സെക്രട്ടറിയേറ്റ് കെട്ടിടം പുതുക്കിപ്പണിയാൻ പദ്ധതിയുമായി പിണറായി സർക്കാർ. അടിയന്തരമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും രണ്ടാം നമ്പർ അനക്സ് കെട്ടിടത്തിന്റെ വിപുലീകരണം വേഗത്തിലാക്കാനും ഉദ്യോഗസ്ഥ തല യോഗത്തിൽ തീരുമാനമായി. സെക്രട്ടേറിയറ്റ് വളപ്പിനകത്തെ നായശല്യത്തിന് പരിഹാരം അടക്കം നിവരധി നിർദ്ദേശങ്ങളാണ് അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന യോഗം പരിഗണിച്ചത്.
സമൂഹത്തില്‍ ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് സിനിമയ്ക്കും പങ്കുണ്ടാകാമെന്ന് കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. എന്നാല്‍ എല്ലാം ഉത്ഭവിച്ചത് സിനിമയില്‍ നിന്നാണ് എന്ന് പറയരുതെന്നും ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ സമൂഹം ഒന്നായി രംഗത്ത് ഇറങ്ങണമെന്നും സുരേഷ് ഗോപി പറഞ്ഞു.
കോഴിക്കോട് താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട എളേറ്റില്‍ എംജെ സ്കൂൾ വിദ്യാർത്ഥി ഷഹബാസിനെ മർദ്ദിച്ചവരെ അറിയാമെന്ന് സുഹൃത്തുക്കൾ. താമരശ്ശേരി സ്കൂളിലെ കുട്ടികളാണ് മർദ്ദിച്ചതെന്നും ഇവർ ഷഹബാസിനെ മർദ്ദിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും ഷഹബാസിനെ തല്ലുമെന്ന് ആക്രമിച്ചവർ താക്കീത് നൽകിയിരുന്നുവെന്നും സുഹൃത്തുക്കൾ പറഞ്ഞു.
കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്‍റെ മരണത്തില്‍ കുറ്റാരോപിതരായ അഞ്ചു വിദ്യാര്‍ത്ഥികളെയും എസ്‍എസ്എൽസി പരീക്ഷ എഴുതാൻ അനുവദിക്കും. അഞ്ച് വിദ്യാര്‍ത്ഥികളെയും വെള്ളിമാടുകുന്നിലെ ഒബ്സര്‍വേഷൻ ഹോമിലേക്ക് മാറ്റും. ജുവനൈൽ ജസ്റ്റിസ് ബോര്‍ഡാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിൻറെ പേര് പറയാതെ പരാമർശം നടത്തി മുഖ്യമന്ത്രി. കേരളത്തിലെ സ്റ്റാർട്ടപ്പ് വികസനത്തിൽ വലിയ പങ്ക് വഹിച്ച ഉദ്യോഗസ്ഥന്‍റെ മികവ് ഈ ഘട്ടത്തിൽ ഓർക്കുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. പക്ഷേ, വ്യക്തിപരമായ ദൗർബല്യത്തിന്‍റെ പേരിൽ അദ്ദേഹം വലിയ വേട്ടയാടൽ നേരിടേണ്ടിവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഡിവൈഎഫ്ഐയുടെ സ്റ്റാർട്ടപ്പ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ആശാ വർക്കർമാരുടെ സമരപ്പന്തൽ സന്ദർശിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ആശാ വർക്കർമാരുടെ സമരത്തെ ആരും താഴ്ത്തിക്കേട്ടേണ്ടെന്നും ആശമാരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ……
ബിജെപി മധ്യമേഖല അധ്യക്ഷൻ എൻ ഹരി കേരളത്തിലെ ലഹരി മാഫിയയെ കണ്ടെത്താൻ കേന്ദ്ര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ലഹരി മാഫിയയുടെ സ്രോതസ് കണ്ടെത്താൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും, കേരളം ലഹരി മാഫിയയുടെ പിടിയിലാകുകയാണെന്നും ഇടപെടൽ വേണമെന്നുമാണ് കത്തിലെ ആവശ്യം.
യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്. എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഭ എംഎൽഎ നൽകിയ പരാതിയിലാണ് അസി.എക്സൈസ് കമ്മീഷണർ എസ് അശോക് കുമാർ സംസ്ഥാന എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയത്.
കണ്ണൂർ ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. സ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെ ഷിജു, ഭാര്യ അമ്പിളി എന്നിവർക്കാണ് പരിക്കേറ്റത്. സ്കൂട്ടർ കാട്ടാന തകർത്തു. ഇരുവരെയും പരിയാരം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിമൂന്നാം ബ്ലോക്കിൽ രാവിലെയാണ് സംഭവം.
ഓട്ടോറിക്ഷയിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യ യാത്ര എന്ന സ്റ്റിക്കർ പതിപ്പിക്കണമെന്ന മോട്ടോർ വാഹന വകുപ്പിന്റെ നടപടി ഇന്ന് മുതൽ നിലവിൽ വന്നു. എങ്കിലും ഭൂരിപക്ഷം ഓട്ടോകളിലും സ്റ്റിക്കർ പതിപ്പിച്ചിട്ടില്ല. മീറ്റർ ഇട്ട് തന്നെയാണ് ഓട്ടോ ഓടിക്കുന്നത് എന്നും ഇത്തരത്തിൽ അടിച്ചേൽപ്പിക്കുന്ന നടപടികൾ അംഗീകരിക്കില്ലെന്നുമാണ് കൊച്ചിയിലെ ഓട്ടോക്കാരുടെ നിലപാട്.
ചുങ്കത്തറ പഞ്ചായത്തിൽ കൂറുമാറിയ പഞ്ചായത്തംഗം നുസൈബ സുധീറിന്റെ ഭർത്താവിനെ ഭീഷണിപ്പെടുത്തി കട അടിച്ച് തകർത്ത സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ കേസെടുത്തു. സി.പി.എം എടക്കര ഏരിയാ സെക്രട്ടറി ടി രവീന്ദ്രനടക്കം അഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്. സുധീർ പുന്നപ്പാലയുടെ പരാതിയിൽ എടക്കര പൊലീസാണ് കേസെടുത്തത്.
കുടുംബത്തിന് 65 ലക്ഷം കടബാധ്യയുള്ള വിവരം തനിക്കറിയില്ലായിരുന്നുവെന്ന് തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ട കൊലക്കേസ് പ്രതി അഫാന്റെ അച്ഛൻ റഹിം പൊലീസിന് മൊഴി നൽകി. ബാങ്ക് ലോണും ഒരു ബന്ധുവിന്റെ കൈയിൽ നിന്നും വാങ്ങിയ വായ്പയും ഉൾപ്പെടെ 15 ലക്ഷം രൂപ നാട്ടിൽ ബാധ്യതയുണ്ടെന്ന വിവരം എനിക്കറിയാമായിരുന്നുവെന്നും അഫാന് അടുപ്പമുള്ള പെൺകുട്ടിയുടെ മാല പണയത്തിൽ നിന്നും എടുത്ത് നൽകാൻ 60,000 രൂപ ദിവസങ്ങൾക്ക് മുമ്പ് നാട്ടിലേക്കയച്ചതായും റഹിം പറഞ്ഞു.
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ മകൻ അഫാനെതിരെ മൊഴി നൽകാതെ അമ്മ ഷെമീന. കട്ടിലിൽ നിന്ന് വീണാണ് തനിക്ക് പരിക്ക് പറ്റിയതെന്നാണ് മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ അമ്മ ആവർത്തിച്ചത്. 45 മിനിറ്റാണ് ആശുപത്രിയിൽ വെച്ച് മൊഴി രേഖപ്പെടുത്തിയത്. അതേസമയം, കൂട്ടക്കൊലയിലേക്ക് നയിച്ചത് കട ബാധ്യതയാണെന്ന നിഗമനത്തിലേക്ക് എത്തുന്ന കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്.
വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു. 19 കിലോ ഗ്രാം സിലിണ്ടറിന് കൊച്ചിയിൽ 6 രൂപയാണ് കൂടിയത്. കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് വില 1812 രൂപയായി. ഫെബ്രുവരി ഒന്നിന് കൊച്ചിയിൽ വാണിജ്യ സിലിണ്ടര്‍ വില 1806 ആയിരുന്നു. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല.
പിഞ്ചുകുഞ്ഞിനെ സ്കൂട്ടറിന്റ പുറകിൽ നിർത്തി അപകടയാത്ര നടത്തിയ യുവാവിനെതിരെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നടപടിയെടുത്തു. 26ന് ചേർത്തല പതിനൊന്നാം മൈൽ-ഭജനമഠം റോഡിലായിരുന്നു കുഞ്ഞുമായി അഭ്യാസ യാത്ര നടത്തിയത്. പിഞ്ചുകുഞ്ഞ് ഓടിക്കുന്ന ആളിന്റെ കഴുത്തിൽ മാത്രമായിരുന്നു പിടിച്ചിരുന്നത്. പുറകെ പോയ യാത്രക്കാരനായ മുട്ടത്തി പറമ്പ് സ്വദേശിയായ ജോമോൻ ജോൺ വീഡിയോ ചിത്രീകരിച്ച് മോട്ടോർ വെഹിക്കൾ ആപ്പിൽ ഓൺ ലൈൻ പരാതി നൽകി. ഓടിച്ചാളുടെ ലൈസൻസ് ക്യാൻസൽ ചെയ്യുന്ന നടപടി സ്വീകരിക്കുമെന്ന് ആർടിഒ പറഞ്ഞു.
അമ്പലപ്പുഴ കെഎസ്ഇബി ഓഫീസിന് സമീപം തീപിടുത്തം. കെഎസ്ഇബി യുടെ കേബിൾ കത്തി നശിച്ചു. കെഎസ്ഇബിയുടെ തെക്കുഭാഗത്തെ മൈതാനത്ത് തടിയിൽ നിർമിച്ച 2 ഡ്രമ്മുകളിലായാണ് ലൈൻ വലിക്കാനായി ഉപയോഗിക്കുന്ന എബിസി കേബിൾ സൂക്ഷിച്ചിരുന്നത്. കുറ്റിക്കാടിന് തീപിടിച്ചപ്പോൾ കേബിളിലേക്കും തീ പടരുകയായിരുന്നു.
ഗുരുവായൂരിലെ പടിഞ്ഞാറെ നടയിലുള്ള ഹോട്ടല്‍ പരിസരത്തുനിന്നും മാനസികരോഗിയായ യുവാവിന്റെ വീഡിയോ മതസ്പര്‍ധ ഉണ്ടാക്കുന്ന രീതിയില്‍ കമന്റ് എഴുതി സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ആലപ്പുഴ എടത്വ തായങ്കരി സ്വദേശി ആനന്ദ ഭവനത്തില്‍ ശ്രീരാജ് (32) എന്നയാളെയാണ് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേലിയ സ്വദേശി ആര്‍ദ്ര ബാലകൃഷ്ണൻ (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് പയ്യോളി സ്വദേശിയായ ഭര്‍ത്താവ് ഷാനിന്റെ വീട്ടിലെ കുളിമുറിയിൽ ആർദ്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി 2 നായിരുന്നു ഷാനിന്റെയും ആർദ്രയുടേയും വിവാഹം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആർദ്രയുടെ കുടുംബം ആവശ്യപ്പെട്ടു.
ആഗ്ര – ലക്നൗ എക്സ്പ്രസ് വേയിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലേക്ക് ബസ് ഇടിച്ചു കയറി നാല് പേർ മരിച്ചു. 19 പേർക്ക് പരിക്കുണ്ട്. വരാണസിയിൽ നിന്ന് ജയ്പൂരിലേക്ക് പോവുകയായിരുന്ന ബസാണ് എക്സ്പ്രസ് വേയ്ക്ക് അരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറിയത്.
ഉത്തരാഖണ്ഡിലെ ഹിമാപാതത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള രക്ഷാദൗത്യം രണ്ടാം ദിവസത്തിൽ. ഇന്ത്യൻ കരസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഇനി 25 പേരെയാണ് അപകടസ്ഥലത്ത് നിന്ന് കണ്ടെത്താനുള്ളത്. രക്ഷപ്പെടുത്തിയ 32 പേരിൽ 23 പേർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് സർക്കാർ വ്യക്തമാക്കി.
ടൈറ്റാനിക്, അവതാർ തുടങ്ങിയ ക്ലാസിക്കുകൾക്ക് പേരുകേട്ട ചലച്ചിത്ര നിർമ്മാതാവ് ജെയിംസ് കാമറൂൺ യുഎസ് വിട്ട് ന്യൂസിലൻഡിലേക്ക് താമസം മാറാൻ പദ്ധതിയിടുന്നു. ഡൊണാൾഡ് ട്രംപ് പ്രസിഡന്‍റായിരിക്കുന്ന കാലത്ത് യുഎസില്‍ ജീവിക്കാന്‍ സാധിക്കില്ലെന്നാണ് സംവിധായകന്‍ പറയുന്നത്.
അഞ്ച് വർഷത്തോളം നീണ്ട നിയമപോരാട്ടത്തിന് വിരാമമിട്ടുകൊണ്ട്, ബോളിവുഡ് താരം കങ്കണ റണൗട്ട് ബുധനാഴ്ച ഗാനരചയിതാവും കവിയുമായ ജാവേദ് അക്തറിനെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളില്‍ മാപ്പ് പറഞ്ഞു. ഇതോടെ റണൗട്ടിനെതിരായ ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസ് ഒത്തുതീര്‍പ്പാക്കി.
യുക്രെയ്ൻ പ്രസിഡന്റ് സെലന്‍സ്കിയുമായുള്ള കൂടിക്കാഴ്ചയിൽ സെലസ്കിയുടെ വസ്ത്രധാരണം മതിപ്പുണ്ടാക്കുന്നതായിരുന്നില്ലെന്ന് ട്രംപിന്റെ നിരീക്ഷണം. വാഷിംഗ്ടണിലെ ട്രംപ് സെലന്‍സ്കി കൂടിക്കാഴ്ചയിൽ പരസ്പരം അഭിവാദ്യം ചെയ്തപ്പോൾ സെലൻസ്‌കിയുടെ വസ്ത്രത്തോടുള്ള ട്രംപിൻ്റെ പ്രതികരണം പ്രകടമായിരുന്നു. സ്യൂട്ട് ധരിക്കാത്തത് എന്നും നിങ്ങൾക്ക് സ്യൂട്ട് ഉണ്ടോയെന്നുമുള്ള മാധ്യമ പ്രവർത്തകന്റെ ചോദ്യത്തോട് യുദ്ധം പൂർത്തിയായ ശേഷം ഇത്തരം വസ്ത്രധാരണത്തിലേക്കോ ഇതിനേക്കാൾ മികച്ചതിലേക്കോ എത്താമെന്നായിരുന്നു സെലൻസ്കിയുടെ പ്രതികരണം.