Untitled design 20250222 135156 0000

ഒൻപത് മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങി. ഇരുവരും ഉള്‍പ്പെടുന്ന ക്രൂ-9 ദൗത്യ സംഘത്തെയും വഹിച്ചുകൊണ്ട് സ്പേസ് എക്സ് ഫ്രീഡം ഡ്രാഗണ്‍ ക്യാപ്‌സൂള്‍ ഐഎസ്എസില്‍ നിന്ന് ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 10.35ന് പുറപ്പെട്ടു. ക്രൂ-9 സംഘത്തില്‍ സുനിതയ്ക്കും ബുച്ചിനും പുറമെ നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവരും ഭൂമിയിലേക്ക് മടങ്ങുന്നുണ്ട്.

 

 

 

 

കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സമയബന്ധിതമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരുമായി വിശദമായി ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി തലത്തില്‍ ഈ മാസം യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷനേതാവ് വി. ഡി സതീശന്‍, കെ.വി. സുമേഷ് എന്നിവരുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

 

 

 

 

വയനാട് ഉരുൾപൊട്ടൽ പുനരധിവാസത്തിൽ 2 ബി യുടെ അന്തിമ ലിസ്റ്റ് ഉടൻ പുറത്തിറങ്ങും. ഈ ലിസ്റ്റിൽ പരാതി നൽകിയ 30 പേരെ കൂടി ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഇതോടെ ടൗൺഷിപ്പിന് അർഹരായ ദുരന്തബാധിതരുടെ എണ്ണം 430 ന് അടുത്തെത്തിയേക്കും. അതേ സമയം, 7 സെൻറ് ഭൂമിയും വീടും അല്ലെങ്കിൽ 15 ലക്ഷം എന്ന പാക്കേജിനോട് ദുരന്തബാധിതർ എതിർപ്പ് തുടരുകയാണ്. ഇതുവരെ സമ്മതപത്രം നൽകിയത് 51 പേർ മാത്രമാണെന്ന് അധികൃതർ വ്യക്തമാക്കി.

 

 

 

മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നവകേരളത്തെ നയിക്കാൻ പുതുവഴികൾ എന്ന രേഖയിലുള്ള നിർദേശങ്ങളിൽ വിയോജിപ്പ് ഉയർന്നെന്ന് സിപിഎം മുഖപത്രമായ പീപ്പിൾസ് ഡമോക്രസി വെളിപ്പെടുത്തി. ജനങ്ങളെ വിശ്വാസത്തിലെടുത്തേ നിർദേശങ്ങൾ നടപ്പാക്കാവൂ എന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടതായും പരമ്പരാഗത മേഖലകളെ സംരക്ഷിക്കണം എന്ന നിർദേശം ഉയർന്നുവന്നുവെന്നും സമഗ്ര ചർച്ചയ്ക്ക് ശേഷമേ നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയെന്നും പീപ്പിൾസ് ഡമോക്രസിയിലെ റിപ്പോർട്ടിൽ പറയുന്നു.

 

 

 

 

അഴിമതി രഹിതദ്ദേശ സ്ഥാപനങ്ങൾ എന്ന ലക്ഷ്യത്തിനായി അഴിമതിക്കെതിരെ പരാതി നൽകാനുള്ള സിംഗിൾ വാട്‌സാപ്പ് നമ്പര്‍ പുറത്തിറക്കി തദ്ദേശ സ്വയംഭരണ, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്. 807 806 60 60 എന്ന നമ്പര്‍ ചടങ്ങിൽ മന്ത്രി പ്രഖ്യാപിച്ചു. വകുപ്പിൽ സുതാര്യത ഉറപ്പു വരുത്തുന്നതിലും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതിന്റെ ഭാഗമായാണ് വെബ്‌സൈറ്റ് നവീകരണവും അഴിമതി റിപ്പോർട്ട് ചെയ്യാനുള്ള പൊതു വാട്‌സാപ്പ് നമ്പറും നടപ്പിലാക്കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

 

 

 

ആശവർക്കർമാരുടെ സമരത്തെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ.ആശാവർക്കർമാർക്ക് പിന്തുണയുമായി 27,28 തിയ്യതികളിൽ സെക്രട്ടറിയേറ്റ് നടയിൽ സ്ത്രീകളുടെ രാപ്പകൽ സമരം സംഘടിപ്പിക്കുമെന്നും ആയിരക്കണക്കിന് സ്ത്രീകൾ സമരത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു സമരത്തെ അട്ടിമറിക്കാൻ സിപിഎം നീക്കം നടത്തുകയാണെന്നും എല്ലാം കേന്ദ്രത്തിന്‍റെ തലയിലിടാനുള്ള സംസ്ഥാനത്തിന്‍റെ ശ്രമം പാളിയെന്നും പാർലമെൻ്റിൽ ആരോഗ്യമന്ത്രി ജെപി നദ്ദ എല്ലാം വ്യക്തമാക്കിയതോടെ കേരളത്തിന് കുടിശ്ശിക ഒന്നും ഇല്ലെന്ന സത്യം ബോധ്യമായി എന്നും സുരേന്ദ്രൻ പറഞ്ഞു.

 

 

 

 

സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല രാപ്പകൽ സമരം തുടങ്ങി അങ്കണവാടി ജീവനക്കാരും. മിനിമം കൂലി ഇരുപത്തി ഒന്നായിരം ആക്കണം കുടിശ്ശികയായ ക്ഷേമനിധി ആനുകൂല്യം വിതരണം ചെയ്യണം വിരമിക്കൽ ആനുകൂല്യം വേണം എന്നതടക്കമുള്ള ആവശ്യം ഉന്നയിച്ചാണ് സമരം. സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഓണറേറിയം നൽകരുതെന്ന വനിത ശിശു വികസന ഡയറക്ടറുടെ ഉത്തരവിനെതിരെയും ജീവനക്കാർ പ്രതിഷേധത്തിലാണ്.

 

 

 

കേന്ദ്രധനകാര്യ മന്ത്രി നിർമ്മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയിലെ മുഖ്യമന്ത്രിയുടെ നിലപാടിനെ പരിഹസിച്ച് എൻ.കെ പ്രേമചന്ദ്രൻ എം പി. ഭിന്ന രാഷ്ട്രീയക്കാർ കണ്ടാൽ രാഷ്ട്രീയം ഉരുകിപ്പോകില്ലെന്ന നിലപാടിനെ പുച്ഛത്തോടെ കാണുന്നുവെന്ന് പ്രേമചന്ദ്രൻ പരിഹസിച്ചു.

 

 

 

 

ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 93 സ്കൂളുകൾ കൂടി അടച്ചു പൂട്ടൽ ഭീഷണിയിൽ. സർക്കാർ സഹായത്തിന് 18 വയസിന് താഴെയുള്ള ഇരുപത് കുട്ടികൾ വേണമെന്ന നിബന്ധനയാണ് തിരിച്ചടിയാകുന്നത്. മാനദണ്ഡങ്ങൾക്ക് പുറത്ത് എന്ന കാരണം പറഞ്ഞ് കഴിഞ്ഞ വർഷം പൂട്ടിയത് 43 സ്കൂളുകളാണ്.

 

 

 

കേരളത്തിലെ എല്ലാ ആദിവാസി ഊരുകളിലും 18 വയസ്സിനുമേൽ പ്രായമുള്ളവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി വരും തെരഞ്ഞെടുപ്പുകളിൽ സമ്പൂർണ പോളിംഗ് ഉറപ്പാക്കുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം. അട്ടപ്പാടിയിലെ വിദൂര പ്രാക്തന ഗോത്ര ഊരായ ഗൊട്ടിയാർക്കണ്ടി ഊരിൽ 18 വയസ്സ് പൂർത്തിയായ മുഴുവൻ ആളുകളെയും കണ്ടെത്തി വോട്ടർ രജിസ്ട്രേഷൻ പൂർത്തിയാക്കിയതോടെ സംസ്ഥാനത്ത് 7 ആദിവാസി ഊരുകളിൽ 18 വയസ്സ് കഴിഞ്ഞ മുഴുവൻ പേരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനായി.

 

 

 

ഡാറ്റ ബാങ്കിൽ നികത്തു ഭൂമി എന്ന് രേഖപ്പെടുത്തരുതെന്നും നെൽവയലെന്നോ തണ്ണീർത്തടമെന്നോ മാത്രമാണ് ചേർക്കേണ്ടതെന്നും ഹൈകോടതി വ്യക്തമാക്കി. നികത്തു ഭൂമി എന്ന് ചേർക്കുന്നത് വ്യവസ്ഥക്ക് വിരുദ്ധവും അനാവശ്യവുമാണെന്നും ജസ്റ്റിസ് സിയാദ് റഹ്മാൻ വ്യക്തമാക്കി

 

 

 

 

 

 

ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മൊഴി നൽകാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി. അന്വേഷണത്തിൻ്റെ പേരിൽ ആരേയും ബുദ്ധിമുട്ടിക്കാനാവില്ല. എസ് ഐ ടി ബുദ്ധിമുട്ടുണ്ടാക്കിയാൽ ഹൈക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. മൊഴി നൽകാൻ നിർബന്ധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദേശം.

 

 

 

 

 

മത വിദ്വേഷം ജനിപ്പിക്കുന്ന സോഷ്യൽ മീഡിയ പരാമർശത്തിന്റെ പേരിൽ സിപിഎം ആവോലി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഫ്രാൻസിസിന് എതിരെ മൂവാറ്റുപുഴ പോലീസ് കേസെടുത്തു. ഇദ്ദേഹത്തിനെതിരെ എസ്‍ഡിപിഐ പ്രവ‍ർത്തകർ പരാതി നൽകിയിരുന്നു ഇതിലാണ് നടപടി. ഇരു വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ വളർത്തൽ, കലാപാഹ്വാനം എന്നീ വകുപ്പുകളാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ ചുമത്തിയിട്ടുള്ളത്.

 

 

 

 

ഇടുക്കിയിൽ കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ പ്രദീപ്‌ ജോസ് ആണ് പിടിയിൽ ആയത്. ചെക്ക് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ 10000 രൂപ വാങ്ങിയെന്നാണ് കേസ്. സഹായി വണ്ടിപ്പെരിയാർ സ്വദേശി റഷീദും പിടിയിലായി. റഷീദിന്‍റെ ഗൂഗിൾ പേ വഴി പണം വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തൽ.

 

 

 

 

കടയ്ക്കൽ ദേവി ക്ഷേത്രോത്സവത്തിനിടയിൽ വിപ്ലവ ഗാനം പാടിയതിനെതിരെ ഹൈക്കോടതിയിൽ ഹർജി.ഉത്സവ ചടങ്ങിന്‍റെ പവിത്രത കളങ്കപ്പെട്ടുവെന്നാണ് വാദം.

കടയ്ക്കൽ ക്ഷേത്ര പരിസരം രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിക്കരുതെന്ന് നിർദേശം നൽകണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

 

 

 

 

കാസർകോട് പതിനഞ്ചുകാരിയെയും അയൽവാസിയേയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ പുരോഗതി റിപ്പോ‍ർട്ട് സർക്കാർ കോടതിയ്ക്ക് കൈമാറി. അന്വേഷണത്തിൽ വീഴ്ചയുണ്ടായതായി തോന്നുന്നില്ലെന്ന് പറഞ്ഞ കോടതി മരണകാരണം കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് പൊലീസ് ഉറപ്പിക്കണമെന്നും ആവശ്യപ്പെട്ടു. മരിച്ച പെൺകുട്ടിയുടെ മാതാവ് നൽകിയ ഹർജി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.

 

 

 

 

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി. സഹോദരൻ അഹ്സാൻ്റെയും പെൺ സുഹൃത്ത് ഫർസാനയുടെയും കൊലക്കേസുകളിൽ ആണ് പെരുമലയിലെ വീട് അടക്കം ഏഴിടങ്ങളിൽ തെളിവെടുപ്പ് നടത്തിയത്. പാങ്ങോട്, വെഞ്ഞാറമൂട് സ്റ്റേഷനുകളിലായാണ് കൂട്ടക്കൊലപാതകത്തിലെ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

 

 

 

കണ്ണൂർ പാറക്കലിലെ നാലുമാസം പ്രായമായ കുഞ്ഞിൻ്റെ മരണം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് അന്വേഷണോദ്യോഗസ്ഥൻ വ്യക്തമാക്കി . കുഞ്ഞിൻ്റെ മാതാപിതാക്കളുടെ മൊഴിയെടുത്തുവെന്നും മരണകാരണം പോസ്റ്റുമോർട്ടത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്നും പൊലീസ് പറഞ്ഞു. കുഞ്ഞ് മരിച്ചതിന് ശേഷം ആരെങ്കിലും കിണറ്റിൽ കൊണ്ടിട്ടതാണോ, വെള്ളത്തിൽ മുങ്ങിമരിച്ചതാണോ എന്നതിലും അന്വേഷണം നടക്കും.

 

 

 

 

കൊല്ലം ഉളിയക്കോവിൽ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി തേജസ് രാജ് വീട്ടിലേക്ക് എത്തിയത് പർദ ധരിച്ചെന്ന് കൊല്ലപ്പെട്ട ഫെബിന്റെ അമ്മ. കോളിംഗ് ബെൽ അടിച്ച് വാതിൽ തുറന്ന ഉടനെ തേജസ് വീടിനുള്ളിലേക്ക് ഓടിക്കയറി മുഖം വ്യക്തമായി തന്നെ കണ്ടുവെന്നും കയ്യിലുണ്ടായിരുന്ന പെട്രോൾ തേജസ് വീടിനുള്ളിൽ ഒഴിച്ചു തുടർന്നായിരുന്നു ആക്രമണമെന്നും അമ്മ പറഞ്ഞു. ആക്രമണത്തിന് ശേഷം കൂസലില്ലാതെ തേജസ് നടന്നുപോയെന്നും അമ്മ കൂട്ടിച്ചേർത്തു.

 

 

 

 

 

കൊല്ലം ഉളിയക്കോവിൽ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി തേജസിന് ക്രിമിനൽ പശ്ചാത്തലമൊന്നും ഇല്ലെന്ന് നാട്ടുകാർ. അയൽവാസികളുമായും നല്ല ബന്ധത്തിലായിരുന്നുവെന്നും തേജസും ഫെബിന്റെ സഹോദരിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നു. പിന്നീട് ഇതിൽ നിന്ന് പിൻമാറിയതാണ് തേജസിന് വൈരാഗ്യമുണ്ടാകാൻ കാരണമെന്നും പൊലീസ് വ്യക്തമാക്കുന്നു. യുവതിയെയും മാതാപിതാക്കളെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് തേജസ് എത്തിയതെന്നും പൊലീസ് പറഞ്ഞു.

 

 

 

 

പത്തനംതിട്ട കളക്ടറേറ്റിൽ ബോംബ് ഭീഷണി. രാവിലെ 6.48 ന് ആസിഫ് ഗഫൂർ എന്ന മെയിലിൽ നിന്നാണ് ജില്ലാ കളക്ടറുടെ ഔദ്യോഗിക മെയിലിലേക്ക് സന്ദേശം വന്നത്. ആർഡിഎക്സ് ബ്ലാസ്റ്റ് ഉണ്ടാകുമെന്നും ജീവനക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നും ആയിരുന്നു സന്ദേശം.അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് അംഗീകരിക്കാനാവില്ലെന്നും മെയിലിൽ പരാമർശമുണ്ട്.

 

 

 

പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ അന്വേഷണസംഘം ഇന്ന് ആലത്തൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചേക്കും. ചെന്താമര ഏക പ്രതിയായ കേസിൽ പൊലീസുകാർ ഉൾപ്പെടെ 133 സാക്ഷികളാണുള്ളത്. മുപ്പതിലധികം രേഖകളും ഫൊറൻസിക് പരിശോധന ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിലുണ്ട്.

 

 

 

 

അബ്ദുള്‍ നാസര്‍ മദനിക്കെതിരായ വധശ്രമക്കേസിലെ മൊഴി കെട്ടിച്ചമച്ചതാണെന്ന് വെളിപ്പെടുത്തിയ കോഴിക്കോട് കാന്തപുരം സ്വദേശി കടല മുഹമ്മദ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 1998ല്‍ സംഘപരിവാര്‍ നേതാവിനെ വധിക്കാന്‍ അബ്ദുള്‍ നാസറിന്‍റെ നേതൃത്വത്തില്‍ ശ്രമം നടന്നതായി കടല മുഹമ്മദ് മൊഴി നല്‍കിയെന്ന് അന്നത്തെ കോഴിക്കോട് ടൗണ്‍ ഇന്‍സ്പെക്ടര്‍ മാറാട് ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ മുമ്പാകെ മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെ മദനിക്കെതിരെ കേസെടുക്കുകയും ചെയ്തു. പിന്നീട് വാര്‍ത്താ സമ്മേളനം നടത്തിയാണ് കടല മുഹമ്മദ് മദനിക്കെതിരെ മൊഴി നല്‍കിയില്ലെന്ന് വെളിപ്പെടുത്തിയത്.

