12 ദിവസം നീണ്ട ഇറാൻ-ഇസ്രയേൽ ഏറ്റുമുട്ടലിന് അന്ത്യം. ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് വെടിനിർത്തൽ ആദ്യം ലോകത്തെ അറിയിച്ചത്. പിന്നാലെ ഇറാനും ഇസ്രയേലും വെടിനിർത്തൽ വാർത്ത സ്ഥിരീകരിച്ചു.
രാജ്യത്തിന്റെ സൈനിക ശേഷി വർധിപ്പിക്കലുമായി ബന്ധപ്പെട്ട് രണ്ടായിരം കോടി രൂപയുടെ കരാറിന് അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം. ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ വാങ്ങാനാണ് കരാർ. ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാർ, വ്യോമാക്രമണ പ്രതിരോധ സംവിധാനങ്ങൾ, പുതിയ ഡ്രോണുകൾ ഉൾപ്പെടെ വാങ്ങും. 13 കരാറുകൾക്കാണ് അംഗീകാരം നൽകിയിട്ടുള്ളത്. അടിയന്തരമായി സേനയിലേക്ക് ഈ സംവിധാനങ്ങൾ വാങ്ങാനാണ് കരാർ.
നിലമ്പൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച് എന്താണ് സംഭവിച്ചതെന്ന് പാർട്ടി പരിശോധിക്കുമെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള ഇ ജയൻ. 66000ൽപ്പരം വോട്ട് നേടാൻ കഴിഞ്ഞത് നിസ്സാരമല്ല. പാർലമെന്റ് തെരഞ്ഞെടുപ്പിനെക്കാൾ മികച്ച വിജയം നേടാൻ കഴിഞ്ഞു. ഭരണ വിരുദ്ധ വികാരമുണ്ടായാൽ ഇങ്ങനെ അല്ലല്ലോ സംഭവിക്കേണ്ടതെന്നും മൃഗീയ ഭൂരിപക്ഷം യുഡിഎഫ് നേടിയേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലമ്പൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കാണാനെത്തി നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്ത്. വലിയ വിജയത്തിന്റെ ആഹ്ലാദം പങ്കിടുന്നതിനു വേണ്ടിയാണ് ഷൗക്കത്ത് എത്തിയതെന്നും വളരെ സന്തോഷമുണ്ടെന്നും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ വിജയമാണിതെന്നും സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു.
ജമാ അത്തെ ഇസ്ളാമി ബന്ധമല്ല സിപിഎമ്മിന്‍റെ ആർഎസ്എസ് ബന്ധമാണ് നിലമ്പൂരിൽ യുഡിഎഫിന് തുണയായതെന്ന് ലീഗ് നേതാവ് എം കെ മുനീര്‍ . ഗോവിന്ദൻ മാഷോട് നന്ദിയുണ്ട്. ജമാ അത്തെ ഇസ്ലാമിയുമായി സഖ്യമില്ല. സർക്കാർ വിരുദ്ധ വികാരമാണ് നിലസൂരിൽ കണ്ടത്. ജമാ അത്തെ ഇസ്ലാമിയുമായി യുഡിഎഫ് വേദി പങ്കിട്ടില്ല. ജമാ അത്തെ ഇസ്ലാമിയെ ലീഗ് ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയത്തിന് പി വി അൻവറിന്‍റെ സ്ഥാനാർഥിത്വം ഗുണം ചെയ്തെന്ന് മലപ്പുറം ഡി സി സി പ്രസിഡന്റ് വി എസ് ജോയ് പറഞ്ഞു. ഇടതു വോട്ടുകൾ അൻവർ ചോർത്തി അമരമ്പലം ഉൾപ്പെടെയുള്ള ശക്തി കേന്ദ്രങ്ങളിൽ എൽ ഡി എഫിന് തിരിച്ചടിയായത് അൻവറിന്‍റെ സാന്നിധ്യം തന്നെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ കണ്ടത് ഭരണവിരുദ്ധ വികാരമെന്ന് വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. യുഡിഎഫിന്റെ തിരിച്ചുവരവിന് തുടക്കമാണ് നിലമ്പൂരിൽ കുറിച്ചത്. പ്രതീക്ഷിച്ച ഭൂരിപക്ഷം തന്നെയാണ് ലഭിച്ചതെന്നും ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് വൻവിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം കേരള സര്‍ക്കാരിന് വേണ്ടി മന്ത്രി വി ശിവൻകുട്ടി ഏറ്റുവാങ്ങി. മന്ത്രിമാരായ , ജി ആർ അനിൽ, എം എ ബേബി, എം വി ഗോവിന്ദൻ എന്നിവർ അന്തിമോപചാരം അര്‍പ്പിച്ചു.രാവിലെ 10 മണിയോടെ പത്തനംതിട്ടയിലെത്തിച്ച മൃതദേഹം പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനത്തില്‍ വെച്ചിരിക്കുകയാണ്. വൈകിട്ട് 4.30 ന് വീട്ടുവളപ്പിൽ വെച്ചാണ് സംസ്കാരം.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ വിജയത്തിന് പിന്നാലെ പിവി അൻവറിനെ യുഡിഎഫിലെടുക്കുന്നത് സംബന്ധിച്ച ചോദ്യങ്ങളിൽ കൂടുതൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. പിവി അൻവറിന്‍രെ പ്രവേശനം ചര്‍ച്ച ചെയ്യുമെന്ന് സണ്ണി ജോസഫ് പറഞ്ഞു.
വിവാഹിതയാകുന്നത് ഐടി മേഖലയില്‍ പ്രമോഷന്‍ ഉള്‍പ്പെടെയുളള കാര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി ജീവനക്കാരുടെ തുറന്ന് പറച്ചില്‍. ഗര്‍ഭിണികളാകുന്ന ജീവനക്കാരെ പിരിച്ചുവിടേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന രീതിയുമുണ്ട്. സംസ്ഥാന വനിതാ കമ്മീഷന്‍ കോഴിക്കോട് സംഘടിപ്പിച്ച പബ്ലിക് ഹിയറിങ്ങിലായിരുന്നു ജീവനക്കാരുടെ തുറന്ന് പറച്ചില്‍.
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തില്‍ രണ്ട് ഇടങ്ങളിലായി സംസ്കരിച്ച അമ്മയുടെ മൃതദേഹം ഒന്നിച്ച് സംസ്കരിക്കാൻ ഇടപെടൽ തേടി മകൻ. എട്ട് മാസമായി കളക്ടറേറ്റിൽ കയറി ഇറങ്ങിയിട്ടും നടപടി ഇല്ലെന്ന് മകൻ അനിൽ പറയുന്നു. ചൂരൽമല സ്വദേശിയായ വിജയമ്മയുടെ മൃതദേഹമാണ് പുത്തുമലയിൽ രണ്ടിടങ്ങളിലായി അടക്കിയത്. ഡിഎൻഎ പരിശോധനയിലെ മൃതദേഹഭാഗങ്ങൾ രണ്ട് സ്ഥലത്തായിട്ടാണ് സംസ്കരിച്ചിരിക്കുന്നതെന്ന് തെളിഞ്ഞിരുന്നു.
മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ ചികിത്സയിൽ തുടരുന്നു. അച്യുതാനന്ദന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്നലെ രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വി എസ് അച്യുതാനന്ദനെ പട്ടം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോഴിക്കോട് ശക്തമായ കാറ്റില്‍ സ്കൂള്‍ കെട്ടടത്തിന് മുകളില്‍ തെങ്ങ് വീണു.തിരുവമ്പാടി പൊന്നാങ്കയം എസ്.എന്‍.എയുപി സ്കൂളിലെ രണ്ട് ക്സാസ് മുറികള്‍ക്ക് മുകളിലാണ് തെങ്ങ് വീണത്. രണ്ട് ക്ലാസ് മുറികളുടേയും മേല്‍ക്കൂര തകര്‍ന്നു. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കുട്ടികള്‍ സ്കൂളില്‍ എത്തുന്നതിന് മുന്‍പായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
കണ്ണൂർ കായലോട് ആൾക്കൂട്ട അതിക്രമത്തെ തുടർന്നുള്ള യുവതിയുടെ ആത്മഹത്യയിൽ പ്രതികളായ രണ്ട് എസ്ഡിപിഐ പ്രവർത്തകർ വിദേശത്തേക്ക് കടന്നതായി സൂചന. യുവതിയുടെ ആൺസുഹൃത്തിനെ മർദിച്ച കേസിലെ പ്രതികളായ സുനീർ, സക്കറിയ എന്നിവരാണ് വിദേശത്തേക്ക് കടന്നിരിക്കുന്നത്. പ്രതികൾക്കായി ലുക്ക് ഔട്ട്നോട്ടീസ് പുറത്തിറക്കിയതായി പോലീസ് വ്യക്തമാക്കി.
കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത രണ്ട് ദിവസങ്ങളിൽ (ജൂൺ 24, 25) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജൂൺ 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40-60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ബൈക്കിൽ മൂന്ന് പേർ യാത്ര ചെയ്തതിന് പോലീസ് യുവാവിനെ മർദ്ദിച്ചതായി പരാതി. ബേപ്പൂർ സ്വദേശി അനന്തുവിനെയാണ് പോലീസ് മർദിച്ചതായി പരാതി. തിങ്കളാഴ്ചയാണ് സംഭവം നടന്നത്..ബൈക്കുമായി സ്റ്റേഷനിൽ എത്തിയപ്പോൾ ബേപ്പൂർ സ്റ്റേഷനിലെ പ്രൊബേഷൻ എസ്ഐ പോലീസ് സ്റ്റേഷനിലുള്ളിലെ മുറിയിലേക്ക് കൊണ്ടുപോയി പട്ടിക കൊണ്ട് അടിച്ചുപരിക്കേൽപ്പിച്ചെന്നാണ് അനന്തുവിന്റെ പരാതി.
ഖത്തറിലെ യുഎസ് സൈനിക താവളത്തിലേക്ക് ഇറാന്‍ ആക്രമണം നടത്തിയതോടെ താറുമാറായി വ്യോമഗതാഗതം. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുളള നിരവധി വിമാനങ്ങള്‍ റദ്ദാക്കി. ചില വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. എയര്‍ ഇന്ത്യ, ഖത്തര്‍ എയര്‍വേയ്സ്, ഇന്‍ഡിഗോ എന്നി കമ്പനികളാണ് സര്‍വീസ് നിര്‍ത്തിവെച്ചത്. ഇതോടെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നൂറുകണക്കിന് യാത്രക്കാര്‍ പ്രതിസന്ധിയിലായി.
ഉത്തര്‍പ്രദേശില മീറ്ററ്റിൽ ചികിത്സയിലുള്ള പതിമൂന്നുകാരി ആശുപത്രിയിൽ പീഡനത്തിനിരയായി. മീററ്റിലെ ലാലാ ലജ്പത് റായ് മെഡിക്കൽ കോളേജിൽ വെച്ചാണ് സംഭവം.സംഭവത്തിനുശേഷം രാവിലെ സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി രോഹിത് കുമാറിനെ പൊലീസ് പിടികൂടുകയായിരുന്നു.
ശശി തരൂരും കോൺഗ്രസും തമ്മിൽ ഭിന്നത രൂക്ഷമാകുന്നു തരൂരിന്‍റെ മോദി സ്തുതിയില്‍ ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിലാണ്. തരൂരുമായി ചർച്ചയില്ലെന്ന് നേതൃത്വം വ്യക്തമാക്കി. അതിനിടെ ശശി തരൂരിന്‍റെ മോദി സ്തുതിയിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി വിമര്‍ശനം കടുപ്പിച്ചു.
മേഘാലയിലെ ഹണിമൂൺ കൊലപാതകവുമായി രണ്ടുപേർ കൂടി അറസ്റ്റിൽ. കൊലപാതകത്തിനുശേഷം പ്രതിയായ സോനത്തിന് ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കിയ രണ്ടുപേരാണ് അറസ്റ്റിലായത്. സോനം ഒളിവിൽ താമസിച്ച അപ്പാർട്ട്മെൻറിന്റെ ഉടമയും ഇവിടുത്തെ സുരക്ഷാ ഉദ്യോഗസ്ഥനുമാണ് അറസ്റ്റിലായത്. തെളിവ് നശിപ്പിക്കാൻ അടക്കം ഇവർ സഹായിച്ചെന്ന് മേഘാലയ പൊലീസ് അറിയിച്ചു.
സ്വകാര്യ കമ്പനിക്കായി പൈപ്പിടുന്ന ജോലികൾക്കായി കുഴികൾ എടുത്തുകൊണ്ടിരുന്ന തൊഴിലാളികൾ കണ്ടെത്തിയത് പ്രീ ഹിസ്പാനിക് കാലഘട്ടത്തിൽ നിന്നുള്ള ശവകുടീരം. പെറുവിലെ ലിമയിലാണ് നിർമ്മാണ തൊഴിലാളികൾ ആയിരം വർഷം പഴക്കമുള്ള ‘മമ്മി’ കണ്ടെത്തിയത്. തെക്കൻ അമേരിക്കയിൽ പ്രത്യേകിച്ച് പെറുവിലും ഇക്വഡോറിലും സാധാരണമായി കാണപ്പെടുന്ന മരമായ ഹുറാംഗോ മരത്തിന്റെ കാതലും ഇതിനടുത്ത് നിന്നായി കണ്ടെത്തിയിട്ടുണ്ട്.
സംഗീത പരിപാടിക്കിടെ ഞെട്ടിപ്പിക്കുന്ന സംഭവം. കാണികൾക്ക് നേരെ സിറിഞ്ച് കൊണ്ട് ആക്രമണം. 145 പേർക്കാണ് സിറിഞ്ച് കൊണ്ട് കുത്തേറ്റത്. ഫ്രാൻസിലെ വൻ ജനപ്രീതിയുള്ള ഫെറ്റെ ഡി ലാ സംഗീത പരിപാടിക്കിടെയാണ് സംഭവം. 12 പേരെ അറസ്റ്റ് ചെയ്തതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
സിന്ധു നദീജല ഉടമ്പടി (IWT) പ്രകാരം ഇസ്ലാമാബാദിനുള്ള ജലത്തിന്റെ വിഹിതം ഇന്ത്യ നിഷേധിച്ചാൽ പാകിസ്ഥാൻ യുദ്ധത്തിലേക്ക് പോകുമെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവും പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രിയുമായ ബിലാവൽ ഭൂട്ടോ. ഇന്ത്യ വെള്ളം നിഷേധിച്ചാൽ വീണ്ടും യുദ്ധം ചെയ്യേണ്ടിവരും എന്നാണ് ഭീഷണി. സിന്ധുനദീജല കരാർ നിയമവിരുദ്ധമായാണ് ഇന്ത്യ നിർത്തിവച്ചതെന്നും ബിലാവൽ ഭൂട്ടോ ആരോപിച്ചു
മഹാരാഷ്ട്രയിലെ സ്കൂളുകളിൽ ഹിന്ദി നിർബന്ധമല്ലെന്ന് സാംസ്കാരിക മന്ത്രി ആശിഷ് ഷേലാർ. മറാത്തി മാത്രമേ നിർബന്ധമുള്ളൂ. സ്കൂളുകളിൽ മൂന്നാം ഭാഷ പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം യുക്തിരഹിതമാണ്. 1 മുതൽ 5 വരെയുള്ള ക്ലാസുകളിൽ ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയായി പഠിപ്പിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. ഹിമാചൽ പ്രദേശിലെ സിര്‍മൗര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലെ 24 പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. മാത്തമാറ്റിക്സ് അധ്യാപകനാണ് അറസ്റ്റിലായത്. സ്കൂളിലെ എട്ടു മുതൽ പത്താം ക്ലാസിൽ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അതിക്രമം സംബന്ധിച്ച് സ്കൂള്‍ പ്രിന്‍സിപ്പളിന് പരാതി നൽകുകയായിരുന്നു.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ടെലിഫോൺ സംഭാഷണം നടത്തി കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്. ഖത്തറിലെ അൽ ഉദൈദ് സൈനിക താവളത്തിൽ ഇറാനിയൻ റെവല്യൂഷണറി ഗാർഡ് നടത്തിയ മിസൈൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്.ഖത്തറിന്റെ നേതൃത്വത്തിനും ജനങ്ങൾക്കും കുവൈത്തിൻ്റെ പൂർണ്ണ ഐക്യദാർഢ്യവും പിന്തുണയും ഉണ്ടെന്ന് കുവൈത്ത് അമീർ ഉറപ്പ് നൽകി.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നത് മഹാത്മ ഗാന്ധിയുടെ പ്രതീകമായിട്ടാണെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. മഹാത്മ ഗാന്ധി ശ്രീനാരായണഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനിടെ ഇസ്രയേലില്‍ ഇറാന്റെ മിസൈലാക്രമണം. തെക്കന്‍ ഇസ്രയേലില്‍ നടന്ന ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബീര്‍ഷെബയിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ മിസൈല്‍ പതിച്ചതിനെത്തുടര്‍ന്ന് മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേലി അധികൃതര്‍ അറിയിച്ചു.
ആറ് തവണ മാറ്റിവെച്ച ആക്‌സിയോം-4 ദൗത്യത്തിന്റെ ഒരു പുതിയ വിക്ഷേപണ തീയതി നിശ്ചയിച്ച് നാസ. ഇന്ത്യയുടെ ശുഭാംശു ശുക്ല ഉള്‍പ്പെടെയുള്ള ബഹിരാകാശ യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിക്കുന്ന ദൗത്യമാണ് ആക്‌സിയോം-4. ജൂണ്‍ 25 ബുധനാഴ്ച വിക്ഷേപണം നടത്തുമെന്നാണ് ആക്‌സിയോം സ്‌പേസ്, സ്‌പേസ് എക്‌സ്, നാസ എന്നിവര്‍ വ്യക്തമാക്കിയിട്ടുള്ളത്.