വഖഫ് നിയമവും മുനമ്പവും തമ്മിൽ ബന്ധമില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു സമ്മതിച്ചതോടെ മുനമ്പം ഭൂമി വിഷയത്തിൽ കേന്ദ്രത്തിന്റെ കള്ളി വെളിച്ചത്തായെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. മുനമ്പം സമരസമിതിയെ അടക്കം ബി.ജെ.പി വഞ്ചിച്ചെന്നും, പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ മുൻ കൈ എടുക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

മുനമ്പത്തെ ഭൂമി പ്രശ്നം പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. മുനമ്പം ജനതയുടെ റെവന്യൂ അവകാശം തിരികെ നൽകമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പ്രശ്നം പരിഹരിച്ച ശേഷം വീണ്ടും മുനമ്പത്ത് വരുമെന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു. എല്ലാവർക്കും തുല്യനീതി ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. പ്രതിപക്ഷം നടത്തുന്ന രാഷ്ട്രീയ നാടകങ്ങളിൽ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.

 

മുനമ്പം സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രിയില്‍നിന്ന് വലിയൊരു പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍, അതുണ്ടായില്ലെന്നും മുനമ്പം സമരസമിതി രക്ഷാധികാരി ഫാദര്‍ ആന്റണി സേവ്യർ. വഖഫ് നിയമത്തിന്റെ ഡ്രാഫ്റ്റ് പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്നും അതിനായി കുറച്ചുസമയം കൂടി അനുവദിക്കണമെന്നുമാണ് മന്ത്രി പറഞ്ഞതെന്നും ഫാദര്‍ ആന്റണി സേവ്യർ മാധ്യമങ്ങളോട് പ്രതികരിച്ചു.

 

കണ്ണൂ‍ർ സിപിഎം ജില്ലാ സെക്രട്ടറിയായി മുൻ രാജ്യസഭാ എംപി കെ കെ രാഗേഷിനെ തെരഞ്ഞെടുത്തതിന് പിന്നാലെ അഭിനന്ദന പോസ്റ്റുമായി ദിവ്യ എസ് അയ്യർ ഐ എ എസ്. ഇൻസ്റ്റഗ്രാമിലാണ്  ദിവ്യ എസ് അയ്യർ ഐ എ എസിന്റെ പോസ്റ്റ്.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ് അയ്യർ ഐഎഎസിനെ വിമർശിച്ച് യൂത്ത് കോണ്‍ഗ്രസ്. എകെജി സെന്‍ററിൽ നിന്നല്ല ശമ്പളം വാങ്ങുന്നതെന്നെങ്കിലും ഓർക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് വിജിൽ മോഹനൻ വിമർശിച്ചു. മാർക്സിസ്റ്റ് പാർട്ടി നേതാക്കൻമാരുടെ വിദൂഷകയായി മാറുകയാണ് ദിവ്യ എസ് അയ്യരെന്ന് വിജിൽ മോഹനൻ കുറ്റപ്പെടുത്തി.

തൃശൂർ പൂരം വെടിക്കെട്ട് നടത്താമെന്ന് നിയമോപദേശം. അഡ്വക്കേറ്റ് ജനറലാണ് നിയമോപദേശം നൽകിയത്. തിരുവമ്പാടി, പാറമേക്കാവ് വേല ആഘോഷങ്ങൾക്ക് വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഈ അനുമതി പൂരം വെടിക്കെട്ടിന് ബാധകമാണെന്നാണ് നിയമോപദേശം.

 

വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം വാട്സ്ആപ്പിൽ ലഭിച്ചാൽ ആ ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. തട്ടിപ്പിന്‍റെ മറ്റൊരു മുഖമാണത്. മോട്ടോർ വാഹന വകുപ്പിന്‍റെ പേരിലാണ് സന്ദേശം വരുന്നത്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതെ അവഗണിക്കണമെന്നും കേരള പൊലീസ് ആവശ്യപ്പെട്ടു.

മാസപ്പടിക്കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കൈമാറി.  പകർപ്പ് ആവശ്യപ്പെട്ട് ഇഡി നൽകിയ അപേക്ഷ എറണാകുളം അഡീഷണൽ കോടതി അംഗീകരിച്ചിരുന്നു. റിപ്പോർട്ട് പരിശോധിച്ചശേഷം തുടർനടപടികളിലേക്ക് പോകാനാണ് നീക്കം.  എറണാകുളം അഡീഷണല്‍ സെഷൻസ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കുറ്റപത്രം കൈമാറിയത്.

 

പ്ലാസ്റ്റിക് കണിക്കൊന്നയുടെ ഉപയോഗം പരിസ്ഥിതിക്ക് പ്രശ്നമുണ്ടാക്കുമെന്ന പരാതിയിൽ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ.പ്ലാസ്റ്റിക് കാണിക്കൊന്നയുടെ ഉപയോഗം സംബന്ധിച്ച് രണ്ടാഴ്ച്ചക്കകം  തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറി റിപ്പോർട്ട്‌ നൽകണം.മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനഥിന്‍രേതാണ്  നടപടിഅടുത്ത മാസം നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. വിഷുവിനോട് അനുബന്ധിച്ച് വിറ്റു പോയ കണിക്കൊന്ന ഗുരുതര മാലിന്യ പ്രശ്നം ഉണ്ടാക്കുമെന്നായിരുന്നു പരാതി

 

കൊവിഡ് ബാധിച്ച് ചികിത്സ തേടിയപ്പോൾ ആരോഗ്യ ഇൻഷൂറൻസ് ക്ലെയിം നിഷേധിച്ച കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി ഉത്തരവ്. എറണാകുളം ആലുവ സ്വദേശി ബിർള ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനാണ് കേസ് തീര്‍പ്പാക്കിയത്.

 

ബാങ്കിനുള്ളിൽ പെട്രോളുമായി പ്രതിഷേധം. തൃശൂർ തിരൂർ സഹകരണ ബാങ്കിൽ പെട്രോളുമായി സ്ത്രീയുടെ പ്രതിഷേധം. ബാങ്ക് ലേലത്തിൽ സ്ഥലം വിറ്റ ശേഷം ലഭിച്ച അധിക തുക നൽകാത്തതിലാണ് പോട്ടോർ സ്വദേശിയായ സരസ്വതി ആത്മഹത്യാ ഭീഷണി മുഴക്കിയത്.പ്രതിഷേധത്തിനിടെ തളർന്നുവീണ സരസ്വതിയെ ആശുപത്രിയിലേക്ക് മാറ്റി. ലേലത്തിൽ ഭൂമി വിറ്റതിൽ വായ്പ തുക എടുത്ത ശേഷം 10 ലക്ഷം രൂപ ബാങ്ക് നൽകണമെന്നായിരുന്നു ആവശ്യം.

 

കൊല്ലം കരുനാ​ഗപ്പള്ളിയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ അമ്മയ്ക്ക് പിന്നാലെ 2 പെൺകുഞ്ഞുങ്ങളും മരിച്ചു. ഒന്നരയും ആറും വയസുള്ള അനാമികയും ആത്മികയും ആണ് മരിച്ചത്. മക്കളെ തീകൊളുത്തിയ ശേഷം അമ്മ ആത്മഹ​ത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.കുടുംബ പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ്  പൊലീസിന്‍റെ പ്രാഥമിക നിഗമനം.

 

ഏറ്റുമാനൂർ അയർക്കുന്നം റൂട്ടിൽ പള്ളിക്കുന്നിൽ അമ്മയും മക്കളും പുഴയിൽ ചാടി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മക്കൾ നേഹ(5), നോറ (1 വയസ് ) എന്നീ മക്കളും ഇവരുടെ അമ്മയായ അഡ്വ ജിസ്മോളുമാണ മരിച്ചത്. കുട്ടികൾക്ക് വീട്ടിൽ വെച്ച് വിഷം നൽകിയ ശേഷം ജിസ്മോൾ കൈയ്യിലെ ഞരമ്പ് മുറിച്ചിരുന്നു. ഇതിന് ശേഷം സ്കൂട്ടറിൽ കയറി കടവിൽ എത്തി പുഴയിലേക്ക് ചാടുകയായിരുന്നു.

 

ചോറ്റാനിക്കരയിൽ 4 വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ ശിക്ഷ കുറച്ച കേരള ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാനസർക്കാർ നൽകിയ അപ്പീലിൽ സുപ്രീംകോടതി നോട്ടീസ്. കേസിലെ പ്രതികളായ റാണി, ഇവരുടെ കാമുകൻ രഞ്ജിത്ത് എന്നിവർക്ക് വിചാരണക്കോടതി നൽകിയ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചിരുന്നു.

 

ബെം​ഗളൂരുവിൽ വൻലഹരിവേട്ട. 3 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 7 കോടിയുടെ ലഹരിവസ്തുക്കൾ പിടികൂടി. രണ്ട് കേസുകളിലായി 9 മലയാളികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നൈജീരിയൻ സ്വദേശിയായ ഇടനിലക്കാരനും പിടിയിലായിട്ടുണ്ട്.  3 വ്യത്യസ്ത കേസുകളിലായിട്ടാണ് 9 മലയാളികളും ഒരു നൈജീരിയൻ പൗരനും അറസ്റ്റിലായിരിക്കുന്നത്. ഇലക്ട്രോണിക് സിറ്റി, യെലഹങ്ക ന്യൂ ടൗൺ, ബേ​ഗൂർ എന്നിവിടങ്ങളിൽ നിന്നാണ് അറസ്റ്റ്.

