hindi 2

ഹിന്ദി അറിയില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരില്‍ ജോലിയില്ല. ഹിന്ദി നിര്‍ബന്ധമാക്കുന്നതടക്കം 112 നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാ സമിതി രാഷ്ട്രപതിക്കു സമര്‍പ്പിച്ചു. റിക്രൂട്ട്മെന്റ് ചോദ്യങ്ങള്‍ ഹിന്ദിയില്‍ മാത്രമേ ആകാവൂവെന്നാണ് ഒരു നിര്‍ദേശം. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ കത്തിടപാടുകളും ഹിന്ദിയിലാക്കണമെന്നും നിര്‍ദേശമുണ്ട്.

കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യുകെയിലേക്കു തൊഴില്‍ കുടിയേറ്റത്തിനു വഴിയൊരുക്കുന്ന ധാരണാപത്രത്തില്‍ കേരള സര്‍ക്കാരും യുകെയും ഒപ്പുവച്ചു. കേരള സര്‍ക്കാരിനുവേണ്ടി നോര്‍ക്ക റൂട്ട്സും യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസസുമാണ് ഒപ്പുവച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, നോര്‍ക്ക റൂട്സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലാണു ധാരണാപത്രം ഒപ്പിട്ടത്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ക്കു കുടിയേറ്റം സാധ്യമാക്കുന്ന കരാറാണിത്.

തിരുവനന്തപുരത്ത് നഗരസഭ റോഡ് വാടകക്കു നല്‍കിയതു വിവാദമായതോടെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയറോട് റിപ്പോര്‍ട്ട് തേടി. പൊതുമരാത്ത് റോഡ് നഗരസഭ സ്വകാര്യ ഹോട്ടലിന് വാടകക്ക് നല്‍കിയതാണോയെന്നാണ് പരിശോധിക്കുന്നത്. എംജി റോഡ് 5,000 രൂപ പ്രതിമാസ വാടകയ്ക്ക് സ്വകാര്യ ഹോട്ടലിന് പാര്‍ക്കിംഗിനു നല്‍കിയതാണ് വിവാദമായത്.

പൊതുമരാമത്ത് റോഡ് ഹോട്ടലിനു വാടകയ്ക്കു നല്‍കിയതിനെ ന്യായീകരിച്ച് തിരുവനന്തപുരം കോര്‍പറേഷന്‍. 2017 മുതല്‍ ഇത്തരത്തില്‍ പാര്‍ക്കിംഗ് ഏരിയ വാടകയ്ക്കു നല്‍കാറുണ്ടെന്നാണ് നഗരസഭയുടെ വിശദീകരണം.  പാര്‍ക്കിംഗിനായി എത്തുന്ന ആരെയും തടസപ്പെടുത്തരുതെന്നാണ് കരാറെന്നും നഗരസഭ വിശദീകരിച്ചു.

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിനു കേരളത്തില്‍ ഒറ്റ പോളിംഗ് ബൂത്തു മാത്രം. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്താണ് പോളിംഗ് സ്റ്റേഷന്‍ സജ്ജീകരിക്കുന്നതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു.

ജോസ് കെ. മാണി വീണ്ടും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍. തോമസ് ചാഴികാടന്‍, ഡോ. എന്‍. ജയരാജ്, പി.കെ സജീവ് എന്നിവരാണ് വൈസ് ചെയര്‍മാന്മാര്‍. എന്‍.എം രാജുവിനെ ട്രഷററായും തെരഞ്ഞെടുത്തു. രാഷ്ട്രീയകാര്യ സമിതിയില്‍ ഏഴു പേരുണ്ട്. കോട്ടയത്ത് നടന്ന പാര്‍ട്ടി ജന്മദിന സമ്മേളനത്തിലാണ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്. 15 ജനറല്‍ സെക്രട്ടറിമാര്‍, 23 ഉന്നതാധികാര സമിതി അംഗങ്ങള്‍, 91 സ്റ്റീയറിംങ് കമ്മിറ്റി അംഗങ്ങള്‍, 131 സെക്രട്ടറിയേറ്റ് അംഗങ്ങള്‍, 536 സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എന്നിവരെയും തെരഞ്ഞെടുത്തു. മന്ത്രി റോഷി അഗസ്റ്റിന്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി തുടരും.

ലോക കേരളാസഭയുടെ മേഖലാ സമ്മേളനങ്ങള്‍ സര്‍ക്കാര്‍ ചെലവിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതത് സ്ഥലങ്ങളിലെ പ്രവാസി മലയാളികളാണ് മേഖലാ സമ്മേളനം നടത്തുന്നതെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. ലണ്ടനില്‍ ലോക കേരളാ സഭാ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രമുഖ മലയാളി വ്യവസായി എം.എ യൂസഫലിയും പരിപാടിയില്‍ പങ്കെടുത്തു.

മുഖ്യമന്ത്രി കുടുംബസമേതം ലോകം ചുറ്റുന്നതു നാട്ടുകാരുടെ ചെലവിലാണെന്നു മറക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തിരുവനന്തപുരത്തേക്കു കൊണ്ടുവരാതിരുന്നത് മുഖ്യമന്ത്രിക്ക് അതിവേഗം വിദേശയാത്രക്കു പോകാനാണെന്നും സുധാകരന്‍.

സംസ്ഥാനത്ത് ഇന്നലെ 1,050 ബസുകളില്‍ നിയമലംഘനം കണ്ടെത്തി. 14 ലക്ഷം രൂപ പിഴ ചുമത്തി. അനധികൃത ലൈറ്റുകള്‍ ഘടിപ്പിച്ചതിനാണ് കുടുതല്‍ കേസുകള്‍. 92 ബസുകള്‍ വേഗപ്പൂട്ടില്‍ തിരിമറി നടത്തിയതായി കണ്ടെത്തി. കഴിഞ്ഞ മൂന്നു ദിവസത്തിനകം 2,400 ബസുകള്‍ക്കെതിരേയാണ് നടപടിയെടുത്തത്.

വിദേശ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ തൊടുപുഴയിലെ സ്വകാര്യ റിക്രൂട്ട്മെന്റ് സ്ഥാപനത്തിനെതിരെ അന്വേഷണം. അറുപതിലധികം പരാതി ലഭിച്ചിട്ടുണ്ട്. വിദേശ തൊഴിലിനു റിക്രൂട്ടുമെന്റ് നടത്താന്‍ തൊടുപുഴയിലെ ഒരു സ്ഥാപനത്തിനും ലൈസന്‍സില്ലെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *