ബിജെപിക്കെതിരെ ഐക്യത്തിന് ആഹ്വാനം ചെയ്ത് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി, പാർട്ടി പാതകയ്ക്കൊപ്പം ദേശീയ പതാകയും ഉയർത്തിയ സിപിഐ പാർട്ടി കോൺഗ്രസ്സിൽ ബിജെപിക്കെതിരെ ഐക്യത്തിന് ഇടത് നേതാക്കൾ ആഹ്വാനം ചെയ്തു. ലോകസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇടത് പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തണമെന്ന് പ്രതിനിധി സമ്മേളനത്തില്‍ സിപിഐ ജനറല്‍ സെക്രറി ഡി രാജ പറഞ്ഞു. അതേസമയം പ്രായപരിധി ഏർപ്പെടുത്താന്‍ തീരുമാനിച്ചാല്‍ മുതിര്‍ന്ന നേതാക്കളെ പ്രത്യേക ക്ഷണിതാക്കളായി ഉന്നതാധികാര സമിതിയില്‍ ഉള്‍പ്പെടുത്താന്‍ ആലോചനയുണ്ട്.
എൽദോസ് കുന്നപ്പിള്ളി എംഎൽഎയിൽ നിന്ന് പരാതിക്കാരിയുടെ ജീവന് തന്നെ ഭീഷണി നേരിടുന്നതിനാൽ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ. എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലാണ് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്. സാക്ഷികളെ സ്വാധിനീക്കാൻ എൽദോസ് കുന്നപ്പിള്ളി ശ്രമിച്ചു. പരാതിക്കാരിയുടേത് വിശ്വാസയോഗ്യമായ മൊഴിയാണ്. പീഡന പരാതി നൽകിയ ശേഷമാണ് എംഎൽഎയുടെ ഫോൺ മോഷ്ടിച്ചുവെന്ന പരാതി നൽകിയതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവൽ സിംഗിന്റെയും ലൈലയുടേയും പുരയിടത്തിൽ കൂടുതൽ പരിശോധന. മൃതദേഹം മണം പിടിച്ച് കണ്ടെത്താനുള്ള പരിശീലനം ലഭിച്ച പൊലീസ് നായകളായ മായയും മര്‍ഫിയും മണം പിടിച്ച് നിന്ന സ്ഥലങ്ങളിൽ പോലീസ് അടയാളപ്പെടുത്തിയെങ്കിലും കുഴിച്ചു നോക്കാനുള്ള തീരുമാനം എടുത്തിട്ടില്ല. മൂന്ന് സ്ഥലങ്ങളിലാണ് നായകൾ മണം പിടിച്ച് നിന്നത്.
ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവൽ സിംഗിന്റെയും ലൈലയുടേയും വീട്ടിൽ കൊലപാതകവും നരബലിയും എങ്ങനെയാണ് നടത്തിയതെന്ന് വ്യക്തമാകുന്നതിനായി പോലീസ് ഡമ്മി പരിശോധന നടത്തി.സ്ത്രീ രൂപത്തിലുള്ള ഡമ്മിയാണ് ഭഗവൽ സിംഗിന്റെ വീട്ടിലെത്തിച്ചത്.പോലീസ് നായകളെ കൊണ്ടുള്ള പരിശോധനയും തുടരുകയാണ്. നായകൾ അസ്വാഭാവികമായ രീതിയിൽ മണംപിടിച്ച് നിന്ന സ്ഥലങ്ങൾ പൊലീസ് അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്.
ഷാഫി പോസ്റ്റ്മോര്‍ട്ടം വിദഗ്ധന്റെ സഹായിയെന്ന് സംശയിക്കുന്നതായി പോലീസ്. ഇരട്ട നരബലിയില്‍ ഭഗവൽ സിംഗിന്റെ വീട്ടില്‍ നിന്ന് കുഴിച്ചെടുത്ത മൃതദേഹം കഷണങ്ങളാക്കിയ രീതി കണ്ട് ഫോറൻസിക് വിദഗ്ധർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് മുഹമ്മദ് ഷാഫി ഇറച്ചിക്കടയിലും പോസ്റ്റ്മോർട്ടം നടത്താറുള്ള ഡോക്ടർറുടെ സഹായിയായും താൽക്കാലിക ജോലി ചെയ്തതായി കണ്ടെത്തിയത്. മധ്യകേരളത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ ഇക്കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. . വെട്ടുകത്തിയും കറിക്കത്തിയുമാണ് മൃതദേഹം 56 കഷണങ്ങളാക്കാൻ ഉപയോഗിച്ചതെങ്കിലും വിദഗ്ധമായാണ് ഇക്കാര്യം ചെയ്തിരിക്കുന്നത് എന്നും വിദഗ്ദ്ധർ പറയുന്നു. .
വിദ്യാർത്ഥിയെ മർദിച്ച കോതമംഗലം എസ് ഐമാഹിൻ സലീമിനെ എറണാകുളം റൂറൽ എസ് പി സസ്പെൻഡ് ചെയ്തു. എസ്എഫ്ഐ പ്രാദേശിക ഭാരവാഹിയായ വിദ്യാർത്ഥിയെ എസ് ഐ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ പൊലീസ് പിടിച്ചുകൊണ്ടുപോയ മറ്റൊരു വിദ്യാർത്ഥിയെ അന്വേഷിച്ച് കോതമംഗലം പൊലീസ് സ്റ്റേഷനിൽ എത്തിയ എസ് എഫ് ഐ കോതമംഗലം ലോക്കൽ സെക്രട്ടറിയെയാണ് പൊലീസ് മർദിച്ചത്. സ്റ്റേഷനകത്ത് വച്ച് എസ് ഐ വിദ്യാർത്ഥിയുടെ തലയ്ക്ക് അടിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.
വനിതാ ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ കിരീടം നേടി. ടോസ് നേടി ബാറ്റിംഗിനെത്തിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 8.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇന്ത്യയുടെ ഏഴാം ഏഷ്യാ കപ്പാണിത്. മൂന്ന് വിക്കറ്റ് നേടിയ രേണുക സിംഗാണ് ലങ്കയെ തകര്‍ത്തത്.