 

ബെംഗളുരു നഗരത്തെ ഞെട്ടിച്ച് വീണ്ടും സദാചാര ഗുണ്ടാ ആക്രമണം. നഗരത്തിലെ ഒരു പാർക്കിൽ ഇരിക്കുകയായിരുന്ന ഹിന്ദു യുവാവിനും മുസ്ലിം യുവതിക്കും നേരെയാണ് ഒരു സംഘമാളുകൾ ആക്രമണം നടത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ ഈ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി.

അലഹബാദ് ഹൈക്കോടതിക്ക് വീണ്ടും സുപ്രീം കോടതിയുടെ വിമർശനം. മാറിടത്തിൽ സ്പർശിക്കാൻ ശ്രമിക്കുന്നതോ പൈജാമയുടെ ചരട് പിടിച്ച് വലിക്കുന്നതോ ബലാത്സംഗ ശ്രമമായി കണക്കാക്കാൻ കഴിയില്ലെന്ന പരാമർശം നടത്തിയ ജഡ്ജിയെ സുപ്രീം കോടതി നേരത്തെ ശാസിച്ചിരുന്നു. ഇത്തവണ മറ്റൊരു കേസിൽ അതിജീവിതയെ കുറ്റപ്പെടുത്തിയതിനാണ് സുപ്രീം കോടതി അലഹബാദ് ഹൈക്കോടതിയെ വിമർശിച്ചത്.

വഖഫ് നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ബംഗാളിലെ മുർഷിദാബാദിലുണ്ടായ സംഘർഷത്തിന് പിന്നിൽ ബംഗ്ലദേശി സാന്നിധ്യമെന്ന് സൂചന. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ പ്രതിഷേധങ്ങളിൽ നുഴഞ്ഞുകയറി സംഘർഷമുണ്ടാക്കിയെന്ന് കണ്ടെത്തൽ. ആഭ്യന്തര മന്ത്രാലയം പ്രാഥമിക റിപ്പോർട്ട് പരിശോധിക്കുകയാണ്. ഇതിന് ശേഷം തുടർ നടപടികളുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.

 

മുഡ കേസിൽ സിദ്ധരാമയ്യയ്ക്ക് തിരിച്ചടി. കേസിൽ അന്വേഷണം തുടരാൻ ലോകായുക്തയോട് കോടതി നിർദ്ദേശം നൽകി. സിദ്ധരാമയ്യയ്ക്ക് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള ‘ബി’ റിപ്പോർട്ട് അന്തിമ റിപ്പോർട്ട് അല്ലല്ലോ എന്ന് കോടതി ചോദിച്ചത്. ലോകായുക്തയുടെ റിപ്പോർട്ടിനെ ചോദ്യം ചെയ്ത് ഇഡി നൽകിയ ഹർജിയിലാണ് കോടതി നിർദേശം. ബെംഗലൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് ലോകായുക്തയോട് അന്വേഷണം തുടരാൻ നിർദേശം നൽകിയത്.

നാഷണൽ ഹെറാൾഡ് കേസിൽ കോൺ​ഗ്രസ് നേതാക്കളായ സോണിയ്ക്കും രാഹുലിനെതിരെയും കുറ്റപ്പത്രം സമർപ്പിച്ച് ഇഡി. സാം പിത്രോഡയും പേരും കുറ്റപത്രത്തിലുണ്ട്. ദില്ലി റൗസ് അവന്യൂ കോടതിയിലാണ് കുറ്റപ്പത്രം സമർപ്പിച്ചത്. ഈ മാസം 25 ന് കേസ് കോടതി പരിഗണിക്കും. നാഷണൽ ഹെറാൾഡ് പത്രത്തിൻറെ  ഉടമസ്ഥരായ അസോസിയേറ്റഡ് ജേർണ്ണൽസിൻറെ കോടികൾ വില വരുന്ന ആസ്തി  സോണിയയും രാഹുലും ഡയറക്ടർമാരായ യംഗ് ഇന്ത്യൻ എന്ന കമ്പനി തട്ടിയെടുത്തുവെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ  പരാതിയിലാണ് ഇഡി കേസെടുത്തത്.

തെക്ക് പടിഞ്ഞാറൻ മണ്‍സൂണ്‍ കാലത്ത് സാധാരണയില്‍ കൂടുതല്‍ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത്തവണ എൽനിനോ പ്രതിഭാസം ഇല്ലാത്തതിനാൽ മികച്ച മണ്‍സൂണിന് സാധ്യതയുണ്ടെന്നാണ് ഐഎംഡിയുടെ പ്രവചനം.

അയോധ്യയിലെ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി മുന്നറിയിപ്പ്. രാം മന്ദിർ ട്രസ്റ്റിന് ഇമെയിൽ വഴിയാണ് സന്ദേശം എത്തിയത്. ബോംബ് സ്ഫോടനത്തിന് സാധ്യതയുണ്ടെന്നും പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിക്കണം എന്നുമാണ് സന്ദേശം. തമിഴ്‌നാട്ടിൽ നിന്നാണ് ഇ-മെയിൽ വന്നതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

 

 

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *