ബെല്‍ അമി | അദ്ധ്യായം 11 | രാജന് തുവ്വാര
ത്രീ ഇന്റലക്ച്വല്‍സ് ഇന്‍ എ ഫൊര്ലോണ് യൂനിവേഴ്സ്
ചാരുമതി മിക്കവാറും ദിവസങ്ങളില്‍ അതിരാവിലെ നടക്കാന്‍ പോകും നിവൃത്തിയുണ്ടെങ്കില്‍ ചിലപ്പോഴൊക്കെ ഞാനും അവളുടെ കൂടെ നടക്കാന്‍ കൂടും. രാത്രി ഏറെ വൈകി ജോലി ചെയ്താലും രാവിലെ എഴുന്നേറ്റ് നടക്കുന്നത് എനിക്ക് എന്തെന്നില്ലാത്ത സുഖവും ഉന്മേഷവും നല്കി. ഡല്‍ഹിയില്‍ കുട്ടിക്കാലത്ത് അമ്മയോടൊപ്പം താമസിക്കുന്ന കാലം മുതല്‍ ശീലിച്ചതാണ് ഈ പ്രഭാതനടത്തമെന്ന് ചാരുമതി ഒരു ദിവസം നടത്തത്തിനിടയില്‍ എന്നോട് പറയുകയുണ്ടായി. നടത്തം അവള്‍ക്ക് ശാരീരികതികവിനു പുറമെ അസാധാരണമായ ഊര്‍ജം നല്കി. പുലര്‍ച്ചെ എഴുന്നേറ്റ് വായിക്കുകയോ ചിത്രമെഴുതുകയോ ചെയ്യുന്നതായിരുന്നു അവളുടെ ശീലം. രാവിലെ എട്ടുമണിക്കുള്ളില്‍ രാവിലേക്കും ഉച്ചക്കുമുള്ള ഭക്ഷണം അവള് തയ്യാറാക്കും. ആദ്യമൊക്കെ അവള് എനിക്കുവേണ്ടി ചോറുണ്ടാക്കുമായിരുന്നു. ഇടക്ക് അവളും ചോറുണ്ണും. അവള് എനിക്കുവേണ്ടി ചോറുണ്ണുന്നത്പോലെ തോന്നിയപ്പോള്‍ ഞാന്‍ ഇടപെട്ടു. അവള് ഉണ്ടാക്കുന്ന ഏതാഹാരവും ഞാന്‍ കഴിക്കുമെന്ന് അവളെ ബോധ്യപ്പെടുത്തി. കൂടുതല്‍ ജോലിയുണ്ടെങ്കില്‍ രാത്രിയില്‍ ഞാന്‍ ആഹാരം ഒഴിവാക്കി. ജൂഡിത്ത് വന്നപ്പോള്‍ അവള്‍ക്ക് ഇഷ്ടപ്പെട്ട ആഹാരം ഉണ്ടാക്കുക ചാരുമതിക്ക് ബുദ്ധിമുട്ടായി. പോകെപ്പോകെ ജൂഡിത്ത് അടുക്കളയില്‍ കയറി അവള്‍ക്കിഷ്ടപെട്ട ആഹാര പദാര്‍ത്ഥങ്ങള്‍ തയ്യാറാക്കും. അതോടെ ചാരുമതിക്ക് ജോലിഭാരം കുറഞ്ഞു. ഇടക്ക് ജൂഡിത്ത് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അവള് ഉണ്ടാക്കിയ ആഹാരം തന്നു. അവള് തയ്യാറാക്കിയിരുന്ന പിസ എനിക്കിഷ്ടപ്പെട്ടു. ചാരുമതിയും അത് കഴിച്ചു. ഞാന്‍ സസ്യാഹാരം മാത്രമേ കഴിക്കുന്നുള്ളു എന്നറിഞ്ഞപ്പോള്‍ ഒരു കൗതുകത്തിന് ജൂഡിത്തും ആ വഴിയിലേക്ക് തിരിഞ്ഞു.
ജൂഡിത്ത് ഇപ്പോള്‍ ഈ വീട്ടില്‍ താമസമാക്കിയിട്ട് രണ്ട് മാസം പിന്നിടുന്നു. വീട്ടിലെ സാമ്പത്തികകാര്യങ്ങളില്‍ അവര്‍ രണ്ടുപേരും ഇടപെടാതിരിക്കാന്‍ വേണ്ട നടപടികള്‍ ഞാന്‍ കൈക്കൊണ്ടു. എന്റെ മനസ്സിലെ ആണ്കോയ്മയും ഈഗോയും ആയിരുന്നു അങ്ങനെ പ്രവര്‍ത്തിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചത്.
രണ്ടാമത്തെ മാസം പിന്നിട്ടപ്പോള്‍ ജൂഡിത്ത് ഒരുദിവസം എന്റെ മുറിയിലെത്തി.
