എപ്പോള്‍ നടക്കുന്നുവെന്നത് ആരോഗ്യത്തെ വ്യത്യസ്ത രീതിയില്‍ ബാധിക്കാമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് ഭക്ഷണത്തിന് മുന്‍പും ശേഷവും. ഭക്ഷണത്തിന് മുന്‍പ് നടന്നാല്‍ കൊഴുപ്പ് കത്തിച്ച് മെറ്റബോളിസം വര്‍ധിപ്പിക്കാന്‍ സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ഭക്ഷണം കഴിച്ച ഉടനെ നടക്കുന്നത് ശരീരഭാരം കുറയ്ക്കാനും, ദഹനം മെച്ചപ്പെടുത്താനും, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും കൂടുതല്‍ ഉപയോഗപ്രദമാകുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. രാവിലെ വെറും വയറ്റില്‍ നടക്കുമ്പോള്‍ അല്ലെങ്കില്‍ ഭക്ഷണം കഴിച്ച് മൂന്ന് നാല് മണിക്കൂര്‍ കഴിഞ്ഞ് നടക്കുമ്പോള്‍, അത് നിങ്ങളുടെ മെറ്റബോളിസം വര്‍ധിപ്പിക്കുകയും കലോറികള്‍ക്ക് പകരം കൊഴുപ്പ് കത്തിക്കാന്‍ ശരീരത്തെ സഹായിക്കുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാനും ഇത് നിങ്ങളെ സഹായിക്കും. ഭക്ഷണം കഴിച്ച് കഴിഞ്ഞ് വ്യായാമം ചെയ്തവരെ അപേക്ഷിച്ച് ഒഴിഞ്ഞ വയറ്റില്‍ വ്യായാമം ചെയ്തവരില്‍ 70% കൂടുതല്‍ കൊഴുപ്പ് കത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണം കഴിച്ചതിനുശേഷം നടക്കുന്നത് ദഹനം മെച്ചപ്പെടുത്താനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഭക്ഷണത്തിനു ശേഷം നടക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നതിനൊപ്പം വയറു വീര്‍ക്കുന്നത് കുറയ്ക്കുമെന്നും ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഗ്യാസ്, വയറു വീര്‍ക്കല്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഓരോ ഭക്ഷണത്തിനും ശേഷം 10-15 മിനിറ്റ് നടക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഭക്ഷണത്തിനു ശേഷം നടക്കുന്നത് ഗ്ലൂക്കോസ് കത്തിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. പ്രമേഹം ഉള്ളവര്‍ ഭക്ഷണത്തിന് ശേഷം നടക്കുന്നത് ഫലപ്രദമാണ്. ഭക്ഷണ ശേഷം രണ്ട് മുതല്‍ അഞ്ച് മിനിറ്റ് വരെ നടക്കുന്നത് പോലും സഹായകരമാകും. ഭക്ഷണം കഴിച്ചതിനു ശേഷം 30 മിനിറ്റ് വേഗത്തിലുള്ള നടത്തം ശരീരഭാരം കുറയ്ക്കാന്‍ ഒരു മണിക്കൂര്‍ സാധാരണ നടക്കുന്നതിനെക്കാള്‍ ശരീരഭാരം കുറയ്ക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.