ഇന്ത്യാ-പാക് സംഘർഷ സാഹചര്യത്തിൽ രാജ്യം കനത്ത സുരക്ഷയിൽ. പാക് അതിർത്തി സംസ്ഥാനങ്ങളിൽ പരിശോധനകൾ കർശനമാക്കി. ജമ്മുകശ്മീരിന് പിന്നാലെ പഞ്ചാബിലും രാജസ്ഥാനിലും സ്കൂളുകൾ അടച്ചു. പാക് അതിർത്തിയിലുള്ള 6 ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. ഫിറോസ്പൂർ, പത്താൻകോട്ട്, ഫാസിൽക, അമൃത്സർ, ഗുരുദാസ്പൂർ, തരൻ താരൻ എന്നീ ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്.
പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം. പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും തരത്തിലുള്ള സംഘർഷം ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നതിനാൽ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കുകയും പൊതുസമ്മേളനങ്ങൾ നിയന്ത്രിക്കുകയും ചെയ്തു. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനം കണ്ടാൽ അതിർത്തി സുരക്ഷാ സേനാംഗങ്ങൾക്ക് വെടിവയ്ക്കാനുള്ള ഉത്തരവ് നൽകിയിട്ടുണ്ട്.
പഹല്‍ഗാമിലെ ഭീകരാക്രണത്തിന്റെ മറുപടി ഓപ്പറേഷൻ സിന്ദൂരില്‍ അവസാനിക്കില്ലെന്നും ഇത് തുടക്കം മാത്രമെന്നും ഇന്നലെ മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. എല്ലാത്തിനും തയ്യാറായിരിക്കാൻ മന്ത്രിമാരോട് പ്രധാനമന്ത്രി നിര്‍ദേശം നല്കി. ഇനിയും പാക് പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇന്ത്യ ലക്ഷ്യമിടുന്നത് പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ടി ആർ എഫ് തലവൻ ഷെയ്ഖ് സജ്ജാദ് ഗുല്ലിൻ്റേതടക്കം താവളങ്ങളാണെന്നാണ് വിവരം.
പാകിസ്ഥാനിലെ ലാഹോറിലും കറാച്ചിയിലും സ്ഫോടനങ്ങള്‍ നടന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കറാച്ചിയിലെ ഷറാഫി ഗോതിൽ സ്ഫോടനം നടന്നെന്നാണ് റിപ്പോർട്ട്. സ്ഫോടനങ്ങൾ ഡ്രോൺ ആക്രമണം ആയിരുന്നുവെന്ന് പാകിസ്ഥാൻ സൈന്യം അറിയിച്ചു. 12 ഇടത്ത് ഡ്രോണ്‍ ആക്രമണം നടന്നുവെന്നാണ് പാക് സൈന്യം പറയുന്നത്. ലാഹോർ ഡ്രോണ്‍ ആക്രമണത്തിൽ നാല് പാക് സൈനികർക്ക് പരിക്കേറ്റെന്നും പാകിസ്ഥാൻ സ്ഥിരീകരിച്ചു.
പാകിസ്ഥാനെതിരായുള്ള സൈനിക നടപടിക്ക് പിന്നാലെ ഭീഷണിയുമായി ഭീകര സംഘടന അൽഖ്വയ്ദ. ഇന്ത്യയുടെ ആക്രമണത്തിന് മറുപടി നൽകുമെന്ന് അൽ-ഖ്വയ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡ ബ്രാഞ്ച് പ്രസ്താവന ഇറക്കി. അസ്-സഹാബ് മീഡിയയിലൂടെയാണ് പ്രസ്താവന പുറപ്പെടുവിച്ചത്. 2025 മെയ് 6 ന് രാത്രിയിൽ, ഇന്ത്യയുടെ സർക്കാർ പാകിസ്ഥാനിലെ ആറ് സ്ഥലങ്ങൾ ആക്രമിച്ചെന്നും പള്ളികളും ജനവാസ കേന്ദ്രങ്ങളുമാണ് ലക്ഷ്യമിട്ടതെന്നും അൽഖ്വയ്ദ പറയുന്നു.
പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത ജാഗ്രതയില്‍. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അമൃത്സര്‍ വിമാനത്താവളം പൂര്‍ണമായും അനിശ്ചിത കാലത്തേക്ക് അടച്ചതായി പൊലീസ് അറിയിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്ഥാന്റെ ഭാഗത്തുനിന്ന് വ്യാപകമായി വ്യാജ പ്രചാരണങ്ങൾ ഉണ്ടാവുന്നുണ്ടെന്ന് പിഐബി (പ്രസ്സ് ഇൻഫോർമേഷൻ ബ്യൂറോ). ഓരോ വിവരങ്ങളും കൃത്യമായി പരിശോധിക്കണം എന്നാണ് നിർദേശം. തെറ്റായ വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ പ്രത്യേക മെയിലും നമ്പറും സജീവമാക്കിയിട്ടുണ്ട്. ഇന്ത്യൻ സേനയെ കുറിച്ചോ നിലവിലുള്ള സാഹചര്യത്തെ കുറിച്ചോ തെറ്റായ വിവരം പ്രചരിപ്പിക്കുന്നത് കണ്ടാൽ socialmedia@pib.gov.in എന്ന മെയിലിലേക്കൊ +91 8799711259 എന്ന വാട്സ് ആപ്പ് നമ്പറിലോ അറിയിക്കാം.
പാകിസ്ഥാനിലെ ബലൂചിസ്താനില്‍ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ 14 പാകിസ്ഥാൻ സൈനികരെ കൊലപ്പെടുത്തിയെന്ന് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ). പാക് സൈനിക വാഹനം കുഴി ബോംബ് സ്ഫോടനത്തിൽ തകർക്കുന്ന ദൃശ്യങ്ങൾ ഇവർ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. എന്നാൽ പാകിസ്ഥാൻ ഇതിനോട് പ്രതികരിച്ചിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തുന്നു. പ്രധാനമന്ത്രിയുടെ വസതിയിലാണ് അജിത് ഡോവലുമായുള്ള കൂടിക്കാഴ്ച. നിലവിലെ സാഹചര്യവും ഓപ്പറേഷൻ സിന്ദൂരിനെ തുടർന്ന് ഇന്ത്യാ- പാകിസ്ഥാൻ അതിർത്തിയിലടക്കമുണ്ടായ സംഭവ വികാസങ്ങളും പ്രധാനമന്ത്രിയെ അറിയിക്കാനാണ് കൂടിക്കാഴ്ച.
പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ടുള്ള വീഡിയോകളും ചിത്രങ്ങളും മറ്റ് വിവരങ്ങളും അറിയിക്കണമെന്ന് സഞ്ചാരികള്‍ അടക്കമുള്ളവരോട് ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). വിവരങ്ങള്‍ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്കായി പ്രത്യേക ഫോണ്‍ നമ്പറുകള്‍ എന്‍ഐഎ പുറത്തുവിട്ടു. വിവരങ്ങള്‍ കൈമാറാന്‍ പൊതുജനങ്ങള്‍ക്ക് 9654958816 എന്ന മൊബൈല്‍ നമ്പറില്‍ വിളിക്കുകയോ, 01124368800 എന്ന ലാന്‍ഡ് ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.
മലയാളി യുവാവിനെ ജമ്മു കശ്മീരിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് കേരളാ പൊലീസ്. പാലക്കാട് കാഞ്ഞിരപ്പുഴ കറുവാൻതൊടി സ്വദേശി മുഹമ്മദ് ഷാനിബ് ആണ് മരിച്ചത്. പുൽവാമയിലെ വനപ്രദേശത്തോട് ചേർന്ന നിലയിലാണ് ഇന്നലെ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. യുവാവ് എങ്ങനെ കാശ്മീരിലെത്തിയെന്നതിൽ ഇനിയും വ്യക്തത ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചതായി കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു.
ഓപ്പറേഷന് സിന്ദൂറില്‍ പ്രതികരണവുമായി പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥന് ലഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാന്‍ഷി നര്‍വാള്‍. ഓപ്പറേഷൻ സിന്ദൂറിനെ സ്വാഗതം ചെയ്യുകയാണെന്നും ഭീകരതയ്ക്ക് അവസാനം കുറിക്കണമെന്നും ഹിമാൻഷി പറഞ്ഞു.
കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദത്തിൽ നിന്ന് കെ സുധാകരനെ മാറ്റാനുള്ള നീക്കത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും ഇപ്പോൾ ഇങ്ങനെ തീരുമാനമെടുക്കുമോയെന്ന് ചോദിച്ച അദ്ദേഹം സുധാകരനെ വെട്ടിനിരത്താൻ തെക്കൻ ജില്ലക്കാരായ കോൺഗ്രസ് നേതാക്കൾ ഒന്നിച്ചുവെന്നും കുറ്റപ്പെടുത്തി.
കെ സുധാകരനെ അനുകൂലിച്ച് കാസർകോട് ഡിസിസി ഓഫീസിന് മുന്നിൽ ഫ്ലക്സ് ബോർഡ്.കെപിസിസി പ്രസിഡൻ്റായി സുധാകരൻ തുടരട്ടെ എന്ന് ഫ്ലക്സിൽ പറയുന്നു.
യുദ്ധം ജയിച്ചു മുന്നേറുമ്പോൾ സൈന്യാധിപനെ പിൻവലിക്കുന്നത് എതിർപക്ഷത്തിന് കാര്യങ്ങൾ എളുപ്പമാക്കുന്നതിനു തുല്യമാണെന്നും ഫ്ളക്സിലുണ്ട്. സേവ് കോൺഗ്രസ് കാസർകോട് എന്ന പേരിലാണ് ബോർഡ്.
പത്തനംതിട്ട കോന്നി ആനക്കൂട്ടിലെ നാലു വയസുകാരന്റെ അപകടമരണത്തെ തുടര്‍ന്ന് നടപടി നേരിട്ട നാലു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജോലിയിൽ തിരികെ പ്രവേശിച്ചു. നാലുപേരുടെയും സസ്പെന്ഷൻ പിന്‍വലിച്ചുകൊണ്ടാണ് തിരികെ സര്‍വീസിൽ പ്രവേശിപ്പിച്ചത്. നടപടിയെടുത്ത് പതിമൂന്നാം ദിവസമാണ് നടപടി പിന്‍വലിച്ചത്.
നന്തൻകോട് കൂട്ടക്കൊല കേസിലെ വിധിപ്രസ്താവം വീണ്ടും മാറ്റി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റിയത്. കുടുംബത്തോടുളള അടങ്ങാത്ത പകകാരണം അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും പ്രതിയായ കേദൽ ജിൻസൻ രാജ വെട്ടികൊന്ന് ചുട്ടെരിച്ചുവെന്നാണ് കേസ്.
പുലിപ്പല്ല് കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയിൽ സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നത് പോലെ തോന്നിയെന്നും ഒരാളെ ശിക്ഷിക്കുന്നത് ശരിയല്ലെന്നും വേടൻ പ്രതികരിച്ചു. റേഞ്ച് ഓഫീസര്‍ അധീഷ് സാറിനെ സ്ഥലം മാറ്റിയ കാര്യമാണ് അറിയുന്നത് അത് ശരിയല്ലെന്നാണ് തന്റെ അഭിപ്രായമെന്നും ഇപ്പോള്‍ മാത്രമല്ല, വേട്ടയാടൽ നിരന്തരമായി താൻ നേരിട്ടിരുന്ന കാര്യമാണെന്നും അത് ജീവിതകാലം മുഴുവൻ ഉണ്ടാകുമെന്നും വേടൻ പറഞ്ഞു.