 

 

 

 

താമരശ്ശേരിയില്‍ നിന്നും കാണാതായ 13 വയസുകാരിയെ ബന്ധുവായ യുവാവിനൊപ്പം ബംഗളൂരുവില്‍ നിന്നും കണ്ടെത്തിയ സംഭവത്തിൽ യുവാവിനെതിരെ പെൺകുട്ടിയുടെ കുടുംബം. പോക്സോ കേസ് പ്രതിയായ ബന്ധു അതിജീവിതയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

 

 

 

പാലക്കാട് വാഹനാപകടത്തിൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം. ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയിൽ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലക്കിടി നെഹ്റു കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ അക്ഷയ് ആർ മേനോൻ ആണ് മരിച്ചത്. പാലക്കാട് നിന്നും ലക്കിടിയിലെ കോളേജിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.

 

 

 

മഹാകുംഭമേളയുടെ വിജയത്തിലും പങ്കാളിത്തത്തിലും പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാകുംഭമേള സംഘടിപ്പിക്കാൻ പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും യുപിയിലെയും പ്രയാഗ് രാജിലെയും ജനങ്ങളോട് നന്ദി പറയുന്നു ഭഗീരഥ പ്രയത്നമാണ് മേളയുടെ സംഘാടനത്തിൽ ഉണ്ടായത് ഇന്ത്യയുടെ കഴിവുകളെക്കുറിച്ച് സംശയം ഉയർത്തിയവർക്ക് ഇത് മറുപടിയാണ് വരും തലമുറയ്ക്ക് ഉദാഹരണമായി മാറുന്ന മേളയാണിതെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

ഒമാന്‍റെ വിവിധ പ്രദേശങ്ങളില്‍ നേരിയ തോതില്‍ മഴ പെയ്തു. ഒമാനിലെ വടക്കൻ ബാത്തിനയിലെ ലിവയിലും ശിനാസിലുമാണ് മഴ ലഭിച്ചത്. ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും വടക്കൻ ഗവര്‍ണറേറ്റുകളിലും അറേബ്യൻ കടല്‍ത്തീരത്തിന്‍റെ ചില ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

 

 

 

യുഎഇയിലെ പ്രധാന റോഡുകളിലെല്ലാം കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനാൽ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ദേശീയ കാലാവസ്ഥ കേന്ദ്രം. കാഴ്ചകൾക്ക് മങ്ങലേൽക്കുമെന്നതിനാൽ ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് അറിയിച്ചിട്ടുണ്ട്.

 

 

 

 

അമേരിക്കയിൽ ഗ്രീൻ കാർഡ് ഉപേക്ഷിക്കാൻ വിദേശികൾക്കു മേൽ അധികൃതർ സമർദം ശക്തമാക്കുന്നെന്ന് റിപ്പോർട്ടുകൾ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പോയി മടങ്ങിയെത്തുന്ന പ്രായമായവരെയാണ് പ്രധാനമായും കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർ ഇങ്ങനെ സമ്മർദത്തിലാക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

 

 

 

 

ഗാസയിൽ ഒന്നാം ഘട്ട വെടിനിർത്തൽ കാലാവധി അവസാനിച്ചതോടെ ഉണ്ടായ കനത്ത ബോംബാക്രമണത്തിൽ 232 പേർ കൊല്ലപ്പെട്ടു 500ലേറെ പേർക്ക് പരിക്കേറ്റു. ഹമാസിന്‍റെ താവളങ്ങളിൽ ആണ് ആക്രമണമെന്നാണ് ഇസ്രയേൽ പറയുന്നത് എന്നാൽ കൊല്ലപ്പെട്ടവരിൽ നിരവധി സ്ത്രീകളും കുട്ടികളുമുണ്ടെന്നാണ് വിവരം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *