കിഫ്ബി മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്‍ധനമന്ത്രി തോമസ് ഐസകിനെതിരേ തുടര്‍ സമന്‍സുകള്‍ അയക്കുന്നതു ഹൈക്കോടതി തടഞ്ഞു. എന്നാല്‍ അന്വേഷണം തുടരാമെന്നാണ് ഇടക്കാല ഉത്തരവ്. ഹര്‍ജികളില്‍ റിസര്‍വ് ബാങ്കിനെ കക്ഷി ചേര്‍ത്തു. റിസര്‍വ് ബാങ്കിന്റെ വിശദീകരണം കേട്ടശേഷം അന്തിമ വിധി പുറപ്പെടുവിക്കും.
കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ് കാസര്‍ഗോഡ് ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. സീനത്ത് ബീഗത്തെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം കാസര്‍ഗോഡ് വിളിച്ചുചേര്‍ത്ത റിവ്യൂ യോഗത്തില്‍ പദ്ധതികളെപ്പറ്റി ധാരണപോലുമില്ലാതെ സംസാരിച്ചതിനു മന്ത്രി ഇവരെ ശാസിച്ചിരുന്നു.
നിയമം ലംഘിക്കുന്ന ടൂറിസ്റ്റു ബസുകള്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. പൊതുജനങ്ങളുടെ ജീവനു ഭീഷണിയാകുന്ന വാഹനങ്ങള്‍ക്കെതിരെ സൗമ്യ മനോഭാവം വേണ്ട. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും വേണം. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങള്‍ കര്‍ശനമായി വിലക്കണം. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുമെന്നു ഗതാഗത മന്ത്രി ആന്റണി രാജു. വേഗപ്പൂട്ടുകളില്‍ കൃത്രിമത്തിനെതിരെ കര്‍ശന നടപടിയെടുക്കും. ബസിന്റെ നിറം, ലൈറ്റുകള്‍, ശബ്ദസംവിധാനം തുടങ്ങിയ നിയമപ്രകാരമായിരിക്കണം. പരിശോധന തുടരും. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനങ്ങള്‍.
മോട്ടോര്‍ വാഹന വകുപ്പുദ്യോഗസ്ഥര്‍ വേട്ട തുടര്‍ന്നാല്‍ സര്‍വീസ് നിര്‍ത്തുമെന്ന് സ്വകാര്യ ബസുടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍. നിസാര കാരണങ്ങള്‍ കണ്ടെത്തി ഭീമമായ തുക പിഴ ചുമത്തുന്നതു തുടര്‍ന്നാല്‍ ബസോടിക്കാനാവില്ലെന്ന് ഫെഡറേഷന്‍.
ഡോളര്‍കടത്തു കേസിലെ വിചാരണ നടപടികള്‍ ബംഗളൂരുവിലേക്കു മാറ്റണമെന്ന എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി കേരളത്തെ കക്ഷി ചേര്‍ത്തു. കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാണ് നടപടി. സംസ്ഥാനത്തിന്റെ സത്യവാങ്മൂലം വെള്ളിയാഴ്ച നല്‍കും. ചൂടേറിയ വാദങ്ങളാണ് ഇന്നലെയുണ്ടായത്. കേരള സര്‍ക്കാര്‍ കേസ് അട്ടിമറിക്കുമെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. സ്വപ്ന സുരേഷിനെതിരേ കലാപക്കേസെടുത്തു, ഉന്നതരുടെ പേരു പറയരുതെന്ന് പോലീസ് ഭീഷണിപ്പെടുത്തി, എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ തടയാന്‍ ജൂഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു തുടങ്ങിയ വാദങ്ങളാണ് എന്‍ഫോഴ്സമെന്റ് കോടതിയില്‍ ഉന്നയിച്ചത്.
മഞ്ചേരിയിലെ ഗ്രീന്‍വാലിയില്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന. സാമ്പത്തിക ഇടപാടുകളുടെ കൂടുതല്‍ വിശദാംശങ്ങളാണു പരിശോധിക്കുന്നത്. രാത്രിയോടെയാണ് കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘം സ്ഥലത്തെത്തിയത്.
ഭക്ഷ്യസുരക്ഷാ വകുപ്പ് കഴിഞ്ഞ മാസം 26 മുതല്‍ ലൈസന്‍സില്ലാത്ത 406 സ്ഥാപനങ്ങള്‍ പൂട്ടിച്ചു. പരിശോധിച്ച 5,764 സ്ഥാപനങ്ങളില്‍ 564 സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടിക്കു നോട്ടീസ് നല്‍കി. ഭക്ഷ്യ വസ്തുക്കളുടെ 70 സാമ്പിളുകള്‍ ശേഖരിച്ച് ലാബില്‍ പരിശോധനയ്ക്കയച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങളുടെ വിതരണം നിര്‍ത്തി. സ്റ്റെന്റ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ വിതരണമാണ് നിര്‍ത്തിയത്. രണ്ടു കോടിരൂപ കുടിശികയായ സാഹചര്യത്തിലാണ് വിതരണം നിര്‍ത്തിയതെന്ന് വിതരണക്കാര്‍. ഇതോടെ കാത്ത് ലാബിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു.
ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യരെ മാറ്റി. കോട്ടയത്തു ചേര്‍ന്ന ബിജെപി സംസ്ഥാന നേതൃ യോഗമാണ് തീരുമാനമെടുത്തത്. സന്ദീപ് വാര്യരെ നീക്കിയത് പാര്‍ട്ടിയുടെ സംഘടനാ കാര്യമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വിശദീകരിച്ചു.