‘ഞാനൊരു കാര്യം പറഞ്ഞാല്‍ സര് മറ്റൊന്നും വിചാരിക്കേണ്ടതില്ല. ഈ വീട്ടിലെ കാര്യങ്ങളെല്ലാം സര് തന്നെയാണ് നോക്കുന്നത്. പക്ഷേ ഞങ്ങള്‍ രണ്ടുപേര്‍, അല്ലെങ്കില്‍ ചാരുമതിയുടെ കാര്യം വിട്ടേക്ക്, എന്റെ കാര്യത്തിലെങ്കിലും എനിക്കല്പം സാമ്പത്തികസ്വാതന്ത്ര്യം തന്നുകൂടെ?സമ്പത്തിക സ്വാതന്ത്ര്യവും സ്വാശ്രയത്വവും എന്റെ അനിവാര്യ ശീലങ്ങളായിപ്പോയി’
ഞാന്‍ അവളുടെ മുഖത്തുനോക്കാതെ പറഞ്ഞു:
‘എന്റെ കൈയ്യിലെ പണം തീര്‍ന്നാല്‍ ഞാന്‍ നിന്നോട് തീര്‍ച്ചയായും ചോദിക്കും.’
അത് പറഞ്ഞതിനുശേഷം ഞാന്‍ അവളെ നോക്കി. ഞാന്‍ തുടര്‍ന്നു:
‘നിങ്ങള്‍ ഇപ്പോള്‍ ഈ വീട്ടിലെ അംഗങ്ങളാണ്. ഞാന്‍ ഈ വീടിന്റെ മേധാവിയും. അതുകൊണ്ട് വീട്ടുകാര്യങ്ങള്‍ ഞാന്‍ നിശ്ചയിക്കും.’
അതും പറഞ്ഞ് ഞാന്‍ അവളെ നോക്കി ചിരിച്ചു.പിന്നെ ഞാന്‍ പുതിയ വിഷയത്തിലേക്ക് കടന്നു
‘എന്റെ പുസ്തകത്തിന്റെ കവര്‍ വന്നിട്ടുണ്ട്.’ ഞാന്‍ പറഞ്ഞു.
‘എവിടെ, കാണട്ടെ.’ജൂഡിത്തിന്റെ കൗതുകം മറനീക്കി
ഞാന്‍ എന്റെ കമ്പ്യൂട്ടര്‍സ്ക്രീനില്‍ ആ കവര്‍ ചിത്രം കാണിച്ചു. അവള് കുറച്ചുനേരം ആ ചിത്രത്തിലേക്ക് നോക്കി നിന്നു
‘ഇത് നന്നായിട്ടുണ്ട്. പുസ്തകം വേഗം പുറത്തിറങ്ങട്ടെ.’ അവള് പറഞ്ഞു.
അല്പം കഴിഞ്ഞപ്പോള്‍ അവള് ഒരു കാര്യം അവതരിപ്പിക്കുന്ന മട്ടില്‍ പറഞ്ഞു:
‘എനിക്ക് എഴുത്തുകാരനോട് ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു.’
‘നിന്റെ എക്സിബിഷനെ കുറിച്ചാണോ? ഞാന്‍ ഗാലറി ബുക്ക് ചെയ്തിട്ടുണ്ട്. ചാരുമതിയുടെ എക്സിബിഷന് നടന്ന ഗാലറി തന്നെ. അടുത്ത മാസം ഏഴിന്. അന്ന് ഞായറാഴ്ച്ചയാണ്.’
‘ഞാന്‍ മറ്റൊരു കാര്യമാണ് ചോദിക്കാന്‍ വന്നത്.’
ഞാന്‍ അവളുടെ മുഖത്തേക്ക് എന്താണ് കാര്യമെന്നറിയാനെന്ന മട്ടില്‍ നോക്കി.
‘പുസ്തകം പുറത്തിറങ്ങി എഴുത്തുകാരന്റെ മനസ്സ് സ്വതന്ത്രമാവട്ടെ, എന്നിട്ടാകാം ആ ചോദ്യം.’
അവള് അങ്ങനെ ആ വിഷയത്തിനു തടയിട്ടപ്പോള്‍ എന്റെ മനസ്സില്‍ പൊന്തിവന്നത് ചാരുമതിയുടെ ചിത്രമായിരുന്നു. അവളെ ഞാന്‍ പ്രണയിക്കുന്നുണ്ടെന്ന് വിചാരിച്ചുകാണുമോ ഇവള്?
എനിക്കെന്തെങ്കിലും ചോദിക്കാന്‍ കഴിയും മുന്‍പ് ജൂഡിത്ത് അവിടെ നിന്ന് ഇറങ്ങിപ്പോയി.
അടുത്ത ഞായറാഴ്ച്ച ബാംഗ്ലൂര്‍ ഹെറാള്‍ഡിന്റെ വാരാന്ത്യ പതിപ്പില്‍ ത്രീ ഇന്റലക്ച്വല്‍സ് വണ്‍ വേള്‍ഡ് എന്ന പേരില്‍ ഞങ്ങളെക്കുറിച്ചൊരു ഫീച്ചര്‍ ഉണ്ടായിരുന്നു. ശ്രീദേവി മാലിനിയുടെപേരിലായിരുന്നു ആ ഫീച്ചര്‍.
