വെള്ളം മാത്രം കുടിച്ചതു കൊണ്ട് ചൂടിനെ പ്രതിരോധിക്കാനാകില്ല. വേനല്‍ക്കാലത്ത് കൂള്‍ ആകാന്‍ എന്താണ് വഴിയെന്നാണോ ആലോചന? രണ്ട് ചേരുവകള്‍ നിങ്ങളുടെ ഡയറ്റില്‍ ചേര്‍ക്കുന്നതോടെ ഈ ചുട്ടുപൊള്ളുന്ന ചൂടിലും സൂപ്പര്‍ കൂള്‍ ആകാം. ചൂടിനെ ഉള്ളില്‍ നിന്നും പുറമേ നിന്നും പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഒരു സൂപ്പര്‍ ഫുഡ് ആണ് കുക്കുമ്പര്‍ അഥവാ കക്കിരി. ഇതില്‍ 96 ശതമാനവും ജലാംശമാണ്. വേനല്‍ക്കാലത്ത് സലാഡായും അല്ലെതെയുമൊക്കെ കുക്കുമ്പര്‍ നമ്മുടെ ഡയറ്റില്‍ വളരെ എളുപ്പത്തില്‍ ചേര്‍ക്കാവുന്നതാണ്. ഇതില്‍ അടങ്ങിയ ആന്റി-ഓക്സിഡന്റുകളും ഇലക്ട്രോലറ്റുകളും ശരീരതാപനില ക്രമീകരിക്കാനും ശരീരവീക്കം കുറയ്ക്കാനും സഹായിക്കും. കൂടാതെ ഇതില്‍ അടങ്ങിയ സാലിക്ക എന്ന സംയുക്തം ചൂടുകാരണമുണ്ടാകുന്ന ചര്‍മത്തിലെ വരള്‍ച കുറയ്ക്കാന്‍ സഹായിക്കും. കുക്കുമ്പര്‍ ചര്‍മത്തില്‍ പുരട്ടുന്നത് സണ്‍ബേണ്‍ കുറയ്ക്കാനും കണ്ണിന് ചുറ്റുമുള്ള ഡാര്‍ക്ക് സര്‍ക്കിള്‍ നീക്കാനും സഹായിക്കും. വേനല്‍ ചൂടിനോട് പൊരുതാന്‍ സഹായിക്കുന്ന മറ്റൊന്നാണ് ഉള്ളി. ചുവന്നുള്ളിയില്‍ ക്വെര്‍സെറ്റിന്‍ എന്ന ആന്റി-ഓക്സിഡന്റി അടങ്ങിയിട്ടുണ്ട്. ഇത് സൂര്യതാപത്തില്‍ നിന്നും ചൂടില്‍ നിന്നുള്ള സമ്മര്‍ദത്തില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വിയര്‍ക്കുക എന്നതാണ് ശരീരതാപനില ക്രമീകരിക്കാനുള്ള പ്രധാന മാര്‍ഗം. ഉള്ളിയില്‍ അടങ്ങിയ സള്‍ഫര്‍ സംയുക്തങ്ങള്‍ രക്തചംക്രമണം വര്‍ധിപ്പിക്കുകയും ശരീരം വിയര്‍ക്കാനും സഹായിക്കും. കൂടാതെ ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തുന്നതിനും ഹീറ്റ് സ്ട്രോക്ക്, നിര്‍ജ്ജലീകരണം എന്നിവ തടയുന്നതിനും ഉള്ളി സഹായിക്കും. കൂടാതെ ആന്റി-ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ ഉള്ളി അമിതമായ ചൂടുകാരണം ദുര്‍ബലമാകുന്ന രോഗപ്രതിരോധശേഷി വീണ്ടെടുക്കാന്‍ സഹായിക്കും.