ഹിന്ദുസ്ഥാൻ പെട്രോളിയം ഡിപ്പോയിലെ (എച്ച്പിസിഎൽ) ഇന്ധന ചോർച്ചയുമായി ബന്ധപ്പെട്ട് എലത്തൂർ ഡിപ്പോ മാനേജറടക്കം ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഡിപ്പോ മാനേജർ വിനിൽ ബാല,അസി മാനേജർ അരുൺ, പ്ലാനിങ് ഓഫീസർ രവികുമാർ,
അസി . മാനേജർ നിഖിൽ എന്നിവർക്കാണ് സ്ഥലം മാറ്റം. സംഭരണിയോട് ചേർന്നുള്ള ഓവുചാലിലൂടെ ഇന്ധനം ചോർന്ന് മണ്ണും ജലവും മലിനമായതിനാൽ മലിനീകരണ നിയന്ത്രണ ബോർഡ് പിഴ ഈടാക്കുന്ന നടപടികൾ തുടങ്ങിയിട്ടുണ്ട്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ രാത്രി 08.30 വരെ ആലപ്പുഴ ജില്ലയിലെ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ 0.6 മുതൽ 0.7 മീറ്റർ വരെയും ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ത്യൻ യുദ്ധവിമാനം വെടിവച്ചിട്ടു എന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ അവകാശപ്പെട്ടിരുന്നു. എന്നാൽ അതിന് തെളിവ് എവിടെ എന്ന ചോദ്യത്തിന് നൽകിയ മറുപടിയിലൂടെ പാക് പ്രതിരോധ മന്ത്രി ലോകത്തിന് മുൻപിൽ സ്വയം പരിഹാസ്യനായി മാറിയിരിക്കുകയാണ്. ചില സോഷ്യൽ മീഡിയ വീഡിയോകളാണ് പ്രതിരോധ മന്ത്രി തെളിവായി ചൂണ്ടിക്കാട്ടിയത്.
ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ സ്വകാര്യ ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ച് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാവിലെ 9 മണിയോടെ ഗംഗോത്രിയിലേക്ക് പോവുകയായിരുന്ന ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്തേക്ക് പൊലീസ്, സൈനിക ഉദ്യോഗസ്ഥർ, ദുരന്ത നിവാരണ സേനാംഗങ്ങൾ, 108 ആംബുലൻസ് ടീം, ഭട്വാരിയിലെ ബിഡിഒ, റവന്യൂ സംഘം എന്നിവർ എത്തി.
ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് കുറ്റക്കാരൻ എന്ന് ആഭ്യന്തര സമിതി റിപ്പോർട്ട്. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച ആഭ്യന്തര സമിതി ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്നയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് കണ്ടെത്തൽ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മ രാജി വയ്ക്കേണ്ടതായി വരും.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷം മൂർച്ഛിക്കുന്നതിനിടെ ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഘ്ചി ഇന്ത്യയിലെത്തി. ഇന്ന് അദ്ദേഹം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തും. ഇരുവരും ഇന്ത്യയും ഇറാനും തമ്മിലുള്ള 20-ാമത് ജോയിന്റ് കമ്മീഷൻ യോഗത്തിന് സഹ-അധ്യക്ഷത വഹിക്കും. ഇന്ത്യ-ഇറാൻ സൗഹൃദ ഉടമ്പടി ഒപ്പുവച്ചതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന സമയത്താണ് ഈ വർഷത്തെ യോഗം.
പാകിസ്ഥാനിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന് യുകെ എംപി പ്രീതി പട്ടേൽ. ഏപ്രില്‍ 22ന് കശ്മീരിലെ പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തെ അപലപിച്ച പ്രീതി പട്ടേല്‍, പാകിസ്ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ ഇന്ത്യക്കും പാശ്ചാത്യ രാജ്യങ്ങള്‍ക്കും ഭീഷണിയാണെന്ന് അറിയാമെന്നും വ്യക്തമാക്കി.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിൽ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇതിനോടകം തന്നെ ദുർബലമായ സുരക്ഷാ അന്തരീക്ഷത്തെ കൂടുതൽ അസ്ഥിരപ്പെടുത്തുന്ന നടപടികൾ ഒഴിവാക്കണമെന്നും നയതന്ത്ര തലത്തിൽ പ്രശ്നത്തിന് പരിഹാരം കാണണമെന്നും യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്നതിനിടയിൽ എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമെങ്കിൽ താൻ അവിടെയുണ്ടാകുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം എത്രയും പെട്ടെന്ന് തീർക്കണമെന്നാണ് ആഗ്രഹമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.