പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ നാല് സ്ഥലത്ത് സുരക്ഷാസേന വളഞ്ഞെന്ന് റിപ്പോർട്ട്. ഒരിടത്ത് ഭീകരരും സുരക്ഷാസേനയും തമ്മിൽ വെടിവയ്പ്പുണ്ടായെന്നും സൂചനയുണ്ട്. ഭീകരർ നിലവിൽ ത്രാൽ കോക്കർനാഗ് മേഖലയിലാണ് ഉള്ളതെന്നാണ് റിപ്പോർട്ടുകള്‍. രാത്രി ഭക്ഷണം തേടി ഭീകരർ വീടുകളിലെത്തിയെന്നാണ് സൂചന. ഭീകരർക്കായി ത്രാൾ, അനന്തനാഗ, കൊക്കർന്നാഗ് ഭാഗങ്ങളിലാണ് തെരച്ചിൽ നടത്തുന്നത്. കരസേനയുടെ ഹെലികോപ്റ്ററുകളും ഡ്രോണുകളും തെരച്ചിലിനുണ്ട്. അനന്തനാഗ് പൊലീസും ഒപ്പമുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിൽ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് സുരക്ഷ വർദ്ധിപ്പിച്ചു. പ്രധാനപ്പെട്ട റെയിൽവേ ലൈനുകൾക്കും അത് കടന്നുപോകുന്ന ടണലുകൾക്കുമാണ് സിആർപിഎഫ് സുരക്ഷ കൂട്ടിയത്. ഇതിനിടെ ജമ്മു കാശ്മീർ നിയമസഭയുടെ പ്രത്യേകം സമ്മേളനവും ഇന്ന് ചേരും. അതേസമയം, ഇന്നലെ രാത്രിയും ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ വെടിവച്ചു. കുപ്വാര, പൂഞ്ച് മേഖലയിലായിരുന്നു പ്രകോപനം. ഇതിനെതിരെ തിരിച്ചടിച്ചെന്ന് സൈന്യവും വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അറബ് രാജ്യങ്ങളിൽ പാകിസ്ഥാനെ തുറന്ന് കാട്ടാൻ ഇന്ത്യയുടെ നീക്കം. എംപിമാരുടെ സംഘത്തെ യുഎഇ ,സൗദി തുടങ്ങി അറബ് രാജ്യങ്ങളിലേക്കയച്ചേക്കും. ശശി തരൂർ, അസദുദീൻ ഒവൈസി തുടങ്ങിയ എംപിമാരുൾപ്പെടുന്ന സംഘത്തെയാണ് പരിഗണിക്കുന്നത്. പാകിസ്ഥാന്റെ തീവ്രവാദ നിലപാട് തുറന്ന് കാട്ടും. നയതന്ത്ര തലത്തിലെ തുടർ നീക്കങ്ങളുടെ ഭാഗമായാണ് ഗൾഫ് രാജ്യങ്ങളോട് ഭീകരാക്രമണത്തിന്റെ വിവരങ്ങൾ അറിയാക്കാനും പാക്ക് പങ്ക് തുറന്നുകാണിക്കാനും ആലോചനകൾ നടക്കുന്നുണ്ട്.
ജമ്മുകശ്മീരിലെ പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണവുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിലെ ബിബിസി നിലപാടിൽ അതൃപ്തിയുമായി കേന്ദ്രം. ഭീകരരെ ആയുധധാരികളെന്ന് വിശേഷിപ്പിച്ച് വാർത്തകൾ സംപ്രേഷണം ചെയ്യുന്നതിൽ ബിബിസി ഇന്ത്യ മേധാവിയെ കേന്ദ്രം കടുത്ത അതൃപ്തി അറിയിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങൾ ഭീകരരെ ആയുധധാരികൾ എന്ന് വിശേഷിപ്പിക്കുന്നതിൽ വലിയ വിമർശനമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം ബിബിസിയെ അതൃപ്തി അറിയിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് വയ്ക്കുമെന്ന് ഭീഷണിസന്ദേശം. ധനകാര്യസെക്രട്ടറിയുടെ ഇ മെയിലേക്കാണ് സന്ദേശമെത്തിയത്. ലഹരി വ്യാപനത്തിനെതിരെ മുഖ്യമന്ത്രി നടപടി എടുക്കുന്നതിൽ പ്രതിഷേധിച്ച് ബോംബ് വയ്ക്കുമെന്നാണ് ഇ മെയിൽ സന്ദേശം. തിരുവനന്തപുരത്തെ ഗതാഗത കമ്മീഷണറുടെ ഓഫീസിലും, നെടുമ്പാശേരി വിമാനത്താവളത്തിലും ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്. രാജ്ഭവനിലും ഭീഷണി സന്ദേശമെത്തിയിട്ടുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നതിൽ കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതിയെ വിലക്കിയ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ ഒറ്റക്കെടുത്തതെന്ന് വിവരം. അപ്രതീക്ഷിതമായാണ് യോഗത്തിൽ മുഖ്യമന്ത്രി വിലക്ക് അറിയച്ചത് മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ യോഗത്തിൽ ആരും എതിർത്തില്ല.എന്നാൽ വിവാദമായപ്പോൾ മുഖ്യമന്ത്രിയെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പിന്തുണച്ചു. കേന്ദ്ര കമ്മിറ്റി അംഗമെന്ന നിലയിൽ പികെ ശ്രീമതി പ്രവര്‍ത്തിക്കേണ്ടത് ദില്ലിയിലാണെന്നായിരുന്നു എംവി ഗോവിന്ദൻ വിശദീകരിച്ചത്.
തന്റെ വീടിന് മുന്നിൽ നടന്ന ബോംബ് സ്ഫോടനം പൊലീസ് മാലപ്പടക്കമാക്കി മാറ്റിയെന്ന ആരോപണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. അയൽവാസികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പൊട്ടിത്തെറിയുടെ വിവരം പൊലീസിനെ അറിയിച്ചതെന്നും വിഷയത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗൂഢാലോചന നടന്നുവെന്നും ശോഭ ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിനെതിരായ കേസിൽ 12 വർഷത്തെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കാൻ സിബിഐ. 2003 ജനുവരി മുതൽ 2015 ഡിസംബർ വരെയുള്ള കാലയളവിലെ എബ്രഹാമിന്റെ സ്വത്ത് വിവരങ്ങളാണ് അന്വേഷണ പരിധിയിലുള്ളത്. കൊല്ലത്തെ 8 കോടി വില വരുന്ന ഷോപ്പിംഗ് കോംപ്ലക്സും അന്വേഷണ പരിധിയിലുണ്ട്. .
തെരുവുനായയുടെ കടിയേറ്റ അഞ്ചരവയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്തതിന് ശേഷവും പേവിഷബാധയുണ്ടായ സംഭവത്തിൽ പ്രതികരണവുമായി കുഞ്ഞിന്റെ അച്ഛൻ സൽമാൻ ഫാരിസ്. ഒരു മാസം മുമ്പാണ് കുട്ടിയെ തെരുവുനായ കടിച്ചതെന്നും ആശുപത്രിയിലെത്തി വാക്സീൻ എടുത്ത് വീട്ടിലേക്ക് മടങ്ങിയിരുന്നു എന്നാൽ ഒരാഴ്ച മുമ്പ് വീണ്ടും കുഞ്ഞിന് പനി വന്നു ആശുപത്രിയിൽ എത്തിച്ചപ്പോൾ ആണ് പേവിഷബാധ സ്ഥിരീകരിച്ചത്.
പാലക്കാട് അട്ടപ്പാടിയിൽ കാട്ടാനയാക്രമണത്തിൽ ആദിവാസി വയോധികൻ മരിച്ചത് നെഞ്ചിനേറ്റ ഗുരുതര പരുക്ക് മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. എല്ലാ വാരിയെല്ലുകളും തകർന്ന നിലയിലാണ് ഉൾക്കാട്ടിൽ വിറക് ശേഖരിക്കാൻ പോയ സ്വർണഗദ ഊരിലെ കാളിയും മരുമകൻ വിഷ്ണുവും ഇന്നലെയാണ് രണ്ട് കാട്ടാനകൾക്ക് മുന്നിൽ പെട്ടത്. വിഷ്ണു ഓടി എന്നാൽ കാലിന് അസുഖമുള്ളതിനാൽ കാളിയ്ക്ക് രക്ഷപ്പെടാനായില്ല.മരിച്ച കാളിയുടെ കുടുംബത്തിനുള്ള സഹായം വനം വകുപ്പ് ഇന്ന് കൈമാറും.
റാപ്പർ വേടന്റെ (ഹിരണ്‍ദാസ് മുരളി) ഫ്ലാറ്റിലെ പൊലീസ് പരിശോധനയിൽ ഏഴ് ഗ്രാം കഞ്ചാവ് പിടികൂടി. വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഡാൻസഫ് സംഘം എത്തിയത്.9 പേരടങ്ങുന്ന സംഘമാണ് ആണ് റാപ്പർ വേടന്റെ ഫ്ലാറ്റിലുണ്ടായിരുന്നത്. വേടൻ ലഹരി ഉപയോഗിച്ചോ എന്നറിയാൻ മെഡിക്കൽ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.
ക്രിയാത്മക ജോലികൾക്ക് തടസമാകുമെന്ന് കരുതിയാണ് സെറ്റുകളിലെ ലഹരി പരിശോധനയെ നേരത്തെ എതിർത്തതെന്ന് സംവിധായകനും ഫെഫ്ക പ്രസിഡന്റുമായ സിബി മലയിൽ. എങ്കിലും നിയമാനുസൃതമായ നടപടികളിൽ ഒരെതിർപ്പും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ലഹരി ഉപയോഗിച്ചാൽ മാത്രമേ സിനിമ സെറ്റിൽ ഊർജ്ജത്തോടെ പ്രവൃത്തിക്കാൻ കഴിയൂ എന്ന വാദം വിചിത്രമാണെന്നും ഒരു ലഹരിയും ഇല്ലാതെ 25 ദിവസത്തിൽ കിരീടം പോലൊരു സിനിമ ചിത്രീകരിച്ച ആളാണ് താനെന്നും സിബി മലയിൽ ഓർമപ്പെടുത്തി.
നിരോധിത വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ്-മറൈൻ എൻഫോഴ്സ്മെൻറ്- കോസ്റ്റൽ പൊലീസ് സംയുക്ത പരിശോധനയിൽ പിടികൂടി. എറണാകുളം ജില്ലയിൽ മുനമ്പം പള്ളിപ്പുറം സ്വദേശി കോട്ടപ്പറമ്പിൽ വീട്ടിൽ കെ.ആർ. സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുള്ള ഗോഡ്സ് പവർ ബോട്ടാണ് ബ്ലാങ്ങാട് തീരത്തുനിന്ന് അഞ്ച് നോട്ടിക്കൽ മൈൽ ദൂരെ നിന്ന് പിടിച്ചെടുത്തത്. ബോട്ടിന് 2.5 ലക്ഷം രൂപ പിഴ ഈടാക്കി.
സംസ്ഥാനത്ത് ഇന്നും വേനൽമഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മെയ് 1 വരെ ഇടിമിന്നലോടെ മഴക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചങ്ങനാശ്ശേരി മോസ്കോയിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മോസ്കോ സ്വദേശി മല്ലിക (38) ആണ് മരിച്ചത്. ഭർത്താവ് അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മല്ലികയുടെ ശരീരമാസകലം രക്തം ഉണ്ടായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ആംബുലൻസ് ഡ്രൈവർക്ക് സംശയം തോന്നി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
ജെഎൻയുഎസ്യു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ നാല് കേന്ദ്ര പാനൽ സ്ഥാനങ്ങളിൽ മൂന്നെണ്ണം സ്വന്തമാക്കി ഇടതുപക്ഷ വിദ്യാർഥി സംഘടനയായ ഐസ. തിങ്കളാഴ്ച പുലർച്ചെയാണ് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ (ജെഎൻയുഎസ്യു) തിരഞ്ഞെടുപ്പ് കമ്മീഷൻ ഫലം പുറത്തുവിട്ടത്. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ (എഐഎസ്എ) നിതീഷ് കുമാർ 1,702 വോട്ടുകൾ നേടി പ്രസിഡന്റ് സ്ഥാനം നേടി. എബിവിപി സ്ഥാനാർഥി ശിഖ സ്വരാജിന് 1,430 വോട്ടുകൾ ലഭിച്ചപ്പോൾ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ) പിന്തുണച്ച തയബ്ബ അഹമ്മദിന് 918 വോട്ടുകൾ ലഭിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ വിവാദ പ്രസ്തവാനവയുമായി പാക് ക്രിക്കറ്റ് ടീം മുന്‍ നായകന് ഷാഹിദ് അഫ്രീദി. ഇന്ത്യയിലൊരു പടക്കം പൊട്ടിയാലും അതിന് പാകിസ്ഥാനെ കുറ്റപ്പെടുത്തുമെന്ന് ഒരു ടി വി അഭിമുഖത്തില്‍ അഫ്രീദി പറഞ്ഞു.നിങ്ങള്‍ക്ക് കശ്മീരില്‍ എട്ട് ലക്ഷത്തോളം കരുത്തുറ്റ സൈനികരില്ലെ എന്നിട്ടും ഇത് സംഭവിച്ചുവെങ്കില്‍ ജനങ്ങള്‍ക്ക് ആവശ്യമായ സുരക്ഷ നല്കാന് അവരെക്കൊണ്ട് ഒരു പ്രയോജനവുമില്ലെന്നല്ലെ അര്‍ത്ഥമെന്നും അഫ്രീദി ചോദിച്ചു.
അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ച 54 തീവ്രവാദികളെ പാക് സുരക്ഷാ സേന ഒറ്റരാത്രിയിൽ വധിച്ചതായി സൈന്യം അറിയിച്ചു. കൊല്ലപ്പെട്ട തീവ്രവാദികളായ “ഖ്വാരിജ്” ആണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പറയുന്നു. പാകിസ്ഥാനിൽ ഭീകരാക്രമണം ലക്ഷ്യമിട്ട് വന്നവരെയാണ് കൊലപ്പെടുത്തിയതെന്നും പാക് സൈന്യം അറിയിച്ചു.അഫ്ഗാൻ അതിർത്തിയിലെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ജില്ലയായ നോർത്ത് വസീറിസ്ഥാനിനടുത്തുള്ള പാകിസ്ഥാൻ താലിബാന്റെ മുൻ ശക്തികേന്ദ്രത്തിന് സമീപമാണ് കലാപകാരികളെ കൊലപ്പെടുത്തിയത്.
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ ബ്രിട്ടീഷ് പാകിസ്ഥാനികൾ സംഘടിപ്പിച്ച പ്രതിഷേധത്തിന് മറുപടിയുമായി ബ്രിട്ടീഷ് ഇന്ത്യക്കാരും. പഹൽഗാമിൽ ഭീകരാക്രമണത്തിൽ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്ന ഇന്ത്യയുടെ പ്രചാരണം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടാണ് പാക് പ്രതിഷേധക്കാർ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധം നടത്തിയത്. പിന്നാലെ, നൂറുകണക്കിന് ഇന്ത്യക്കാരും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്ത് തടിച്ചുകൂടി. പൊലീസെത്തിയാണ് ഇരുവിഭാഗത്തെയും നിയന്ത്രിച്ചത്.
പാക് പൗരൻമാരുടെ ഇന്ത്യയിൽ നിന്നുള്ള മടക്കത്തിനുള്ള സമയപരിധി കഴിഞ്ഞ ശേഷമുള്ള സാഹചര്യം ആഭ്യന്തര മന്ത്രാലയം വിലയിരുത്തും. പകുതിയാളുകൾ പോലും മടങ്ങിയിട്ടില്ലെന്നാണ് നിഗമനം. കേന്ദ്രം സംസ്ഥാനങ്ങളിലെ കണക്കുകൾ തേടും. പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളിലുമുള്ളവർ തിരികെയെത്തുന്നത്.
ഇറാനിലെ പ്രമുഖ തുറമുഖത്തുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40 കഴിഞ്ഞു. ആയിരത്തിലേറെ പേർക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റിട്ടുള്ളത്. ശനിയാഴ്ച രാവിലെയാണ് ഇറാനിലെ തന്ത്ര പ്രധാന മേഖലയിലെ ബന്ദർ അബ്ബാസ് തുറമുഖത്തിന്റെ ഷഹീദ് റജയി ഭാഗത്ത് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന് പിന്നാലെ മേഖലയാകെ പുക മൂടുകയും വായു മലിനീകരണം നിയന്ത്രണാതീതമാവുകയും ചെയ്തിരുന്നു.
ഇന്ത്യ വിരുദ്ധ പ്രചാരണം നടത്തിയ പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തി ഇന്ത്യ. ഡോൺ ന്യൂസ്, സമ ടിവി, ജിയോ ന്യൂസ് ഉൾപ്പെടെ 16 ചാനലുകളാണ് നിരോധിച്ചത്. ഇന്ത്യ വിരുദ്ധ പ്രചാരണത്തിൻ്റെ പേരിലാണ് ഇന്ത്യയുടെ നടപടി. അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിൻ്റെ പശ്ചാത്തലത്തിൽ അതിർത്തി ഗ്രാമങ്ങൾ കനത്ത ജാഗ്രതയിലാണ്.
തെക്കൻ മുംബൈയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിൽ വൻ തീപ്പിടിത്തം. ബല്ലാഡ് എസ്റ്റേറ്റിലുള്ള കെസർ-ഐ-ഹിന്ദ് കെട്ടിടത്തിലെ ഓഫീസിൽ ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. ഓഫീസിലുണ്ടായിരുന്ന കംപ്യൂട്ടറുകളും ഫർണിച്ചറുകളും ഒട്ടേറെ രേഖകളും കത്തിനശിച്ചു. പ്രധാനപ്പെട്ട സർക്കാർ ഫയലുകൾ കത്തി നശിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ആർക്കും പരിക്കേറ്റിട്ടില്ല.
പോപ്പ് ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ ഖത്തറിൽ നിന്നുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം ആൽഥാനി പങ്കെടുത്തു. മാർപാപ്പയുടെ വിയോഗത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അനുശോചനം റോമൻ കത്തോലിക്കാ സഭയുടെ കർദ്ദിനാൾ കെവിൻ ജോസഫ് ഫാരെലിനെ പ്രധാനമന്ത്രി അറിയിച്ചു.