വിദേശ സര്‍വകലാശാലകളുമായി ഡിജിറ്റല്‍ സര്‍വകലാശാല ധാരണാപത്രം ഒപ്പുവച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മാഞ്ചസ്റ്റര്‍, ഓക്സ്ഫഡ്, എഡിന്‍ബറോ, സൈഗന്‍ എന്നീ സര്‍വ്വകലാശാലകളുമായാണ് ധാരണപത്രം ഒപ്പിട്ടത്. ഗ്രഫീന്‍ അടിസ്ഥാനമാക്കി വ്യവസായ പാര്‍ക്ക് രൂപീകരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.ഗ്രഫീന്‍ കണ്ടുപിടുത്തത്തിന് 2010 ലെ നോബേല്‍ സമ്മാനം നേടിയ മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയിലെ ആന്‍ഡ്രു ജെയിമും ചടങ്ങില്‍ പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ദുബായ് സന്ദര്‍ശനത്തിന് അനുമതിയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. കുടുംബസമേതം ഉല്ലാസ യാത്ര നടത്തിയതുകൊണ്ട് കേരളത്തിന് എന്തു പ്രയോജനമുണ്ടായെന്ന് മുഖ്യമന്ത്രിതന്നെ വിശദീകരിക്കണമെന്നും മുരളീധരന്.
നരബലിക്കുശേഷം നരഭോജനവും നടത്തിയ ഷാഫി അടക്കമുള്ള പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി ഷാഫി കൂട്ടുപ്രതി ഭഗവല്‍ സിംഗിനെ കൊലപ്പെടുത്തി ഭഗവല്‍ സിംഗിന്റെ ഭാര്യ ലൈലയുമൊന്നിച്ചു ജീവിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ്. ഷാഫി ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രണയക്കെണിയില്‍ കുടുക്കിയാണ് ഭഗവല്‍ സിംഗിനെ നരബലിയിലേക്കു നയിച്ചത്. 2019 ല്‍ ആരംഭിച്ചതാണു സൈബര്‍ പ്രണയം. അറസ്റ്റിലായ ഭഗവല്‍സിംഗിനെ ചോദ്യം ചെയ്യുന്നതിനിടെ ശ്രീദേവി ഷാഫിതന്നെയാണെന്ന് പോലീസ് വ്യക്തമാക്കിയപ്പോഴാണു അയാള്‍ ചതിയായിരുന്നെന്നു മനസിലാക്കിയത്. അതോടെ കുറ്റകൃത്യങ്ങളുടെ വിശേഷങ്ങള്‍ തുറന്നു പറഞ്ഞു. പോലീസ് വെളിപെടുത്തി.
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഒളിവില്‍. രണ്ടു ഫോണുകളും സ്വിച്ച് ഓഫാണ്. പൊതുപരിപാടികള്‍ റദ്ദാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നതുവരെ ഒളിവില്‍ തുടരുമെന്നാണു വിവരം.
പീഡന പരാതി ഉന്നയിച്ച അധ്യാപിക എല്‍ദോസിന്റെ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് എല്‍ദോസ് കുന്നപ്പിള്ളിയുടെ ഭാര്യ കുറുപ്പംപടി പോലീസില്‍ പരാതി നല്കി. മോഷ്ടിച്ച ഫോണ്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
പേപ്പട്ടികളെ കൊല്ലാന്‍ അടിയന്തര അനുമതി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി അടുത്ത വര്‍ഷത്തേക്കു മാറ്റിവച്ചു. തെരുവുനായ അക്രമങ്ങള്‍ തടയാനുള്ള ചട്ടങ്ങളില്‍ മാറ്റം ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലെ വാദം അടുത്ത ഫെബ്രുവരിയിലേക്കാണു മാറ്റിയത്. വ്യക്തികളും സന്നദ്ധ സംഘടനകളും നല്കിയ അനേകം ഹര്‍ജികളെല്ലാം കേള്‍ക്കാനാവില്ല. ഹൈക്കോടതികളെ സമീപിക്കണം. ചട്ടങ്ങളിലെ മാറ്റം ഉള്‍പ്പടെയുള്ള പൊതുവിഷയങ്ങള്‍ മാത്രം പരിഗണിക്കാമെന്നു സുപ്രീം കോടതി.
ഡോ. എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഡോ. എം.എസ് രാജശ്രീയെ നിയമിച്ചത് യു.ജി.സി ചട്ടപ്രകാരമല്ലെന്നു സുപ്രീംകോടതി. നിയമനത്തിന് ചാന്‍സലര്‍ക്ക് പാനല്‍ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേരു മാത്രമാണ് കൈമാറിയതെന്ന് കോടതി വ്യക്തമാക്കി. നിയമനം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മുന്‍ ഡീന്‍ പി എസ് ശ്രീജിത്താണ് കോടതിയെ സമീപിച്ചത്.
ഇലന്തൂര്‍ ഇരട്ട നരബലി കേസിന്റെ അന്വേഷണത്തിന് പ്രത്യേകസംഘം. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എസ്. ശശിധരനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍. പെരുമ്പാവൂര്‍ എഎസ്പി അനൂജ് പാലിവാള്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും.
എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച കോവളം എസ്എച്ച് ഒ പ്രൈജു ജിയെ സ്ഥലം മാറ്റി. ആലപ്പുഴ പട്ടണക്കാട് സ്റ്റേഷനിലേക്കാണു മാറ്റിയത്.
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്. കേസിനെ ആസ്പദമാക്കി നടപടി സ്വീകരിക്കും. തെറ്റുകാരനെന്നു കണ്ടെത്തിയാല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരായ പീഡന പരാതിയില്‍ കോണ്‍ഗ്രസ് ധാര്‍മ്മികത അനുസരിച്ച് തീരുമാനം എടുക്കട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്.