രതി നൗഷാദ് രംഗത്തെത്തിയിരുന്നു.

 

ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ കൊലപാതകത്തിന് കാരണം മകൾ എയ്ഞ്ചൽ ജാസ്മിൻ രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലിയുള്ള തർക്കമാണെന്ന് പ്രതി മൊഴി നൽകി. മകൾ സ്ഥിരമായി രാത്രി പുറത്തു പോകുന്നത് പിതാവ് ചോദ്യം ചെയ്തു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മകൾ ഭർത്താവുമായി പിണങ്ങി വീട്ടിൽ കഴിയുന്നതുമായി ബന്ധപ്പെട്ടും വഴക്ക് ഉണ്ടാകാറുണ്ടായിരുന്നു.

 

പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ പട്ടികജാതിക്കാരനായ ചുമട്ടുതൊഴിലാളിയെ ഇൻസ്പെക്ടർ മർദിച്ചതായി മുഖ്യമന്ത്രിക്ക് പരാതി. ചേർപ്പ് പടിഞ്ഞാട്ടുമുറി തെക്കെമഠത്തിൽ സുരേഷ് ആണ് പരാതി നൽകിയത്. ഇൻസ്പെക്ടർ സി രമേശ് അദ്ദേഹത്തിന്‍റെ ഓഫീസില്‍ വെച്ച് അകാരണമായി സുരേഷിന്‍റെ തലയിലും മുഖത്തും അടിച്ചുവെന്നാണ് പരാതി. സുരേഷ് ചേർപ്പ് ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.

 

ബിഹാറിലെ വോട്ടർ പട്ടിക പരിഷ്ക്കരണത്തിൽ വിവാദം. തിരിച്ചറിയലിനായി ജനന സർട്ടിഫിക്കേറ്റ് മാത്രം ആധാരമാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയാണ് വിവാദത്തിന് കാരണമായത്. ഈ നീക്കം അപ്രായോഗികമാണെന്ന് ഇന്ത്യ സഖ്യം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വോട്ടർ പട്ടിക പരിഷ്കരണ നടപടിയിലൂടെ 3 കോടി പേർക്കെങ്കിലും വോട്ടവകാശം നഷ്ടപ്പെടുമെന്നും പ്രതിപക്ഷ പാർട്ടികൾ വിവരിച്ചു.

 

മാലിയിൽ മൂന്ന് ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അതീവ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. മാലിയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ഭീകരാക്രമണങ്ങൾക്കിടെയാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്. സുരക്ഷിതമായ മോചനം വേഗത്തിൽ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മാലി സർക്കാരിനോട് ആവശ്യപ്പെട്ടു.

 

ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. കാണാതായ 34 പേർക്കായി എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളുടെ നേതൃത്വത്തിൽ ഇന്നും തെരച്ചിൽ നടത്തും. ചണ്ഡിഗഡ് മണാലി ദേശീയ പാത മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചത് മൂലം വിനോദ സഞ്ചാരികൾ അടക്കം നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്.

 

ദലൈലാമയുടെ പിൻഗാമിയെ തീരുമാനിക്കും എന്ന നിലപാടിൽ ഉറച്ച് ചൈന. ചൈനയുടെ പരമാധികാരത്തിൽ വരുന്ന വിഷയമാണ് ഇതെന്നാണ് അവകാശവാദം. ചൈനീസ് സർക്കാരിന്‍റെ അനുമതിയോടെയേ ദലൈലാമയെ തെരഞ്ഞെടുക്കാനാവൂ എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പ്രതികരിച്ചു.

 

2025ലെ ആഗോള സമാധാന സൂചികയിൽ മിഡിലീസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിൽ ഒന്നാമതെത്തി ഖത്തർ. 163 രാജ്യങ്ങളുടെ പട്ടികയിൽ ആഗോളതലത്തിൽ 27ാം സ്ഥാനവും ഖത്തർ നേടി. ആഗോള സമാധാന സൂചികയില്‍ മെന മേഖലയില്‍ ഏഴാം തവണയാണ് ഖത്തര്‍ ഒന്നാമതെത്തുന്നത്. സ്ഥിരതയാർന്ന ഭരണവും ശക്തമായ സുരക്ഷാചട്ടക്കൂടുമാണ് ഖത്തറിനെ മെന മേഖലയിൽ വീണ്ടും ഒന്നാമതെത്തിച്ചത്.

 

മൈക്രോസോഫ്റ്റ് വീണ്ടും പിരിച്ചുവിടല്‍ നടത്തുന്നു. നാല് ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് മൈക്രോസോഫ്റ്റിന്‍റെ പുതിയ നീക്കമെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മേഖലയില്‍ കമ്പനി വലിയ നിക്ഷേപം നടത്തുന്നതിനിടെയാണ് മൈക്രോസോഫ്റ്റ് കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്നത്. 9,000-ത്തോളം ജീവനക്കാരെ പിരിച്ചുവിടല്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് വിവരം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *