vikram
പാക്കിസ്ഥാനുമായി വെടിനിര്‍ത്തലിന് ധാരണയായെന്ന് ഇന്ത്യ. ഇന്നലെ വൈകിട്ട് 5 മണി മുതല്‍ കര, വ്യോമ, നാവിക സേനാ നടപടികളെല്ലാം നിര്‍ത്തിവയ്ക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായെന്നു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി  വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെന്നു പാക്കിസ്ഥാന്‍ ഉപപ്രധാനമന്ത്രി ഇഷാക് ധറും പ്രഖ്യാപിച്ചു. ഇന്ത്യ- പാക്കിസ്ഥാന്‍ വെടിനിര്‍ത്തലിനു ധാരണയായെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതിനു പിന്നാലെയാണ് ഇതു സംബന്ധിച്ച് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും പ്രഖ്യാപനം.

ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ചെന്ന് ആദ്യം വെളിപ്പെടുത്തിയത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ ഇരുരാഷ്ട്രങ്ങളുമായി സംസാരിച്ചത് നിര്‍ണായകമായിയെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുമായും പാക് സൈനിക മേധാവിയുമായും മാര്‍കോ റൂബിയോ സംസാരിച്ചിരുന്നുവെന്നും ഒരു രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ധാരണയായതെന്നും ട്രംപ് ഇന്നലെ എക്സില്‍ കുറിച്ചിരുന്നു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത് പാകിസ്ഥാനെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. ഇന്നലെ ഉച്ചതിരിഞ്ഞ് 3.35ന് പാകിസ്ഥാന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സിനെ ഫോണില്‍ വിളിക്കുകയായിരുന്നുവെന്നും പിന്നീട് കരയിലോ വായുവിലോ കടലിലോ സൈനിക നടപടികള്‍ ഉണ്ടാകില്ലെന്ന് ഇരുരാജ്യങ്ങളും ധാരണയിലെത്തിയെന്നും വൈകുന്നേരം 5 മണി മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലില്‍ ഒരു മൂന്നാം കക്ഷിയും വെടിനിര്‍ത്തലിനായി ഇടപെട്ടിട്ടില്ലെന്നും വിക്രം മിശ്രി പറഞ്ഞു.
ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക് റൂബിയോയുടെയും അവകാശവാദം തള്ളി കേന്ദ്ര സര്‍ക്കാര്‍. വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ച പാകിസ്താനുമായി നേരിട്ടാണ് നടത്തിയതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ൃവെടിനിര്‍ത്തല്‍ സംബന്ധിച്ച വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നടത്തിയ പ്രതികരണത്തിലോ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ സാമൂഹിക മാധ്യമ കുറിപ്പിലോ ചര്‍ച്ചകളില്‍ മൂന്നാം കക്ഷി പങ്കാളിയായതായി പറഞ്ഞിട്ടില്ല. ഒരു നിഷ്പക്ഷ സ്ഥലത്ത് ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തുമെന്ന മാര്‍ക് റൂബിയോയുടെ അവകാശവാദത്തിലും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. മറ്റേതെങ്കിലും സ്ഥലത്ത് മറ്റ് വിഷയങ്ങളില്‍ ചര്‍ച്ച നടത്താന്‍ തീരുമാനമായിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു.
ഇന്ത്യ-പാക് വെടിനിര്‍ത്തലിന് പിന്നാലെ വീണ്ടും പാകിസ്ഥാന്‍ കരാര്‍ ലംഘിച്ചെന്ന് ഇന്ത്യ. വിദേശകാര്യ സെക്രട്ടറി രാത്രി വൈകി വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രസ്താവിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ധാരണ, പാകിസ്ഥാന്‍ തുടര്‍ച്ചയായി ലംഘിച്ചുവെന്നും ആവശ്യമെങ്കില്‍ തിരിച്ചടിക്കാന്‍ സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും പാക് നടപടിയെ അപലപിച്ചു കൊണ്ട് വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന വിവരം ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയാണ് നേരത്തെ അറിയിച്ചത്. തുടര്‍ന്ന് ഇരു രാജ്യങ്ങളിലെയും സേനകളിലെ ഡിജിഎംഒമാര്‍ വീണ്ടും സംഭാഷണം നടത്തി. വിഷയത്തിന്റെ ഗൗരവം മനസിലാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഈ നിലയില്‍ പ്രകോപനം തുടരുകയാണെങ്കില്‍ ആവശ്യമെങ്കില്‍ തിരിച്ചടിക്കാന്‍ സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചത്.
ഇന്ത്യയുമായുള്ള വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചിട്ടില്ലെന്ന് പാകിസ്ഥാന്‍. പാക് വാര്‍ത്താ വിനിമയ മന്ത്രി അതാവുള്ള തരാറാണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം വിമാന സര്‍വീസ് പാക്കിസ്ഥാന്‍ പുനരാരംഭിച്ചെന്നും സൂചനയുണ്ട്. പാക് വ്യോമ മേഖലയില്‍ വിമാനങ്ങളുടെ സാന്നിധ്യം കാണുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണയായെങ്കിലും പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് സ്വീകരിച്ച കടുത്ത നടപടികളില്‍ നിന്ന് ഇന്ത്യ പിന്നോട്ട് പോയേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. സിന്ധു നദീതട കരാര്‍ മരവിപ്പിച്ചതടക്കം പാകിസ്ഥാനെതിരായ നിലപാടുകള്‍ ഇന്ത്യ തുടരുമെന്നും ഭീകരവാദത്തോട് കര്‍ശന നിലപാട് സ്വീകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഭീകരാക്രമണങ്ങളോട് പ്രതികരിക്കുന്നതില്‍ മുന്‍ യുപിഎ സര്‍ക്കാര്‍ നിഷ്‌ക്രിയത്വം കാണിച്ചുവെന്ന ബിജെപിയുടെ ആരോപണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഐക്യത്തിന്റെ സന്ദേശം നല്‍കുന്നതിനു പകരം രാഷ്ട്രീയം കളിക്കാനുള്ള സമയമാണോ ഇതെന്ന് ഭരണകക്ഷിയും സര്‍ക്കാരും വ്യക്തമാക്കണമെന്നും രാഷ്ട്രീയമായി വിഭജിക്കാനുള്ള ഈ ശ്രമം അപലപനീയമാണെന്നും ശശി തരൂര്‍ വിമര്‍ശിച്ചു.
ബിജെപി നടപടി ഉചിതമോ പക്വതയുള്ളതോ അല്ലെന്നു പറഞ്ഞ ശശി തരൂര്‍ പോസ്റ്റ് നീക്കം ചെയ്യാന്‍ ബിജെപിയെ ടാഗ് ചെയ്തുകൊണ്ട് ‘എക്‌സി’ല്‍ കുറിച്ചു. ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമാണോയെന്നും സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പിന്തുണ ആവശ്യമില്ലേയെന്നും കോണ്‍ഗ്രസിന്റെ മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം മേധാവി പവന്‍ ഖേരയും ചോദിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *