നിങ്ങള്‍ക്ക് ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ലേ? അതോ കൂടുതല്‍ സമയം ഉറങ്ങാറുണ്ടോ? ഇതു രണ്ടും അത്ര നന്നല്ല. നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ഏഴു മുതല്‍ ഒന്‍പതുമണിക്കൂര്‍ സമയം ഉറങ്ങാത്തവര്‍ക്കാണ് ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യത. വാന്‍ഡര്‍ ബില്‍റ്റ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകയായ കെല്‍സിഫുള്ളിന്റെ നേതൃത്വത്തില്‍ ആണ് പഠനം നടത്തിയത്. 40 മുതല്‍ 79 വയസ്സു വരെ പ്രായമുള്ള 47,000 പേരുടെ വിവരങ്ങള്‍ പരിശോധിച്ചു. അഞ്ചു വര്‍ഷത്തിലധികമായി ഉറക്കം ക്രമരഹിതമായവര്‍ക്ക് അകാലമരണത്തിന് സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ കണ്ടു. വളരെ കുറച്ചു സമയം ആദ്യം ഉറങ്ങിയിരുന്ന, എന്നാല്‍ പിന്നീട് വളരെ കൂടുതല്‍ സമയം ഉറങ്ങുന്നവര്‍ക്ക് ഏതെങ്കിലും കാരണത്താലുള്ള മരണസാധ്യത 29 ശതമാനമാണെന്നും ഇവര്‍ക്ക് ഹൃദ്രോഗം മൂലമുള്ള മരണത്തിന് 32 ശതമാനം സാധ്യതയുണ്ടെന്നും പഠനം പറയുന്നു. ജാമാ നെറ്റ്വര്ക് ഓപ്പണിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഉറക്കം എല്ലാ ദിവസവും കൃത്യമായിരിക്കേണ്ടത് എത്രമാത്രം പ്രധാനമാണെന്ന് ഈ പഠനം ഓര്‍മിപ്പിക്കുന്നു. പഠനത്തില്‍ പങ്കെടുത്തവരുടെ ഉറക്കരീതികള്‍ വര്‍ഷങ്ങളോളം ഗവേഷകര്‍ പഠന വിധേയമാക്കി. ഉറക്കത്തിന്റെ ക്വാളിറ്റി മെച്ചപ്പെടുത്തി ആയുസ് വര്‍ധിപ്പിക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്. എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കുക. ഉറങ്ങാന്‍ കിടക്കും മുന്‍പ് സ്ക്രീന്‍ടൈം പരിമിതപ്പെടുത്താം. ഫോണ്‍, ടിവി, ടാബ് തുടങ്ങിയവയില്‍ നിന്നുള്ള നീലവെളിച്ചം ശരീരത്തിലെ മെലാടോണിന്റെ ഉല്പാദനത്തെ തടസ്സപ്പെടുത്തുകയും ഉറങ്ങാന്‍ പ്രയാസം നേരിടുകയും ചെയ്യും. കിടക്കുന്നതിനു മുന്‍പ് വായിക്കുകയോ ധ്യാനം പരിശീലിക്കുകയോ ചൂടുവെള്ളത്തില്‍ കുളിക്കുകയോ ആവാം. ഇത് ഉറങ്ങാറായി എന്ന സന്ദേശം തലച്ചോറിനു നല്‍കും. മദ്യവും കഫീനും ഒഴിവാക്കാം. ഇവ രണ്ടും ഉറക്കത്തെ തടസ്സപ്പെടുത്തും. പതിവായി വ്യായാമം ചെയ്യാം. ശാന്തമായ ഉറക്കം ലഭിക്കാന്‍ കിടപ്പുമുറി വൃത്തിയായും ശാന്തമായും ഇരുണ്ടതായും സൂക്ഷിക്കാം. സമ്മര്‍ദം നിയന്ത്രിക്കാം. റിലാക്സേഷന് ടെക്നിക്കുകളോ ശ്വസനവ്യായാമങ്ങളോ യോഗയോ പരിശീലിക്കാം. ഇത് നന്നായി ഉറങ്ങാന്‍ സഹായിക്കും.