എന്റെ വീടിന്റെ, അല്ലെങ്കില്‍ ഞങ്ങളുടെ വീടിന്റെ ഫോട്ടോഗ്രാഫും ജൂഡിത്ത് വരച്ച വീടിന്റെ ചിത്രവും ആണ് ഏറ്റവും മുകളില്‍ പ്രത്യക്ഷപ്പെടുന്നത്. അതിനു താഴെ ചാരുമതി വരച്ച ജൂഡിത്തിന്റെ പോര്‍ട്രെയ്റ്റ് : ദി ആര്‍ട്ടിസ്റ്റ് മേയ്ക്സ് എ ടെയ്ലര്, അതിനു താഴെ എന്റെ ഹംപി, വിട്രിയോള്‍ എന്നീ പുസ്തകങ്ങളുടെ പുറംചട്ട. ലേഖനത്തിന്റെ ഏറ്റവും അവസാനം ഞാനും ജൂഡിത്തും ചാരുമതിയും സംസാരിച്ചുകൊണ്ടിരിക്കുന്ന ചിത്രം.
മൂന്ന് ബുദ്ധിജീവികള്‍ സാമൂഹികമായ ബന്ധനങ്ങളില്ലാതെ, സ്വയം നിര്‍വ്വചിതമായ, ആത്മീയവും സദാചാര നിബദ്ധവുമായ ഒരു ലോകത്തെ ദിവസേന നിര്‍മ്മിക്കുന്നു എന്നൊക്കെയാണ് ആലങ്കാരികമായി ആ ലേഖനത്തില്‍ പറയുന്നത്. ജൂഡിത്തിന്റെ ഫക്ക് മെഷീന് എന്ന ചിത്രം ബുക്കോവ്സ്കിയുടെ നോവലിന്റെ വര്ണഭാഷയാണെന്ന് എഴുതിയിട്ടുള്ളത് ജൂഡിത്തിന് ബോധിച്ചിട്ടില്ല. ആ നോവലിന്റെ ഇതിവൃത്തത്തെക്കാള്‍ അതിന്റെ ശീര്‍ഷകമാണ് തന്നെ ആ ചിത്രത്തിന്റെ നിര്‍മ്മിതിയിലേക്ക് (രചനയിലേക്കെന്ന് ജൂഡിത്ത് അവകാശപ്പെടുന്നില്ല . സത്യാനന്തര കലയില്‍ രചനയെക്കാള്‍ നിര്‍മ്മിതിയാണ് കലാസൃഷ്ടിക്ക് കൂടുതല്‍ ആനുകൂല്യം നല്കുന്ന പദമെന്നു അവള് ) നയിച്ചതെന്ന് ജൂഡിത്ത് അവകാശപ്പെടുന്നു.
ഈ ലേഖനം പ്രത്യക്ഷപ്പെട്ട് വൈകാതെ വികാസ് സ്വരൂപ് എന്നെ വിളിച്ചു.
ചാരുമതി എന്റെ കൂടെ താമസമാക്കിയതിനു ശേഷമുള്ള ആദ്യത്തെ വിളി.
യശ്വന്ത് അയാള്‍ക്കും സുപരിചിതനാണല്ലോ
‘ഞാന്‍ അന്നേ തന്നോട് സൂചിപ്പിച്ചിരുന്നില്ലേ അവള് മിടുക്കിയാണെന്ന്.’
വികാസ് ചാരുമതിയെക്കുറിച്ചുള്ള തന്റെ മുന്‍സൂചന ശരിയായില്ലേ എന്ന മട്ടില്‍ ചോദിച്ചു.
‘അക്കാര്യത്തില്‍ ഞാന്‍ താങ്കളോട് വിരുദ്ധാഭിപ്രായം പറഞ്ഞില്ലല്ലോ, ഇവിടെ ഒരു പെണ്‍കുട്ടിയെ എങ്ങനെ താമസിപ്പിക്കും എന്നതായിരുന്നു എന്റെ വിഷയം. അവള് ഒരു ജീനിയസ് ആണെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.’
‘അവള് പുറമേക്ക് കാണുമ്പോലെയല്ല, വളരെ അഡാപ്റ്റബിള്‍ ആണ്.’
പിന്നെ ഒരു രഹസ്യം വെളിപ്പെടുത്തുംപോലെ അമര്‍ത്തിപ്പിടിച്ച ശബ്ദത്തില്‍ പറഞ്ഞു:
‘അവള് ഇറോട്ടിക് ആണ്, യു ക്യാന്‍ സ്ലീപ് വിത്ത് ഹേര്‍ ഇഫ് യു വാണ്ട്. അവള് വിരോധിക്കില്ല.’
ഞാന്‍ അതിനു മറുപടി പറഞ്ഞില്ല. അവളോടൊത്ത് ഞാന്‍ ശയിച്ചിട്ടുണ്ടെന്നും വികാസ് തന്നെ ലൈംഗികമായി ഉപയോഗിച്ച കാര്യം അവള് എന്നോട് പറഞ്ഞിട്ടുണ്ടെന്നും ഞാന്‍ പറഞ്ഞില്ല.
‘ഈ ചിത്രകാരികള്‍ കാമതൃഷ്ണക്ക് ഒരു കുറവുമില്ലാത്തവരാ.’
വികാസ് തുടര്‍ന്നു:
‘അവളുടെ അമ്മയുടെ കഥയറിഞ്ഞാല്‍ തനിക്ക് ഒരു പുസ്തകമെഴുതാം.’
‘ചിത്രകാരികളെ അപ്രകാരം ഒരു കള്ളിയിലാക്കി ജെനറലൈസ് ചെയ്യാന്‍ ഞാനില്ല. അവരുടെ മനസ്സിലെ സ്നേഹവും കരുതലും മറ്റാരേക്കാളും മുകളിലാണെന്ന് ഞാന്‍ കരുതുന്നു. അവരുടെ പ്രശ്നം അവരുടെ മനസ്സ് തന്നെയാണ്. മധുമതിയെ എനിക്കറിയുന്നതുപോലെ മറ്റാര്ക്കുമറിയില്ലെന്നത് മധുമതിക്കും എനിക്കും മാത്രം അറിയാവുന്ന ഒരു വാസ്തവമാണ്.’
ഞാന്‍ ഇത്ര വിശദമായി മറുപടി പറയുമെന്ന് അയാള്‍ പ്രതീക്ഷിച്ചിരുന്നില്ല.
എന്റെ മറുപടിക്കുശേഷം ഒരു മൂളല്‍ മറുവശത്തുനിന്നുണ്ടായി.
‘നിങ്ങളുടെ വിശ്വാസം നിങ്ങളുടെ അവകാശമാണ്. ഞാന്‍ ഒരു ദിവസം നിങ്ങളുടെ വീട്ടില്‍ വരാം. എനിക്ക് നിങ്ങളെ എല്ലാവരെയും കാണാമല്ലോ’ എന്നു പറഞ്ഞുകൊണ്ടാണ് അയാള്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്. എന്റെ പുതിയ പുസ്തകത്തെക്കുറിച്ചോ വെബ് പോര്ട്ടലിനെക്കുറിച്ചോ അയാള്‍ ഒന്നും ചോദിച്ചില്ല. അയാളില്‍നിന്ന് അത്തരം അന്ന്വേഷണങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. പ്രൊഫെഷണല്‍ ജെലസി നന്നായി മനസ്സില്‍ സൂക്ഷിക്കുന്ന ഒരു പത്രപ്രവര്ത്തകന് ആണ് വികാസ്. ഇരുപത് തവണയെങ്കിലും അയാള്‍ക്കുവേണ്ടി ഞാന്‍ ഗോസ്റ്റ് റൈറ്റിങ് ചെയ്തിട്ടുണ്ട്. അതിന്റെ പ്രതിഫലമായി ഗ്ലാഡിസ് എന്ന സബ് എഡിറ്റര്‍ ട്രെയിനിയെ എന്നോടൊപ്പം ഉല്ലാസയാത്രക്ക് വിട്ടു തന്നു അയാള്‍. അതാണ് വികാസ് സ്വരൂപ് എന്ന ലൂട്ടിയന്‍ സ്വരൂപം.
ഞാന്‍ ഈ സംഭാഷണം കഴിഞ്ഞ് തിരിഞ്ഞു നോക്കിയത് ചാരുമതിയുടെ മുഖത്തേക്കാണ്. അവള് ആഹ്ലാദത്തോടെ പറഞ്ഞു:
‘സര്, ബാംഗ്ലൂര്‍ ഹെറാള്‍ഡിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ ഒരു നല്ല വീഡിയോ ഇട്ടിട്ടുണ്ട്.’
ചാരുമതി അവളുടെ മൊബൈല്‍ ഫോണില്‍ എനിക്ക് ആ വീഡിയോ കാണിച്ചു തന്നു. നല്ല വീഡിയോ, നല്ല നരേഷന്. ഓരോരുത്തരുടെയും സംഭാഷണങ്ങള്‍ വിശദമായി നല്കിയിരിക്കുന്നു. ജൂഡിത്തിന്റെ ഫക്ക് മെഷിന് ക്ലോസ് അപ്പില്‍ കാണിക്കുന്നുണ്ട്. അതോടൊപ്പം ജൂഡിത്തിന്റെ നരേഷന്.
ആ വിഡിയോ പെട്ടെന്ന് തന്നെ പ്രചരിതമായി. സൈബര്‍ ഭാഷയില്‍ വൈറല്‍.
അന്ന് വൈകുന്നേരമായപ്പോഴേക്കും എന്നെ തേടി നിരവധി പേരുടെ ഫോണ്‍ കാളുകളെത്തി. എന്റെ വീടിന്റെ ചിത്രം, ജൂഡിത്തിന്റെ ചിത്രം സൈബര്വ്യാപാരികള് ഏറ്റെടുത്തു. സൈബര്‍ ലോകം ആ ചിത്രത്തിന് വലിയ വിലയിട്ടു. ആ ചിത്രത്തിന് രണ്ട്ലക്ഷംരൂപ നല്കാന് മൂന്നുപേര്‍ തയ്യാറായി. മൈസുരുവില്‍ നിന്നുള്ള ഒരു സില്‍ക്ക് വ്യാപാരി രണ്ടര ലക്ഷം രൂപക്ക് ആ ചിത്രം ഉറപ്പിച്ചു. ഉടന്‍ തന്നെ ഞാന്‍ യശ്വന്തിനെ വിളിച്ച് വിവരവും നന്ദിയും പറഞ്ഞു. ആ ഫ്രഞ്ച് സുന്ദരിക്ക് ഒരു ഉമ്മ കൊടുത്തുകൊള്ളാന്‍ അയാള്‍ എന്നോട് പറഞ്ഞു.
സന്ധ്യക്ക് മാവിന്തറയിലിരുന്ന് ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെ ഞാന്‍ യശ്വന്ത് പറഞ്ഞ കാര്യം ജൂഡിത്തിനോട് പറഞ്ഞു. പൊടുന്നനെ ജൂഡിത്ത് എന്റെ കവിളില്‍ ഒരുമ്മ തന്നു. ചാരുമതി അത് കാണുന്നുണ്ട്. അവള് അനായാസം പുഞ്ചിരിച്ചു.
‘യശ്വന്ത് ഇത് കണ്ടിരുന്നുവെങ്കില്‍ നമ്മള് അരാജക ബുദ്ധിജീവികളാണെന്ന് പരസ്യം ചെയ്തേനെ.’
‘അതുകൊണ്ട് യാതൊന്നും സംഭവിക്കാന്‍ പോകുന്നില്ല.’
ചാരുമതി പറഞ്ഞു:
‘അരാജക സുന്ദരിമാരായ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം രാത്രിയില്‍ ബറോഡയിലെ ഇടവഴികളിലൂടെ നടന്നിട്ടുണ്ട് ഞാന്‍. അന്ന് സിഗരറ്റ് വലിക്കുന്ന ശീലമുണ്ടായിരുന്നു എനിക്ക്. അന്ന് രാത്രി അതിലൊരുത്തി തന്ന സിഗരറ്റ് വലിച്ചപ്പോള്‍ നര്‍മ്മദ നദിക്ക് മുകളിലൂടെ നടക്കുകയാണെന്ന് തോന്നിപ്പോയി. അന്ന് ഞാന്‍ വലിച്ച സിഗരറ്റില്‍ എന്തായിരുന്നുവെന്ന് ഇന്നും എനിക്കറിഞ്ഞുകൂടാ. എന്തായാലും ഒരു കാര്യം, നിശ്ചയം വിശേഷപ്പെട്ട ഒരു സ്വപനൗഷധമായിരുന്നു അത്. നവരാത്രിക്കാലം. കുറച്ചു നേരം ഗര്‍ബ കളിച്ചത് എനിക്കോര്‍മ്മയുണ്ട്. അതിരാവിലെ നര്‍മദയുടെ തീരത്ത് എന്റെ ഉറക്കം തീരുമ്പോള്‍ ഇളം കാറ്റുണ്ടായിരുന്നു. എന്റെ ശരീരം മുഴുവന്‍ വേദനിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ മൂന്നുപേരും പരസ്പരം പുണര്‍ന്നു കിടക്കുകയായിരുന്നുവെന്ന് ഉണര്‍ന്നപ്പോഴാണ് ഞാന്‍ അറിയുന്നത്.’
ഞാന്‍ കതുകം പൂണ്ട് അവള് പറയുന്നത് കേട്ടുകൊണ്ടിരുന്നു.
‘അന്ന് എന്നോടൊപ്പം നര്‍മ്മദാതീരത്ത് കിടന്ന് ആഘോഷിച്ചവരില്‍ ഒരാള്‍ ഇപ്പോള്‍ ലൈം ലൈറ്റിലുണ്ട്. വന്ദന ഗോസ്വാമി.’
‘വന്ദന?’ ഞാന്‍ അവിശ്വാസത്തോടെ ചോദിച്ചു.
‘അതെ. വന്ദന തന്നെ. ഗുജറാത്തി ഭാഷയിലെ കടുത്ത അശ്ലീല പദങ്ങള്‍ അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു അവളുടെ വിനോദം. അതിനുവേണ്ടി അവള് ഗുജറാത്തിലെ പല ഗ്രാമങ്ങളിലും സഞ്ചരിച്ച് നിരവധി ആളുകളുമായി സംസാരിച്ചിട്ടുണ്ട്.’
കൗതുകം വിടാതെ ഞാന്‍ ഇടപെട്ടു.
‘ഇത്തവണത്തെ വെനീസ് ഫിലിംഫെസ്റ്റിവലില്‍ വന്ദനയുടെ ചിത്രമുണ്ട്.’
‘ഉണ്ട്. ദി വെര്‍ജിന്‍ ആന്‍ഡ് ദി സെര്പണ്ട്.’
അവിടെ വെച്ച് ഞങ്ങളുടെ സംഭാഷണം മുറിച്ചുകൊണ്ട് ജൂഡിത്ത് ഇടപെട്ടു:
‘മറ്റേ സുന്ദരിയോ?’
‘അവള് ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടാവില്ല. മലേഷ്യയില്‍ നിന്ന് റഷ്യയിലേക്ക് പറക്കുന്നതിനിടെ കാണാതായ ആ വിമാനത്തില്‍ അവളുണ്ടായിരുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. ആസ്ട്രേലിയയിലെ മെല്‍ബണില്‍ നിന്ന് ഏതാണ്ട് അമ്പത് കിലോമീറ്റര്‍ അകലെയുള്ള ബാക്കസ് മാര്‍ഷ് എന്ന ചെറുപട്ടണത്തില്‍ ആര്‍ട്ട് സ്കൂള്‍ നടത്തുകയായിരുന്നു അവള്.’
അന്ന് രാത്രി അത്താഴം കഴിഞ്ഞ് ഞാന്‍ മുറിയിലേക്ക് പോകാനൊരുങ്ങുമ്പോള്‍ ജൂഡിത്ത് ഇടപെട്ടു:
‘ഞാന്‍ രണ്ട് ദിവസം മുന്‍പ് സാറിനോട് ഒരു കാര്യം പറയാന്‍ വന്നതായിരുന്നു.’
ആ സന്ദര്‍ഭം എനിക്കോര്‍മ്മ വന്നു.
‘കാര്യം പറയ്.’
‘സാറിനോട് എനിക്ക് എന്തും തുറന്നു പറയാം. ചാരുമതിക്കും പറയാം ഒന്നും ഒളിച്ചു വെക്കേണ്ട കാര്യമില്ല.’
‘തീര്‍ച്ചയായും.’
‘നോക്കു സര്, അങ്ങ് ഞങ്ങളെ എങ്ങനെയാണ് കാണുന്നതെന്ന് ഞങ്ങള്‍ വിലയിരുത്തിയിട്ടില്ല.’
അവള് വീണ്ടും ആമുഖം നിരത്തുന്നു.
‘യു ആര് ഫ്രീ ടു ടെല്‍.’
‘ഓക്കേ. ഞാനും ചാരുമതിയും. വി വിഷ് ടു സ്ലീപ് ടുഗതര്‍.’
‘യെസ് യു മേ. ആരാണ് അതിന് വിരോധം നില്‍ക്കുന്നത്?’
ഞാന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.
‘സര്… ഞാന്‍ വിചാരിച്ചു…’
‘എന്തു വിചാരിച്ചു? നമുക്ക് പരസ്പരം അറിയുന്ന കാര്യങ്ങളേ ഇവിടെ സംഭവിക്കാറുള്ളു. ഞാന്‍ നിങ്ങള്‍ രണ്ടുപേര്‍ക്കൊപ്പവും ശയിച്ചിട്ടുണ്ട്. നിങ്ങള്‍ രണ്ടുപേരും നിങ്ങളുടെ ജീവിതം എന്റെ മുന്നില്‍ തുറന്നിട്ടുണ്ട്. എനിക്ക് നിങ്ങളോട് ആഴത്തിലുള്ള സ്നേഹമുണ്ട്. ഇപ്പോള്‍ കൂടുതല്‍ അടുത്തതുപോലെ തോന്നുന്നു. ഞാന്‍ സെക്സ് നന്നായി ആസ്വദിച്ചിട്ടുള്ള ആളാണ്. വിവാഹത്തെകുറിച്ച് ഞാന്‍ ഇതുവരെ ചിന്തിച്ചിട്ടില്ല. നിങ്ങളെക്കാള്‍ ഇരുപത് ഇരുപത്തിരണ്ട് വയസ്സെങ്കിലും എനിക്ക് അധികമുണ്ടാകും. അതിനൊത്ത അനുഭവങ്ങളുമുണ്ടാകുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലൊ. ‘
സുന്ദരികളായ ആ രണ്ട് ചിത്രകാരികളെയും ഞാന്‍ മാറി മാറി നോക്കി.
അവര്‍ എന്നെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്.
‘നിങ്ങളുടെ കാര്യങ്ങളില്‍ ഞാന്‍ ഇടപെടുമെന്നാണോ കരുതിയത്?’
‘അതല്ല സര്…’ ജൂഡിത്ത് പറഞ്ഞു:
‘ഞങ്ങള്‍ രണ്ടുപേരും ഒരുപോലെ കടുത്ത അനുഭവങ്ങളിലൂടെ കടന്നുപോന്നവരാണ്, താളം തെറ്റിയ ജീവിതം മാത്രം കണ്ടവരാണ്. അതുകൊണ്ടാണെന്ന് തോന്നുന്നു ഞങ്ങള്‍ വല്ലാതെ അടുത്തുപോയത്.’
ചാരുമതി ഇപ്പോഴും ഒന്നും മിണ്ടാതെ നില്ക്കുന്നു.
‘നിനക്ക് ഒന്നും പറയാനില്ലേ?’
അവള് എന്നെ സന്ദേഹത്തോടെ നോക്കി.
‘നീ ഇക്കാര്യത്തില്‍ സന്ദേഹിക്കേണ്ട കാര്യമില്ല. നിങ്ങളുടെ ജീവിതം നിങ്ങളുടെ ഹിതമാണ്.’
‘സര് ഇവിടെ ഞങ്ങള്‍ക്ക് ഒന്നും മറച്ചു വെക്കാനില്ല.ഒരു പുരുഷനെത്തന്നെ പ്രണയിക്കണമെന്ന കാര്‍ക്കശ്യമൊന്നും എനിക്കില്ല , അവള്‍ക്കും. ഇവിടെ ഞങ്ങള്‍ ഒരുമിച്ച് ജീവിക്കുന്നു. കുറച്ചു കഴിഞ്ഞാല്‍ ഞങ്ങള്‍ ഇവിടെ നിന്ന് മാറിത്താമസിച്ചുകൊളളാം.’
‘അതാണോ ഇപ്പോഴത്തെ പ്രശ്നം?’
‘അതുകൊണ്ടല്ല സര്…’
ഇപ്പോള്‍ ചാരുമതിയാണ് സംസാരിച്ചത്.
‘എന്നോട് ഇടപെട്ട പുരുഷന്മാരെല്ലാം എന്റെ ശരീരം ലക്ഷ്യമിട്ടാണ് ഇടപെട്ടത്. ഒരിക്കല്‍ പോലും എന്റെ ചിത്രങ്ങളെക്കുറിച്ച്, എന്നിലെ കലാകാരിയെക്കുറിച്ച് അവരാരുംആലോചിച്ചിട്ടില്ല. ജീവിതത്തിലാദ്യമായി ഒരു പുരുഷന് എന്നോട് എന്റെ ശരീരം ചോദിക്കാതെ ഇടപെട്ടു. എന്റെ അമ്മയുടെ ബോയ്ഫ്രണ്ട് പോലും എന്റെ ശരീരം ആഗ്രഹിച്ചിടത്ത് ഇങ്ങനെ ഒരാളെ ഞാന്‍ പ്രതീക്ഷിചില്ലായിരുന്നു. അങ്ങനെയുള്ള ഒരാളെ എത്രയെന്നു വെച്ചാ ബുദ്ധിമുട്ടിക്കുന്നത്?’
ചാരുമതി എന്നെ ഒരു രക്ഷകനെ കാണുന്നതുപോലെ ഉറ്റു നോക്കി.
‘ഈ ലോകത്തില്‍ നിങ്ങളെ ആരൊക്കെ തിരസ്കരിച്ചാലും ഇവിടെ നിങ്ങള്‍ക്കൊരു ഇടമുണ്ടായിരിക്കും.’
ചെറിയൊരു ഇടവേള കടന്നുപോയി.
‘ഞാന്‍ ഇതുവരെ ആരോടും പ്രണയവും രതിയും കീഴ്പെടുത്തി വാങ്ങിയിട്ടില്ല. യുക്തിഭദ്രമല്ലാതെ ഞാന്‍ സ്ത്രീകളുമായി ഇടപെട്ടിട്ടില്ല. എന്റെ ആദ്യ കാമുകിയുമായി നാലു വര്‍ഷം മുമ്പ് ഞാന്‍ രതിയിലേര്‍പ്പെട്ടു. അവള്‍ക്ക് എന്നോട് ഇന്നും കടുത്ത പ്രണയവും മോഹവുമുണ്ട്. എന്നേക്കാള്‍ പ്രായമുള്ള ഒരു സ്ത്രീ. ഞങ്ങള്‍ ഒരുമിച്ച് പഠിച്ചവര്‍. ഇപ്പോള്‍ ഈ നിമിഷം പോലും അവള് എന്നെ പ്രണയിക്കുന്നുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്.’
പിന്നെ ശബ്ദം താഴ്ത്തി, അതെന്തിനെന്ന് എനിക്കറിഞ്ഞുകൂടാ, ഞാന്‍ തുടര്‍ന്നു:
‘അവളുടെ മകള്‍ക്ക് നിന്നെക്കാള്‍ വലിയ പ്രായവ്യതാസം കാണില്ല.’
അതുവരെ വലിയ ധീരത കാണിച്ച ജൂഡിത്തിന്റെ മുഖം മങ്ങി. പൊടുന്നനെ അവള് തേങ്ങി, തേങ്ങല്‍ വിതുമ്പലായി.
കുറെ സമയം, കണക്കു പറഞ്ഞാല്‍ പത്തുപതിനഞ്ച് മിനിറ്റ് നേരത്തേക്കെങ്കിലും അവള് ആ തേങ്ങലിന് അടിമപ്പെട്ടുകാണും, അവളുടെ കൂട്ടുകാരിയും കരയുന്നുണ്ടായിരുന്നു.
മതിയാവോളം കരയട്ടെ എന്ന് ഞാനും കരുതി. ഇത്രയൊക്കെ പറഞ്ഞതുകൊണ്ടാവാം ഞാനും ഉള്ളുകൊണ്ട് ഉലഞ്ഞിരുന്നു. അവരെ അവിടെ വിട്ട് ഞാന്‍ മുറ്റത്തെ മാവിന് ചുവട്ടിലേക്ക് നടന്നു. ഈയിടെയായി ഈ വീട്ടിലെ അന്തേവാസികളുടെ ശാന്തി സ്ഥലമാണീ മാവിന് തറ. ഞങ്ങളുടെ ജീവിതം കണ്ട് ഈ വൃക്ഷം അതിശയിക്കുന്നുണ്ടാകും.
ആ ചെങ്കല്‍ തറയില്‍ കിടക്കുമ്പോള്‍ ദസ്തയേവ്സ്കിയും ചെക്കോവും കാഫ്കയും മോപ്പസാങ്ങും കണ്ട അതേ നക്ഷത്രങ്ങളെ എനിക്കും കാണാനാകുന്നുണ്ടെന്ന് ഞാന്‍ ഓര്‍ത്തു.
മാവിന് ചുവട്ടില്‍ ഇരുന്നു മടുത്തപ്പോള്‍ ഞാന്‍ അവിടെ നിന്നെഴുന്നേറ്റ് പുമഖത്തേക്ക് നടന്നു. ജൂഡിത്ത് പൂമുഖത്തുണ്ട്.
‘ചിത്രം വിലക്ക് വാങ്ങിയ ആള് നാളെ വരട്ടെ എന്നു ചോദിച്ചു’ അവള് പറഞ്ഞു
‘എന്നിട്ട് നീ എന്തു പറഞ്ഞു?’
‘എക്സിബിഷന് കഴിഞ്ഞിട്ട് മതിയോ എന്ന് ഞാന്‍ ചോദിച്ചു. ആ മൈസൂര്‍ മുതലാളിയുടെ മാനേജരാണ് വിളിച്ചത്. അയാള്‍ മുതലാളിയോട് ചോദിച്ചിട്ട് വിളിക്കാമെന്ന് പറഞ്ഞു.’
‘അത് മതിയെന്ന് എനിക്കും തോന്നുന്നു. ചിത്രം വിറ്റു പോയതാണെന്ന് എഴുതിവെക്കാമല്ലോ.’
ഞങ്ങളുടെ സംസാരം കേട്ട് ചാരുമതി ഇറങ്ങിവന്നു. അവള് വാഷിംഗ് മെഷീനില്‍നിന്ന് കഴുകിയ വസ്ത്രങ്ങള്‍ ഒരു ബക്കറ്റിലാക്കി വിരിക്കുവാന്പോയതായിരുന്നു.
‘എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു.’
ആമുഖം തീര്‍ത്തുകൊണ്ട് അവള് പറഞ്ഞു.
‘നമ്മള് തമ്മില്‍ ഇനി ഔപചാരികത വേണ്ട. നമ്മള് ഒരു വീട്ടില്‍ ജീവിക്കുന്നവരാണ്.’
‘ഇത് സാറിന്റെ വ്യക്തിപരമായ കാര്യമാണ്.’
‘ആയിക്കോട്ടെ ചോദിക്ക്.’
‘ആ പഴയ കാമുകിയുമായി ഇപ്പോഴും സാറിന് ബന്ധമുണ്ടോ?’
‘ഇപ്പോള്‍ എന്നാണ് ചോദ്യമെങ്കില്‍ ഇല്ല എന്നു പറയേണ്ടി വരും. അവളുടെ ഭര്‍ത്താവും ഞാനും കൂട്ടുകാരായിരുന്നു. ഞങ്ങള്‍ ഒരുമിച്ചു പഠിച്ചവര്‍ മൂന്നുപേര്‍ക്കും പരസ്പരം നന്നായി അറിയാം. അതൊക്കെ ഓര്‍ത്ത് നീ എന്തിനാണ് വ്യാകുലപ്പെടുന്നത്?’
അവളതിന് മറുപടിയൊന്നും പറയാതെ എന്നെ ഉറ്റുനോക്കികൊണ്ട് നിന്നു.
‘ഭര്‍ത്താവും അവളും തമ്മിലുള്ള ബന്ധം നാമമാത്രം. പതിനഞ്ചു വര്‍ഷമായി അവര്‍ തമ്മില്‍ ഒരുമിച്ചുറങ്ങിയിട്ട്. അയാളുമായി നല്ല ബന്ധമായിരുന്നുവെങ്കില്‍ ഇപ്പോഴും അവള്‍ക്കെന്നോട് പ്രണയം തോന്നേണ്ട കാര്യമില്ല.’
അതിനുപിന്നാലെ ഞാന്‍ എന്റെ മുറി ലക്ഷ്യമാക്കി നടന്നു.
(തുടരും)
Copy Right Reserved