കോള്‍ മെര്‍ജിങ് ഉപയോഗിച്ച് ഉപഭോക്താക്കളുടെ സെന്‍സിറ്റീവ് വിവരങ്ങള്‍ തട്ടിപ്പുകാര്‍ തട്ടിയെടുക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ്. ഒടിപി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ആദ്യം അപ്രതീക്ഷിതമായി കോള്‍ വരും. മ്യൂച്ചല്‍ ഫ്രണ്ടില്‍ നിന്നോ മറ്റൊരു വിശ്വസനീയമായ ഉറവിടത്തില്‍ നിന്നോ താങ്കളുടെ നമ്പര്‍ ലഭിച്ചുവെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാരന്‍ ഫോണ്‍ വിളിക്കുക. ഉടന്‍ തന്നെ കോള്‍ മെര്‍ജ് ചെയ്യാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടും. കോള്‍ മെര്‍ജിങ് കഴിഞ്ഞാല്‍ ഉപഭോക്താവ് അറിയാതെ തന്നെ, ഉപഭോക്താവിന്റെ ബാങ്കില്‍ നിന്നുള്ള ഒരു ഓട്ടോമേറ്റഡ് ഒടിപി വെരിഫിക്കേഷന്‍ കോളുമായി കണക്റ്റ് ആവുന്നു. സ്ഥിരീകരണത്തിന് ആവശ്യമാണെന്ന് പറഞ്ഞ് ഒടിപി പങ്കിടാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടും. ഒടിപി പങ്കിടുന്നതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുന്ന തരത്തിലാണ് തട്ടിപ്പ്. പരിചയമില്ലാത്ത ആരെങ്കിലും കോളുകള്‍ മെര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍, ഉടന്‍ നിരസിക്കുക. കോളുകളിലൂടെ ബാങ്കുകള്‍ ഒരിക്കലും ഒടിപി ആവശ്യപ്പെടില്ല. ഫോണ്‍ കോളിലൂടെ ഒടിപി ആവശ്യപ്പെടുന്നത് തട്ടിപ്പ് മാത്രമെന്ന് തിരിച്ചറിയുക. അപ്രതീക്ഷിതമായി ഒടിപി ലഭിക്കുകയാണെങ്കില്‍, ഉടന്‍ തന്നെ 1930 (ദേശീയ സൈബര്‍ ക്രൈം ഹെല്‍പ്പ്‌ലൈന്‍) എന്ന നമ്പറില്‍ വിളിച്ചും ബാങ്കിനെ വിളിച്ചും വിവരം കൈമാറുക.